ജനനത്തിനു മുൻപായൊരു പ്രാർത്ഥന (ലൂയിസ് മാക്നീസ്)

Posted by & filed under മൊഴിമാറ്റങ്ങൾ.

ഞാനിനിയും ജനിച്ചിട്ടില്ല, ഇതൊന്നു കേൾക്കൂ,…

രക്തം വലിച്ചൂറ്റിക്കുടിയ്ക്കുന്ന വവ്വാലുകളേയും എലികളേയും

നീർനായകളേയും കൂർത്തുന്തിയ കാലുകളുള്ള

ശവം തീനി വേതാളത്തേയും

എനിയ്ക്കരുകിൽ വരാനനുവദിയ്ക്കാതിരിയ്ക്കുക.

എന്നെ ആശ്വസിപ്പിയ്ക്കൂ, ഞാനിനിയും ജനിച്ചിട്ടില്ല.

മനുഷ്യവർഗ്ഗമെനിയ്ക്കു ചുറ്റും ഉയരമേറിയ ചുമരുകളുള്ള

മതിൽകെട്ടുമെന്നും ശക്തിയേറിയ ഔഷധങ്ങളാൽ

മയക്കുമരുന്നിന്നടിമയാക്കുമെന്നും

അറിവിൻ നുണകളാലെന്നെ പ്രലോഭിപ്പിയ്ക്കുമെന്നും

കറുത്തിരുണ്ട ചട്ടക്കൂടുകൾക്കിടയിലിട്ടെന്നെ

ധ്വംസിയ്ക്കുമെന്നും ഞാൻ ഭയക്കുന്നു

 

എന്നെ താലോലിയ്ക്കാനായി ജലമൊരുക്കൂ

ഞാനിനിയും ജനിച്ചിട്ടില്ല,

എനിയ്ക്കായി പുൽക്കൊടികൾ വളരട്ടെ

മരങ്ങൾ സംസാരിയ്ക്കട്ടെ

ആകാശം പാടട്ടെ

പക്ഷികളും വെൺനിറമാർന്ന പ്രകാശവും

എന്റെ മനസ്സിന്നുള്ളിൽ എനിയ്ക്കു മാർഗ്ഗദർശകരാകട്ടെ!

 

ഞാനിനിയും ജനിച്ചിട്ടില്ല,

എന്നിലെ പാപങ്ങൾ,

എന്നെക്കുറിച്ചവർ  പറയുമ്പോഴുള്ള എന്റെ വാക്കുകൾ ,

എന്നെക്കുറിച്ചവർ ചിന്തിയ്ക്കുമ്പോഴുള്ള എന്റെ ചിന്തകൾ,

വിശ്വാസഘാതകരാൽ സംജാതമാകുന്ന,

എനിയ്ക്കതീതമായ എന്റെ വിശ്വാസവഞ്ചകത്വം,

എന്റെ കൈകളാൽ അവർ കൊലചെയ്യുന്ന എന്റെ ജീവൻ,

എന്നെയവർ  ജീവിപ്പിയ്ക്കുമ്പോഴുള്ള എന്റെ മരണം,

ലോകഭാരം കൂട്ടുമ്പോൾ എനിയ്ക്കു മാപ്പു തരിക

 

ഞാനിനിയും ജനിച്ചിട്ടില്ല…

കിഴവന്മാർ ഗുണദോഷിയ്ക്കുമ്പോൾ,

കാർക്കശ്യമെഴുന്ന സർക്കാരുദ്യോഗസ്ഥനെന്നെ

ഭീഷണിപ്പെടുത്തുമ്പോൾ,

പർവ്വതങ്ങൾ എന്നെ നോക്കി നെറ്റി ചുളിയ്ക്കുമ്പോൾ,

പ്രണയികൾ എന്നെ നോക്കി കളിയാക്കിച്ചിരിയ്ക്കുമ്പോൾ,

വെളുത്ത തിരമാലകളെന്നെ വ്യാമോഹിപ്പിയ്ക്കുമ്പോൾ,

മരുഭൂവുകൾ വിനാശത്തിലേയ്ക്കെന്നെ ക്ഷണിയ്ക്കുമ്പോൾ,

ഭിക്ഷുക്കൾ എന്റെ ദാനം നിരസിയ്ക്കുമ്പോൾ,

എന്റെ മക്കൾ തന്നെ എന്നെ ശപിയ്ക്കുമ്പോൾ,

ഞാനഭിനയിയ്ക്കേണ്ടുന്ന ഭാഗങ്ങൾ,

ഞാൻ എടുക്കേണ്ട കരുതലുകൾ

എന്നെ അഭിനയിയ്ക്കാൻ അഭ്യസിപ്പിയ്ക്കൂ….

 

ഞാനിനിയും ജനിച്ചിട്ടില്ല…ഇതൊന്നു കേൾക്കൂ..

മൃഗീയസ്വഭാവമുള്ളവനോ

സ്വയം ദൈവമെന്നു കരുതുന്നവനോ ആയ മനുഷ്യനെ

എനിയ്ക്കരികിൽ വരാൻ അനുവദിയ്ക്കാതിരിയ്ക്കുക.

 

ഞാനിനിയും ജനിച്ചിട്ടില്ല

എന്നിലെ മനുഷ്യത്തെത്തെ മരവിപ്പിയ്ക്കുന്നവരെ,

മാരകമായ അതിയാന്ത്രികതയാലെന്നെ ഹിംസിയ്ക്കുന്നവരെ,

യന്ത്രത്തിന്റെ ചക്രപ്പല്ലാക്കുന്നവരെ,

ഏകമുഖവസ്തുവിനെ, ഒരു വസ്തുവിനെ,

എന്റെ സമ്പൂർണ്ണതയെ

ചിന്നിച്ചിതറിപ്പിച്ചു നശിപ്പിയ്ക്കുന്ന എന്തിനേയും,

അപ്പൂപ്പൻ താടി പോലെ എന്നെ അങ്ങോട്ടുമിങ്ങോട്ടും കാറ്റിൽ ചാഞ്ചാട്ടുന്ന

കൈക്കുമ്പിളിലെ ജലകണങ്ങൾ പോലെന്നെ തുളുമ്പിയ്ക്കുന്നവരെ

എതിർക്കാനുള്ള ശക്തി,എന്നിൽ നിറയ്ക്കുക.

 

എന്നെ ഒരു ശിലയാക്കാനവരെ അനുവദിയ്ക്കാതിരിയ്ക്കുക

എന്നെ തുളുമ്പി നശിപ്പിയ്ക്കാനവരെ അനുവദിയ്ക്കാതിരിയ്ക്കുക.

അതിനാകില്ലെങ്കിലെന്നെ കൊന്നുകളയുക.

( ‘Prayer Before Birth’ by Louis Macneice)

Leave a Reply

Your email address will not be published. Required fields are marked *