റൂര്‍ക്കേലാ സന്ദര്‍ശനക്കുറിപ്പുകള്‍-3

Posted by & filed under Yathravivaranangal.

റൂര്‍ക്കേലയില്‍ പ്രധാനമായി കാണാനുള്ള സ്റ്റീല്‍ പ്ലാന്റു കഴിഞ്ഞാല്‍ പിന്നെ സന്ദര്‍ശനയോഗ്യമായ രണ്ടു സ്ഥലങ്ങളാണു ഹനുമാന്‍ വാടികയും വേദവ്യാസ് ത്രിവേണീ സംഗമവും. ഇതു രണ്ടുമായിരുന്നു ഞങ്ങളുടെ അടുത്ത ദിവസത്തെ പ്ലാനില്‍ ഉള്‍ക്കൊള്ളിച്ചിരുന്നതു. ആദ്യം ഹനുമാന്‍ വാടികയെന്ന    ടെമ്പിള്‍ കോമ്പ്ലക്സ് കണ്ടതിനുശേഷം വേദവ്യാസ സന്ദര്‍ശിയ്ക്കാനായിരുന്നു പരിപാടി.

ഹനുമാന്‍ വാടിക

13 ഏക്കര്‍ സ്ഥലത്തു വ്യാപിച്ചു കിടക്കുന്നു ക്ഷേത്രങ്ങളാല്‍ അലംകൃതമായ ഈ മനോഹരമായ തോട്ടം.  അതിനുള്ളില്‍ സ്ഥാപിച്ചിരിയ്ക്കുന്ന ഹനുമാന്‍ ജിയുടെ വലിയ വിഗ്രഹത്തിനു 74’9” ആണു ഉയരം. ഒരു പാടു ദൂരെ നിന്നു തന്നെ ഇതു ദൃശ്യമാകും. ഏഷ്യയിലെ തന്നെ ഏറ്റവും ഉയരം കൂടിയ പ്രതിമയായിയി ഇതിനെ കണക്കാക്കപ്പെടുന്നു.ആന്ധ്രപ്രദേശിലെ പ്രമുഖ ശില്പിയായ തോഗു ലക്ഷ്മണ്‍ സ്വാമി രണ്ടു വര്‍ഷം കൊണ്ടു പണിചെയ്തെടുത്ത ഈ മനോഹരമായ ശില്പം 1994 ആണു സ്ഥാപിയ്ക്കപ്പെട്ടതു. നിറയെ മരങ്ങളും ചെടികളും കൊണ്ടു നിറഞ്ഞ ഈ തോട്ടത്തില്‍ നിറയെ  അമ്പലങ്ങളാണു. നല്ല തണുപ്പുള്ള ശാന്തമായ അന്തരീക്ഷം. തിരക്കും ബഹളവും കുറവാണുതാനും. ഇഷ്ടദൈവങ്ങളെ മതിവരുവോളമിരുന്നു പ്രാര്‍ത്ഥിയ്ക്കാനുള്ള സംവിധാനവുമുണ്ടു. വിവാഹം തുടങ്ങിയ മംഗളകര്‍മ്മങ്ങളും മറ്റും നടത്തുവാനും ഇവിടെ സൌകര്യമുണ്ടു.

ഹനുമാന്‍ സ്വാമിയ്ക്കായാണു ഈ വാടികയെങ്കിലും ഇവിടെ ശ്രീരാമസ്വമി, പുരി ജഗന്നാഥസ്വാമി, ബലഭദ്രര്‍, സുഭദ്ര, വിമല മാതാ, മഹാലക്ഷ്മി, രാധാ-കൃഷ്ണ, മാ സരള, മാ മംഗളാ, ശിവന്‍, (സോമനാഥ്), പാര്‍വതി, സന്തോഷി മാ, വൈഷ്ണോദേവി, ഹനുമാന്‍ എന്നിവര്‍ക്കായും അമ്പലങ്ങള്‍ ഉണ്ടു. വളരെ സുന്ദരമായ ഒരു സിര്‍ദ്ദി സായിബാബ മന്ദിരവും കാണപ്പെട്ടു. വിശേഷ ദിവസങ്ങളിലും പൊതു അവധി ദിവസങ്ങളിലും പതിനായിരക്കണക്കിനു സന്ദര്‍ശകര്‍ ഇവിടെയെത്തിച്ചേരുന്നു.

വേദവ്യാസ

വേദവ്യാസന്‍  ജനിച്ച നാടു, മഹാഭാരതവും 18 പുരാണങ്ങളും എഴുതപ്പെട്ട സ്ഥലം, ത്രിവേണീ സംഗമം–അതാണു റൂര്‍കേലയില്‍ നിന്നും 15 കിലോമീറ്റ്ര് ദൂരെയുള്ള വേദവ്യാസ് എന്ന സ്ഥലം. ഞങ്ങള്‍  അവിടെയെത്തുമ്പോള്‍ അവിടെ ‘വേദവ്യാസമേള നടക്കുന്ന സമയം. ശംഖ, കോയല്‍, സരസ്വതി എന്നീ നദികളുടെ സംഗമമായ ത്രിവേണീ സംഗമമാണിതെങ്കിലും എന്നോ ഉണ്ടായ ഭൂചലനത്തില്‍ സരസ്വതി അപ്രത്യക്ഷയായിപ്പോയത്രേ! (സരസ്വതി എന്നും ഭൂഗര്‍ഭത്തിലേ  സ്ഥിതി ചെയ്യൂവെന്നും കേട്ടിട്ടുണ്ടു). കറുത്ത നിറമുള്ള  കോയ് ലി നദിയും വെളുത്ത നിറമുളള ശംഖ് നദിയും ചേര്‍ന്നു ബ്രാഹ്മണി നദിയായി മാറുന്ന മനോഹരമായ കാഴ്ച്ച ഇവിടെ നിന്നാല്‍ കാണാം. നടുവില്‍ സൃഷ്ടിയ്ക്കപ്പെട്ട ത്രികോണാകൃതിയിലെ ആഴമേറിയ  സംഗമസ്ഥലം(യമുനാതടം) പണ്ടു വലിയ ചുഴികള്‍ നിറഞ്ഞ അപകടകരമായ സ്ഥലമായിരുന്നത്രേ! ഇവ ചേര്‍ന്നുണ്ടാകുന്ന ബ്രാഹ്മണിനദി അതീവ സുന്ദരമായിത്തോന്നി.

പരാശമഹര്‍ഷി താമസിച്ചിരുന്നതു ഈ ത്രിവേണീ കരയിലായിരുന്നു.അന്നു ഈ സ്ഥലത്തിനു പരാശരമുണ്ട എന്നായിരുന്നു പേരു. മറുകരയിലെ ശിവക്ഷേത്രത്തില്‍ ദര്‍ശനത്തിനു ദിനവും പോകാറുള്ള അദ്ദേഹം കടത്തുകാരിയില്‍ ആകൃഷ്ടയാവുകയും  അവരില്‍ ഒരു കുഞ്ഞു ജനിയ്ക്കുകയും ചെയ്തു. കറുത്തവനും ദ്വീപില്‍ ജനിച്ചവനുമെന്ന അര്‍ത്ഥത്തില്‍ കൃഷ്ണദ്വൈപായനന്‍ എന്നു പേരു ലഭിച്ച ഈ കുട്ടിയാണു പില്‍ക്കാലത്തു വേദവ്യാസനായി അറിയപ്പെട്ടതു. മഹാവീര്‍, ബ്രാഹ്മണി, പരാശര, ഗൌതമി എന്നീ മലകള്‍ സംഗമത്തിനു ചുറ്റിനുമായി കാണുന്നു. ശംഖ കുന്നുകളുടെ മുകളിലായാണു വേദവ്യാസഗുഹ. ഇവിടെയിരുന്നാണു മഹാഭാരതവും 18 പുരാണങ്ങളും വേദവ്യാസന്‍ എഴുതിയതെന്നു കരുതപ്പെടുന്നു. ഗുഹയില്‍ നിന്നും പുഴയിലേയ്ക്കുള്ള മാര്‍ഗ്ഗമായ  വ്യാസകുണ്ടം  50 അടിയിലധികം ആഴമേറിയതാണു. . ഇപ്പോള്‍ വ്യാസഗുഹ ഇടിഞ്ഞുപൊളിഞ്ഞ അവസ്ഥയിലാണു. ഇതിനോടുചേര്‍ന്നു  ശിവന്‍, ശ്രീരാമന്‍, ഹനുമാന്‍, ദുര്‍ഗ്ഗ, ജഗന്നാഥ്, ബകുളേശ്വര, സരസ്വതി, വിശ്വനാഥ് എന്നീ ദേവന്മാരുടെ ചെറിയ അമ്പലങ്ങളും കാണാം. ഇതിനോടനുബന്ധിച്ചു ഒരു വേദിക് ആശ്രമവും ഗുരുകുലസമ്പ്രദായത്തിലുള്ള സ്കൂളും പ്രവര്‍ത്തിയ്ക്കുന്നുണ്ടു. ആഷാഢമാസത്തിലെ വ്യാസപൂര്‍ണ്ണിമ ഇവിടെ വലിയ ആഘോഷത്തോടെ കൊണ്ടാടുന്നു. വര്‍ഷത്തിലൊരിയ്ക്കല്‍ വ്യാസമേളയും കൊണ്ടാടുന്നു.

വേദവ്യാസ് ദര്‍ശനത്തിനുശേഷം ഞങ്ങള്‍ തിരിച്ചു വീട്ടിലെത്തി ഭക്ഷണശേഷം അല്‍പ്പം വിശ്രമിച്ചു. വൈകീട്ടു 7.30നു ഇന്ദിരാഗാന്ധി പാര്‍ക്കിലെ മ്യൂസിക് ഫൌണ്ടന്‍ കാണാന്‍ ആണു അടുത്ത പ്ലാന്‍. പോകുന്ന വഴിയില്‍ ചില അമ്പലങ്ങളിലും ദര്‍ശനം നടത്തി. അയ്യപ്പ സ്വാമിയുടെ അമ്പലത്തിലും, പുരിയിലെ അമ്പലത്തിലെ മാത്രുകയിലുള്ള, ബലരമ-ശ്രീകൃഷ്ണ-സുഭദ്ര വിഗ്രഹം പ്രതിഷ്ഠിയ്ക്കപ്പെട്ട ഒരമ്പലത്തിലും  , മറ്റൊരു ടെമ്പിള്‍ കോമ്പ്ലക്സിലും ദര്‍ശനം നടത്താനായി.   റൂര്‍ക്കേലയിലെ മറ്റൊരു ആകര്‍ഷണകേന്ദ്രമാണു 42 ഏക്കറോളം സ്ഥലത്തു സ്ഥിതി ചെയ്യുന്ന ഈ പാര്‍ക്ക്. സുന്ദരമായ റോസ് ഗാര്‍ഡന്‍, ജപ്പാനീസ് ഗാര്‍ഡന്‍, മിനി  മൃഗശാല , അക്വേറിയം എന്നിവ പകലിനെ ഹൃദ്യമാക്കുന്നുവെങ്കില്‍ സന്ധ്യയെ സുന്ദരമാക്കുന്ന മ്യൂസിക് ഫൌണ്ടന്‍ അതീവ   ഹൃദ്യമെന്നെ പറയാനാകൂ . ദല്‍ഹിയിലെ അക്ഷര്‍ധാമിലെ അതിമനോഹരമായ തീം മ്യൂസിക് ഫൌണ്ടന്‍ സന്ദര്‍ശിച്ചിട്ടു ദിവസങ്ങളെ ആയിരുന്നുള്ളുവെങ്കിലും ഇവിടത്തെ ലളിതമായ മ്യൂസിക് ഫൌണ്ടനും ഞങ്ങള്‍ക്കെല്ലാം ഇഷ്ടപ്പെട്ടു. അരമണിക്കൂര്‍ നീണ്ടു നിന്ന പ്രദര്‍ശനം കഴിഞ്ഞു ചില കുടുംബസുഹൃത്തുക്കളെയും, ബന്ധുക്കളെയും സന്ദര്‍ശിച്ചതോടെ ഞങ്ങളുടെ റൂര്‍ക്കേല ട്രിപ് ഏതാണ്ടു അവസാനിച്ചതു പോലെയായി. സ്റ്റീല്‍ പ്ലാന്റു സന്ദര്‍ശനത്തിന്റെയും വേദവ്യാസ, ഹനുമാന്‍ വാടിക, ഇന്ദിരാഗാന്ധി പാര്‍ക്കു എന്നീ സ്ഥലങ്ങളുടേയും സന്ദര്‍ശന്ത്തിന്റെ മധുരിമ അയവിറക്കിക്കൊണ്ടു പിറ്റെന്നു ഞങ്ങള്‍ റൂര്‍ക്കലയോടു യാത്ര പറഞ്ഞു.

7 Responses to “റൂര്‍ക്കേലാ സന്ദര്‍ശനക്കുറിപ്പുകള്‍-3”

 1. anoopkothanalloor

  മനോഹരമായ വിവരണം ഇവിടെയൊക്കെ പോകണം എന്നുണ്ട്

 2. പാവപ്പെട്ടവന്‍

  ഓരോ യാത്രയും ഓരോ അനുഭവങ്ങള്‍ ,ഓരോ പാഠങ്ങള്‍ .
  ഓര്‍മ്മയില്‍ പിന്നീടൊരു കുളിര് .ചിന്തയുടെ പുതിയ വാതായനങ്ങള്‍ തുറക്കപെടുന്നു

 3. Narayanaru.

  ഹൃദ്യമായ വിവരണവും ചിത്രങ്ങളും, … കാണാന്‍ ആഗ്രഹിക്കുന്ന നാടും … നല്ലൊരു അനുഭവം നല്‍കി.

 4. k.k.mohamed

  the poems are good and intresting

 5. k.k.mohamed

  i enjoyed the detailed description of best places to see

 6. k.k.mohamed

  intresting to read

 7. VIJAYAKUMAR.T

  നല്ല വിവരണം …… ഹൃദ്യമായ ശൈലി….ആ സ്ഥലം സന്ദര്‍ശിക്കുവാന്‍ ഒരു മോഹം ….

Leave a Reply

Your email address will not be published. Required fields are marked *