ഏകാന്തപഥിക (അഞ്ചാംഭാവം -19)

Posted by & filed under അഞ്ചാംഭാവം.

ജനക്കൂട്ടത്തിനൊത്തു നീങ്ങുന്ന സ്ത്രീ സാധാരണയായി ജനക്കൂട്ടം സഞ്ചരിയ്ക്കുന്നതിനപ്പുറം പോകാറില്ല. എന്നാല്‍ തനിച്ചു സഞ്ചരിയ്ക്കുന്നവളാകട്ടെ, മറ്റാരും പോകാത്തയിടങ്ങളില്‍ വരെ ചെന്നെത്തിച്ചേരപ്പെടുകയും ചെയ്യുന്നു (“The woman who follows the crowd will usually go no further than the crowd.The woman who walks alone is likely to find herself in places no one has ever been before” – Albert Einstein)  എന്ന ആൽബെർട്ട് ഐൻസ്റ്റീന്റെ  വാക്കുകൾ ഈയിടെയായി എനിയ്ക്കു പലപ്പോഴും ഓർമ്മ വരുന്നു. എപ്പോള്‍ വേണമെങ്കിലും എവിടെ വേണമെങ്കിലും ഒറ്റയ്ക്കു സഞ്ചരിയ്ക്കാന്‍ സ്ത്രീയ്ക്ക് കഴിയണമെന്ന മനസ്സിലെ മോഹത്തിന്റെ തീവ്രത കൂടുന്നു. ഐൻസ്റ്റീൻ സ്ത്രീയെ ഓർമ്മിപ്പിയ്ക്കുന്നത് അവളിൽ ഒളിഞ്ഞു കിടക്കുന്ന ശക്തിയെ കാണാനാണ്, അതിനെ ഉണർത്താനാണ്. ബലഹീനയാണെന്ന വിശ്വാസത്തെ തള്ളിക്കളയാനാണ്. ഒരു ജനക്കൂട്ടത്തിലേക്കാളേറെ അവൾക്ക് സ്വയം പലതും ചെയ്യാനാകുമെന്ന ഈ അറിവിനെ അവൾ ഉപയോഗപ്പെടുത്തുന്നുണ്ടോ?ഒരുപക്ഷേ ചോർന്നു പോയ ധൈര്യത്തെ തിരികെപ്പിടിയ്ക്കാനുള്ള വ്യഗ്രത തന്നെ അവൾക്കു തടസ്സമായി വരുന്നുവോ? മനസ്സു കൊണ്ട് ഏകാന്തപഥികയായ സ്ത്രീ   മോഹങ്ങളെ എന്നും മനസ്സിലൊളിപ്പിയ്ക്കാന്‍ പഠിച്ചതാണല്ലോ.

എല്ലാം തനിയെ ചെയ്യണമെന്നല്ല, മറിച്ച് സ്വയം ചെയ്യാവുന്നവ പോലും ചെയ്യാനുള്ള ആത്മവിശ്വാസം നഷ്ടപ്പെട്ടവളായി  സ്ത്രീ മാറിക്കൊണ്ടിരിയ്ക്കുന്നുവെന്നതാണ് നമുക്ക് കാണാനാകുന്നത്.  നമ്മുടെ സാമൂഹിക ചിന്താഗതികൾ തന്നെ ഇതിനു കാരണം. ഒറ്റയ്ക്കൊരു പുരുഷൻ യാത്ര ചെയ്യുമ്പോള്‍ ലഭിയ്ക്കുന്ന സുരക്ഷിതത്വം എന്നും സ്ത്രീയെസ്സംബന്ധിച്ചിടത്തോളം  സ്വപ്നം മാത്രമായിരുന്നു. അതിന്റെ ആവശ്യമില്ലാതിരുന്ന കാലത്ത് വേവലാതിപ്പെടേണ്ടതിന്റെ  ആവശ്യമുണ്ടായിരുന്നില്ല. എന്നാൽ ഇന്ന് ഒറ്റയ്ക്കുള്ള സഞ്ചാരം പലപ്പോഴും അനിവാര്യമായി മാറുമ്പോഴാണ് നഷ്ടബോധം സ്ത്രീയെ സങ്കടപ്പെടുത്തുന്നത്. പല പ്രധാന കാര്യങ്ങളും ഈ പ്രശന്ം കൊണ്ടു തന്നെ നീങ്ങിപ്പോകുകയോ വേണ്ടെന്നു വയ്ക്കപ്പെടുകയോ ചെയ്യുമ്പോൾ ഒരു മാത്ര നേരത്തേയ്ക്കെങ്കിലും സ്ത്രീയായി ജനിയ്ക്കേണ്ടിയിരുന്നില്ലെന്നു മനസ്സില്‍ പറഞ്ഞു പോകുന്നവര്‍ ഏറെക്കാണാതിരിയ്ക്കില്ല. ഇത്തരം എത്രയോ സന്ദർഭങ്ങൾ ജീവിതത്തിലുടനീളം സ്ത്രീയെ നിരന്തരം പിന്തുടരുന്നു, അവളുടെ സന്തത സഹചാരിയായ  നിഴല്‍ പോലെ തന്നെ.  അവളെ ഒറ്റയ്ക്കു അവളുടെ പാട്ടിനു വിടാന്‍ ആരും തയ്യാറാകുന്നില്ല.

ജോലി സംബന്ധമായുള്ള ദീർഘയാത്രകൾക്കിടയിൽ സ്ത്രീകള്‍ക്ക് പല പ്രശ്നങ്ങളേയും അഭിമുഖീകരിയ്ക്കേണ്ടി വരുന്നു.ഒറ്റയ്ക്ക്  രാത്രിയിലെന്നല്ല ,സന്ധ്യയായാൽ തന്നെ  പുറത്തിറങ്ങാനാകില്ല. യാത്രയ്ക്കിടയിൽ പ്രാഥമിക സൌകര്യങ്ങളുടെ കുറവ്, രാത്രി താമസത്തിലെ അരക്ഷിതത്വം എന്നിവയും സ്ത്രീയെ അലട്ടുന്ന പ്രശ്നങ്ങൾ തന്നെ. പല സ്ഥലങ്ങളും സന്ദർശിച്ച്  യാത്രാവിവരണങ്ങള്‍ എഴുതുന്ന ഒരു ആണ്‍ സുഹൃത്ത് ഈയിടെ  ഒറ്റയ്ക്കുള്ള യാത്രയുടെ സുഖത്തെക്കുറിച്ച് പറഞ്ഞപ്പോൾ എന്നിലും  ആ നഷ്ടബോധം തലപൊക്കി. എനിയ്ക്കു ജനക്കൂട്ടത്തിനൊത്തേ പോകാനാകുന്നുള്ളുവല്ലോ. ഞാനെന്തേ തനിയേ പോയി എന്റെ സ്വന്തം മേച്ചിലിടങ്ങൾ തേടുന്നില്ല?. ഉത്തരവും ഞാൻ തന്നെ കണ്ടെത്തിയതാണല്ലോ? ഐൻസ്റ്റീൻ പറഞ്ഞപോലെ ഒറ്റയ്ക്ക് സഞ്ചരിയ്ക്കാൻ ധൈര്യം കാട്ടിയ സ്ത്രീ മുൻപവൾ എത്താത്ത പല മേഖലകളിലും എത്തിച്ചേർന്നെങ്കിലും, ഒറ്റയ്ക്ക്  പല ദൂരങ്ങളും താണ്ടി തന്റെ വ്യക്തിത്വത്തെ ലോകത്തിനു മുൻപിൽ വെല്ലുവിളിയായി ഉയർത്തിക്കാട്ടിയെങ്കിലും,   ഉള്ളിന്റെയുള്ളിൽ എന്നും വിലങ്ങുകളില്ലാത്ത  ഏകാന്ത സഞ്ചാരമാഗ്രഹിയ്ക്കുന്ന പഥികതന്നെയായി നിലനിന്നു. സ്ത്രീയുടെ നിർവ്വചനം തന്നെയല്ലേ അവളുടെ വിലങ്ങും?  കാലവും സംസ്ക്കാരങ്ങളും മാറിക്കൊണ്ടേയിരുന്നാലും കാഴ്ച്ചപ്പാടുകൾ മാറ്റാൻ തയ്യാറാകത്ത സമൂഹമുള്ളിടത്തോളം വ്യക്തിത്വവും നേട്ടങ്ങളും കൊണ്ടെന്തു ഫലം?

കേരളത്തിലെ സ്ഥിതി തന്നെ നോക്കാം.സന്ധ്യ കഴിഞ്ഞുള്ള  യാത്രകള്‍ സ്ത്രീകളെസ്സംബന്ധിച്ചിടത്തോളം പേടിസ്വപ്നം  തന്നെയാണിവിടെ. സാക്ഷരതയില്‍ നാം നേടിയെടുത്ത പൂര്‍ണ്ണത കൊണ്ടെന്തു ഫലം എന്നു തോന്നിപ്പോകാറുണ്ട്.  ജീവിത നിലവാരം ഉയര്‍ന്നെന്നത് സത്യം തന്നെ . പക്ഷേ സംസ്ക്കരത്തിന്റെ  വിലയിടിയല്‍ ആരുടേയും ശ്രദ്ധയില്‍പ്പെടുന്നില്ലെന്നു പറഞ്ഞാലത് വിശ്വസിയ്ക്കാനാകുകയില്ല. കുട്ടികള്‍ക്കും , സ്ത്രീകള്‍ക്കും, വൃദ്ധര്‍ക്കും ഒക്കെ ഈ മാറ്റങ്ങളുടെ ചവര്‍പ്പ് അനുഭവിയ്ക്കേണ്ടി വരുന്നു. ചട്ടങ്ങള്‍ മാറ്റിയതു കൊണ്ടുമാത്രമായില്ലല്ലോ? സ്ത്രീ സ്വാതന്ത്ര്യവും സമത്വവും ഇനിയും അക്കരപ്പച്ചതന്നെ. സാമ്പത്തികമായ സമത്വമല്ല, ഉദ്ദേശിച്ചത്. അതു നേടിയില്ലെന്നു പറയാനാകില്ലല്ലോ. സമൂഹത്തിന്റെ വീക്ഷണത്തില്‍ വന്ന വ്യതിയാനം ഒട്ടും അഭികാമ്യമല്ല. വരയ്ക്കപ്പെടുന്ന വരകളും ചൂണ്ടപ്പെടുന്ന വിരലുകളും ഒരേ ദിശയില്‍ മാത്രം ആകുന്നതെന്തു കൊണ്ടാണ്? ആരാണിതിനുത്തരവാദി? ഒരേസ്ഥലത്തു നിന്നും തുടങ്ങി ഒരേ സ്ഥലത്തേയ്ക്കു മടങ്ങുന്ന പഥികരില്‍ ഒറ്റയ്ക്കുള്ള യാത്ര അവള്‍ക്കു നിഷേധ്യമെന്ന നിയമം എവിടെ തുടങ്ങപ്പെട്ടു? എന്തുകൊണ്ട്?

“മുള്ള് ഇലയില്‍ വീണാലും ഇല മുള്ളില്‍ വീണാലും കേട് ഇലയ്ക്കു” എന്നാണല്ലോ സ്ത്രീയുടെ മനസ്സില്‍ ആദ്യമായിത്തന്നെ വിതയ്ക്കപ്പെടുന്ന വിത്ത്. ഒരു പുരുഷന്‍ ചെയ്യുന്നതുപോലെ സ്വതന്ത്രമായ ഒരു തീരുമാനമെടുക്കുന്നതിനുള്ള കഴിവ് ഇതോടെ അവള്‍ക്ക് നഷ്ടപ്പെടുകയാണ്. സ്വയം തീരുമാനമെടുത്താല്‍പ്പോരാ, ചുറ്റുമുള്ളവരുടെ വീക്ഷണത്തിലും അവളുടെ തീരുമാനം ശരിതന്നെയായിരിയ്ക്കണം. ഇതേ തീരുമാനമെടുക്കുന്ന പുരുഷന്‍ പലപ്പോഴും അഭിനന്ദിയ്ക്കപ്പെടുകയും ചെയ്യാം. ഈ രണ്ടളവുകോലുകളില്‍ തൂങ്ങുന്നു അവളുടെ ജീവിതം മുഴുവനും.

പൊതുജന മനസ്സാക്ഷി പലപ്പോഴും ഏറെ വിചിത്രമായിത്തോന്നുന്നു. എന്തെങ്കിലും സംഭവിയ്ക്കാന്‍ കാത്തിരിയ്ക്കുകയാണോ പ്രതികരിയ്ക്കാനെന്ന് തോന്നിപ്പോകും. ബലാത്സംഗത്തിന്നിരയാകുന്നതു പോലും സ്ത്രീയുടെ തെറ്റായി കണക്കാക്കപ്പെടുന്നു. പ്രതികരിയ്ക്കാന്‍ പാടില്ല, അതേക്കുറിച്ച് സംസാരിയ്ക്കാതെ നിശ്ശബ്ദയായിരിയ്ക്കാനേ അവള്‍ക്ക് ഉപദേശം കിട്ടൂ. പ്രതികരിയ്ക്കുന്നവര്‍ പലരും ഒറ്റപ്പെട്ടെന്നും വരാം. പെണ്ണും മണ്ണും സ്വത്തായിക്കരുതപ്പെടുന്ന ഉത്തരേന്ത്യയില്‍ മണ്ണിനായി പെണ്ണിനെ കുരുതി കൊടുക്കല്‍ വളരെ സാധാരണമാണല്ലോ?  . ഓണര്‍ കില്ലിംഗുകളില്‍ (Honour killings)  പലതും ഒച്ച പുറത്തു വരാതെ ഒതുങ്ങപ്പെടുകയും ചെയ്യുന്നു. പലപ്പോഴും സ്ത്രീയ്ക്ക് സ്ത്രീ തന്നെ ഇവിടെ ശത്രുവായി മാറുന്നതും കാണാം.

കേരളത്തില്‍  1000 പുരുഷന്മാര്‍ക്ക് 1084 സ്ത്രീകളെന്ന  അനുപാതം ഉണ്ടായിട്ടുകൂടി സ്ത്രീയുടെ നേര്‍ക്കുള്ള അക്രമങ്ങളും അനീതിയും തുടര്‍ന്നു കൊണ്ടിരിയ്ക്കുന്നു. പുരുഷ മേധാവിത്വം തുടര്‍ന്നു കൊണ്ടിരിയ്ക്കാന്‍ സമൂഹത്തിന്റെ പിന്‍ബലം തീര്‍ച്ചയായും വേണം. സ്ത്രീകള്‍ കൂടി ഉള്‍പ്പെടുന്ന സമൂഹത്തിന്റെ.ഇവിടെ ബന്ധങ്ങള്‍ ബന്ധനങ്ങളായി മാറുമ്പോഴും ക്രൂശിയ്ക്കപ്പെടുന്നത് സ്ത്രീ തന്നെ.

 

Leave a Reply

Your email address will not be published. Required fields are marked *