മുംബൈ ഓടുന്നു,മുന്നോട്ടു തന്നെ…( മുംബൈ പൾസ്-38)

Posted by & filed under Uncategorized.

ഒമ്പതാമത് സ്റ്റാൻഡേർഡ് ചാർട്ടേഡ് മുംബൈ മാരത്തോൺ ഞായറാഴ്ച്ച മുംബെയിൽ നടന്നപ്പോൾ ഏതാണ്ട് 39,000 പേർ അതിൽ പങ്കെടുത്തെന്നാണ് ഔദ്യോഗികമായ കണക്കിൽ കണ്ടത്. ഇതിൽ പതിനായിരത്തിലധികം സ്ത്രീകളും പങ്കെടുത്തിരുന്നു. മുൻ കൊല്ലങ്ങളെ അപേക്ഷിച്ചു  കൂടുതൽ ആൾക്കാർ പങ്കെടുത്തെന്നത്  ഈ പരിപാടിയുടെ വിജയത്തെ ചൂണ്ടിക്കാണിയ്ക്കുന്നു.. കൂടുതൽക്കൂടുതൽ പേർ ഇതിലേയ്ക്കായകർഷിയ്ക്കപ്പെടുന്നുവെന്ന സത്യം നമുക്കു  മനസ്സിലാക്കാനാകുന്നു. ശനിയാഴ്ച്ച ഒരു സുഹൃത്തിനെ വീട്ടിലേയ്ക്ക് ക്ഷണിച്ചപ്പോൾ ഞായറാഴ്ച്ചയ്ക്കുള്ള തയ്യാറെടുപ്പിലാണെന്ന മറുപടിയാണു കിട്ടിയത്. ഇന്ത്യയ്ക്കകത്തു നിന്നും പുറത്തു നിന്നുമുള്ളവരേ ഒരേപോലെ ആകർഷിയ്ക്കാൻ കഴിയുന്ന ഈ ഓട്ടത്തിൽ ഈ വർഷം മത്സരത്തിനു വാശിയേറിയതായും കണ്ടു. അവസാന നിമിഷങ്ങളുടെ സസ്പ്പെൻസ് കാണികളിൽ കൂടുതൽ ഹരം പകർന്നു.കെനിയയുടെ മൊയ്ബെൻ എത്യോപ്പയുടെ രജി അസ്സെഫയെ തോൽ‌പ്പിച്ചു കിരീടം നേടിയപ്പോൾ  പലരും ഒപ്പം ഓടിയത് പോലെയാണ് പ്രതികരിച്ചത്. മുംബേയുടെ പൾസ് ഏറെ ഉയർന്ന നിമിഷങ്ങൾ നിങ്ങളെയും ഞായറാഴ്ച്ചയുടെ ആലസ്യത്തിൽ നിന്നുമുണർത്താൻ ഉതകിക്കാണും. മത്സരത്തിന്നായി ഓടുന്നവരും പ്രത്യേക ദൌത്യങ്ങളുമായി ഓടിയയവരും ഓട്ടം കാണാനെത്തിയവരും ഒരേപോലെ നഗരത്തിന്റെ വീഥികളെ ഉണർത്തിയപ്പോൾ  നവ വത്സരത്തിനു ഉന്മേഷം കൂട്ടിയ മണിക്കൂറുകൾ തന്നെയാണ് ഞായറാഴ്ച്ച  നഗരത്തിൽ കാണാനിടയായത്.മുംബയ് നഗരത്തിന് അഭിമാനിയ്ക്കാനേറെ വകയുണ്ട്. കൃത്യമായി മാർക്കു ചെയ്യപ്പെട്ട മാർഗ്ഗങ്ങളും മാരത്തോണിന്റെ സുഗമമായ നടത്തിപ്പിന്നയൊരുക്കിയ സംവിധാനങ്ങളും സംഘാടകരും വൊളണ്ടിയേർസുമാണ്  ഈ സംരംഭത്തെ ഒരു  വൻ വിജയമാക്കിത്തീർത്തത്.

മുംബൈയുടെ പ്രത്യേകമായി മാർക്ക് ചെയ്യപ്പെട്ട നഗരവീഥികളിലൂടെയുള്ള പ്രവാഹത്തിന്നിടയിൽ  പലരും മുഴുവനാക്കനാവാതെ  പല ഘട്ടങ്ങളിലായി പിൻ വലിഞ്ഞെങ്കിലും ഇതിലെ പങ്കെടുക്കൽ പലരിലും ഉണർത്തിയേയ്ക്കാവുന്ന സന്ദേശം ഏറെ ആഴമുള്ളതു തന്നെയായിരിയ്ക്കും, തീർച്ച. മത്സര വിജയത്തിന്നപ്പുറം സ്വന്തം ആരോഗ്യ നിലയെക്കുറിച്ചൊന്നവലോകനം ചെയ്യാൻ ഇത്തരം സന്ദർഭങ്ങൾ  കാരണമാകുന്നു. മഹത്തായ ഒമ്പതാം മാരത്തോണിലെത്തുന്നതിനൊപ്പം തന്നെ മുംബൈ നഗരവാസികൾ ആരോഗ്യകാര്യത്തെക്കുറിച്ചും ബോധവാന്മാരായിത്തീർന്നുകൊണ്ടിരിയ്ക്കുന്നു.ഒരു പക്ഷേ ഇതു തന്നെയാകാം മുംബൈ നഗരിയ്ക്കേറ്റവും സന്തോഷം നൽകുന്നതും,. ആരോഗ്യ വിഷയത്തിൽ എന്നും നാം ഉൽക്കണ്ഠാഭരിതർ തന്നെയാണല്ലോ. മരുന്നുകൾ കൊണ്ടും തടയാനാവാത്ത റ്റ്യൂബർകുലോസിസ് രോഗാണുക്കളുടെ അപകടകരമായ ആക്രമണം നമ്മെ ഭയഭീതരാക്കിക്കൊണ്ടിരിയ്ക്കുന്ന ഈയവസരത്തിൽ പ്രത്യേകിച്ചും. ആരോഗ്യപ്രശ്നത്തിൽ  നഗരവാസികൾ ‘ചൽത്താ ഹൈ “ മനോഭാവം വച്ചു പുലർത്തുന്നവരായതിനാൽ പ്രത്യേകിച്ചും .

ഇത്തവണ മുംബൈ മാരത്തോണിൽ പങ്കെടുത്തവരിൽ നല്ലൊരു വിഭാഗവും 45 വയസ്സിൽ മേലെയുള്ളവരായിരുന്നതെന്ന അറിവ് നമുക്കും ഉണർവേകുന്നു .ഒപ്പം തന്നെ പങ്കെടുക്കുന്നവരിൽ നമ്മേക്കാൾ പ്രായം കൂടിയവരുടെ നിശ്ചയ ദാർഢ്യവും   നമ്മേക്കാൾ മെച്ചമായ സ്വാസ്ഥ്യവും നമ്മെ ചിന്തിപ്പിയ്ക്കാനും ആരോഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധാലുവാകാനും കൂടി കാരണമാകുന്നവെങ്കിൽ മുംബൈ മാരത്തോൺ ശരിയ്ക്കും ഒരു വിജയം തന്നെയെന്ന് പറയാം.

പതിവുപോലെ തന്നെ ബോളിവൂഡ് സിനിമാതാരങ്ങളും ബിസിനസ്സ് രാജാക്കന്മാരുംതങ്ങളുടെ സാന്നിദ്ധ്യത്താൽ മാരത്തോണിന് ആകർഷണം കൂട്ടി. പല പല ഉദ്ദേശാധിഷ്ഠിതമായ സന്ദേശങ്ങളെഴുതിയ പ്ലക്കാർഡുകൾ വഹിയ്ക്കുന്നവർ പ്രത്യേകം ശ്രദ്ധയാകർഷിച്ചപ്പോൾ സചിൻ ടെൻഡുൽക്കറിനെ അനുകരിച്ചും കസബ് ഇന്ത്യൻ ആതിഥേയത്തിനു നന്ദി പറയുന്ന ടീ ഷർട്ട് അണിഞ്ഞും പലരും ശ്രദ്ധ പിടിച്ചു പറ്റി. തന്റെ പ്രണയിനിയോട് വിവാഹാഭ്യാർത്ഥന നടത്താനും ഒരു മത്സരാർത്ഥി ഈ അവസരം വിനിയോഗിച്ചെന്ന രസകരമായ വാർത്തയും അറിയാൻ കഴിഞ്ഞു. രാജ്യത്തെ നേരിടുന്ന പല പ്രശ്നങ്ങളെക്കുറിച്ചും അവബോധമുണർത്താനായുള്ള സന്ദേശങ്ങൾ ചൂണ്ടിക്കാട്ടാനും ഇത്തരുണത്തിൽ  പലരും ശ്രമിച്ചിരുന്നു.

മകരത്തിലെ മഞ്ഞിൻ തിരശ്ശീലകൾ നീക്കി ജനലക്ഷങ്ങൾ മാരത്തോണിന് സ്വാഗതമോതുന്ന ഞായറാഴ്ച്ച ദിവസം ആയിരമായിരം കാതങ്ങൾക്കപ്പുറം മകരജ്യോതി ദർശനത്തിന്നായി ലക്ഷക്കണക്കിന്  ഭക്ത ഹൃദയങ്ങൾ തുടിയ്ക്കുന്നതിന്റെ അലയൊലികൾ  ടെലിവിഷനിലൂടെ  കാണാനായി.തിരുവാഭരണയാത്ര തിരുമുറ്റത്തെത്തുന്നതും ഭക്ത ജനങ്ങൾ ദേവദർശനത്തിനായി ആകാംക്ഷയോടെ നിൽക്കുന്നതും, പൊന്നമ്പലമേട്ടിൽ മകരജ്യോതിയുയരുന്നതുമെല്ലാം നഗരിയിലിരുന്നും കണ്ടു സൌഭാഗ്യമണിഞ്ഞു.

ജനുവരി 12 മുതൽ 15 വരെ  തുടർച്ചയായി  നഹരഹൃദയത്തിൽ ഹോർണിമാൻ സർക്കിളിൽ പനമണ്ണ  ശശിയും സംഘവും ചേർന്നുയർത്തിയ ‘കേളി‘ യുടെ കൊട്ട് ശരിയ്ക്കും നഗരവീഥികളെ ഉണർത്തിക്കാണണം.കേരളത്തിന്റെ തനിമയാർന്ന താളമ്പക മുംബൈ നഗരിയുടെ സിരകളിലും ആവേശം പടർത്തി. കേളി റിഥം ഫെസ്റ്റിവൽ 2012 കാല ദേശ ഭേദമില്ലാതെ ആസ്വദിയ്ക്കനെത്തിയവരിൽ സക്കീർ ഹുസൈൻ തുടങ്ങിയ പ്രതിഭകളേയും കാണാനായെന്നത് അത്ഭുതമുയർത്തി.  പരിപാടിയ്ക്കു  ശേഷം ഈ മഹാനായ കലാകാരൻ മലയാളി കലാകാരന്മാരെ വന്ദിച്ചെന്നതും ഏറെ ശ്രദ്ധേയമായി. നല്ല കലകൾക്കെവിടേയും ആസ്വാദകരെ കിട്ടാതെ വരില്ലല്ലോ?

Mumbai for kids മുൻ കൈയെടുത്ത്  ജെ.ജെ.ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അപ്പ്ളൈഡ് ആർട്ട്സ് പരിസരത്തുവച്ചു നടത്തിയ കാർട്ടൂൺ ചിത്ര രചനാമത്സരത്തിൽ മൂവായിരത്തിലധികം കുട്ടികൾ പങ്കെടുത്തു. ‘മുംബൈ ഫോർ മി” എന്നായിരുന്നു പ്രമേയം .കുരുന്നു മനസ്സുകളിലെ ഗൌരവചിന്തകൾ ഗഹനമായ് കാർട്ടൂണുകളിലൂടെ നിറപ്പകിട്ടാർന്നു പുറത്തുവന്നപ്പോൾ നഗരിയ്തീക്ക് തീർച്ചയായും സന്തോഷിയ്ക്കാൻ വകയുണ്ടെന്നാണു കണ്ടത്. ചിത്രകഥകൾക്കപ്പുറം അന്നാഹസാരെയും അഴിമതി വിരുദ്ധ സമര വാഞ്ച്ഛയും രാഷ്ട്രീയ നേതാക്കളും ലോക്പാൽബില്ലുംസ്വച്ഛ-സുന്ദരമായ മുംബൈ നഗരിയ്ക്കായുള്ള മോഹവും ആർ.കെ,.ലക്ഷ്മൺന്റെ ‘കോമൺ മാനും” അവരുടെ കാൻ വാസുകളിൽ നിറഞ്ഞു നിന്നു.ജേതാക്കൾക്ക്  അവരെ തിരഞ്ഞെടുക്കുന്ന  പ്രസിദ്ധ കാർട്ടൂണിസ്റ്റ് ആർ.കെ. ലക്ഷ്മണനുമായി അഭിമുഖം സാധ്യമാകും.

മാറിക്കൊണ്ടിരിയ്ക്കുന്ന നഗരമുഖച്ഛായ  വീണ്ടുമിതാ ആകർഷകമായി മാറുന്ന കാഴ്ച്ച. ഡോംബിവിലിയിൽ മുംബൈ ചെറുകഥാകൃത്തായ മേഘനാദന്റെ “ജാലകത്തിന്നപ്പുറം മഴ” എന്ന കൃതിയുടെ പ്രകാശനത്തിൽ പങ്കെടുത്ത ശേഷം തിരികെ വരുമ്പോൾ മുളുണ്ടിൽ നിന്നും അന്ധേരി വരെ ബെസ്റ്റിന്റെ ലോ ഫ്ലോർ എ.സി. ബസ്സിൽ സഞ്ചരിച്ചത് തികച്ചും ഒരു വ്യത്യസ്തമായ അനുഭവം തന്നെയായിരുന്നു. പ്രകാശത്തിൽ കുളിച്ചു നിൽക്കുന്ന നഗരിയുടെ തിരക്കൊഴിഞ്ഞ  വീഥികളിലൂടെ ലോഫ്ലോർ ബെസ്സിലെ ഉയരത്തിലെ സീറ്റിലിരുന്നു കണ്ണാടിച്ചില്ലിലൂടെ നോക്കിയപ്പോൾ സ്വയം ഒഴുകുകയാണെന്നേ തോന്നിയുള്ളൂ.  ഹൃദ്യമായ യാത്ര.അണിഞ്ഞൊരുങ്ങിയ നഗരം കൂടുതൽക്കൂടുതൽ സുന്ദരിയായ പോലെ. ബെസ്റ്റിനെക്കുറിച്ചുള്ള മതിപ്പു കൂടുകയും ചെയ്തു.മാറിക്കൊണ്ടിരിയ്ക്കുന്ന നഗരപ്രതിച്ഛായയ്ക്കൊത്ത് നീങ്ങാൻ അവർക്കാകുന്നുവല്ലോ?

മകരസംക്രാന്തി മുംബൈയ്ക്കേറെ വിശിഷ്ടമായ ദിനമാണല്ലോ? ദക്ഷിണായനത്തിൽ നിന്നും സൂര്യൻ ഉത്തരായനത്തിലേയ്ക്കു കടക്കുന്ന സമയം. യശോദ കണ്ണനെ കിട്ടാനായി വ്രതമെടുത്ത ഈ ദിനത്തിൽ പുത്രപ്രാപ്തിയ്ക്കായി വ്രതമെടുക്കുന്നവരേറെയാണ്.ദുർഗ്ഗാദേവിയുടെ ആശീർവാദാർത്ഥം ഭക്തിയുടെ ഭാവമുണർത്തുന്ന ഹൽദി-കുംകും അണിയിയ്ക്കലും വാസനദ്രവ്യങ്ങൾ പുരട്ടിക്കൊടുക്കുന്നതും ഈ ദിവസത്തിൽ പ്രാധാന്യമർഹിയ്ക്കുന്നു.കെട്ടിടങ്ങളുയെല്ലാം മുകളിൽ  പട്ടങ്ങൾ പറത്തുന്നവർ മുംബൈ  നഗരിയുടെ മുഖത്തു ബഹു വർണ്ണത്തിൽ പൊട്ടുകൾ അണിയിച്ചപ്പോൾ കാണാൻ നല്ല രസം.  കടകളിൽ റെഡിമെയ്ഡ് എള്ളുണ്ടയുടെ പാക്കറ്റുകൾ. ഇന്നേദിവസം ഏതു മഹാരഷ്ട്രീയരുടെ വസതിയിൽ ചെന്നാലും എള്ളുണ്ട തരാതിരിയ്ക്കില്ല.“ തിൽ ഗുഡ് ഖാ ആണി ഗുഡ് ഗുഡ്  ബോലാ“ (എള്ളുണ്ട തിന്ന് ഈ ദിവസത്തിൽ നല്ലതും മധുരവുമായി വർത്തമാനം പറയൂ).എത്ര ഉദാത്തമായ സങ്കൽ‌പ്പം അല്ലേ? നമുക്കും പട്ടം പറത്താം , മനസ്സിലെങ്കിലും. ചിന്തകളെ സങ്കൽ‌പ്പവാനത്തിൽ പട്ടങ്ങളായി മേയാൻ വിടാം. എള്ളുണ്ടകളെ നുണഞ്ഞു പരസ്പ്പരം നന്മ പകർന്ന് നഗരിയിൽ  സൌഹാർദ്ദം വളർത്താം. ഇത്തരം മകരസംക്രമങ്ങൾക്കായി ഇനിയും കാത്തിരിയ്ക്കാം. മകര സംക്രാന്തി ആശംസകൾ!

(Published in’ WHITELINE VARTHA’ (print) Newspaper weekly tabloid from Mumbai .See www.whitelineworld.com)

Leave a Reply

Your email address will not be published. Required fields are marked *