യാത്രയ്ക്കൊരുങ്ങവേ….

Posted by & filed under കവിത.

യാത്രയ്ക്കൊരുങ്ങവേ….

 

 

എത്രയാലോച്ചിട്ടും കഴിയുന്നില്ലെൻ കുഞ്ഞേ
യാത്ര തൻ തുടക്കത്തിലെന്തു നിന്നോടോതണം?
എൻ യാത്ര തുടങ്ങിയ നേരമെൻ ചുറ്റും നിന്നി-
ട്ടെന്നെയൊട്ടനുഗ്രഹിച്ചീടുവാൻ പലരെത്തി.

യാത്ര ദുഷ്ക്കരം, ചുറ്റുമുണ്ടാകാം ദുഷ്ടമൃഗ-
മേറ്റവും കരുതലും ശ്രദ്ധയുമുണ്ടാവണം.
പറഞ്ഞു പേടിപ്പിച്ചുവെങ്കിലും കണ്ടില്ല ഞാൻ
കടന്നു പോയീടവേ, കരുതൽ തുടർന്നു ഞാൻ.

ഇന്നു നിന്നെ ഞാൻ തള്ളിവിട്ടിടും നേരത്തെന്നാൽ
നന്നായിട്ടറിയുന്നു, ചുറ്റിലും ദുഷ്ടക്കൂട്ടം
നിന്നിടുന്നതും ദംഷ്ട്രകാട്ടി നിൻ ചോരയ്ക്കായി
തമ്മിലായടികൂടിയാർത്തൊട്ടു വിളിപ്പതും

എന്നിട്ടുമെന്നോമലേ അറിയുന്നു ഞാൻ നിന്നെ-
യൊന്നു രക്ഷിയ്ക്കാൻ എനിയ്ക്കാവില്ലെന്നൊരാ സത്യം
തടുക്കാനാകില്ല നിൻ ഗമനം, വെട്ടിപ്പിടി-
ച്ചെടുക്കാൻ നിനക്കേറെ ദുർഘടങ്ങൾ താണ്ടണം.

നിനച്ചീടുകയൊറ്റയ്ക്കെന്നു നീയെല്ലായ്പ്പോഴും
പഠിച്ചീടുക സ്വയം രക്ഷിയ്ക്കാനെവിടെയും
ചിരിയ്ക്കും മുഖങ്ങൾക്കു പിന്നിലായ് പലപ്പോഴും
കറുത്ത മനസ്സുകൾ കണ്ടീടാമെന്നോർക്കണം..

Leave a Reply

Your email address will not be published. Required fields are marked *