പ്രിയേ നമുക്കൊരിയ്ക്കൽക്കൂടി മഴയെ പ്രകീർത്തിയ്ക്കാം…(by Conrad Aiken)

Posted by & filed under മൊഴിമാറ്റങ്ങൾ.

പ്രിയേ നമുക്കൊരിയ്ക്കൽക്കൂടി മഴയെ പ്രകീർത്തിയ്ക്കാം…

നമുക്കു ഇതിനായ് ചില പുതിയ ലിപികൾ കണ്ടെത്താം

ഇടയ്ക്കു പ്രകീർത്തിച്ചവരായി,

സ്വയം നാമായിമാറാൻ

മഴയും പൂന്തോട്ടത്തിലെ ചെറുവെള്ളപ്പൂവുള്ള കളകളും

ബർദോക്കിന്റെ ഇലകളും

ഹരിതധവളാഭയാർന്ന വേലിച്ചെടികളും

പുള്ളികളുള്ള കല്ലുകളും എല്ലാം തന്നെ,

ഏകാന്തതയിൽ ഇരിമ്പക വൃക്ഷക്കൊമ്പിലിരുന്ന്

രൂക്ഷമായ ദൃഷ്ടികളയയ്ക്കുന്ന കുരുവി കൂടി,

മഴയെത്തും വരെ മഴയ്ക്കു സ്വാഗതമോതുന്നു.

തലകീഴായിക്കിടക്കുന്നൊരു മഞ്ഞക്കിളി

ഓറഞ്ചു നിറമാർന്ന ചിറകുകൾ താളത്തിലിളക്കി

തന്റെ കൂടിന്റെ മുൻഭാഗത്തായി

ചത്തതിനൊപ്പം തൂങ്ങിക്കിടക്കുന്നു

മരച്ചുവട്ടിൽ ഇലകളുടെ സ്വർഗ്ഗത്തിൽ

ചില്ലയിൽ നിന്നും മഴ വേർപെടുത്തിയ ഒരൊറ്റയില

ഇൽഞെട്ടടർന്നപ്പോൾ താഴെവീണെങ്കിലും

ഒപ്പമുള്ള മറ്റൊരിലയിൽത്തങ്ങി തൂങ്ങി നിൽക്കുന്നു

കൂണിനടുത്തുള്ള അക്കോം കപ്പുകൾ

തൂങ്ങിനിൽക്കുന്ന മേഘങ്ങളിൽ നിന്നും

മൂന്നു തുള്ളി ജലം ശേഖരിയ്ക്കുന്നു.

ഭീരുവായ തേനീച്ച കൂട്ടിലേയ്ക്കു മടങ്ങുന്നു.

ഹോളിഹോക്കിന്റെ വീതിയേറിയ ഇലയ്ക്കിടയിലിരിയ്ക്കുന്ന ഈച്ച

തണുപ്പേറ്റ് നിർവികാരമായെന്തോ

പരിചിന്തനം ചെയ്യുന്നു.

ഒരു മഴക്കറുമ്പൻ ഒച്ച് നനവാർന്ന കല്ലിലിരുന്നു

നനഞ്ഞീറനായ ലോകത്തെ നിരീക്ഷണം ചെയ്യുന്നു.

എന്നിട്ടും ജലാക്ഷരങ്ങൾ മന്ത്രിയ്ക്കുന്നു

മേഘചക്രങ്ങൾ മുഴക്കത്തോടെ തിരിയുന്നു

നമ്മളീ ഇരുണ്ടമുറിയിൽ കാത്തിരിയ്ക്കുമ്പോൾ

നിന്റെ ഹൃദയത്തിലെനിയ്ക്ക് കാണാനാകുന്നു,

ഒരു വെള്ളി മഴത്തുള്ളി,ഒരു ഹത്തോൺ ഇലയിലായ്

മാറാലയിലെ മകയിര നക്ഷത്രമായ് ഈ ലോകവും.

 

(“Beloved, Let Us Once More Praise The Rain”— Conrad Aiken)

Leave a Reply

Your email address will not be published. Required fields are marked *