പറയാതെങ്ങനെ?

Posted by & filed under Uncategorized.

 

 

വേസ്റ്റ് മാനേജ്മെന്റിന്റെ കാര്യത്തിൽ നാമേറെ പുറകിലാണെന്നറിയാം.എങ്കിലും ഒഴിഞ്ഞ പൌഡർ ടിന്നും ടൂത്ത് പേസ്റ്റ് റ്റ്യൂബുമൊക്കെ നമ്മളെ നോക്കി കൊഞ്ഞനം കുത്തുമ്പോൾ മനസ്സിൽ ആരോടൊക്കെയോ ദേഷ്യം തോന്നിപ്പോകുന്നു. വഴിയരികിലെ കുന്നു കൂടുന്ന മാലിന്യങ്ങൾക്കിടയിലൂടെ ട്രപ്പീസ് കളിക്കാരെപ്പോലെ ദുർഗ്ഗന്ധത്തിൽ നിന്നും രക്ഷപ്പെടാനായി മൂക്കും  പൊത്തിപ്പിടിച്ച്  നടക്കുന്ന മലയാളി സ്വാർത്ഥതയുടെ പര്യായം തന്നെയല്ലേ? എന്തേ ഇതിനെതിരെ നാം ശക്തിയായി പ്രതിഷേധിയ്ക്കുന്നില്ല? എന്തേ നാം സ്വയം ഇതിനൊരറുതി വരുത്താൻ എന്തെങ്കിലും ചെയ്യുന്നില്ല?കഴിഞ്ഞ ദിവസം തന്റെ വീടിനടുത്തുകൂടെ ഒഴുകുന്ന തോടിൽ നിന്നും കെട്ടിക്കിടക്കുന്ന ഒട്ടേറെ ചാക്കുകെട്ടുകൾ പുറത്തേയ്ക്കെടുത്ത് എന്റെ കസിൻ പറഞ്ഞ കാര്യങ്ങൾ ഓർമ്മ വന്നു, ജീൻസുകളടക്കം ദ്രവിയ്ക്കാൻ സമയമെടുക്കുന്ന ഒട്ടേറെ വസ്തുക്കൾ ആ ചാക്കുകെട്ടുകളിൽ കാണാനായെന്നത്. ഓട്ടോ റിക്ഷയിൽ കൊണ്ടു വന്നു രാത്രിയുടെ മറവിൽ തള്ളപ്പെടുന്ന ഇത്തരം പാഴ്വസ്തുക്കൾ നമുക്കു ദു:സ്വപ്നമായിത്തുങ്ങിയിരിയ്ക്കുന്നു.

ഇത്തരുണത്തിൽ യൂസിയുടെ (www.yousee.in) സംരംഭങ്ങളെക്കുറിച്ച് രണ്ടു വാക്കു പറയാതെ വയ്യ..”Do not Waste, Donate your Waste”  അല്ലെങ്കിൽ  “Kachra Daan, Karo Kalyan” എന്ന ആകർഷകമായ പരസ്യവാചകം നമ്മുടെ ശ്രദ്ധയെ പിടിച്ചെടുക്കുന്നത് തന്നെ.  Let’s go Give,Let’s go Green  എന്നതു കൂടാതെ Let’s Stop “ Use and Throw” ,  Let’s Start “Use, Reuse and Donate”  തുടങ്ങിയ ഇവരുടെ ലക്ഷ്യങ്ങളാണെന്നെ ഏറെ ആകർഷിച്ചത്.സാധാരണഗതിയിൽ പുറത്തു റോഡിലും മറ്റും തട്ടിക്കൂട്ടാറുള്ള വേയ്സ്റ്റിനെ സുസംഘടിതമായ രീതിയിൽ ശേഖരിച്ച് അഴുകി ദ്രവിയ്ക്കുന്നവയും അല്ലാത്തവയുമായി തരം തിരിയ്ക്കുന്നു. കമ്പോസ്റ്റ്, റീസൈക്കിളിംഗ് എന്നിവ വഴി ആർജ്ജിയ്ക്കാവുന്ന ധനം ദരിദ്രർക്കായി  കൊടുക്കുന്നു. ശേഖരിയ്ക്കപ്പെടുന്നവയിൽ ഉപയോഗയോഗ്യമായ തുണി ,പുസ്തകം മുതലായവ പാവപ്പെട്ടവർക്കായി ദാനം ചെയ്യപ്പെടുന്നു. ബയോഗ്യാസ് ഉത്പാദനവും നമുക്കു ചിന്തിയ്ക്കാവുന്ന ഒന്നു തന്നെ. എത്ര പേർക്കു പ്രയോജനകരമാകുമെന്നതിനൊപ്പം പരിസരമലിനീകരണമെന്ന ദുർഭൂതം നമ്മോടടുക്കാൻ ഭയപ്പെടുകയും ചെയ്യും.പാരിസ്ഥിതികവും സാമൂഹ്യനന്മ ലക്ഷ്യമാക്കിയുമുള്ള ഇത്തരം സംരംഭങ്ങളല്ലേ ഇന്നു നമ്മുടെ കൊച്ചു കേരളത്തിന്നാവശ്യം?

വേണ്ട വിധം ഈ സംരംഭത്തെ ഉൾക്കൊള്ളാൻ നാം ശ്രമിയ്ക്കുകയാണെങ്കിൽ ഇതു പ്രാവർത്തികമാക്കുന്നതിനത്ര വിഷമം ഉണ്ടാകാനിടയില്ല.പക്ഷേ ചിട്ടയുള്ള, നിസ്വാർത്ഥമായ സേവന സന്നദ്ധത ആവശ്യമാണെന്നു മാത്രം . സ്വന്തം വീടിന്റെ നാലുചുവരുകൾക്കു പുറത്തേയ്ക്കു എന്തും വലിച്ചെറിയാനുള്ള മലയാളിയുടെ പ്രവണതയ്ക്കു ഇതോടെ കടിഞ്ഞാൺ വീഴാതിരിയ്ക്കുമോ? ‘“ചൊട്ടയിലെ ശീലം ചുടല വരെ” എന്ന പഴമൊഴി നമുക്കു ബാധകമല്ല. കാരണം നാം എന്നും വൃത്തിയുടെയും വെടുപ്പിന്റേയും കാര്യത്തിൽ മുൻപന്തിയിൽ തന്നെയായിരുന്നല്ലോ, ഒരൽ‌പ്പം സ്വാർത്ഥത അതിനു പുറകിലായി ഒളിഞ്ഞിരുന്നെങ്കിൽക്കൂടി.

മുകളിലോട്ടുയർന്നുവന്നുകൊണ്ടേയിരിയ്ക്കുന്ന കെട്ടിട സമുച്ചയങ്ങൾ സംസ്ഥാനത്തിന്റെ സാമ്പത്തികമായ വളർച്ചയെ ദ്യോതിപ്പിയ്ക്കുമ്പോൾ അതിനൊത്തു വളരാത്ത ഉപഭാഗങ്ങൾ നമുക്കു മുന്നിൽ സമസ്യകളായി മാറുന്നു. നഗരമദ്ധ്യത്തിലെ ഒരു ഹൌസിംഗ് കോളനിയിലെ മാലിന്യം നീക്കം ചെയ്യാനുള്ള സംവിധാനക്കുറവിനെക്കുറിച്ചു ഒരു സുഹൃത്ത് പറയുകയുണ്ടായി. ഇവയ്ക്കായി കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾ ആവശ്യം തന്നെ. ഓരോ ഏരിയയിലും നിർദ്ദിഷ്ടമായ വിധം രൂപീകരിയ്ക്കപ്പെടുന്ന വൊളണ്ടറി ഓർഗനൈസേഷനുകൾ സമൂഹനന്മയ്ക്കായി ശ്രദ്ധ കേന്ദ്രീകരിയ്ക്കുകയാണെങ്കിൽ നമുക്കം waste നെ  wealth ആക്കി മാറ്റാവുന്നതേയുള്ളൂ. എത്ര ഉദാത്തമായ ഭാവന!

ഓടാം, നമുക്കും. ലോകമോടുമ്പോൾ കൂടെയെത്താൻ. ഒപ്പം ചുറ്റുമൊന്നു നോക്കി മറ്റു ചില നല്ല കാര്യങ്ങൾ കൂടി നമുക്കു സ്വായത്തമാക്കാനായെങ്കിൽ! അന്യരാജ്യങ്ങളിലെ അതികർശനമായ നിയമങ്ങളെ അണുവിട തെറ്റാതെ അനുസരിയ്ക്കാൻ നമുക്കു ബുദ്ധിമുട്ടു തോന്നാറില്ല. മൂക്കു പൊത്താനുയരുന്ന കരങ്ങളെ അൽ‌പ്പം സാമൂഹിക നന്മയ്ക്കായും വിനിയോഗിയ്ക്കാൻ തയ്യാറായെങ്കിൽ നമുക്കും ഇവിടെയൊരു shanghai നഗരം സൃഷ്ടിയ്ക്കാനാകും, തീർച്ച.

One Response to “പറയാതെങ്ങനെ?”

  1. Unnikrishnan Nair

    malayali varthanathil mathram vidyabhiasam kondu nadakkunna ennathe avastha onnu maatanam swarthatha vediyanam samuhathe kurichu koodi onnu chinthikanam….ethoravasiamaanu aapeshayaanu….plz………..

Leave a Reply

Your email address will not be published. Required fields are marked *