ഒരു ഉത്തരേന്ത്യന്‍ യാത്രക്കുറിപ്പുകള്‍-9

Posted by & filed under Yathravivaranangal.

 

 

പിങ്ക് സിറ്റി വിളിച്ചപ്പോള്‍- ജയ് പൂര്‍

തിങ്കളാഴ്ച്ക അതിരാവിലെ ജയ് പൂര്‍ യാത്ര തുടങ്ങുന്നു.  ജയ് പൂരിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു ,അന്നു ജയ് പൂരില്‍ രാത്രി തങ്ങിയ ശേഷം ഫതേപുര്‍ സിക്രി, ആഗ്ര, മധുര വഴി മടക്കം. ഇതാണു പ്രോഗ്രം . പണിക്കര്‍ ട്രാവെത്സില്‍ ബുക്കു ചെയ്തിരുന്നു. രാവിലെ 6.15നു  ഗുഡ്ഗാവില്‍ നിന്നും പിക്കപ്പ് പോയറ്റിലെത്തണം .  രാത്രി ഏറെ വൈകിയാണു കിടന്നതെങ്കിലും 5 മണിയ്ക്കു എഴുന്നേറ്റു. 6 മണിയോടെ റെഡിയായെങ്കിലും 6.15നു ടൂര്‍ ഓപെറേറ്റേര്‍സിന്റെ വിളി വന്നിട്ടാണിറങ്ങിയതു. അല്‍പ്പം വൈകിയെന്നറിയാമായിരുന്നതിനാല്‍ അനൂപ് കാര്‍ പറപറപ്പിച്ചു. അതിരാവിലെയുള്ള യാത്ര സുഖകരമായിത്തോന്നി. അല്‍പ്പം വൈകിയതിനു എല്ലാവരോടും ക്ഷമാപണവും ഒരു സുപ്രഭാതവും എല്ലാവര്‍ക്കുമായി കൊടുത്തു ഞങ്ങളെ കാത്തു കിടന്നിരുന്ന വോള്‍വോ  ബസ്സില്‍ കയറിയതോടെ ഈ ജയ് പൂര്‍ യാത്രയുടെ തുടക്കമായി. സമയം രാവിലെ 6.35. സീറ്റു കണ്ടുപിടിച്ചു സുഖമായി ഇരിപ്പുറപ്പിച്ചു.

         വണ്ടി മുന്നോട്ടു നീങ്ങിയതോടേ  ഞങ്ങളുടെ ഗൈഡ് ആയ ചൌധരി  സുപ്രഭാതമാശസിച്ചുകൊണ്ടു സ്വയം പരിചയപ്പെടുത്തി, രണ്ടു ദിവസങ്ങളിലെയും പരിപാടികളെക്കുറിച്ചു ഹ്രസ്വമായ ഒരു വിവരണവും, കൂട്ടം തെറ്റിപ്പോയാലോ മറ്റു ആവശ്യങ്ങള്‍ക്കോ ഉപയോഗിയ്ക്കാനായി അയാളുടെ സെല്‍ നംബറും തന്നു. 8.15നു പ്രാതലിനായി ബെലാനി എന്ന സ്ഥലത്തെ രമ പാലസില്‍.  ഇഡ്ഡലി വട, കോഫി. തരക്കേടുണ്ടായിരുന്നില്ല. സുന്ദരമായ ഭൂപ്രദേശം.  അല്പം നടന്നു കണ്ടു. വീണ്ടും  വണ്ടിയില്‍ കയറി. ബെഹറൂര്‍, കൊട്പുത് ലി. ഷഹ്പുര.തുടങ്ങിയ ചെറിയ പട്ടണങ്ങളിലൂടെ യാത്ര. . ഞങ്ങളുടെ ആദ്യ ല ക്ഷ്യം  അംബര്‍ കോട്ടയായിരുന്നു.

അംബര്‍ അഥവാ അമേര്‍ കോട്ട

 

ജയ് പൂരിലെ ആദ്യ സന്ദര്‍ശനം. ബസ്സു കോട്ടയില്‍ നിന്നു കുറച്ചകലെ നിര്‍ത്തി.  ഇനിയങ്ങോട്ടു കുന്നിന്റെ മുകളില്‍ കയറണം . അതിനു ബസ്സു പറ്റില്ല. ജീപ്പിലോ അല്ലെങ്കില്‍ ആനപ്പുറത്തോ ആവാം. പടികള്‍ കയറിയും പോകണമെന്നുള്ളവര്‍ക്കു മറ്റൊരു മാര്‍ഗ്ഗത്തിലൂടെ സാധിയ്ക്കും. പല വിദേശീയരും ആനപ്പുറത്തു പോകുന്നതു കണ്ടു. ഞങ്ങള്‍  8 പേര്‍ വീതം ഓരോ ജീപ്പില്‍ കയറി.  കയറിയ  ജീപ്പിന്റെ നമ്പര്‍ കുറിച്ചു വെയ്ക്കാന്‍ പറഞ്ഞു. . കുറിച്ചു വച്ചു, 6359. തിരിച്ചും അതേ ജീപ്പില്‍ തന്നെ വരാം. അംബര്‍  ഫോര്‍ട്ടിനെക്കുറിച്ചൊരല്‍പ്പം. ഇതു ഒരു കുന്നിന്റെ മുകളിലാണെന്നു പറഞ്ഞല്ലോ! ഇതു നിര്‍മ്മിച്ചതു 16-മ് നൂറ്റാണ്ടില്‍,  1592ല്‍  സവായി മാന്‍സിംഗ് ഒന്നാമന്‍ ആണെങ്കിലും ഇതിന്റെ പണി മുഴുവനാക്കിയതു 18മ് നൂറ്റാണ്ടില്‍  സവായി ജയ് സിംഗ് ആണു. ജയ് പൂരില്‍ നിന്നും 11 കിലോമീറ്റര്‍ ദൂരെയാണിതു സ്ഥിതിചെയ്യുന്നതു. ജയ്പൂരിലേയ്ക്കു മാറ്റപ്പെടുന്നതിനുമുന്‍പു കച് വാ വംശത്തിന്റെ തലസ്ഥാനം ഇവിടെയായിരുന്നു.അതാണു ഈ സിറ്റി ഇത്രയേറെ സുന്ദരമായി മാറാനും കാരണം. ഇതു സ്ഥിതി ചെയ്യുന്നതു ഒരു കുന്നിന്റെ മുകളിലാണെന്നു മുന്‍പു പറഞ്ഞല്ലോ? അവിടെ നിന്നും ചുറ്റുപാടും നോക്കിയാലുള്ള കാഴ്ച്ച അതിമനോഹരമാണു.

    ജീപ്പില്‍ നിന്നുമിറങ്ങി  കോട്ടയിലെയ്ക്കു നോക്കിയപ്പോള്‍ ആദ്യം ശ്രദ്ധയില്‍പ്പെട്ടതു അതിന്റെ ഉറപ്പും ശക്തിമത്തുമായ  പുറംഭാഗമാണു. നാലുപാടും നോക്കിയാല്‍ കാണുന്ന കാഴ്ച്ചകള്‍ അതി മനോഹരം. വെളുത്തമാര്‍ബിളും ചുവന്ന സാന്‍ഡ്സ്റ്റോണുമാണു നിര്‍മ്മാണത്തിനായി ഉപയോഗിച്ചിരിയ്ക്കുന്നതു. തൊട്ടു കിടക്കുന്ന മൌട്ട തടാകത്തിലെ വെള്ളത്തില്‍ ഇതിന്റെ പ്രതിഫലനം കണ്ടാല്‍ ചിത്രം വരച്ചു വച്ചിരിയ്ക്കുന്നതുപോലെ തോന്നും. ആനപ്പുറത്തു കയറി വരുന്നവര്‍ക്കു കുറച്ചു കൂടി നന്നായി ചുറ്റുപാടുകള്‍ കാണാനാകും, സുരക്ഷിതത്വം ഉറപ്പുവരുത്താനായുണ്ടാക്കിയ മതിലുകളും , കോട്ടയും ഒപ്പം തന്നെ ജയ്പ്പൂര്‍ സിറ്റിയുടെ ഒരു മുഖവും. പ്രധാന കവാടത്തിനു സൂരജ് പോള്‍  എന്നാണു പേരു.  തൊട്ടു മുന്നിലായി ഒരു കാളിദേവിയുടെ അമ്പലവും ഉണ്ടു. ശിലാദേവി ടെമ്പിള്‍ എന്നാണിതറിയപ്പെടുന്നതു . ഇതിന്റെ വാതിലുകളും മറ്റും ഉണ്ടാക്കിയിട്ടുള്ളതു വെള്ളി കൊണ്ടാണു.  ഞങ്ങള്‍ പോയ സമയത്ത് ഏതോ വിദേശീയര്‍ക്കായി പ്രത്യേക പ്രാര്‍ഥന, വാദ്യങ്ങളുടെ അകമ്പടിയോടെ മന്ത്രോച്ചാരണങ്ങള്‍ക്കിടയില്‍ മാലയിടല്‍ ഒക്കെ നടക്കുന്നതു കണ്ടു, ഇവിടെ. ഒരേ സമയം തന്നെ രാജകൊട്ടാരമായും, സുരക്ഷിതമായ കോട്ടയായും ഭരണ കേന്ദ്രമായും ഇവിടം

പ്രവര്‍ത്തിച്ചിരുന്നു.

 

 

  പുറത്തുനിന്നും നോക്കിയാല്‍ പരുക്കനായ ഈ കോട്ടയുടെ ഉള്ളിലെ ഭംഗി അവര്‍ണ്ണനീയമാണു. ഹിന്ദു-മുഗള്‍ കൊത്തുപണികളുടെയും  അലങ്കാരപ്പണികളുടെയും സങ്കലനം എവിടെയും കാണാമായിരുന്നു. മുരലുകള്‍, ചിത്രവേലകള്‍, കണ്ണാടിപ്പണികള്‍ , മൊസൈക് പണികള്‍ ,കൊത്തുവേലകള്‍ എല്ലാം കൂടി അതിമനോഹരമായ ദൃശ്യം സമ്മാനിയ്ക്കുന്നു. പുറവും അകവും തമ്മില്‍ ഒരു സാമ്യവുമില്ല. നിത്യജീവിതത്തിന്റെ പലദൃശ്യങ്ങളും കലയിലൂടെ ഇവിടെ വിടര്‍ന്ന്നു കണ്ടു.. താപനില ക്രമീകരനത്തിനായി പുരാതനകാലത്തുപയോഗിച്ചിരുന്ന പല സൂത്രപ്പണികളുംകൊണ്ടു അന്തര്‍ഭാഗം ശ്രദ്ധേയമാണു. വിന്റര്‍ പാലസിലെ കണ്ണാടിപ്പണി ഭംഗിയായി  കത്തിച്ചുവെച്ച ദീപത്തിലെ വെളിച്ചത്തിനെ പ്രതിഫലിപ്പിയ്ക്കുന്നതിനൊപ്പം ഉള്‍ഭാഗത്തെ ചൂടിനെ നിലനിര്‍ത്തുന്നു. ഇതേപോലെ സമ്മര്‍ പാലസിലെ ജലവിതരണ ക്രമം അവിടെയുള്ള ചൂടിനെ കുറയ്ക്കുന്നതിനു സഹായിയ്ക്കുന്നു. ചുരുക്കത്തില്‍ പറഞ്ഞാല്‍ മൂടുപടമണിഞ്ഞ ഒരു സുന്ദരീ രത്നമാണീ  കോട്ട. കോട്ടയുടെ മറ്റൊരു ഭാഗമായ ദിവാന്‍ -ഇ- ആം(പൊതുജനത്തിനുള്ള സ്ഥലം). , മുഗല്‍ ടൈപ് ഗാര്‍ഡന്‍, സുഖ് നിവാസ്, ജസ്മന്ദിര്‍ തുടങി വളരെ സുന്ദരമായ പലതും കാണാനായെങ്കിലും ഏറ്റവുമധികം ഞങ്ങളെയൊക്കെ ആകര്‍ഷിച്ചതു ഷീഷ് മഹല്‍ തന്നെ. കണ്ണാടിപ്പണിയിലെ കരവിരുതും മൊസൈക് പണിയും ഒത്തു ചേര്‍ന്നപ്പോള്‍ കണ്ണഞ്ചിയ്ക്കുന്ന സ്ഥലമായി മാറി ഷീഷ് മഹല്‍. കണ്ടിട്ടു കൊതി തീര്‍ന്നില്ല. കുറച്ചു ഫോട്ടോകളുമെടുത്തു. ഇതേപോലെ തന്നെ പ്രത്യേകം ശ്രദ്ധയാകര്‍ഷിച്ചു, എണ്ണമറ്റ റാണിമാരുടെ അന്ത:പുരവും സ്വകാര്യമായി ഏതു റാണിയെ സന്ദര്‍ശിയ്ക്കുവാനും രാജാവിനു കഴിയുന്ന തരത്തിലുള്ള നിര്‍മ്മാണ രീതിയും.

കോട്ടയില്‍ നിന്നും പുറത്തേയ്ക്കു കടക്കുന്ന സ്ഥലത്തിനടുത്തായി പഴയ മുഗള്‍ മുദ്രകള്‍ വിളിച്ചോതുന്ന പല തരം സാധനങ്ങളും വില്‍ക്കാനായി വച്ചിരിയ്ക്കുന്നതു കണ്ടു. വീണ്ടുമൊരിയ്ക്കല്‍ കൂടി തിരിഞ്ഞു നോക്കിയും നാലു ഭാഗത്തെ ഭംഗി ആസ്വദിച്ചും ഞങ്ങള്‍ പുറത്തു വന്നു, ഞങ്ങളുടെ ജീപ് കണ്ടെത്തി കയറിയിരുന്നു. കുന്നിന്റെ മുകളില്‍ നിന്നും താഴെയിറങ്ങുന്ന സമയം  വഴിയുടെ ഇരുഭാഗത്തുമായി മാര്‍വാര്‍-മേവാര്‍ പരന്നു കിടക്കുന്ന മനോഹരമായ ദൃശ്യവുമാസ്വദിച്ചു. പ്രകൃതിയില്‍ ലയിച്ചിരുന്നിരുന്ന ഞങ്ങള്‍ ബസ്സില്‍ എത്തിച്ചേര്‍ന്നതു  അറിഞ്ഞില്ല. പിങ്കു സിറ്റിയിലേയ്ക്കുള്ള യാത്രയിലെ ആദ്യത്തെ സന്ദര്‍ശന അനുഭവം മനസ്സില്‍ എന്തൊക്കെയോ കവിതകള്‍ വിതയ്ക്കുന്നുണ്ടായിരുന്നു.

One Response to “ഒരു ഉത്തരേന്ത്യന്‍ യാത്രക്കുറിപ്പുകള്‍-9”

  1. kuttan gopurathinkal

    ഇനിയിപ്പോ, ഞാനെന്തിനാ അവിടെ പോണേ..
    കണ്ടതുപോലായി.. എന്നാലും, നേരാണോ എന്നറിയണ്ടെ ? പോയിക്കളയാം.

Leave a Reply

Your email address will not be published. Required fields are marked *