മാമ്പഴക്കാലത്തൊരു നാളിൽ

Posted by & filed under കവിത.

മുറ്റത്തെക്കിളിച്ചുണ്ടൻ മാവിൽ നിന്നിതാ വീണ്ടും

ഒട്ടു താഴോട്ടായൊരു മാമ്പഴം പതിച്ചല്ലോ?

തുടിച്ചൂ മനം, മത്സരിച്ചോടിയാ മാമ്പഴം

കടിച്ചു വലിച്ചീമ്പിത്തിന്നിടാൻ വൃഥാവിലായ്.

 

തനിച്ചാണല്ലോ കൂട്ടിനാരുമില്ലിവിടെ ഞാൻ

ഇരിപ്പൂ ഗതകാല സ്വപ്നങ്ങൾ മനസ്സിനെ

മഥിയ്ക്കുന്നഹങ്കാരമെന്നെ ഞാനല്ലാതാക്കി

യെനിയ്ക്കു നഷ്ടപ്പെട്ടതെന്തു ഞാനറിഞ്ഞീലാ.

 

പഠിപ്പിൽ, ഉയരങ്ങൾ താണ്ടിടും തത്രപ്പാടിൽ

പതുക്കെയുപേക്ഷിയ്ക്കാൻ  ശ്രമിച്ചൂ ,വിജയിച്ചു,

മനസ്സിൽ‌പ്പലരേയും പുച്ഛിച്ചു, തള്ളിക്കള-

ഞ്ഞൊടുക്കമജയ്യമെൻ ജീവിതം നിനച്ചു ഞാൻ .

 

കളിയ്ക്കുന്നവൻ വിധി, യൊട്ടൂമേ ദയ കൂടാ-

തെ,നിയ്ക്കായ്ത്താൻ  വച്ചതു വന്നിടാതിരിയ്ക്കുമോ?

തിരിച്ചു നടന്നിടാൻ വയ്യാത്ത ദൂരം മുന്നോ-

ട്ടെടുത്തോരാവേശമോ തണുത്തു, മടുത്തുപോയ്!

 

 

തിരിച്ചെത്തി ഞാൻ,തിരഞ്ഞീടുന്നെൻ വേ,രൊപ്പമായ്

കുറച്ചെങ്കിലുമാമോ തിരുത്താനെൻ തെറ്റുകൾ

നിനച്ചു കഴിയവേ ,കാലമങ്ങനുസ്യൂതം

കുതിച്ച കുതി കണ്ടിട്ടമ്പരന്നുപോയല്ലോ!

 

 

പതുക്കെ മുറ്റത്തേയ്ക്കു ഞാനിറങ്ങവേ,  കാറ്റു

നനുക്കെ മന്ത്രിച്ചെന്റെ കർണ്ണത്തിൽ പഴംകഥ

മറക്കാൻ കഴിഞ്ഞോ നിൻ ബാല്യത്തെ, യീ മാഞ്ചോട്ടിൽ

കളിച്ചു വളർന്നൊരാ നാളിനെ, നിൻ തോഴരെ.

പിണക്കങ്ങളും പിന്നെ മാറ്റലും, വളരവേ

മനസ്സിൽ മൊട്ടിട്ടോരു പ്രഥമാനുരാഗവും

നിനക്കോർമ്മിയ്ക്കാനാകും, തെല്ലുനിന്നിടാമെങ്കിൽ

കലർപ്പില്ലാതുള്ളൊരാ സ്നേഹബന്ധത്തിൻ താളം

നിനക്കു കേൾക്കാനാകും, ആർദ്രമായീടും മനം

തുടിയ്ക്കും, കടിച്ചീമ്പിത്തിന്നുകിലീ മാമ്പഴം.

 

ഒലിയ്ക്കും പഴച്ചാറു നക്കി നീ രുചിയ്ക്കവേ, തുറക്കും

അടഞ്ഞൊരു ബാല്യത്തിൻ വാതായനം.

തനിച്ചല്ല, നിൻ കൂടെ കൂട്ടുകാരില്ലേയിപ്പോൾ

നിനക്കു കേൾക്കാനില്ലേ ഉയരും വാഗ്വാദങ്ങൾ?

പിണക്കം ,പിടി വാശി, യടക്കം പറച്ചിലും

ഒടുക്കം പഴയപോൽ ചങ്ങാത്തം കൂടുന്നതും

പഴുത്ത കിളിച്ചുണ്ടൻ മാങ്ങകൾ വലിച്ചീമ്പാൻ

തിമർക്കാൻ, മധുരമാം മാമ്പഴക്കാലം വരും.

 

തിരിച്ചു പോകാൻ നമുക്കാകില്ലെങ്കിലും  കണ്ണൊ-

ന്നടച്ചീ നിമിഷത്തെ സ്വന്തമാക്കീടാൻ നോക്കൂ…

2 Responses to “മാമ്പഴക്കാലത്തൊരു നാളിൽ”

  1. ശ്രീ

    നന്നായി, വരികള്‍

  2. jyothi

    Sree..thankz a lot…

Leave a Reply

Your email address will not be published. Required fields are marked *