വിലപിയ്ക്കുന്ന ഇന്ത്യൻ സ്ത്രീത്വം

Posted by & filed under Uncategorized.

മാർച്ച് 8. ലോകവനിതാദിനം. ഒലക്കേടെ മൂട് . ശരിയ്ക്കും അങ്ങനെ പറയാനാണ് തോന്നുന്നത്. എന്തു നേടി എന്നതിനിന്നു പ്രസക്തിയില്ല.  കാപട്യത്തിന്റെ മൂടുപടമണിഞ്ഞ ലോകം സ്ത്രീയെ നോക്കി കൊഞ്ഞനം കുത്തുന്ന കാഴ്ച്ചയാണെവിടെയും.  കഴിഞ്ഞ 102 കൊല്ലം നാമാഘോഷിച്ചില്ലേ വനിതാദിനം? എന്നിട്ടും നമ്മുടെ അവസ്ഥ ദയനീയമായിത്തന്നെ തുടരുന്നു. ഇനിയും ആഘോഷിയ്ക്കണമോ?.എന്തു തോന്നുന്നു?

ഇന്ത്യൻ സ്ത്രീത്വം വിലപിയ്ക്കുന്നു. ശരിയ്ക്കും വേദനിച്ചിട്ടുതന്നെ. സ്ത്രീകൾക്കു മേലുള്ള അതിക്രമങ്ങൾ കൂടുകയാണ്. സുരക്ഷിതത്വം ഒരിടത്തുമില്ലാത്ത അവസ്ഥ. ഒരുപക്ഷേ സ്ത്രീയായി ജനിച്ചതിൽ ദു:ഖിയ്ക്കുന്നവരുടെ എണ്ണം കൂടി വരുക തന്നെയാണെന്നു പറയാം.എന്തായിരിയ്ക്കാം കാരണം?

പതുക്കെയാണെങ്കിലും പെൺകുട്ടിയെ ഭാരമായിക്കണ്ടിരുന്ന നാളുകളെ നാം പിന്തള്ളിത്തുടങ്ങിയതായിരുന്നല്ലോ? അബലയെന്ന മുദ്ര അവൾക്കു മേൽ ചാർത്താൻ ആക്കാണിത്ര വെമ്പൽ? എവിടെയൊക്കെയോ പിഴയ്ക്കുന്ന കണക്കുകൂട്ടലിന്റെ ഉത്തരവാദികളെ കണ്ടെത്താൻ ശ്രമിയ്ക്കുന്നവരും ധാരാളം. കൂടിക്കൊണ്ടിരിയ്ക്കുന്ന മറ്റീരിയലിസ്റ്റിക് ചിന്താഗതികളുടേയും ഉള്ള സത്യങ്ങളെ ഊതിവീർപ്പിച്ചു ജനശ്രദ്ധ നേടുന്ന മാധ്യമങ്ങളുടേയും സർവ്വോപരി വില്ലനായി  വിലസുന്ന മൊബൈൽ ഫോണുകളുടെയും നേരെ ചൂണ്ടുവിരൽ ചൂണ്ടുവാൻ എളുപ്പം. യഥാർത്ഥത്തിൽ എന്താണിവിടെ സംഭവിയ്ക്കുന്നത്? സ്ത്രീകൾക്ക് നേരെയുള്ള അക്രമങ്ങളെ എന്തു കൊണ്ട് നിയന്ത്രിയ്ക്കാനാകുന്നില്ല? കുറ്റം ചെയ്റ്റവരെ പിടികൂടിയാലും വേണ്ട ശിക്ഷ നടപ്പാക്കുന്നതിലെ വിളംബം എന്തുകൊണ്ട്? കൊടുക്കുന്ന ശിക്ഷ പര്യാപ്തമല്ലെന്നതിനാലാണോ കുറ്റങ്ങൾ കൂടി വരുന്നത്? ആരോട് ചോദിയ്ക്കാൻ?

വളരുന്ന ഇന്ത്യയുടെ തളരാത്ത നല്ല പകുതിയാണിങ്ങനെ വിലപിയ്ക്കുന്നത്. ഈ വിലാപം എത്ര കാലം കേൾക്കാതിരിയ്ക്കും .2012 ലെ കനക്കനുസരിച്ച് ഇന്ത്യയിലെ ആൺ – പെൺ അനുപാതം ആയിരത്തിന് 940 ആണ്.  ഓരോ മിനിറ്റിലും 51 ജനനങ്ങൾ നടക്കുന്ന ഈ രാജ്യത്ത്  ആൺകുട്ടികളും പെൺകുട്ടികളും ഏതാണ്ട് തുല്യമാകാമെന്ന അവസ്ഥ. ഇത്രയും ശക്തി ഉണ്ടായിട്ടുകൂടി ചവിട്ടി മെതിയ്ക്കപ്പെടാൻ നാം അനുവദിയ്ക്കുന്നതു കൊണ്ടു കൂടിയല്ലേ അങ്ങിനെ സംഭവിയ്ക്കുന്നതെന്ന് പലപ്പോഴും തോന്നാറുണ്ട്. സമൂഹത്തെയാകെ അഴിച്ചു പൊളിച്ചു പണിയേണ്ട സമയമായിക്കഴിഞ്ഞിരിയ്ക്കുന്നു. മൌനം ഇനിയും അതിന്റെ കുരുക്കുകളിൽ നമ്മെ തളച്ചിടാൻ അനുവദിയ്കാതിരിയ്ക്കുക. പ്രതിഷേധം പുറത്തു പ്രകടിപ്പിയ്ക്കാൻ നാം പലപ്പോഴ്ം വൈകുന്നു. അതിനുള്ള കാരണവും നമുക്കറിയാം. ബന്ധങ്ങൾ നമുക്കെന്നും ബന്ധനങ്ങൾ തന്നെ. പലപ്പോഴും കുടുംബത്തിന്നായി സ്വയം മറന്നു ജീവിയ്ക്കുമ്പോൾ പല വിഷമങ്ങളും കടിച്ചമർത്തേണ്ടി വരുമെന്നു തന്നെ ഇപ്പോഴും നാം വിശ്വസിയ്ക്കുന്നു. ഈ ചിന്താഗതിയെയാണാദ്യം മാറ്റേണ്ടത്.

മാറ്റങ്ങൾ എവിടെ, എങ്ങനെ തുടങ്ങണമെന്ന് ചിന്തിയ്ക്കേണ്ടിയിരിയ്ക്കുന്നു. സമയം കുറവാണ്. ചുറ്റുപാടും അക്രമങ്ങൾ വർദ്ധിച്ച് വരുമ്പോൾ പാഴാക്കാൻ സമയമില്ല. ഒരു കാര്യം നമുക്കുറപ്പിയ്ക്കാം. മൊത്തം ജനസംഖ്യയുടെ നല്ലൊരു ഭാഗത്തെ അവഗണിയ്ക്കാനാകില്ലെന്ന സന്ദേശമാണ് സമൂഹത്തിനു നാം നൽകേണ്ടത്. നാം കൂടിയടൺഗിയ സമൂഹത്തിനു തന്നെ. അതിനാവശ്യം മഹിളകൾ ഒത്തൊരുമിയ്ക്കൽ തന്നെ. അക്രമത്തിനെതിരെ ശബ്ദമുയർത്താനായെങ്കിലും നമുക്ക്  ഒറ്റക്കെട്ടായി നിന്നുകൂടേ?  എന്നിട്ടാവാം നിയമത്തെ പ്രാബല്യത്തിൽ വരുത്താനുൾല ശ്രമങ്ങൾ. ഏതു നിയമത്തിനും ലൂപ് ഹോൾസ് കണ്ടെത്തി രക്ഷപ്പെടാൻ ശ്രമിയ്ക്കുന്ന കാപാലികർക്കെതിരെ ശബ്ദമുയർത്താനും നമുക്കാകാതിരിയ്ക്കുമൊ?

മഹാഭാരതത്തിl പഞ്ചപാണ്ഡവർ പറയുന്നതുപോലെ

നമ്മള്‍  തമ്മിലെതിര്‍ക്കുമ്പോള്‍
നമ്മളഞ്ച,വര്‍ നൂറ്റുവര്‍
മറ്റുള്ളോര്‍ വന്നെതിര്‍ത്തീടില്‍
നമ്മള്‍ നൂറ്റഞ്ചു പേര്‍കളാം……

ഇരപിടിയ്ക്കുന്ന മൃഗങ്ങൾ വേട്ട സമയത്ത്  ആദ്യം ചെയ്യുന്നത്  കൂടുതൽ ദുർബലമെന്നു തോന്നിയ്ക്കുന്ന ഇരയെ കൂട്ടത്തിൽ നിന്നും വേർതിരിയ്ക്കുകയാണ്. ഒരു പക്ഷേ ശക്തിയുള്ള കൂട്ട്ത്തിനൊപ്പം നിന്നവ അതു കൊണ്ടു മാത്രം രക്ഷപ്പെട്ടിട്ടുമുണ്ടായിരിയ്ക്കം. പ്രകൃതിയുടെ നിയമങ്ങളിൽപ്പലതും ഇന്നും യാതൊരു മാറ്റവും കൂടാതെ തുടരുന്നുവെന്ന സത്യം നമുക്കു കാണാം. വിലപിയ്ക്കുന്ന ഇന്ത്യൻ സ്ത്രീത്വം പ്രകൃതിയുടെ സംഭാവനയല്ല. മനുഷ്യൻ അറിഞ്ഞോ അറിയാതെയോ വരുത്തിയ , മാറ്റങ്ങൾക്കു സാംഗത്യമുള്ള ഒരു വർത്തമാന ദശ മാത്രം. മാറ്റങ്ങൾക്കായി കൈകൾ പൊങ്ങട്ടെ, ശബ്ദം ഉയരട്ടെ! ലോകമെങ്ങും ഈ മാറ്റത്തിന്റെ പ്രതിദ്ധ്വനി അലയടിയ്ക്കട്ടെ!

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *