സാഗരത്തിനൊരു ഭാവഗീതം ( ODE TO THE SEA ______________________ By Ibrahim al-Rubaish)

Posted by & filed under Uncategorized.

ODE TO THE SEA
______________________

By Ibrahim al-Rubaish

 

അല്ലയോ മഹാസമുദ്രമേ,

എന്റെ പ്രിയരുടെ വാർത്തകൾ പറഞ്ഞാലും !

വിശ്വാസരാഹിത്യത്തിന്റെ ചങ്ങലക്കെട്ടുകളില്ലായിരുന്നെങ്കിൽ

ഞാൻ നിന്നിലേയ്ക്കു കൂപ്പു കുത്തിയേനെ,

എന്റെ പ്രിയ കുടുംബത്തിന്നൊത്തു ചേരാനോ

നിന്റെ കൈകളിൽ ഇല്ലാതായിത്തീരനോ വേണ്ടി.

നിന്റെ തീരങ്ങൾ വിഷാദവും, ബന്ധനവും ദണ്ഡനവും

അന്യായവുവുമാർന്നവ മാത്രം.

നിന്റെ പാരുഷ്യം എന്റെ ക്ഷമയെ കാർന്നു തിന്നുന്നു.

മരണത്തിനു സമമാണ് നിന്റെ പ്രശാന്തത.

അടിച്ചു കയറുന്ന നിന്റെ തിരകൾ എത്ര വിചിത്രം!

നിന്റെ മുഷ്ടികൾക്കുള്ളിൽ നിന്നും കുതിച്ചുയരുന്ന നിശ്ശബ്ദതയിൽ

കാപട്യം പതിയിരിയ്ക്കുന്നു.

നിന്റെ നിസ്തബ്ധതയുടെ വാശി

കപ്പിത്താനെപ്പോലും മരണത്തിലേയ്ക്കു നയിയ്ക്കാം,

കപ്പലോട്ടക്കാരനെ നിന്റെ തിരമാലകളാൽ നിമഞ്ജനം ചെയ്തേയ്ക്കാം.

 

നീ ശവപ്പറമ്പുകളെ പേറുന്നു

സൌമ്യമായ് ബധിരമായ്, മൂകമായ്, മൂഢമായ്

ദേഷ്യാതിരേകത്താൽ പ്രകമ്പനം ചെയ്തുകൊണ്ട്.

 

കാറ്റ് നിന്നെ ശുണ്ഠിപിടിപ്പിയ്ക്കുന്നുവോ?

നിന്നോടുള്ള അനീതി മനസ്സിലാക്കാനാവുന്നു

കാറ്റ് നിന്നെ നിശ്ശബ്ദമാക്കുമ്പോൾ

വേലിയിറക്കവും വേലിയേറ്റവും മാത്രം

പ്രിയ സമുദ്രമേ! ഞങ്ങളേകുന്ന ചങ്ങലയാൽ

നീ അവഹേളിയ്ക്കപ്പെടുന്നുവോ?

ഞങ്ങളുടെ നിത്യേനയുള്ള  വരവും പോക്കും

തികച്ചും സമ്മർദ്ദപൂരിതം

നീയറിയുന്നുവോ ഞങ്ങളുടെ പാപങ്ങളെ?

ഞങ്ങൾ മ്ലാനതയുടെ മൂശയിൽ വാർക്കപ്പെട്ടവരെന്ന്?

സമുദ്രമേ! ഈ ബന്ധനാവസ്ഥയിലും

ഞങ്ങളെ അപഹസിയ്ക്കുകയാണോ?

ഞങ്ങളുടെ ശത്രുപക്ഷം ചേർന്ന്

ക്രൂരമായി ഞങ്ങൾക്ക് കാവൽ നിൽക്കുന്നുവോ?

ഈ പാറക്കെട്ടുകൾ നിന്നോടോതിയില്ലേ

അവയ്ക്കിടയിൽ നടത്തപ്പെട്ട കുറ്റകൃത്യങ്ങളെക്കുറിച്ച്?

അടിച്ചമർത്തപ്പെട്ട ക്യൂബ തന്റെ കഥകൾ

നിനക്കായി പരിഭാഷപ്പെടുത്തി തന്നില്ലേ?

മൂന്നുവർഷമായി, നീ ഞങ്ങൾക്കരികിലെത്തിയിട്ട്..

എന്നിട്ടു നീ എന്തു നേടി?

കടൽ നൌകകൾ നിറയെ കവിതകളും

കത്തുന്നൊരു ഹൃദയത്തിന്നുള്ളിലായി കുഴിച്ചുമൂടപ്പെട്ടൊരു അഗ്നിനാളവും.

 

കവിയുടെ ശബ്ദങ്ങൾ ശക്തിയുടെ നീർധാരകളാകുന്നു

അവന്റെ വചനങ്ങൾ നമ്മുടെ വ്യഥിത ഹൃദയങ്ങൾക്കൊരു ശമനൌഷധവും.

 

 

Leave a Reply

Your email address will not be published. Required fields are marked *