അരയാല്‍ക്കല്യാണം

Posted by & filed under കവിത.

അരയാലിനോ മോഹം വേപ്പിനോ, പറയുവാ-
നറിയില്ലല്ലോ, വേളി കഴിപ്പാനെന്നാകിലും
ചെറുതാം ശിഖരത്തെ കാറ്റിലൊട്ടാട്ടിക്കൊണ്ടു
കുനിയും മുഖവുമായ് നില്‍ക്കുന്നാര്യവേപ്പിതാ..

വിരവില്‍ പ്രൊഢിയ്ക്കൊട്ടും കുറവു വരുത്താതെ-
യരയാല്‍ നോക്കുന്നാര്യവേപ്പിനെക്കുതൂഹലം
നിറയും സന്തോഷത്താല്‍ ഇളകുമിലകള്‍ക്കു
കുളിര്‍കൂടുന്നെന്നു വെറുതെത്തോന്നുന്നതോ?

പകലിന്‍ വെട്ടം നീങ്ങും മുന്‍പുകന്യകയെത്തി
നിറയെത്താലംപിടിച്ചരികെത്തരുണികള്‍
അരയാലിന്‍ മുന്നിലായുപവിഷ്ടയാമിവള്‍-
ക്കിനി നാളെയെത്തുവാന്‍ തിടുക്കം തോന്നും, തീര്‍ച്ച.

മഴമേഘങ്ങള്‍ നിഴല്‍ വിരിച്ചു പ്രഭാതമൊ-
ന്നണയെ ക്രിയകളും തുടങ്ങീ, കൊട്ടും പാട്ടും
മുഴങ്ങീ, മന്ത്രങ്ങള്‍ തന്‍ മുഴക്കങ്ങളില്‍ ജനം
സ്വയമൊന്നലിയവേ വേപ്പുമാലുമൊന്നായി.

തുടങ്ങീയതിശക്തിയായ് വര്‍ഷം നനദുര്‍ഗ്ഗാ-
നടയില്‍ വിശേഷമായ് ശുഭലക്ഷണമായി
നിറയും ഭക്തിയ്ക്കൊപ്പം കൈകൂപ്പും മനസ്സോതി :
“മരമാണഖിലവും ഭൂമിയ്ക്കെന്നോര്‍ത്തീടുക.“

Leave a Reply

Your email address will not be published. Required fields are marked *