മേച്ചിൽ‌പ്പുറങ്ങൾ-4

Posted by & filed under Uncategorized.

വ്യത്യസ്തമായ ഒരന്തരീക്ഷം എന്നും നമ്മെ ഹരം പിടിപ്പിച്ചേയ്ക്കാം, സന്തോഷപ്രദമാണെങ്കിൽ. ഒരു കുടുംബ സംഗമത്തിന്റെ തിരശ്ശീലയുയർന്നതും മൂന്നു ദിനങ്ങൾ കടന്നുപോയതും എത്ര വേഗതയിലായിരുന്നു. ദൈനികജീവിതത്തിന്റെ പരക്കം പാച്ചിലുകൾക്കിടയിൽ വീണു കിട്ടുന്ന അവിസ്മരണീയമായ ദിനങ്ങൾ മനസ്സിനെ വിശുദ്ധമാക്കി,ഏറെ ലാഘവമുള്ളതാക്കി.അൽ‌പ്പം മണിക്കൂറുകൾ വർത്തമാനത്തെ മറന്ന്, ഭൂതത്തെ മറന്ന്, ഭാവിയെപ്രതി വേവലാതിപ്പെടാതെ കടന്നു പോയെന്നറിഞ്ഞപ്പോൾ അത്ഭുതം തോന്നി. വ്യത്യസ്തമായ ഇത്തരം മേച്ചിൽ‌പ്പുറങ്ങൾ ബന്ധങ്ങളെക്കുറിച്ചൊട്ടും തന്നെ വില കൽ‌പ്പിയ്ക്കാത്ത ഇന്നത്തെ യുവതലമുറയ്ക്ക് ഏറെ ആവശ്യം തന്നെയല്ലേ എന്നു തോന്നിപ്പോയി.

അച്ഛൻ, അമ്മ, മക്കൾ അടങ്ങുന്ന ന്യൂക്ലിയർ ഫാമിലികളുടെ ആവിർഭാവം നെയ്തെടുത്ത അപരിചിതത്വത്തിന്റെ കണ്ണികൾ നിറഞ്ഞ കുടുംബബന്ധങ്ങൾ സ്വാർത്ഥമോഹങ്ങൾക്കായുള്ള മത്സരച്ചൂടിൽ ദുർബ്ബലമാകുന്നു. എവിടെയൊക്കെയോ നഷ്ടബോധത്തിന്റെ നാമ്പുകൾ തല നീട്ടുന്നു. പേടിയ്ക്കുകയാണ്, സ്വന്തം വേരിനെ ഇവർ കാലക്രമത്തിൽ മറന്നേയ്ക്കുമോ? അതുണ്ടാകാതെ നോക്കേണ്ടത് നമ്മുടെ കടമയല്ലേ? അടിച്ചു പൊളിച്ചു ജീവിയ്ക്കലിൽ സുഖം കാണുന്ന പുതിയ തലമുറ നിർവ്വികാരതയോടെ കണ്ടു നിൽക്കുന്നു. കുടുംബവംശാവലി താളുകൾ സൃഷ്ടിയ്ക്കപ്പെടുമ്പോൾ കൌതുകം കൂടുന്നില്ലെന്നുണ്ടോ? നാളെ “ ഞാൻ എവിടെ നിന്നു വന്നു?”വെന്ന ചോദ്യം ചോദിയ്ക്കപ്പെടുമ്പോൾ കൊടുക്കാനുള്ള ഉത്തരങ്ങളാണ് സൃഷ്ടിയ്ക്കപ്പെടുന്നതെന്നും അവരറിയുന്നില്ലേ? തലമുറകൾ എത്രവേഗം അപ്രത്യക്ഷമായിക്കൊണ്ടിരിയ്ക്കുന്നു. പച്ചിലകൾ എന്നും വീഴുന്ന പഴുത്തിലകളെ നിസ്സംഗതയോടെ കാണാറുള്ളതു തന്നെയാണല്ലോ!

പറഞ്ഞു വരുന്നത് ഇത്രമാത്രം. വരും തലമുറയ്ക്കായി പലതും കുറിച്ചു വയ്ക്കാൻ നമുക്കായെന്നിരിയ്ക്കാം.നമ്മുടെ പഴയ തലമുറകളെക്കുറിച്ചും ഇപ്പോഴത്തെ തലമുറയെക്കുറിച്ചൂം.  ജനിച്ച കുടുംബത്തെക്കുറിച്ചും പ്രപിതാമഹരെക്കുറിച്ചും അറിയാൻ  എപ്പോഴെങ്കിലും കൌതുകം തോന്നാതിരിയ്ക്കില്ല. മൂന്നോ നാലോ വർഷങ്ങളിലൊരിയ്ക്കലെങ്കിലും വംശാവലിയിലെ ജീവിച്ചിരിയ്ക്കുന്നവർ ഒത്തു കൂടുമ്പോൾ അതൊരു ആഘോഷം തന്നെയാക്കി മാറ്റാം.പല വിധത്തിലും പരസ്പ്പരം സഹായിയ്ക്കാനും വിവരങ്ങൾ കൈമാറാനും കഴിയുന്ന വേദിയായി അതിനെ മാറ്റുക. ആപദ് ഘട്ടങ്ങളിൽ സഹായിയ്ക്കുക. പറയാറില്ലെ, ചാരിറ്റി ബിഗിൻസ് അറ്റ് ഹോം എന്ന്.  പിന്തുടരാവുന്ന ചില നല്ല കാര്യങ്ങൾക്കങ്ങിനെയൊരുതുടക്കമിടുന്നത് സമൂഹത്തിന്റെ തന്നെ പുനരുദ്ധാരണത്തിനു തുല്യമല്ലേ? നന്മകൾ വിതയക്കപ്പെടുമ്പോൾ വിതച്ചവ പല മേനിയിൽ വിളവെടുക്കാനുമാകുമെന്നാശിയ്ക്കാം.

വ്യത്യസ്ഥത സൃഷ്ടിയ്ക്കുന്ന മനോഹാരിത പോലെ തന്നെ ശ്രദ്ധേയമാണ് ചിരമായ സാമീപ്യത്താൽ അനുഭവപ്പെടുന്ന വിലയില്ലായ്മ എന്നു തോന്നുന്നു. കഴിഞ്ഞ മുപ്പതിലേറെ വർഷത്തിന്റെ ഓർമ്മകളുമായി മുംബൈ മഹാനഗരം മാടിവിളിയ്ക്കുമ്പോൾ ഓര്ത്തു പോയി, എന്തേ വൈകിയത് എന്ന്. ഒന്നര വർഷത്തിലധികമായി മഹാനഗരത്തിൽ നിന്നും പോന്നിട്ടും നാട്ടിൽ താവളമുറപ്പിച്ചിട്ടും. ഒട്ടേറെ മധുരസ്മരണകൾ തന്ന നഗരിയെ മറന്നില്ലെങ്കിലും നിനച്ചതുപോലെ തിരികെപ്പോകാനുള്ള തീക്ഷ്ണത തോന്നിയില്ലെന്നത് എന്നെത്തന്നെ അത്ഭുതപ്പെടുത്തി. മുംബൈ വിടുകയാണെന്നറിഞ്ഞപ്പോൾ പലരും സൂചന തന്നിരുന്നു, അധികം വൈകാതെ തിരിച്ചിവിടെത്തന്നെയെത്തുമെന്നതിൽ സംശയമില്ലെന്ന്. ഞാനും അങ്ങനെത്തന്നെയാണല്ലോ വിഒചാരിച്ചിരുന്നതും. കൽക്കട്ടയിലെ താമസത്തിന്നിടയിൽ മുംബൈയുടെ ആ ആകർഷണം തിരിച്ചറിഞ്ഞതുമാണല്ലോ? എന്നിട്ടും ഉടനെ തിരിച്ചു പോകണമെന്നൊരിയ്ക്കൽ‌പ്പോലും എന്തേ തോന്നാഞ്ഞത് ആവോ? അകലെ മാറി നിന്ന് നഗരിയെ കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ ഒരിയ്ക്കൽ‌പ്പോലും അന്യതാബോധം തോന്നിയില്ലെന്നതും നേര്.വീണ്ടും മുംബൈ സന്ദർശിയ്ക്കാനും താമസിയ്ക്കാനുമൊരുങ്ങുമ്പോൾ ആദ്യമായി നഗരിയെ കണ്ട ദിവസമാണോർമ്മയിൽ വന്നത്. നവവധുവായി നഗരത്തിലെത്തുമ്പോൾ കൌതുകം എല്ലാകാര്യങ്ങളിലും തോന്നിയിരുന്നു. തനിയെ പുറത്തു പോവാനും സന്ദർശിയ്ക്കാനുമെല്ലാം ഏറെ പേടി തോന്നിയിരുന്നു. തിരിച്ചു നഗരിയോട് വിടവാങ്ങുമ്പോൾ നഗരത്തിന്റെ മുക്കും മൂലകളും ഏറെ സുപരിചമായിക്കഴിഞ്ഞിരുന്നു താനും. ഒന്നു മനസ്സിലാക്കാനായി, പ്രിയമാർന്നവരും സ്ഥലങ്ങളുമെല്ലാം എവിടെയിരുന്നാലും നമുക്കു മനസ്സിൽക്കാണാനാകുന്നു. സ്വയം നാമവയെ അകറ്റാൻ ശ്രമിയ്ക്കാത്തിടത്തോളം. അതു കൊണ്ടു തന്നെയായിരിയ്റ്റ്ക്കാം മഹാനഗരത്തെവിട്ടെന്ന ബോധം ഇനിയും മനസ്സിൽ ഉൾക്കൊള്ളാനാകാത്തതും. അപ്പോല്പിന്നെ നഗരിയിലേയ്ക്കു തിരികെയെത്താൻ വെപ്രാളപ്പെടാത്തതിനും അതു തന്നെയാകാം കാരണം.പക്ഷേ ടിക്കറ്റ് ബുക്ക് ചെയ്തതും മുംബെയിലെത്താനൊരു തിടുക്കം തോന്നിയില്ലെന്നില്ല.

മുംബൈ സന്ദർശനവിവരങ്ങളുമായി വൈകാതെയെത്താം….

 

Leave a Reply

Your email address will not be published. Required fields are marked *