ബ്രാഹ്മണി

Posted by & filed under കവിത.

ഒരു ചെറുവേനല്‍ തുടക്കം കുറിയ്ക്കുന്ന

ദിനമൊന്നില്‍, മദ്ധ്യാഹ്ന സൂര്യനെത്തും മുന്നെ

ഒരു പകലിന്‍ വ്യഥയെന്നെപ്പുഴക്കര-

യ്ക്കരികിലേയ്ക്കായ് മന്ദമൊന്നു വിളിച്ചുവോ?

അറിയാതെ ഞാന്‍ കണ്ട ദൃശ്യങ്ങളിലൊന്നായ്

കരുതാനതായില്ല, യെന്തിനറിയില്ല

വെറുതെയപ്പാലത്തില്‍ നിന്നു ഞാന്‍ താഴോട്ടു

കുതുകമോടെ പാര്‍ത്ത നാളൊന്നിലായിടാം

എവിടെയോ കേട്ടു മറന്ന സ്വരമൊന്ന-

തൊഴുകിയെന്‍ കാതില്‍പ്പതിച്ചുവോ ഞാനെന്നെ

യൊരു നിമിഷം മറന്നൊന്നു നിന്‍ ജല്‍പ്പന-

മതിരഹസ്യം കേള്‍പ്പതിന്നായ് ശ്രമിച്ചുവോ?

അകലെ ഞാന്‍ കാണ്മൂ, നിന്‍ സര്‍വ്വ രഹസ്യവും

പറയു നീ ബ്രാഹ്മണി സന്തുഷ്ടയല്ലയോ?

ഒരു കൊച്ചു കാറ്റിനോടൊപ്പം ജലത്തിലാ-

യലയുയര്‍ത്തീട്ടു നീ പുഞ്ചിരിയ്ക്കുന്നുവോ?

കരിനിറം പൂണ്ട കോയല്‍ നദി, സുന്ദരി

 അതിവിശാലം നദി ശംഖ്, കൂട്ടം തേടി

യിവരെക്കരത്തിനാലൊന്നിച്ചു നിര്‍ത്തിടും

നദിയാം സരസ്വതി ഭൂമിയില്‍ താണുപോയ്

ഇവര്‍ മൂവര്‍ തന്‍ സംഗമൊന്നല്ലേ ബ്രാഹ്മണീ

അതിഗാഢമായ നിന്‍ ജന്മരഹസ്യവും

 അതിപുണ്യമായ ത്രിവേണി തന്‍ സംഗമം,

പരിപാവന വേദവ്യാസന്റെ നാമവു-

മൊരുമിച്ചു നിന്നെ പ്രശസ്തയാക്കീലയോ

അറിയാമതൊന്നുമാത്രം മതി, ധന്യയായ്!

 കഥകേട്ടു,  മാമുനിയാകും പരാശരന്‍

കുതുകമോടന്നു കടത്തു കടക്കവേ,

തരുണീമണിയായ സത്യവതി തന്നെ-

പ്പരിചൊടു തോണിയില്‍ പ്രാപിച്ചനന്തരം

അതിലെഴും പുത്രനാണല്ലോ കറുത്തവന്‍,

ഒരുദ്വീപുതന്നില്‍ ജനിച്ചവന്‍, കാരണാല്‍

അറിയപ്പെടും കൃഷ്ണദ്വൈപായനന്‍ പേരില്‍,

അതിബുദ്ധിമാന്‍, ദൈവാംശങ്ങള്‍ ലഭിയ്ക്കയാല്‍

പതിയെപ്പകുത്തൊരാവേദങ്ങള്‍, പിന്നീട-

ങ്ങറിയപ്പെട്ടു, വേദവ്യാസനാം പേരിലായ്

അവിടെ ശംഖാനദീതീരെ മലയ്ക്കു മേ-

ലെഴുമൊരു ഗുഹതന്നിലൊന്നിരുന്നാണല്ലോ

പുകള്‍ പെറ്റിടും മഹാഭാരതം, പിന്നെയു-

മൊരുപതിനെട്ടു പുരാണം ചമച്ചതും

അതിനാല്‍ കരുതുന്നു പുണ്യസ്ഥലമായി,

ട്ടരുകില്‍ ത്രിവേണി, നീ ബ്രാഹ്മണീ സ്വച്ഛമാ-

യൊഴുകുന്നു നീ , കറും കോയലും വെള്ളയാം

നദി ശംഖുമൊത്തു ത്രികോണവും സൃഷ്ടിച്ചു,

മലകള്‍ പലതുണ്ടു നിന്നെരക്ഷിപ്പാനായ്

വലുതാം ‘മഹാവീര‘,‘ ബ്രാഹ്മണി‘ പിന്നേയാ

മുനിയാം ‘പരാശരന്‍’ തന്‍ പേരില്‍, ‘ഗൌതമി’,

ഇതിനെല്ലാമൊത്ത നടുക്കൊഴുകുന്ന നീ

കളിയല്ല ദേവലോകത്തിന്റെ സന്തതി.

One Response to “ബ്രാഹ്മണി”

  1. ആര്യന്‍

    Read about your blog in Jayakrishnan’s blog. All your posts are very good. Keep writing…

Leave a Reply

Your email address will not be published. Required fields are marked *