THE DECCAN ODYSSEY-1 (ദ ഡക്കാന്‍ ഒഡീസി-1)

Posted by & filed under Yathravivaranangal.

പെട്ടെന്നെടുത്ത ഒരു തീരുമാനമായിരുന്നു അതു. ഒന്നു പഞ്ചഗനി-മഹാബലേശ്വര്‍ വരെ പോയി വന്നാലൊ?  ഒരു ഡക്കാന്‍ ഒഡീസി.  3 ദിവസം അടുപ്പിച്ചു കിട്ടുന്ന അവധിയാണു ഇത്തരമൊരു ചിന്തയ്ക്കു വഴിയൊരുക്കിയതെന്നത് നേരു. എന്തായാലും ഈ ചിന്തയറിയാനിടയായ ഒരു കുടുംബ സുഹൃര്‍ത്തു സമയം കളയാതെ തന്നെ പഞ്ചഗനിയില്‍ പരിചയമുള്ള ഒരു താമസസ്ഥലം ഏര്‍പ്പാടാക്കുകയും 7 പേര്‍ക്കു സുഖമായി സഞ്ചരിയ്ക്കാനാകുന്ന ഇന്നോവ കാര്‍ ബുക്കു ചെയ്യുകയും ചെയ്തതോടെ ട്രിപ്പിനെക്കുറിച്ചുള്ള പ്രതീക്ഷ മനസ്സില്‍ സ്ഥാനം പിടിച്ചു. ഇതുവരേയും പഞ്ചഗനി-മഹാബലേശ്വര്‍ എന്നു കേട്ടിട്ടേ ഉള്ളൂ, സിനിമയിലൊക്കെ ക്ണടിട്ടുണ്ടെങ്കില്‍ക്കൂടി.

ആകെ 3 ദിവസത്തെ പ്രോഗ്രാം.  എല്ലാം വിശദമായി പ്ലാന്‍ ചെയ്തിരുന്നു.  കാണേണ്ട സ്ഥലങ്ങളും സമയവുമെല്ലാം തീരുമാനിച്ചുറപ്പിച്ചിരുന്നു. താമസസ്ഥലം ഒരു സുഹൃത്തിന്റെ വീടിന്റെ ഒന്നാം നിലയാണെന്നും താഴെ അവര്‍ താമസിയ്ക്കുന്നുവെന്നും അറിഞ്ഞപ്പോള്‍ ഞങ്ങളുടെ കൂട്ടത്തിലെ ഒരേയൊരു കുട്ടിയായ സാരംഗിനു ഇച്ചാഭംഗം- റിസോര്‍ട്ടില്‍ ബുക്കു ചെയ്യാത്തതിനു.  ഞങ്ങള്‍ ആകെ ഏഴുപേര്‍ വലിയവരും സാരംഗും.  നിശ്ചയിച്ചതുപോലെ തന്നെ വെള്ളിയാഴ്ച്ച രാവിലെ 10.30നു പുറപ്പെട്ടു. നല്ല പുതിയ ഇന്നോവ കാര്‍. ഏ.സി. ഉണ്ടു. സുസ്മേരവദനനായ ഡ്രൈവര്‍. നേരെ പഞ്ചഗനിയിലേയ്ക്കു…

പഞ്ച്ഗനി – അഞ്ചു കുന്നുകളാല്‍ ചുറ്റപ്പെട്ട പ്രദേശം. സമുദ്ര നിരപ്പില്‍ നിന്നും 1334 മീറ്റര്‍ ഉയരത്തിലാണിതു സ്ഥിതി ചെയ്യുന്നതു. മുംബൈയില്‍ നിന്നും270  കിലോമീറ്റര്‍ ദൂരം. രണ്ടു വ്യത്യസ്ത വഴികളിലൂടെ ഇവിടെ എത്തിച്ചേരാം. മഹഡ് വഴി പോയാല്‍ ആദ്യം മഹാബലേശ്വറിലും പിന്നീടു പഞ്ച്ഗനിയിലുമെത്താം. പുനെ വഴി പോയാല്‍ ആദ്യ പഞ്ച്ഗനിയിലും അവിടെ നിന്നു മഹാബലേശ്വറിലുമെത്താം. ഞങ്ങള്‍ പുനെ-സത്താറ വഴിയാണു പോയതു. കട്രജ് തുരങ്കത്തിനുള്ളിലൂടെ കാര്‍ നീങ്ങുമ്പോള്‍ എല്ലാവരും ചേര്‍ന്നു ഉറക്കെ ആരവമുണ്ടാക്കി .1.5 കിലോമീറ്റര്‍ ദൂരമുള്ള ഈ ടണല്‍ കടന്നു മറുഭാഗത്തെത്താന്‍ 5 മിനിറ്റു സമയമെടുക്കും  മുന്നോട്ടുപോകുംതോറും ആവേശം കൂടി വന്നു. ചുറ്റുപാടുമുള്ള കാഴ്ചകള്‍ ആകര്‍ഷണീയമായിത്തോന്നി. എവിടെ നോക്കിയാലും മലനിരകളും പാറക്കെട്ടുകളും മാത്രം.  5  മണിക്കൂര്‍ നേരത്തെ യാത്രയ്ക്കു ശേഷം ഞങ്ങള്‍ പഞ്ച്ഗനി ടൊണില്‍ എത്തിച്ചേര്‍ന്നു.

പഞ്ച്ഗനി വളരെ ചെറിയതും തിരക്കു കുറഞ്ഞതുമായ സ്ഥലമാണു. പഴയ ബ്രിട്ടീഷ് ഭരണകാലത്തെ അനുസ്മരിയ്ക്കുന്ന കെട്ടിടങ്ങള്‍. പാഴ്സികളുടെ വീടുകളും ധാരാളമായിട്ടുണ്ടു. പൊതുവേ വളരെ മന്ദമായ രീതിയില്‍  നീങ്ങുന്ന ജീവിതരീതി. നല്ല തണുപ്പുള്ള കാലാവസ്ഥ. (വിന്ററില്‍ 12ഡിഗ്രീ, സമ്മറില്‍ മാക്സിമം 30, ഹ്യുമിഡിറ്റി തീരെ കുറവും.) കാലവസ്ഥ തന്നെയാണല്ലോ ഈ സ്ഥലത്തിനെ ബ്രിട്ടീഷുകാര്‍ക്കു വേനല്‍ക്കാല സുഖവാസത്തിനു പ്രിയംകരമാക്കിത്തീര്‍ത്തതു. അവര്‍ നട്ടുപിടിപ്പിച്ച സില്‍വര്‍ ഓക്കു മരങ്ങള്‍ ഇപ്പോഴും ധാരാളമായി കണ്ടു വരുന്നു. വൃക്ഷങ്ങളാല്‍ നിബിഡമായിത്തോന്നി  ഈ സ്ഥലം. റെസിഡെന്‍ഷ്യല്‍ സ്കൂളുകള്‍ക്കു പ്രസിദ്ധമാണിവിടം.  പല  ബോളിവൂഡ് സിനിമാതാരങ്ങളും ഇവിടത്തെ സ്കൂളില്‍ പഠിച്ചവരായുണ്ടു.  പല സ്കൂളുകളുടെയും ബോര്‍ഡുകള്‍ വഴിയരികിലായി കാണാനിടയായി.  മരങ്ങള്‍ക്കിടയിലൂടെ നോക്കിയാല്‍  പാമ്പിനെപ്പോലെ വളഞ്ഞുപുളഞ്ഞൊഴുകുന്ന കൃഷ്ണാനദി കാണാം.  താഴെ താഴ്വാരങ്ങളും, മേടുകളും, കൃഷിസ്ഥലങ്ങളും , മുകളില്‍ തലയുയര്‍ത്തിപ്പിടിച്ചുനില്‍ക്കുന്ന മലകളും…സ്വര്‍ഗ്ഗത്തിലേയ്ക്കാണൊ പോകുന്നതെന്നു തോന്നിപ്പോയി.

ഉച്ച കഴിഞ്ഞിരുന്നതിനാല്‍ നല്ല വിശപ്പു. പഞ്ച്ഗനി സെന്ററിലെ പുരോഹിത് റെസ്റ്റോറന്റ് ആണു നിര്‍ദ്ദേശിച്ചിരുന്നതു. ഭക്ഷണം  കഴിച്ചു ബാഗെല്ലാം റൂമില്‍ കൊണ്ടുവന്നു വെച്ചു അല്‍പ്പം വിശ്രമിച്ച ശേഷം വിത്സണ്‍ പോയന്റ്,ടെബിള്‍ ടോപ് എന്നിവ സന്ദര്‍ശിയ്ക്കലാണു അന്നത്തെ പ്രോഗ്രാം. സാരംഗ് വീണ്ടും റിസോര്‍ട്ടിന്റെ കാര്യം പറഞ്ഞുകൊണ്ടിരിയ്ക്കുന്നതിനിടയില്‍ കാര്‍ വലത്തോട്ടു തിരിഞ്ഞു ഒരു കുണ്ടന്‍ ഇടവഴിയിലൂടെ പോയി ഗേറ്റു കടന്നു ഒരു ബംഗ്ലാവിന്റെ മുറ്റത്തു നിന്നു. അല്‍പ്പം അത്ഭുതത്തോടെ പുറത്തിറങ്ങിയ ഞങ്ങള്‍ മുന്നിലെ അതിമനോഹരമായ ദൃശ്യങ്ങള്‍ കണ്ടു അന്തം വിട്ടു നിന്നു.  ഞങ്ങളെ സ്വീകരിയ്ക്കനെന്നോണം ഓടിയെത്തി സ്നേഹം നടിച്ച ഒരു നായ അകത്തുനിന്നും ആരോ വിളിച്ചപ്പോള്‍ അനുസരണാപൂര്‍വ്വം സ്വസ്ഥാനത്തുപോയിക്കിടന്നു ഞങ്ങളെ നോക്കുന്നതു കണ്ടു. അവനും ഞങ്ങളെക്കണ്ടപ്പോള്‍ എക്സൈറ്റഡ് ആയെന്നു തോന്നുന്നു. ഡ്രൈവര്‍ ഇതിനകം ബാഗുകളെല്ലാം പുറത്തിറക്കി വച്ചു കഴിഞ്ഞിരുന്നു. കീ മേടിച്ചു അവര്‍ കാണിച്ചുതന്ന ഇരുമ്പുഗോവണി കയറി ഒന്നാം നിലയിലെത്തിയവരെല്ലാം തന്നെ ആവേശാധിക്യത്താല്‍ ഉറക്കെയുറക്കെ ഓരോന്നു പറഞ്ഞു മുന്നില്‍ കണ്ട സ്വര്‍ഗ്ഗ സദൃശമായ കാഴകള്‍ ആസ്വദിയ്ക്കാന്‍ തുടങ്ങി. ബാല്‍ക്കണിയ്ക്കു മുന്‍വശം തുറസ്സായ സ്ഥലമാണു . അവിടെ നിന്നും താഴ്വാരം തുടങ്ങുന്നു. ഞങ്ങള്‍ക്കു മുന്നില്‍ ധോം ഡാം നീണ്ടു പരന്നു കിടക്കുന്നു. ചുറ്റും മലകള്‍.പുഴ,  ആകാശം, താഴ്വാരം. കടലാസും നിറങ്ങളും കൈയ്യില്‍ കിട്ടിയാല്‍ ആരും വരച്ചുപോകുന്ന കാഴ്ച്ച…ഭൂമിയില്‍ ഒരു സ്വര്‍ഗ്ഗമുണ്ടെങ്കില്‍ അതു ഇതു തന്നെയാകുമോ? സംശയം തോന്നി. കൈയ്യിലെ ബാഗുകള്‍ അകത്തു വയ്ക്കാനായി ഉള്ളില്‍ക്കടന്ന ഞങ്ങളെ സുന്ദരമായി സജ്ജമാക്കിയ സ്വീകരണമുറിയും കിടപ്പുമുറികളും ശരിയ്ക്കും അത്ഭുതപ്പെടുത്തി. ഇന്റീറിയര്‍ വളരെ ടേസ്റ്റോടെ തന്നെ ചെയ്തിരിയ്ക്കുന്നു. സാരംഗ് പറയുന്നതു കേട്ടു, റിസോര്‍ട്ടിനേക്കള്‍ നല്ലതു തന്നെയെന്നു. ഞങ്ങളുടെയെല്ലാം  മനസ്സില്‍ അപ്പോള്‍ തോന്നിയ  കാര്യം ഒന്നു തന്നെയായിരുന്നു. എങ്ങോട്ടും പോകേണ്ടാ, ഇവിടെത്തന്നെ മൂന്നു ദിവസം ചിലവഴിച്ചാല്‍ മതിയല്ലോ എന്നു.

അല്പം വിശ്രമിയ്ക്കണമെന്നു കരുതിയെങ്കിലും എക്സൈറ്റ്മെന്റു കാരണം അതിനായില്ല. പുറത്തുവന്നു ബാല്‍ക്കണിയില്‍ നിന്നു,  മനോഹരമായ ധോം ഡാമും കൃഷ്ണാനദിയും കാണാനായി. പഞ്ചഗനിയില്‍ നിന്നും 25 കിലോമീറ്റര്‍ ദൂരത്തോളം മഹാബലേശ്വര്‍ വരെ പരന്നു കിടക്കുന്നു ഈ ഡാമിലെ വെള്ളം.  പുഴ, മല, തടാകം, ആകാശം- എന്നിവ ചേര്‍ന്നുള്ള മനോഹരമായ പ്രകൃതിയുടെ ക്യാന്‍ വാസാണു ഞങ്ങള്‍ക്കിവിടെ തൊട്ടു മുന്നില്‍ മതിവരുവോളം കാണാന്‍ കിട്ടിയതു. അന്നു മഹാരാഷ്ട്രീയന്‍ നവവത്സരമായതിനാല്‍ (ഗുഡി പട് വാ)  വീടിനു മുന്‍ഭാഗത്തായി വലിയ വടിയ്ക്കുമുകളില്‍ മനോഹരമായി അലങ്കരിച്ച ‘ഗുഡി’ കാണാനായി. എന്തായാലും ഈ നവവത്സരത്തിലെ കാഴ്ച്ച മോശമില്ല, മനസ്സില്‍ തോന്നി.

4 മണിയോടെ ഞങ്ങള്‍ പാഴ്സി പോയന്റു, വിത്സണ്‍ പോയന്റു, ടേബിള്‍ ടോപ് എന്നിവ കാണാനായി പുറപ്പെട്ടു. വഴിയില്‍ ഓരോ പോയന്റിലേയ്ക്കുമുള്ള പ്രവേശനറോഡുകളില്‍ നിന്നും ടിക്കട്ടെടുത്തു. ആദ്യം വരുന്നതു പാഴ്സി പോയന്‍റ്റു. ഇവീടെ കാണുന്ന അതേ കാഴ്ച്ച  തന്നെ ഞങ്ങള്‍ക്കു താമസസ്ഥലത്തു നിന്നാല്‍ മതിവരുവോളം കിട്ടുന്നതു തന്നെയായതിനാല്‍ അധിക നേരം നിന്നില്ല. നേരെ വിത്സണ്‍ പോയന്റിലേയ്ക്കു തിരിച്ചു.

2 Responses to “THE DECCAN ODYSSEY-1 (ദ ഡക്കാന്‍ ഒഡീസി-1)”

  1. bhagavathy

    good.kanan kothiyavunna sthalangal

  2. Krishnan

    Readable

Leave a Reply

Your email address will not be published. Required fields are marked *