മേച്ചിൽ‌പ്പുറങ്ങൾ-3

Posted by & filed under Uncategorized.

ചിലപ്പോൾ ആകസ്മികമായി കണ്ടു മുട്ടുന്ന ചില മനുഷ്യർ അവരുടെ പലേതരം സ്വഭാവ വിശേഷതകളാൽ നമ്മളെ ആകർഷിച്ചേയ്ക്കാം. ചിലരുടെ നന്മകൾ നമ്മുടെ മനസ്സിൽ ചലനങ്ങൾ സൃഷ്ടിയ്ക്കുമ്പോൾ മറ്റു ചിലരുടെ സ്വഭാവത്തിന്റെ ചീത്തവശങ്ങളേയാകും നമ്മൾ ശ്രദ്ധിയ്ക്കുന്നതും ചിലപ്പോൾ സ്വയം ഒന്നു വിലയിരുത്താൻ കാരണമാകുന്നതും. പക്ഷെ ഇതിലൊന്നും പെടാത്ത ചിലരുണ്ട്, സംഭാഷണത്തിന്റെ പ്രത്യേകതകളാൽ നാം പലപ്പോഴും ഓർത്തു പോകുന്നവർ. ഏറെ മധുരമായി സംസാരിയ്ക്കാനറിയുന്നവരും തീരെ മെരുക്കമില്ലാത്തവരും മിതഭാഷികളും തന്മയത്വത്തോടെ പറയുന്നവരും പൊങ്ങച്ചക്കാരുമൊക്കെ ഇതിൽ‌പ്പെടാം. ഈയടുത്തയിടെ ഞങ്ങൾക്കെല്ലാം ഏറെ ചിരിയ്ക്കാനിടനൽകിയ ഒരാളെപ്പറ്റി പറയാതെ വയ്യെന്ന് തോന്നി.

സ്ഥലം ബാംഗളൂർ. വീട്ടിലെ സോഫാക്കവർ ഒന്നു പുതുക്കണമായിരുന്നു. തരക്കേടില്ലാത്ത കട കണ്ടപ്പോൾ  പറഞ്ഞേൽ‌പ്പിച്ചതനുസരിച്ചു വീട്ടിലെത്തിയ മദ്ധ്യവയസ്ക്കൻ കടയുടെ മുതലാളിയാണെന്ന് സംഭാഷണത്തിൽ നിന്നും മനസ്സിലാക്കാനായി. നല്ല ഉയരവും തടിയും കുടവയറുമുള്ള അയാൾക്കൊപ്പം വന്ന പണിക്കാരനെ മദ്യം മണക്കുന്നുണ്ടായിരുന്നു. അയാൾ കൊണ്ടുവന്നിരുന്ന് ക്ലോത്ത് ആൽബത്തിൽ നിന്നും ഇഷ്ടമായ തുണി തിരഞ്ഞെടുത്ത് വില പറഞ്ഞുറപ്പിച്ചപ്പോൾ രണ്ടു ദിവസത്തിനകം പണി തുടങ്ങാമെന്നും മൂന്നു ദിവസത്തിന്നുള്ളിൽ തീർത്തു തരാമെന്നും വളരെ മധുരമായി പറഞ്ഞാണയാൾ മടങ്ങിയത്. പറഞ്ഞ ദിവസം പണി തുടങ്ങിയില്ലെങ്കിലും അതിനടുത്ത നാളിലെത്തി വളരെ ശുഷ്ക്കാന്തിയോടെ പണിക്കാരനെ കൊണ്ടു വന്ന് പണി തുടങ്ങി. ഞങ്ങളോട് ഇംഗ്ലീഷിലും പണിക്കാരനോട് തമിഴിലും മറ്റാരോടൊക്കെയോ കന്നടയിലും അനായാസമായി അയാൾ സംസാരിച്ചിരുന്നു. പണിക്കാരൻ കേൾക്കാതെ അവന്റെ മദ്യാസക്തിയെപ്പറ്റിയുംശുണ്ഠിയെപ്പറ്റിയും പണിയിലെ വൈദഗ്ധ്യത്തെപ്പറ്റിയുമെല്ലാം വാതോരാതെ സംസാരിച്ചു കൊണ്ടേയിരുന്നു അയാൾ.ഞങ്ങളെല്ലാം മുംബൈയിലായിരുന്നുവെന്നറിഞ്ഞപ്പോൾ ഇടയ്ക്കിടെയുള്ള തന്റെ മുംബൈ യാത്രകളെപ്പറ്റിയും അയാൾ വാചാലനായി. തന്റെ കടയെപ്പറ്റിയും ബിസിനസ്സിലെ വളർച്ചയേയും പൊക്കിപ്പറയാനും കസ്റ്റമേർസിനോടുള്ള തന്റെ സത്യസന്ധത ഒന്നുമാത്രമാണ് അതിനു കാരണമെന്നൊക്കെ വരുമ്പോഴെല്ലാം അയാൾ വീമ്പടിച്ചിരുന്നു. തിരഞ്ഞെടുത്ത തുണി കിട്ടാനായി നാലഞ്ചു കടകളിൽ തിരയേണ്ടി വന്നെന്ന കാര്യമൊക്കെ ഇടയ്ക്കിടെ അയാൾ പറഞ്ഞുകൊണ്ടേയിരുന്നു. തന്റെ പണിക്കാരനെ ചെക്ക് ചെയ്യുന്നതിനായി അയാൾ ഇടയ്ക്കിടെ വന്നിരുന്നു. പക്ഷേ അയാൾ പോയിക്കഴിഞ്ഞാൽ അയാൾ പറയുന്നതെല്ലാം ശുദ്ധ അസംബന്ധങ്ങളാണെന്നും വിശ്വസിയ്ക്കാൻ പറ്റുന്നവനല്ലെന്നുമുള്ള പണിക്കരന്റെ വാക്കുകളും ഞങ്ങൾക്കു കേൾക്കാതിരിയ്ക്കാനായില്ല. താൻ പണിയെടുക്കുന്നില്ലേ എന്ന് ഇടയ്ക്കിടെ മുതലാളി വന്നു പരിശോധിയ്ക്കുന്നതിലെ നീരസം അയാളുടെ വാക്കുകളിൽ നിഴലിച്ചിരുന്നു.പണിക്കാരനും ഒരു വിചിത്ര ജീവിയെന്നു തോന്നിപ്പോകാതിരുന്നില്ല, ചില സമയങ്ങളിലെ അയാളുടെ പെരുമാറ്റം കണ്ടപ്പോൾ. രാവിലെ അൽ‌പ്പം സേവിച്ചാലേ പണിയെടുക്കാനാവൂ. വൈകീട്ട് ചായ കൊടുത്തപ്പോൾ പറഞ്ഞു,‘ എന്തിനാ ഇപ്പോൾ ചായ തരുന്നത്? രാവിലെ ചോദിച്ചില്ലല്ലോ വേണോ എന്നൊന്നും?“ തമാശ തോന്നി. പക്ഷേ സ്റ്റിച് ചെയ്യാനായെടുത്ത മെഷീൻ പ്രവർത്തിയ്ക്കാതെ വന്നപ്പോൾ അതെടുത്ത് എറിയുന്നത് കണ്ടപ്പോൾ ഇയാൾക്ക് വട്ടാണോ എന്നും തോന്നിപ്പോയി. കുറ്റം പറയരുതല്ലോ,ഭയങ്കര ശുണ്ഠിക്കരനാണെങ്കിലും നല്ല വൃത്തിയിൽ ജോലി ചെയ്യാൻ അയാൾക്കറിയാമായിരുന്നു .എന്തോ ആകട്ടെ, നിശ്ചിത സമയത്ത് പണി കഴിഞ്ഞപ്പോൾ പണിയിലെ ചില അപാകതകൾ മുതലാളിയ്ക്കു ചൂണ്ടിക്കാട്ടാൻ ശ്രമിച്ചപ്പോൾ വീണ്ടും കസ്റ്റമേർസ് ആണ് തനിയ്ക്കെല്ലാമെന്നും തന്റെ കൊച്ചു കട വലുതാകാനും 50 പേർ ജോലി ചെയ്യുന്ന ഫാക്ടറി തുടങ്ങാനും അതുകൊണ്ടാണു കഴിഞ്ഞതെന്നും വീണ്ടും കേൾക്കാനിടയായി.ഒന്നോർമ്മിപ്പിച്ചാൽ എപ്പോൾ വേണമെങ്കിലും വന്ന് ശരിയാക്കിത്തരാമെന്ന് ലാഘവമായാണയാൾ പറഞ്ഞത്. പക്ഷേ ഞങ്ങൾ തിരഞ്ഞെടുത്ത തുണിയ്ക്കായി’ഫോർ റ്റു ഫൈവ്” ഷോപ്പുകളിൽ കയറിയിറങ്ങിയെന്നത് ഇതിനകം ‘ഫോർട്ടിഫൈവ്’ ഷോപ്പുകളായി മാറിയത് കേട്ടപ്പോൾ ചിരിയ്ക്കാതിരിയ്ക്കാനായില്ല.

ഇന്നും അതോർത്ത് ചിരിയ്ക്കാൻ സന്ദർഭങ്ങളുണ്ടാകുന്നു. ഷോപ്പിങ്ങിനിടയിൽ എന്തെങ്കിലും മറന്നാലോ കിട്ടാഞ്ഞാലൊ..45 ഷോപ്പുകളിൽ കയറിയിറങ്ങിയ്യെന്ന് പറഞ്ഞ് ചിരിയ്ക്കുമ്പോൾ അയാളുടെ മുഖവും സംസാരവും ഓർമ്മ വരാറുണ്ട്.

 

 

Leave a Reply

Your email address will not be published. Required fields are marked *