തിരുവാതിരയാശംസകൾ !( ചിന്തകളും…)

Posted by & filed under കവിത.

മഥനം തുടരവേ പൊങ്ങിടും വസ്തുക്കളെ-

യുടനേ കരസ്ഥമാക്കീടുവാൻ മുതിർന്നവർ

പുറകോട്ടെന്തോ പോന്നു, കാളകൂടമാം വിഷ-

മുയരും നേരം ഭീതി കൺകളിൽ നിഴലിച്ചോ?

 

ചെറുമന്ദഹാസത്തിൻ മേമ്പൊടിയോടെ വിഷം

പരമശിവൻ പാനം ചെയ്യവേ, പരിഭ്രമി-

ച്ചഴലാൽ പതിദേവൻ തന്റെ കണ്ഠത്തെക്കയ്യാൽ

മുറുകെപ്പിടിയ്ക്കുന്നു പാർവതി,പ്രാർത്ഥിയ്ക്കുന്നു.

 

പതി തൻ ജീവൻ, രക്ഷ,യോർത്തിട്ടന്നുറങ്ങാതെ

നിറപ്രാർത്ഥനയാലെ നിന്ന ദേവിയെയോർത്തോ

തൃക്കണ്ണാലെരിഞ്ഞോരു കാമദേവനു ജീവൻ

കിട്ടാനായ് രതീദേവി നോറ്റ നോൽമ്പോർമ്മിച്ചിട്ടോ

ശിവ-പാർവതീ പ്രേമസാഫല്യം വിവാഹത്തിൻ

ദിനമായെത്തും നാളെന്നൊരുവേള ചിന്തിച്ചോ

സകലചരാചരജീവികൾ വണങ്ങുന്ന

പരമശിവൻ തന്റെ തിരുനാളെന്നോർത്തിട്ടോ

വരുന്നൂ ധനുമാസം തന്നിലാതിര, കാറ്റേ

നിനക്കോർമ്മവന്നല്ലോ കുളിരെത്തിച്ചീടുവാൻ!.

 

പരക്കം പായും ജനം മറക്കുന്നാചാരങ്ങൾ

മുറുക്കിപ്പിടിച്ചിട്ടും കൈമോശം വരുന്നല്ലോ

തിരക്കേറിടും ഗ്രാമ വീഥിതൻ മുഖങ്ങളിൽ

എനിയ്ക്കു പരിചിതഭാവമെങ്ങുമില്ലല്ലോ!

Leave a Reply

Your email address will not be published. Required fields are marked *