ഞാൻ അന്ധ

Posted by & filed under കവിത, Uncategorized.

 

വെളിച്ചം മുന്നിൽക്കണ്ടു നടക്കാൻ മാത്രം പണ്ടു

പഠിച്ചു, പഠിപ്പിച്ചു, ചുറ്റിലും, മനസ്സിലും

വെളിച്ചം നിറഞ്ഞൊരാ നാളുകൾ തിരിച്ചിനി

വരുത്താനാവില്ലെന്നോ വളർന്നീടുന്നു ഭയം.

 

മനുഷ്യൻ വ്യാമോഹത്തിൻ വലയിൽക്കുടുങ്ങവേ

നിനയ്ക്കുന്നില്ലൊട്ടും തൻ കർമ്മത്തിൻ ഫലം,ലക്ഷ്യം

മനസ്സിൽ കുറിച്ചിടുമെന്നാലുമെത്തിച്ചേരാൻ

കുറുക്കു വഴികളെത്തേടുവാൻ ശ്രമിയ്ക്കുന്നു.

 

ഒരിറ്റുപ്രകാശത്തിൻ കണികയില്ല, ചുറ്റും

നിറച്ചന്ധകാരമാണല്ലോ, ഇല്ല കാണ്മാനും ലക്ഷ്യം.

തറയ്ക്കും മുള്ളും കല്ലും പാദത്തിൽ ചിത്രപ്പണി

നടത്തീടുമ്പോൾക്കരഞ്ഞീടുവാൻ മറക്കുന്നോ?

 

മനസ്സിന്നിരുട്ടിലായ് സ്ഥാപിച്ച ലക്ഷ്യങ്ങളെ

മനക്കണ്ണടച്ചൊട്ടു പ്രാപിയ്ക്കാൻ ശ്രമിയ്ക്കവേ

നടുക്കായ് വന്നെത്തിടും വിഘ്നങ്ങളെന്തായാലും

നിനക്കാകുന്നോ തട്ടി നീക്കുവാൻ കഷ്ടം! കഷ്ടം!

 

അറുക്കാൻ മുറിയ്ക്കുവാൻ അറയ്ക്കില്ലതല്ലെങ്കി-

ലടുത്തു കൂടിത്തന്റെ കാര്യങ്ങൾ നേടീടാനും

അടുത്ത ലക്ഷ്യം പിന്നെ മനസ്സിൽ കുറിച്ചിട്ടി-

ട്ടതിന്നായ് പരിശ്രമം തുടങ്ങുംവൈകീടാതെ.

 

കറുപ്പാണെല്ലാടവും എനിയ്ക്കു മടുക്കുന്നു

കൊതിയ്ക്കുന്നൊരുതുള്ളി വെളിച്ചം കിട്ടീടുവാൻ

തിളയ്ക്കും ചോരച്ചുവപ്പണച്ചോ മനസ്സിൽ ഞാൻ

കൊളുത്തും ദീപങ്ങളെ? അന്ധയായ് ഞാൻ മാറുന്നോ ?

2 Responses to “ഞാൻ അന്ധ”

 1. fasil shajahan

  കറുപ്പാണെല്ലാടവും എനിയ്ക്കു മടുക്കുന്നു

  കൊതിയ്ക്കുന്നൊരുതുള്ളി വെളിച്ചം കിട്ടീടുവാൻ

  തിളയ്ക്കും ചോരച്ചുവപ്പണച്ചോ മനസ്സിൽ ഞാൻ

  കൊളുത്തും ദീപങ്ങളെ? അന്ധയായ് ഞാൻ മാറുന്നോ ? ഈ ചോദ്യം എന്നിലും ബാക്കിയാവുന്നു … നല്ല എഴുത്ത് തന്നെ

 2. Jyothi

  nandi…vayanaykkaay

Leave a Reply

Your email address will not be published. Required fields are marked *