നഗരക്കാഴ്ച്ചകള്‍—1

Posted by & filed under മുംബൈ ജാലകം.

പലരും പറയാറുണ്ടു, നഗരം ഹ്രുദയശൂന്യമാണെന്നു.നെട്ടോട്ടമാണല്ലോ, ഇവിടെ? നേടാന്‍…നേടി നേടി വലിയവനാവാന്‍….സമയമില്ല, ഒന്നിനും തന്നെ. ദിവസങ്ങള്‍ വാച്ചിന്റെ സൂചിയുടെ അനക്കങ്ങളിലൂടെ കടന്നു പൊയ്ക്കൊണ്ടേയിരിയ്ക്കുന്നു. അനക്കങ്ങള്‍ കുറിയ്ക്കുന്നതോ, നേട്ടങ്ങളുടെ കണക്കുകളും! അയ്യോ.. എവിടെ നില്‍ക്കാന്‍…എനിയ്ക്കു ആരുടെയും പിന്നിലാവണ്ട….ഞാന്‍…ഞാന്‍…

നഗരത്തിന്റെ ഒരല്പം ‘ഹാപനിങ്’ ആയ പ്രദേശത്തെ ഈ ഹൌസിങ് കോളനിയിലെ പലരും വലിയ നേതാക്കന്മാരുടെ അടുത്ത ബന്ധുക്കള്‍….ലേറ്റസ്റ്റ് മോഡല്‍ കാറുകള്‍ ഏറ്റവുമാദ്യം ഇവിടെയാണു കാണാറു പതിവു. വീട്ടിലെ ഓരോ അംഗത്തിനും വേറെ വേറെ കാറുകള്‍. നിത്യവും കാണുന്നവര്‍ക്കും ഒരു ‘ഹായ്” പറയാന്‍ വിഷമം. ലിഫ്റ്റില്‍ കയറുമ്പോഴും ഇറങ്ങുമ്പോഴുമുള്ള കണ്ടുമുട്ടലുകള്‍ ഒഴിവാക്കാന്‍ പറ്റാതെ വരുമ്പോഴുള്ള ഒഴുക്കന്‍ മട്ടിലുള്ള അഭിവാദനം. തുടക്കത്തില്‍ ഒരല്പം വിഷമം തോന്നാതിരുന്നില്ലെന്നതു സത്യം…ഇപ്പോള്‍ തിരിച്ചു കാണിയ്ക്കാനും വിഷമം തോന്നാറില്ല. തൊട്ട ഫ്ലാറ്റിലെ കുടുംബത്തിനെ ഒരു രണ്ടുമാസത്തോളമായി കണ്ടിട്ടു. ഇപ്പോള്‍ മനസ്സിലായിക്കാണുമല്ലൊ, ഇവിടുത്തെ മനുഷ്യരെക്കുറിച്ചു….അവര്‍ തിരക്കിലാണു…നേരമില്ല, ഒന്നിനും..കൊച്ചുവര്‍ത്തമാനം പറയാനോ, ആസ്വദിയ്ക്കാനോ…

ആഹാ…നിങ്ങള്‍ വിചാരിച്ചുകാണും, എന്റെ മനസ്സില്‍ വലിയ വിഷമമുണ്ടാകും, അതാണു ഞാന്‍ ഇതെല്ലാം എഴുതുന്നതെന്നു…ഹേയ് ..അതല്ല, പിന്നെ ? ആ ..ശരിതന്നെ ഇന്നിതെഴുതാനൊരു ചെറിയ കാരണം ഇല്ലാതില്ല. സംഭവം ഇതാണു.  ഇന്നു പുലര്‍ച്ചെ തൊട്ടു മുകളിലെ ഫ്ലാറ്റിലെ ബിസിനസ്സുകാരനായ ഗുജറാത്തി മരിച്ചു. ഒരു ധര്‍മ്മ സങ്കടം…അവിടെ പോകണമോ വേണ്ടയോ?കാലത്തിനനുസരിച്ചു കോലം കെട്ടിയെന്നാലും നമ്മുടെ സംസ്ക്കാരം, അതു മാറ്റാന്‍ വിഷമം തന്നെ.  മനസ്സാക്ഷി എന്നൊന്നുണ്ടല്ലൊ?ഔപചാരികതയുടെ മുഖംമൂടി അണിയാന്‍ അതിലേറെ മടി.  അഭിപ്രായമാരാഞ്ഞപ്പോള്‍ ഭര്‍ത്താവിന്റെ മറുപടി ശരി വയ്ക്കാനേ തോന്നിയുള്ളൂ.

“നമ്മള്‍ ഇവിടെ താമസിച്ചു തുടങ്ങിയിട്ടു എത്ര വര്‍ഷങ്ങളായി?“

‘പന്ത്രണ്ടു വര്‍ഷം“

‘ഇതിനിടെ നീ എത്ര പ്രാവശ്യം അവരുടെ വീട്ടില്‍ പോയിട്ടുണ്ടു?”

“ഒരിയ്ക്കല്‍പ്പോലും ഇല്ല.”

“അവര്‍ നമ്മുടെ വീട്ടിലോ?”

“അതും ഇല്ല”

“പിന്നെ……?”

ഒരല്പം സമാധാനമായി. എന്നാലും സംശയം ബാക്കി…..ഇതാണൊ നഗരത്തിലെ ഹ്രുദയശൂന്യതയെന്നൊക്കെപ്പറയുന്നതു? തെറ്റാണൊ ചെയ്തതു?എന്തേ മനസ്സില്‍ ഇനിയും ഒരു ചെറിയ ഘനം?
തെറ്റാണെങ്കില്‍ ദൈവം ക്ഷമിയ്ക്കട്ടെ! നിങ്ങള്‍ക്കെന്തു തോന്നുന്നു.?  പോവാമായിരുന്നു, അല്ലേ?

5 Responses to “നഗരക്കാഴ്ച്ചകള്‍—1”

 1. കണ്ണൂരാന്‍ - KANNURAN

  പോവാമായിരുന്നു, പോകുന്നതിനു ന്യായീകരണങ്ങളൊന്നും ഇല്ലെങ്കില്‍‍ തന്നെയും…

  hr^daya – ഹൃദയ ഇങ്ങനെ എഴുതാം..

 2. വാല്‍മീകി

  ഇതാണ് നഗരജീവിതം.

 3. വലിയ വരക്കാരന്‍

  അതെ,അതു തന്നെ

 4. മുരളി മേനോന്‍ (Murali Menon)

  അടുത്ത വീട്ടിലെ അടുപ്പ് മൂന്നുനേരവും എന്തുകൊണ്ടു പുകയുന്നു എന്ന് നോക്കിയിരിക്കുന്നവര്‍, അവിടെ ആരൊക്കെ വന്നു, എന്തിനൊക്കെ വന്നു എന്ന് നോക്കിയിരിക്കുന്നവര്‍ അങ്ങനെയുള്ള അയല്‍ക്കാരെ പരിചയപ്പെടുന്ന കാലത്ത് ഈ ബോംബെയിലെ അയല്‍ക്കാര്‍ എത്ര നന്നായിരുന്നുവെന്ന് തോന്നും. അവിടെ ജീവിച്ചിരുന്നപ്പോള്‍ കാലം കടന്നുപോയി എന്നറിഞ്ഞത് ഒന്നുരണ്ടു നരച്ച മുടി കണ്ണാടിയിലൂടെ കണ്ടപ്പോള്‍ മാത്രമാണ്. നഗരത്തിലെ ആ തിരക്ക് ജീവിതത്തിന്റെ തന്നെ ഭാഗമായ് മാറിക്കഴിഞ്ഞിരുന്നു.

 5. വേണു venu

  പോകാമായിരുന്നു. പോകണമായിരുന്നു.
  മനസ്സ് തന്നെ തെറ്റും ശരിയും തീരുമാനിക്കുമ്പോഴും ആരോ ഒരാള്‍‍ പതിയ പറഞ്ഞത് പോലെ.:)

Leave a Reply

Your email address will not be published. Required fields are marked *