ഭദ്രമല്ലാത്ത ലോകം (അഞ്ചാംഭാവം-20)

Posted by & filed under അഞ്ചാംഭാവം.

ബംഗാളികള്‍ ഏറെ അഭിമാനപൂര്‍വ്വം സ്വയം  വിശേഷണാര്‍ത്ഥം ഉപയോഗിയ്ക്കുന്ന വാക്കാണല്ലോ ഭദ്രലോക്(gentlemen) .പഴയ കാലത്ത് ജമീന്ദാർമാരും സമൂഹത്തിലെ ഉന്നതരും മാത്രമാണീ ചട്ടക്കൂടിനുള്ളില്‍ ഉള്‍പ്പെട്ടിരുന്നതെങ്കിലും മാറിക്കൊണ്ടിരിയ്ക്കുന്ന പുതു യുഗത്തില്‍ സാമ്പത്തികവും സാംസ്ക്കാരികവുമായ ഉയര്‍ച്ച മാത്രമായിരുന്നു ഇതിന്റെ മാനദണ്ഡം. എന്തായാലും കല്‍ക്കത്ത ഭദ്രമായ ലോകമല്ലാതെ മാറിക്കൊണ്ടേയിരിയ്ക്കുന്നുവെന്നുവേണം ന്യൂസ് റിപ്പോർട്ടുകൾ വായിയ്ക്കുമ്പോൾ മനസ്സിലാക്കാൻ. കഴിഞ്ഞയാഴ്ച്ചയിലെ  ഒരേ ദിവസം തന്നെ കൊൽക്കത്തയുടെ വിവിധ ഭാഗങ്ങളിൽ സ്ത്രീകൾക്കെതിരായി നടന്ന അക്രമങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ വായിച്ചപ്പോൾ ശക്തിയുടെ മൂർത്തരൂപമായ ദുർഗ്ഗയുടെ ഭക്തരുടെ നാടായ ബംഗാൾ തന്നെയോ ഇതെന്നു സംശയമായി. കൊൽക്കത്തയിലെ മാത്രം സ്ഥിതിയല്ലിതെന്നറിയാം.എങ്കിലും കൊൽക്കത്ത സ്ത്രീയ്ക്കു സമൂഹത്തിൽ കൊടുത്തിരുന്ന സ്ഥാനം അത്ര മാത്രം ഉയർന്നതായിരുന്നല്ലോ?

 

ഇന്ത്യയുടെ മറ്റു നഗരങ്ങളിലും സ്ഥിതിവിശേഷം ഇതു തന്നെയെന്നിരിയ്ക്കേ അത്ഭുതം തോന്നുന്നില്ലെങ്കിലും ഭദ്രലോക് എന്നു സ്വയം വിശേഷിപ്പിയ്ക്കാവുന്ന ഒരവസരവും വിടാൻ തയ്യാറല്ലാത്ത ബംഗാളിയുടെ ഇതിനുള്ള പ്രതികരണമെന്തായിരിയ്ക്കുമെന്നൊന്നു മനസ്സിൽചിന്തിച്ചെന്നു മാത്രം.ഭദ്ര മഹിള (Gentle Woman)യുടെ ശോചനീയമായിക്കൊണ്ടിരിയ്ക്കുന്ന ഈ നിലകൊൽക്കത്തയുടെപേടിസ്വപ്നമായിക്കൊണ്ടിരിയ്ക്കുന്നത് അവർക്ക് താങ്ങാനാകുമോ?

പ്രതികരിച്ചു, ഇല്ലെന്നു പറയാനാകില്ല. 24 പർഗാനാസ് ജില്ലയിൽ ദാരുണമായി കൊല്ലപ്പെട്ട കോളേജ് കുമാരിയുടേയും നാദിയാ ജില്ലയിലെ 14 വയസ്സു മാത്രം പ്രായമായ പെൺകുട്ടിയുടെയും അവസ്ഥ ഇനിയും ആവർത്തിയ്ക്കപ്പെടരുതെന്ന സന്ദേശവുമായി പ്രതിഷേധപ്രകടനം നടത്തിയവരിൽ സമൂഹത്തിലെ എല്ലാതരക്കാരേയും കാണാനാകുമായിരുന്നു. രാഷ്ട്രീയത്തിന്റെ പരിവേഷമില്ലാത്ത  ശരിയ്ക്കും ഉൽക്കണ്ഠാകുലമായ ബംഗാളിയുടെ മനസ്സുമായി ഇതിൽ പങ്കെടുത്തവരിൽ സമൂഹത്തിലെ സാംസ്ക്കാരിക പ്രമുഖരും കലാ-സാഹിത്യരംഗങ്ങളിലെ ഉന്നതരും ഉണ്ടായിരുന്നു. ബംഗാളിന്റെ മനസ്സ് ചിന്താകുലം തന്നെയെന്നറിയാൻ ഇത്രയും ധാരാളമായിരുന്നല്ലോ?

ഓർക്കുകയായിരുന്നു, തൊണ്ണൂറുകളുടെ ഒന്നാം പകുതിയിലെ കൽക്കത്തയെ. അന്നു ഒരൽ‌പ്പം അത്ഭുതത്തോടെയാണീ മഹാനഗരിയെ ഞാൻ കണ്ടതെന്നും. ആംചി മുംബയിയുടെ ഊഷ്മളമായ സ്നേഹ വാത്സല്യങ്ങളിൽ കുതിർന്നു ശീലിച്ച എനിയ്ക്ക് കൽക്കത്തയുടെ അപരിചിതത്വത്തിന്റെ മുഖം മൂടി ഏറെ  ദുസ്സഹമായിത്തോന്നിയിരുന്ന നാളുകൾ.

ഇപ്പോൾ തോന്നുകയാണ്, ബംഗാളി എന്നും ഒരൽ‌പ്പം മുൻകരുതലുള്ളവനായിരുന്നുവോ? സ്വന്തമാക്കുന്നതിനു മുൻപായിക്കാണിയ്ക്കുന്ന അകലം സൂക്ഷിയ്ക്കൽ ബംഗാളിയെസ്സംബന്ധിച്ചിടത്തോളം സ്വാഭാവികം  മാത്രമായിരുന്നെങ്കിലും  സങ്കുചിതമനസ്ഥിതിയെന്നേ അന്നു       ചിന്തിയ്ക്കാനായുള്ളൂ. കൽക്കത്തയോടുള്ള അതിരു കവിഞ്ഞ സ്നേഹം ഓരോ ശ്വാസത്തിലും നിറഞ്ഞു നിന്നപ്പോൾ ആ വാത്സല്യം മറ്റൊരാൾക്കു വിട്ടുകൊടുക്കാനുള്ള വൈമുഖ്യവും കൂടെ കാണാനായിരുന്നു. ‘എന്റെ‘യെന്ന പദത്തിനപ്പുറം മുംബൈറ്റിയുടെ ‘ നമ്മുടെ ‘അവിടെ ദർശിയ്ക്കാൻ ശ്രമിച്ച എനിയ്ക്കിത് അരോചകമായതിൽ അത്ഭുതവുമില്ലല്ലോ?

 

വൈകീട്ട് ഏഴു മണിയോടെ വിജനമാകുന്ന കൊൽക്കത്തയിലേ റോഡുകൾ എനിയ്ക്കന്ന് അത്ഭുതമായിരുന്നു. രാത്രിഎട്ടു മണിയോടെ അടച്ചു പൂട്ടുന്ന ഷോപ്പുകളും 4 മണിയോടെ തുടങ്ങുന്ന മോണിംഗ് മാർക്കറ്റും അവിടത്തെ ഇളനീർക്കച്ചവടക്കാരികളുമൊക്കെ ഇന്നും മനസ്സിൽ നിറഞ്ഞു നിൽക്കുന്നു. മേളകളും ദുർഗ്ഗാപൂജയും അവിടെയെല്ലാം രാപകൽ ആൺ-പെൺ ഭേദമില്ലാതെ കറങ്ങിത്തിരിയുന്ന ബംഗാളികളും കൽക്കത്തയുടെ മുഖം മൂടിയില്ലാത്ത രൂപം തന്നെയായിരുന്നല്ലോ? ഓരോ വർഷത്തെ ദുർഗ്ഗാപൂജയ്ക്കുമായി ചിട്ടികളും സ്വകാര്യ സമ്പാദ്യങ്ങളും ചിലവഴിയ്ക്കുന്ന ബംഗാളി വനിതയുടെ മുഖത്ത് അരക്ഷിതത്വത്തിന്റെ നിഴൽ വീണിരുന്നതായി ഒരിയ്ക്കലും തോന്നിയിരുന്നില്ല, തീർച്ച.

ശരിയാണു, ഗ്ലോബലൈസേഷന്റെ കടന്നുകയറ്റം കൊൽക്കത്തയേയും വിവിധ സംസ്ക്കാരങ്ങളുടെ സങ്കരനിലമാക്കി മാറ്റിയപ്പോൾ സ്വന്തം ബംഗാളിനെ മുഷ്ടികൾക്കുള്ളിൽ സംരക്ഷിയ്ക്കാൻ കഴിഞ്ഞില്ലെന്ന ഖേദമായിരിയ്ക്കാം ഇപ്പോഴും ഒറ്റക്കെട്ടായി നിൽക്കാൻ തത്രപ്പെടുന്ന ബംഗാളിയുടെ മനസ്സു മുഴുവനും. ഭദ്രലോകത്തിന്റെ അത്രയൊന്നും ഭദ്രമല്ലാത്ത മുഖം അവരെ ഭയപ്പെടുത്തുന്നുണ്ടാവും, തീർച്ച.

 

Leave a Reply

Your email address will not be published. Required fields are marked *