മേച്ചിൽ‌പ്പുറങ്ങൾ-2

Posted by & filed under Uncategorized.

സമയം രാത്രി ഏഴരയായെങ്കിലും ഓഫീസ് സമയത്തിന്റെ തിരക്കു തന്നെ.ബാംഗളൂർ കന്റോൺ മെന്റ് സ്റ്റേഷനിലിറങ്ങി പുറത്തു വന്നപ്പോൾ പേരെഴുതിയ ബോർഡും പിടിച്ചു നിൽക്കുന്ന ഡ്രൈവർ പരിചിതൻ തന്നെ. പതുക്കെ നീങ്ങുന്ന ട്രാഫിക്കിന്റെ അച്ചടക്കമില്ലായ്മ അത്ഭുതപ്പെടുത്തി. വരിയൊപ്പിച്ചു നീങ്ങുന്ന നീളം കൂടിയ ബസ്സിനെ തൊട്ടു തൊട്ടില്ലെന്ന മട്ടിൽ മുന്നോട്ടു പോകവേ  കറുത്തകട്ടിയേറിയ പുകച്ചുരുളുകൾ ആകാശത്തേയ്ക്കുയരുന്നതു കാ‍ാണാനായി. ഏതോ വാഹനത്തിനു തീ പിടിച്ചിരിയ്ക്കുന്നു. ട്രാഫിക് ബ്ലോക്ക് കൂടി വരുന്നു. മുന്നോട്ടുള്ള ഗതി സാവധാനമായി. ആരൊക്കെയൊ ട്രാഫിക് തിരിച്ചു വിടാനുള്ള പരിശ്രമം നടത്തുന്നുണ്ട്. അടുത്തു കൂടെ കറ്റന്നുപോകുമ്പോൾ കറുത്തപുകയിലൂടെ കത്തിക്കരിഞ്ഞൊരു കാറും ചുറ്റുമായി ആംബുലൻസും, ക്രെയിനും, അഗ്നിസേനയുടെ വാഹനങ്ങളും കാണാനായി. മനസ്സിലൊരസ്വാസ്ഥ്യം. ആർക്കെങ്കിലും അപകടം പിണഞ്ഞു കാണുമോ? ഗുരുതരമായിരിയ്ക്കുമോ? ഒന്നും അറിയാനായില്ല.

നഗരം വളരുമ്പോൾ ഗതാഗതക്കുരുക്കുകളും അപകടങ്ങളും വർദ്ധിച്ചുകൊണ്ടേയിരിയ്ക്കുന്നു. ആനുപാതികമായി വർദ്ധിച്ചുകൊണ്ടിരിയ്ക്കുന്ന വാ‍ഹനങ്ങളുടെ ആധിക്യം നിരത്തുകളെ തിരക്കുള്ളതാക്കി മാ‍റ്റുമ്പോൾ വലയുന്ന യാത്രക്കാരുടെ ദുരിതം നമ്മൾക്കറിയാവുന്നത് തന്നെ. അതിനിടയിൽ ഇതുപോലെ വാഹനങ്ങൾക്ക് തീ പിടിയ്ക്കൽ കൂടിയായാലോ? പഴയ പാട്ട വണ്ടിയൊന്നുമാവണമെന്നില്ല, തീ പിടിയ്ക്കാൻ. ബ്രാൻഡ് ന്യൂ ആയ നാനോകാറുകളും എന്തിന്, ബി.എം. ഡബ്ല്യൂ. പോലും ഇതിൽ‌പ്പെടുന്നു. പുരോഗമനത്തിന്നൊപ്പമെത്തുന്ന  അപകടങ്ങളെ സഹിയ്ക്കാതെന്തു ചെയ്യാൻ? നിരത്തുകളെക്കുറിച്ചാണെങ്കിൽ ഇവിടത്തെക്കാര്യം പറയാതിരിയ്ക്കുകയാണ് നല്ലത്. നഗരമദ്ധ്യത്തിലെ റോഡുകൾ പോലും കുണ്ടും കുഴിയും നിറഞ്ഞവ. അത്ഭുതം തോന്നി. ഗാർഡൻ സിറ്റിയുടെ സ്ഥിതി ഇങ്ങനെയോ? മഴക്കാലത്തെ ഈ റോഡുകളുടെ അവസ്ഥ ഞാൻ കണ്ടനുഭവിച്ചതുമാണ്. മഴക്കാലത്തെ ഈ റോഡുകളുടെ പരിതാപസ്ഥിതി ചൂണ്ടിക്കാട്ടി ബാംഗളൂർ മിറർ തുടങ്ങി വച്ച പ്രചരണവും വായനക്കാരുടെ പ്രതികരനവും അധികൃതരുടെ അനാസ്ഥയെ മാറ്റാൻ ഉതകിയില്ലെന്നതാണ് നേര്. അത്ഭുതം തോന്നുന്നില്ല, രാജ്യത്തിന്റെ എല്ലാ ഭാഗത്തും ഇതു തന്നെയാണല്ലോ സംഭവിയ്ക്കുന്നത്. എന്നിട്ടും ഇവിടത്തെ ഫുട്ട്പാത്തുകളുടെ ശോചനീയമായ അവസ്ഥ ശരിയ്ക്കും അപകടകരം തന്നെ. താഴെ നോക്കാതെ നടക്കാനാവില്ല. വൃത്തികേടല്ല, പൊട്ടിപ്പൊളിഞ്ഞ നിരപ്പില്ലായ്കയാണ് പ്രശനം. എങ്ങിനെയൊക്കെയോകരിങ്കല്ലുകളോ ഇഷ്ടികകളോ  പാകിപ്പിടിപ്പിച്ച ഈ ഫുട് പാത്തുകൾ നിർമ്മിയ്ക്കുമ്പോൾ അവ മനുഷ്യനു തിരക്കിട്ടു നടക്കാനുള്ള സ്ഥലമാണെന്ന കാര്യം മറന്നു പോയോ ആവോ?

ഇനിയൊരു ജന്മം എനിയ്ക്കുണ്ടെങ്കിൽ അത് ഇന്ത്യിലാവല്ലേ എന്ന് പറയുന്ന ഒരു സുഹൃത്തിനെ ഓർമ്മിച്ചു പോവുകയാണ്. സത്യം തന്നെ വൃത്തിയും വെടിപ്പുമാർന്ന റോഡുകളും വൃത്തിയായി നിരപ്പാർന്ന ഇഷ്ടികകൾ പതിപ്പിച്ച വീതിയാർന്ന ഫുട് പാത്തുകളും നിറഞ്ഞ ഒരിന്ത്യ നമ്മുടെ സ്വപ്നങ്ങൾക്കും അതീതം തന്നെയോ?

Leave a Reply

Your email address will not be published. Required fields are marked *