താറുമാറായോ നാഡീവ്യൂഹങ്ങൾ തലച്ചോറിൽ
ഓർമ്മകൾ കരിഞ്ഞാകെയിരുളും പടരുന്നോ
ഞാനാകെ മതിഭ്രമം പെട്ടപോലായെൻ മന-
മാകവേ പ്രക്ഷുബ്ധമായെന്തിനെന്നറിവീലാ.
ചിന്തകൾക്കെന്തേ കടിഞ്ഞാൺ പോയോ, പലപ്പോഴും
ചിന്തിയ്ക്കാൻ ,ഗ്രഹിയ്ക്കുവാനാകുന്നില്ലെന്താണാവോ?
തനിച്ചായ്പ്പോകുന്നുവോ ഭയമൊട്ടേറുന്നുവോ
തടുക്കാനാകുന്നില്ലെൻ തിടുക്കും കൂടുന്നുവോ?
പതുക്കെ മറവി തൻ മാറാല ചൂഴുന്നുവോ?
എനിയ്ക്കു ഭയം കൂടുന്നെൻഭാവിയറിയവേ
മരിയ്ക്കാൻ മോഹം, പക്ഷേ ജീവിയ്ക്കാനതിമോഹം
പതുക്കെത്തിരശ്ശീലതാഴ്ന്നു വന്നീടും നേരം.
ക്ഷമിച്ചീടണം വരും നാളിലെൻ ചെയ്തിയ്ക്കെന്തു
ഭവിച്ചീടിലും കുറ്റമെന്റെയല്ലറിയണം.
ഒടുക്കത്തിനെക്കുറിച്ചോർത്തിടും നേരം വരും
നടുക്കം ഉറക്കത്തെക്കെടുത്തും നാളെത്തവേ
യെനിയ്ക്കാകില്ല ക്ഷമ ചോദിയ്ക്കാനോതാൻ നന്ദി
കുറച്ചു മുൻപേത്തന്നെ ചൊല്ലട്ടെ തരൂ വിട!
മനോഹരമായ വരികള്‍!!