മൌനനൊമ്പരങ്ങൾ

Posted by & filed under കവിത.

രാത്രിയും പകലുമെന്നുള്ള വ്യത്യാസം കൂടാ-
താർത്തിടും നഗരി തൻ ചുടുനിശ്വാസങ്ങളെ
ഏറ്റുവാങ്ങുവാനായോ വന്നിതു കടൽക്കാറ്റേ
മാറ്റുവാൻ കഴിയുമോ മൌനനൊമ്പരങ്ങളെ?

അകലെത്തിരകളങ്ങാർക്കുന്നു, പകലവൻ
പതിവിൻപടി യാത്രചൊല്ലുവാൻ തുടങ്ങുന്നു
അരികത്തെത്തും നേരമെൻ മനം വിതുമ്പുന്ന-
തറിയുന്നില്ലേ കാറ്റേ,കിന്നാരം മതിയാക്കൂ

കടലാകുന്നെൻ മനം ശാന്തമായിരുന്നാലു-
മടിയിൽകുറയില്ല കുത്തൊഴുക്കൊരിയ്ക്കലും
നിറയെത്തിരകൾ തൻ തള്ളിച്ചയുയർത്തവേ
മറവിയ്ക്കുണ്ടോ സ്ഥാനം? കാറ്റിനെന്തറിയുന്നു?

 

Leave a Reply

Your email address will not be published. Required fields are marked *