വേനൽമേഘങ്ങൾക്കു സുല്ല്

Posted by & filed under കവിത.

 

 

oppolc_copy

മയിൽ രൂപം മേഘങ്ങളിൽക്കാണുന്നോ മാനത്തേയ്ക്കു

കൊതിയോടെ മഴ വന്നെത്തുന്നതുനോക്കീടുമ്പോൾ

നഗര താളം മാറുന്നോ കുടിയെത്തീടാനായി

ധൃതി പിടിച്ചീടുന്നവരെല്ലാരും ചേർന്നീടുമ്പോൾ?

 

 

കൊതി വേണ്ട, വേനൽക്കാലമേഘമാണറിയുക,

തരുമാശ, പെയ്യാൻ മടിയേറെയാണെന്താണാവോ?

പതിവില്ല തെല്ലും ദയ, വന്നിളിച്ചിട്ടൊങ്ങട്ടോട്ടു

മറയുവാൻ നാണം തെല്ലുമില്ലാത്ത വർഗ്ഗമിവർ.

 

മഴ വന്നാൽ മനം കുളിർത്തൊട്ടൂ തുള്ളിച്ചാടുന്ന

നഗരി തൻ മനമെന്തേ കണ്ടിടാൻ മറക്കുന്നു?

കുടിവെള്ളത്തിനായ് കഷ്ടപ്പെടുന്നോർ,ദിനം തോറും

ഉയരുമീ ചൂടിൽ സ്വയമുരുകീടുന്നു, കഷ്ടം!

പറയുക, നനഞ്ഞൊലിച്ചീടുന്ന കൂരയ്ക്കുള്ളിൽ

കഴിയുവോരെ യോർത്താണോ, പാതവക്കിലാശ്രയം

തിരയുന്ന മനുഷ്യർ തൻ പ്രാർത്ഥന കേട്ടിട്ടാണോ?

പകലന്തി പണിയെടുത്തീടുന്നോർ പറഞ്ഞുവോ ?

 

മഴയെന്നും നഗരത്തിൻ താളത്തെ മാറ്റീടുന്നു

നിറയുന്നു ദുരിതവും, രോഗങ്ങൾ വന്നെത്തുന്നു

കഴിയില്ല മാറ്റീടുവാനെങ്കിലും കാണുന്നിതാ

ഒരു ചിഹ്നം നിഷേധത്തിൻ രൂപത്തിലാകാശത്തിൽ.

(ഒരു ബാൽക്കണിക്കാഴ്ച്ച ക്യാമറയിൽ പകർത്തവേ ആകാശത്ത് കേബിൾക്കമ്പികൾ മഴമേഘങ്ങൾക്ക് മുന്നിൽ സൃഷ്ടിച്ച വിപരീത ചിഹ്നം കണ്ടപ്പോൾ തോന്നിയത്)

 

Leave a Reply

Your email address will not be published. Required fields are marked *