പൂവേ…പൂവേ…

Posted by & filed under കവിത.

പുലർകാലത്തിൽ മഞ്ഞു തുള്ളികളേന്തിക്കൊണ്ടു

വിരിഞ്ഞു ചിരിതൂകും പനിനീർപ്പൂവെന്നോടായ്

ഒരു സുപ്രഭാതത്തിൻ സന്ദേശമറിയിയ്ക്കേ

മനമെന്തിനോ പൂവായ് വിടരാൻ കൊതി പൂണ്ടു.

 

പറക്കും ശലഭത്തിൻ വരവിൻ പ്രതീക്ഷകൾ

കനക്കേ, സമ്മാനമായ് നൽകിടാൻ കൈക്കുമ്പിളിൽ

നിറച്ചു പരാഗരേണുക്കളും വഹിച്ചു നീ

നിനയ്ക്കുന്നാരേ, കാറ്റിൽ‌പ്പടർത്തീ സുഗന്ധവും.

 

എനിയ്ക്കു തരിയ്ക്കില്ലെൻ കൈകളൊട്ടിറുത്തു നിൻ

കനത്ത പ്രതീക്ഷ്യ്ക്കു മങ്ങലേൽ‌പ്പിയ്ക്കാനെന്നാൽ

ശരിയ്ക്കും ഭയമുള്ളിൽ തോന്നുന്നു ,കുസൃതികൾ

ഇറുത്തീടുമോ നിന്നെ, വിടർത്തീടുമോയിതൾ?

 

കൊതിയ്ക്കുന്നൂ നിൻ മുഖം കണ്ടിടാനെന്നാകിലും

എനിയ്ക്കാവില്ലോതിടാം നിൻ രക്ഷയെന്നും കാക്കാൻ

മറച്ചീടാമോ നിന്റെ സൌന്ദര്യമൊന്നെൻ പൂവേ

ശരിയ്ക്കും ഭയാനകമീലോകം, മനുഷ്യനും.

Leave a Reply

Your email address will not be published. Required fields are marked *