ജന്മദിനാശംസകൾ, കുഞ്ഞുക്കുട്ടേട്ടന്….

Posted by & filed under Uncategorized.

 

മാടമ്പാം കുലനാമമൊട്ടു മലയാളത്തിൽ‌പ്പരത്തുന്നതി-
ന്നാരാ,ണെങ്ങനെ,യെന്നതോർത്തിടുകിലോസന്ദേഹമില്ലേതുമേ
ആ മാന്യപ്രതിഭയ്ക്കു ജന്മദിനമാണിന്നൊട്ടു നേരാം നമു-
ക്കേവർക്കും ഹൃദയം തുറന്നിതൊരുപോൽ, ആയുസ്സുമാരോഗ്യവും.

കാലം ഏഴുദശാബ്ദവും പുറകിലായ് കൊല്ലങ്ങൾ രണ്ടോടിയാ-
ക് ലാരൂർ ഗ്രാമമതൊന്നിലെ പ്രമുഖമാം മാടമ്പിൽ ഭൂജാതനായ്
ചേരും വിദ്യകളേറെയും കഴിവിനാൽ സ്വായത്തമാക്കീട്ടഹോ
നേടീ സ്ഥാനമതൊക്കെയും, പലപുരസ്ക്കാരങ്ങളും പ്രാപ്തമായ്

സ്വൽ‌പ്പം ശാന്തിയടുത്തൊരമ്പലമതൊന്നിൽച്ചെയ്തു ബാല്യത്തിലായ്
ഒപ്പം തന്നെ പഠിയ്ക്കവേ, മിഴിവെഴും വേഷത്തിൽ മാഷായിവൻ
തോട്ടിയ്ക്കിട്ടു കൊടുത്തിടാതെ ഗജവീരന്മാരെ മേച്ചീടുവാൻ
കിട്ടീ ധൈര്യമിവന്നു പിന്നെ ഗജയോഗത്തെപ്പഠിച്ചീടവേ..

കെട്ടീ വേഷമരങ്ങിലായ്പ്പലവിധം, ഹേ! കേരളാംബേ! നിന-
ക്കൊട്ടായ് കാഴ്ച്ചകളേകിയാ തനിമയാർന്നുള്ളോരു ശൈലീകൃതം
ഒട്ടേറെക്കഥ, പിന്നെ വന്നവ ചലച്ചിത്രങ്ങളായപ്പൊഴോ,
കിട്ടീകീർത്തിയുമേറെയൊപ്പ, മതിനാലാരാധനാപാത്രമായ്

വേറിട്ടുള്ളൊരു ശൈലിയാൽ കഥപറഞ്ഞിട്ടഭ്ര പാളിയ്ക്കു മുൻ-
പായും പിന്നിലുമൊന്നുപോൽ തനിമയാലേമുദ്രനേടുന്നവൻ!
നാട്ടാർ തൻ പ്രിയതമ്പുരാൻ, നഗരവും നാടും നിറഞ്ഞുള്ളവൻ!
ഏറ്റം ധാർഷ്ട്യമിയന്നുതാനെവിടെയും മാറ്റൊട്ടു കാട്ടുന്നവൻ.!

മോനായ്, സോദര,നച്ഛനായ്, പ്രിയമെഴും അമ്മാമനായ്, പിന്നെ മു-
ത്തച്ഛസ്ഥാനവുമേറി, മറ്റുചിലരോ മാഷായ്ക്കണക്കാക്കിടും.
ഏറ്റം നല്ലൊരെഴുത്തുകാര,നതിലും നന്നായ്ത്തിളങ്ങും നടൻ,
കേട്ടൂ പ്രേക്ഷകർ ‘ആന തന്റെ കഥ‘യും, ഭാവങ്ങൾ ഹാ! സുന്ദരം!

ഏറെക്കാലമിതേവിധം സുഖദമായ്ത്താൻ വാണിടേണം ഭവാൻ
ഏറെപ്പുസ്തകമൊക്കെയും കഥപറഞ്ഞീടാൻ രചിച്ചീടണം
കൂടിക്കൂടി വരട്ടെ കീർത്തി നിറയട്ടേ ബന്ധുമിത്രാദികൾ
കൂടിച്ചേർന്നു പറഞ്ഞിടുന്നിതു ഭവാനാശംസയെല്ലാത്തിനും.

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *