പൌരോഹത്യത്തിന്റെ മലർക്കെത്തുറക്കുന്ന വാതിലുകൾ ?(അഞ്ചാംഭാവം -22)

Posted by & filed under അഞ്ചാംഭാവം.

സ്ത്രീകൾക്കെന്നും നിഷേധിയ്ക്കപ്പെട്ട പൌരോഹിത്യത്തിന്റെ വാതിലുകൾ മലർക്കെ തുറക്കപ്പെടുകയാ‍ണോ?മാംഗളൂരിലെ ശിവ-അന്നപൂർണ്ണക്ഷേത്രത്തിൽ ഇത്തരമൊരു തുടക്കം കുറിയ്ക്കപ്പെടുമ്പോൾ അതൊരു ചരിത്ര സംഭവം തന്നെയായി മാറിയേയ്ക്കാം.അപൂർവ്വമായി മാത്രം സ്ത്രീ പുരോഹിതകളെ കാണാനാകുന്ന ഇന്നത്തെ വ്യവസ്ഥയിൽ നിന്നും അതൊരു സാധാരണ സംഭവമായി മാറുകയാണെങ്കിൽ സ്ത്രീയെസ്സംബന്ധിച്ചിടത്തോളം അതൊരു നേട്ടം തന്നെ, തീർച്ച.  പൂനയിലെ ഒരു സ്ഥാപനം സ്ത്രീ പുരോഹിതകൾക്കായുള്ള ഒരു കോഴ്സ് തുടങ്ങിയിട്ടുണ്ടെന്നും മുൻപെവിടെയോ വായിയ്ക്കാനിടയായിട്ടുണ്ട്.

മാമൂൽ പ്രിയരുടെ കണ്ണുകളിലൂടെ നോക്കുമ്പോൾ പൌരോഹിത്യവൃത്തിയിൽ നിന്നും സ്ത്രീയെ മാറ്റി നിർത്തിയതിന് തക്കതായ കാരണങ്ങൾ കാണാം. എന്തായാലും കാലത്തിനൊത്ത് മാറാൻ നാം തയ്യാറാകുന്നെന്ന വാർത്ത ശുഭദായകം തന്നെ.

ഗാന്ധി ജയന്തി ദിനത്തിൽ, ” സ്ത്രീകൾക്ക് ഭീതിയെന്യേ  നമ്മുടെ വഴികളിലൂടെ നിർബാധം എന്നു സഞ്ചരിയ്ക്കാനാകുമോ അന്നേ ഇന്ത്യ സ്വാതന്ത്ര്യം കൈ വരിച്ചു എന്നു പറയാനാകൂ” എന്ന ഗാന്ധി സൂക്തത്തെ സത്യമാക്കാനുള്ള ശ്രമവുമായി സ്ത്രീകൾക്കും കുട്ടികൾക്കും അത്യാവശ്യ സമയങ്ങളിൽ വിളിയ്ക്കാനുള്ള ഹെൽ‌പ്പ് ലൈൻ നമ്പറുകളുളെ കൂടുതൽ പ്രചാരത്തിലാക്കാനായി  ഒരു ലക്ഷം ലഘുലേഖകളെ “I save Women and Children” എന്ന കാമ്പെയ്ൻ വഴി വിതരണം ചെയ്ത നിരഞ്ജൻ രാജ് എന്ന ചെറുപ്പക്കാരൻ ശരിയ്ക്കുമൊരു തുടക്കം തന്നെയാണിവിടെ കുറിച്ചതെന്നു തോന്നി. വിദ്യാർത്ഥികൾക്കിടയിൽ ഇറങ്ങിച്ചെന്ന് ഈ നമ്പറുകളെ പോപ്പുലറൈസ്  ചെയ്യുന്നതു വഴി കൂടുതല്പേർ ആപത്ഘട്ടങ്ങളിൽ ഈ നമ്പറുകളെ ഉപയോഗിയ്ക്കുമെന്നും പലവിധത്തിലുള്ള ആശ്വാസങ്ങൾ ഇതു വഴി ലഭിച്ചേയ്ക്കാമെന്നുമുള്ള നിരഞ്ജന്റെ കണക്കു കൂട്ടലുകൾ തെറ്റാവരുതെന്ന പ്രാർത്ഥന മാത്രം.  ഇത് നടന്നത്  ബാംഗളൂരിലാണ്. ഇത്തരമൊരുദ്യമം കേരളത്തിലും തുടങ്ങിയിരുന്നെങ്കിൽ എന്നു ആത്മാർത്ഥമായി ആശിച്ചുപോയി. നിരഞ്ജൻ ദാസുമാർ ഇവിടെയും ജനിയ്ക്കേണ്ടിയിരിയ്ക്കുന്നു, അത്ര കഷ്ടമാണല്ലോ കേരളത്തിലെ സ്ഥിതി. പലപ്പോഴും തോന്നിയിട്ടുണ്ട്, നീതിയായാലും നിയമമായാലും അതിനെ സമീപിയ്ക്കുന്നതിനുള്ള നമ്മുടെ മടിയും മാറ്റേണ്ടിയിരിയ്ക്കുന്നുവെന്ന്. ഒരുപക്ഷേ സ്ത്രീകൾ തന്നെ ഇതിനായി മുന്നിട്ടിറങ്ങുകയാണെങ്കിൽ  വിജയസാദ്ധ്യത കൂടിയെന്നും വരാം.

സ്ത്രീകൾ തീർച്ചയായും പല നിയമങ്ങളെക്കുറിച്ചും അറിഞ്ഞിരിയ്ക്കുകയും ആവശ്യാനുസരണം നിയമസഹായം കൈവരിയ്ക്കുകയും ചെയ്യുമെങ്കിൽ പല ആപത് ഘട്ടങ്ങളേയും  അനായാസം തരണം ചെയ്യാനാകും. കഴിഞ്ഞയാഴ്ച്ചയിൽ ബാംഗളൂരിലെ പീന്യ ഇൻഡസ്റ്റ്രിയൽ എസ്റ്റേറ്റിലെ ഒരു ഫാക്ടറിത്തൊഴിലാളിയായ സ്ത്രീ  ജോലിസ്ഥലത്തെ പീഡനം സഹിയ്ക്കാനാവാതെ അവിടെവെച്ചു തന്നെ സ്വയം തീകൊളുത്തി മരിച്ചെന്ന വാർത്ത കേട്ടപ്പോൾ ഇത്തരം നിയമങ്ങളുടെ അവബോധക്കുറവ് ശരിയ്ക്കും മനസ്സിലാക്കാനായി. ജോലിഭാരത്തിന്റെ അസഹനീയമായ സമ്മർദ്ദം പലപ്പോഴും സൃഷ്ടിയ്ക്കുന്ന ഇത്തരം രംഗങ്ങൾ ഇനിയും ആവർത്തിയ്ക്കപ്പെടേണമോ?ആശ്വാസമേകാനായി ഉണ്ടാക്കപ്പെട്ട നിയമങ്ങൾ എന്തേ വേണ്ട സമയത്ത് ത്ണയ്ക്കെത്തുന്നില്ല? 

Leave a Reply

Your email address will not be published. Required fields are marked *