പുഴയും കടലും കരയും….

Posted by & filed under കവിത.

പുഴയും കടലും കരയും….

ഒഴുകാന്‍ ഇഷ്ടപ്പെടാത്ത പുഴ,
കരയെ പ്രേമിച്ചു കടലിനെ മറന്നു
ഒഴുക്കിന്റെ താളം ഗതകാലമായി
മണല്‍ക്കാറ്റു കൂട്ടിനെത്തി
തളര്‍ന്ന മൂളലുകളില്‍
സ്വാന്തനത്തിന്റെ ഈണവുമായി
എന്നിട്ടും പുഴ കരഞ്ഞില്ല
ഒഴുകാനിഷ്ടപ്പെട്ടുമില്ല
പുഴയുടെ മനസ്സു വിങ്ങിയില്ല
നിര്‍വികാരതയുടെ മൂടുപടം
പുഴയുടെ സൌന്ദര്യത്തില്‍
പുഴുക്കുത്തുകളായി മാറി
എന്നിട്ടും പുഴ സ്നേഹിച്ചതു കരയെ മാത്രം!കരയ്ക്കു കടലിനെ പേടി
കടലിന്റെ ആലിംഗനത്തെ പേടി
മണല്‍ത്തരികള്‍ കവര്‍ന്നെടുക്കുന്ന തിരമാലക്കൈകളെ
തട്ടിമാറ്റാനാകാതെ
കര കടലിനെ പേടിച്ചു
പുഴയെ പ്രേമിച്ചു
ആലിംഗനം ചെയ്യാനായി
എത്താത്ത കൈകള്‍ വിടര്‍ത്തി
ഒഴുക്കും തഴുകലേല്‍ക്കാനുമാകാതെ
കടലിനെ മറക്കാന്‍ നോക്കി
കരയെനോക്കി നെടുവീര്‍പ്പിട്ടു
എന്നിട്ടും കര കടലിനെ പേടിച്ചു.കടലിനു പുഴയോടു പ്രേമം
ഒഴുകിയെത്തുന്ന പുഴയുടെ
വരവും നോക്കി കടലിരമ്പി
മണലിനെ സ്വന്തമാക്കി
തിരകളെ തോട്ടിയാക്കി
ഇനിയുമെത്തിച്ചേരാത്ത പുഴയെ കാത്തു
കടലിനു ക്ഷമ നശിച്ചപ്പോള്‍
കടല്‍ ഗര്‍ജ്ജിച്ചു
ഇളകിയ കടല്‍
ചെറുതോണികളെ അമ്മാനമാടി
അമരത്തിരുന്നവന്‍ പരദൈവങ്ങളെ വിളിച്ചു
അവന്റെ മണവാട്ടി ബോധമറ്റുവീണു
അപ്പോഴും കടല്‍ ഗര്‍ജ്ജിച്ചു.
പുഴയുടെ വരവും കാത്തിരുന്നു…
അപ്പോഴും കടലിനു പുഴയോടു പ്രേമമായിരുന്നു….

Leave a Reply

Your email address will not be published. Required fields are marked *