മേച്ചിൽ‌പ്പുറങ്ങൾ-1

Posted by & filed under Uncategorized.

മനുഷ്യൻ വെറും കാടനായി മാറുന്ന കാഴ്ച്ച ഇന്ത്യയിലെ തിരക്കുള്ള റോഡുകളിലെ മാത്രം കാഴ്ച്ചയല്ലാതായി മാറിക്കൊണ്ടിരിയ്ക്കുന്നു. തിരക്കു കുറഞ്ഞ റോഡുകളിലും രാവു പകലെന്നില്ലാതെ വാഹനങ്ങൾ ചീറിപ്പായുമ്പോൾ  പലപ്പോഴും അശ്രദ്ധയും അതിവേഗതയും അപകടങ്ങൾക്കും പ്രതികരണങ്ങൾക്കും വാക്കു തർക്കങ്ങൾക്കും കാരണമാകുന്നു.. റോഡ് റേജ് എന്നു ഓമനപ്പേരിട്ടു വിളിയ്ക്കുന്ന  ഇത്തരം അന്തമില്ലായ്മകൾ ദിനം പ്രതി കൂടിക്കൊണ്ടു വരുന്നതായിക്കാണുന്നത് ആശങ്കയ്ക്കിട വരുത്തുന്നു.

ഏതാനും ദിവസം മുൻപ് തൃശ്ശൂർ-ഗുരുവായൂർ റോഡിൽ ഞങ്ങളുടെ കാറിനെ തൊട്ടുരുമ്മിക്കൊണ്ട് അപകടകരമായി ഓവർടേക്ക് ചെയ്തു കടന്നുപോയ പ്രൈവറ്റ് ബസ്സിലെ ഡ്രൈവറുടെ മുഖത്തു കണ്ട പരിഹാസഭാവവും എറണാകുളം ഹൈവേയിലൂടെ അലക്ഷ്യമായി കാറോടിയ്ക്കുന്ന നാനോ കാറിലെ ടീനേജ് പിള്ളേരുടെ റിമാർക്കുകളും ദിവസങ്ങളോളം മനസ്സിൽ തങ്ങി നിന്നിരുന്നു. മുംബൈ നഗരത്തിലെ വീതി കൂടിയ റോഡുകളിലും ഇതു കുറവായിരുന്നില്ല, പ്രതികരണങ്ങളും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ഇത്തരം സംഭവങ്ങൾ അരങ്ങേറുന്നുണ്ടെന്ന് പത്രവാർത്തകളിൽ നിന്നും അറിയാറുണ്ടല്ലോ?അവയെല്ലാം അൽ‌പ്പാൽ‌പ്പം വിഭിന്നമായിരിയ്ക്കാമെന്നു മാത്രം.

ട്രാഫിക് തിരക്കുകൾ തന്നെയാണ് റോഡ് റേജിന്  വഴിവയ്ക്കുന്നതെന്ന ധാരണ അത്ര ശരിയാണെന്നു തോന്നിയില്ല.പലപ്പോഴും ഒരു ശണ്ഠ തുടങ്ങാനുള്ള കാരണത്തിന്നായി കാത്തിരിയ്ക്കുകയാണോ വണ്ടി ഓടിയ്ക്കുന്നവരിൽ പലരും എന്നു തോന്നിപ്പോകാറുണ്ട്.എന്നാൽ മദ്യപാനം ഒരു കാരണം തന്നെയെന്നതിൽ സംശയമില്ല. കഴിഞ്ഞ ദിവസം ബംഗളൂർ നഗരിയിൽ രാത്രി 11 മണിയോടെ ഒരു ബന്ധുവിന്റെ വസതിയിൽ‌പ്പോയി തിരികെ വരുന്ന സമയം ഞങ്ങളുടെ ഡ്രൈവറെ യാതൊരു കാരണവും കൂടാതെ തന്നെ ബ്രീത് അനലൈസിംഗ് ടെസ്റ്റിനു വിധേയമാക്കിയപ്പോൾ നന്നെന്നേ തോന്നിയുള്ളൂ. തികച്ചും സ്വാഭാവികം. പക്ഷേ പകലും ഇതു വേണ്ടിവരുമെന്ന സ്ഥിതിയാണിവിടെയെന്നാണ് കഴിഞ്ഞ ദിവസത്തെ പത്രം കണ്ടപ്പോൾ തോന്നിയത്.  പകത്സമയം നാലുമണിനേരത്ത് നഗരമദ്ധ്യത്തിലെ എം.ജി.റോഡിൽ സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന യാത്രക്കാരിയുടെ മേൽ അശ്രദ്ധമായി ചെളിതെറിപ്പിയ്ക്കുകയും പ്രതിഷേധിച്ചപ്പോൾ തിരിഞ്ഞു നോക്കി വിരൽചൂണ്ടീ അപമര്യാദയായി പെരുമാറുകയും ചെയ്ത യുവാവായ കാർഡ്രൈവർ പക്ഷേ ശരിയ്ക്കും കുടുക്കിലായി. പിന്തുടരാനും ട്രാഫിക് പോലീസിലേൽ‌പ്പിയ്ക്കാനും യാത്രക്കാരി മുതിരുമെന്നയാൾ വിചാരിച്ചതേയില്ല. ബ്രീത്അനലൈസിംഗ് ടെസ്റ്റ്  മദ്യപിച്ചിരുന്നെന്നു കാണിച്ചെങ്കിലും  യാത്രക്കാരിയുടെ ദയ മൂലം പിഴയടച്ചു രക്ഷപ്പെടാനായത് അയാളുടെ ഭാഗ്യം.

റോഡ് റേജിനു കാരണങ്ങൾ പലതാകാം. വ്യക്തിപരമോ ട്രാഫിക് ബ്ലോക് പോലെ താത്ക്കാലികമായുണ്ടാകുന്ന പ്രശ്നങ്ങളാൽ സംഭവിയ്ക്കുന്നതോ എന്തോ ആകട്ടെ, അവ ഒഴിവാക്കേണ്ടവ തന്നെ. ഒരു പക്ഷേ യാത്ര ചെയ്യുന്ന  പൊതുജനത്തിന്റെ മുഴുവൻ പ്ലാനുകളും തകിടം മറിയാൻ ഇതകാരണമായെന്നിരിയ്ക്കാം.അതിനനുവദിയ്ക്കാനാകില്ലഏതു തരത്തിൽ നമുക്കിതിനെ ചെറുക്കാനാകുമെന്നു നോക്കേണ്ടിയിരിയ്ക്കുന്നു. ഡ്രൈവിംഗ് നിയമങ്ങളുടെ കാർക്കശ്യം കൂട്ടുന്നതിലുപരി അവ പാലിയ്ക്കുന്നതിനു നിരന്തരം ഓർമ്മിപ്പിയ്ക്കലും ആവശ്യം തന്നെ. സംയമനം പാലിയ്ക്കാൻ കഴിയാതെ വരുമ്പോൾ പലരും പൊട്ടിത്തെറിച്ചു പോകുന്നത് സ്വാഭാവികം. സ്ഥിതി വിശേഷം തിരിച്ചറിയുന്ന കാഴ്ച്ചക്കാർക്കും ഇതിനു സഹായിയ്ക്കാനാകും.

ഇത്രയും എഴുതിയ ശേഷം ഒരു സായാഹ്ന സവാരിയ്ക്കിറങ്ങിയതായിരുന്നു. കൂട്ടത്തിൽ അൽപ്പം ഷോപ്പിങ്ങും ഉണ്ട്. വീടിനടുത്തുള്ള പ്രധാന റോഡിൽ നിന്നും ഗല്ലിയിലേയ്ക്കു തിരിയുന്ന കവലയിൽ ക്രോസ്സ് ചെയ്യാനുദ്യമിയ്ക്കവേ നല്ല സ്പീഡിൽ വന്ന ഒരു വലിയ കാർ എനിയ്ക്കു മുന്നിൽ സ്ക്രീച്ച് ചെയ്തു. സ്വാഭാവികമായി തല പുറത്തേയ്ക്കു നീട്ടിയ ഡ്രൈവർക്കു ഒരു മധുരമായ പുഞ്ചിരി സമ്മാനിച്ചപ്പോൾ ദേഷ്യത്തോടെ പറയാൻ വന്നതെന്തോ വിഴുങ്ങിയ അത്ഭുതപ്പെടുന്ന മുഖം ഒരു നോക്കു കാണാനായി. മനസ്സിൽ നിശ്ശബ്ദമായി പറഞ്ഞു: സുഹൃത്തേ, നന്ദി. ഇനിയും ഏറെ മുന്നോട്ടു പോകാനാ‍യുണ്ടല്ലോ.ശ്രദ്ധിയ്ക്കൂ…ശുഭയാത്ര!

 

 

Leave a Reply

Your email address will not be published. Required fields are marked *