ചിണുങ്ങുന്നുണ്ട്, കുട്ടികളെപ്പോലെ
കള്ളക്കരച്ചിലെന്നു പറയാനാവില്ല
മുഖം വീർത്തു കെട്ടിയിട്ടുണ്ട് ,പൊടിയുന്നുണ്ട് കണ്ണീർ.
അൽപ്പരസം കൂടുതലാ
മുഖം തരുന്നില്ലല്ലോ?
പെട്ടെന്നോടിക്കളയുന്നതെന്തേ?
വീണ്ടും മുഖം ഇരുണ്ടുവോ?
പെട്ടെന്നുള്ള സ്വഭാവ മാറ്റം അമ്പരപ്പേറ്റുന്നു
ഇത്തിരി മുൻപു എത്ര സന്തോഷത്തിലായിരുന്നു
ആരെങ്കിലും എന്തെങ്കിലും
പറഞ്ഞു കാണുമോ ആവോ?
കരച്ചിലിനു മുൻപൊരു പൊട്ടിച്ചീറ്റൽ.
കണ്ണഞ്ചിപ്പോയി, നടുക്കത്തോടൊപ്പം
ഒരു കുളിർകാറ്റ് പാട്ടുമായെത്തി
നിന്നെക്കുറിച്ചു തന്നെയുള്ള ആവലാതിയുമായി.
വൈകിയെഴുന്നേൽക്കുന്ന ശീലം നന്നല്ല, ട്ടോ
വൈകുന്നേരങ്ങൾ നിനക്കു പ്രിയമെങ്കിലും
പലരേയും ബുദ്ധിമുട്ടിയ്ക്കുന്നെന്നറിയില്ലേ?
ഒന്നു വേഗം വന്നുപൊയ്ക്കൂടെ എന്നു ചോദിയ്ക്കാനും വയ്യ.
സമയത്തിനെത്താൻ നിനക്കറിയില്ലല്ലോ?
തന്നിഷ്ടക്കാരി തന്നെ നീ തുലാ മഴേ…
ചിണുങ്ങാതെ ഒന്നു പോ..
Leave a Reply