കുഞ്ഞനിയേട്ടനോട് ……..

Posted by & filed under Uncategorized.

സപ്തതിദിനത്തിലെന്നേട്ടനോടെന്തോതണം?

സത്യമായ് ഞാനൊട്ടു ചിന്തിച്ചല്ലോ, പലവട്ടം

സ്വച്ഛസുന്ദരമായ ജീവിതമൊന്നെന്നാളു-

മിച്ഛപോൽ ജീവിച്ചീടാനാശംസ നേരാ,മോർത്തു.

 

ഉള്ളത്തിലിരുന്നാരോ ശാസിച്ചു, മറന്നുവോ

കള്ളമൊട്ടോതീടേണ്ട, സോദരനിവൻ നിന-

ക്കെന്നാലു,മതിൻമുൻപ് നമിയ്ക്കൂ,ഗുരുവല്ലേ?

എന്നാളും ഗുരു തന്നെ മുന്നിലെന്നറിയില്ലേ?

 

മനസ്സു പിന്നോട്ടോടി, പഠിച്ച വിദ്യാലയ-

മെനിയ്ക്കു പ്രിയമാർന്ന കൂട്ടുകാർ,അദ്ധ്യാപകർ

ജനിച്ച നാടും വീടും, ഓർമ്മകൾ മരിയ്ക്കുന്നി-

ല്ലൊരിയ്ക്കൽ‌പ്പോലും,തോന്നി, കാലമേ. ക്ഷമിച്ചാലും..

 

പറഞ്ഞീടുന്നു, ബലം ശിഷ്യർ താൻ ഗുരുക്കൾക്കു,

നിറഞ്ഞീടുന്നു മനമവരെക്കാണുംനേരം

അറിഞ്ഞുമറിയാതെയെന്തൊക്കെപ്പകർന്നീടാൻ

കഴിഞ്ഞെന്നതു കാലം മാത്രം താനറിയുന്നു.

 

വർഷങ്ങൾ കടന്നങ്ങുപോകുമ്പോൾ കൂടീടുന്ന

ശിഷ്യസമ്പത്തേകുന്ന സംതൃപ്തി വലുതല്ലോ!

എങ്ങ്പോയാലുംവന്നുകണ്ടിടാൻ,വന്ദിയ്ക്കുവാൻ

വന്നിടുന്നവർ, ധന്യമാക്കിടുന്നൂ ജീവിതം.

 

നിറഞ്ഞ സ്നേഹത്തോടെ ഞാനുമോതുന്നെൻ ഗുരോ

പറഞ്ഞീടട്ടെ, നന്ദി, ഓർമ്മകൾ പുതുക്കട്ടെ!

എനിയ്ക്കെന്നതുപോലെയെത്ര ശിഷ്യർക്കാഭാഗ്യം

ലഭിച്ചോർക്കെല്ലാം വേണ്ടി മംഗളമോതീടട്ടെ!

 

സപ്തതിയെത്തുംവേള സൌഖ്യവുമാരോഗ്യവും

സ്വസ്ഥത നിറഞ്ഞോരു ജീവിതമാശംസിപ്പൂ!

ശത്രുവെപ്പോലും തന്റെ മുഖമുദ്രയായീടും

ചിത്തശുദ്ധി കാണിയ്ക്കും ചിരിയാൽ മയക്കിടൂ..

സ്വതസിദ്ധമായീടും ഹാസ്യത്തിൽ‌പ്പൊതിഞ്ഞുള്ള

ചെറുതാം കലശലു കൂട്ടലും തുടരുക

തൻപാതിയ്ക്കൊപ്പം പലേ രാജ്യവും സന്ദർശിയ്ക്കാൻ

പൊൻമക്കൾ നൽകും സ്നേഹമാസ്വദിച്ചീടുവാൻ

മുത്തച്ഛസ്ഥാനം നൽകുമൂഷ്മള വിഹായസ്സിൽ

സ്വച്ഛന്ദം വിഹരിപ്പാൻ, മംഗളം നേർന്നീടുന്നു…..

 

ശിഷ്യയുംഅനുജത്തിയുമായ

ജ്യോതി

Leave a Reply

Your email address will not be published. Required fields are marked *