ഋഷി

Posted by & filed under കവിത.

കണ്ടു ഞാന്‍ മിഴികളില്‍ത്തല്ലുന്ന വിഷാദത്തിന്‍-
കല്ലോലമാല,യെന്തെന്നറിയാന്‍ തോന്നിപ്പോയി
വന്നനേരത്തെയെതിരേല്‍ക്കാനായ് വന്നല്ലോ നീ,
തെല്ലുമേ ഭയമാര്‍ക്കും തോന്നിയില്ലല്ലോ സത്യം!
ഇല്ലൊരു ശബ്ദം, മുരളിച്ചയോ യിടിവെട്ടു-
വെല്ലിടും കുരയ്ക്കലുമെന്താണിതെന്നോര്‍ത്തു ഞാന്‍
നിന്‍പാലകര്‍ തന്‍ വിളി കേട്ടു നിന്‍ ശാന്തം രൂപം
നിന്നനുസരണവുമെന്നെയൊട്ടാകര്‍ഷിച്ചു
‘ഋഷി‘ നിന്‍ പേരെത്രയോ വിചിത്രം നിന്‍ ജാതിയ്ക്കു,
ഋഷി തന്‍ സ്വഭാവവും വന്നതുമതിശയം
ശാന്തതയ്ക്കൊപ്പം ദയനീയത കണ്ടല്ലോ ഞാന്‍
താന്തം , നിന്‍ ദയാവായ്പ്പും കണ്ടു ഞാന്‍ പല വട്ടം
സ്വന്തമെന്നോര്‍ത്തിട്ടാകാം വിളിച്ചാല്‍ വന്നെത്തി നീ
ചിന്തയില്‍ മുഴുകി നീ പലനേരവും കണ്ടു
ആര്‍ത്തിയെന്നതേയില്ല, പേര്‍ത്തും നീ വിഷാദത്തില്‍
സ്വാര്‍ത്ഥത മറന്നെന്നു കരുതിപ്പോയി ഞാനും
അസ്വഭാവികം തന്നെ  കരുതി, സംഗീതത്തില്‍
നിസ്തുലം നീകാണിച്ച താല്‍പ്പര്യം മഹാത്ഭുതം!
വന്നു നീ, തബല തന്‍ നാദവും പാട്ടും കേട്ടു
നന്നായിട്ടാസ്വദിയ്ക്കാനായിട്ടു നികടത്തില്‍
ഇരിയ്ക്കാന്‍ പറഞ്ഞപ്പോളിരുന്നു ചാരെ, പാട്ടു
മുഴുക്കെച്ചെവികൂര്‍പ്പിച്ചാസ്വദിച്ചല്ലോനീയും
ഒരിയ്ക്കല്‍പ്പോലും മുന്‍പു വന്നില്ലയിതുപോലെ
ശരിയ്ക്കും പാട്ടു നിനക്കിഷ്ടമിത്രയേറെയോ?
കഴിഞ്ഞു പാട്ടെന്നതങ്ങറിഞ്ഞപ്പോള്‍ നീ പോയി
നിറഞ്ഞ വിസ്മയം നീ,യറിഞ്ഞു ഞാനപ്പൊഴേ,

അറിഞ്ഞു നിന്‍ വൃത്താന്തം, പിരിഞ്ഞോരിണയ്ക്കായി
ക്കരഞ്ഞു ജീവിയ്ക്കുന്ന നിന്‍ മനം കണ്ടല്ലോ ഞാന്‍
ഋഷി നിന്‍ ദു:ഖം മമ മനസ്സും കണ്ടീടുന്നു
സതതം  നിന്‍ സ്നേഹത്തിന്നാഴവുമറിയുന്നു
മനുഷ്യര്‍ പോലും മുട്ടു കുത്തിടും ഉദാത്തം നിന്‍-
വിരഹക്കൊടും ദു:ഖച്ചൂടിതിന്നാധിക്യത്തില്‍!

4 Responses to “ഋഷി”

 1. johnson

  enthoru bora mashe

 2. ശിശു

  അറിഞ്ഞതെന്തുനീ സഖേയെന്‍ മൌനമൊ
  അറിയാതൊതുക്കുമെന്‍ മനസ്സിന്‍ വിഷാദമൊ
  അലഞ്ഞുപേറുവാന്‍ വിധിക്കും നിയോഗത്തില്‍
  വ്യഥയില്‍ മുങ്ങിയാല്‍ വിശപ്പ് മാറുമൊ?

 3. anoopkothanalloor

  മനുഷ്യര്‍ പോലും മുട്ടു കുത്തിടും ഉദാത്തം നിന്‍-
  വിരഹക്കൊടും ദു:ഖച്ചൂടിതിന്നാധിക്യത്തില്‍!
  കൊള്ളാം നല്ല വരികൾ ചേച്ചി

 4. ശ്രീ

  കൊള്ളാം

Leave a Reply

Your email address will not be published. Required fields are marked *