മുപ്പതു വർഷത്തിലധികം മുംബൈ മഹാനഗരത്തിന്റെ ഭാഗമായി ജീവിച്ചശേഷം ഒന്നര വർഷം മുൻപായിരുന്നു നാട്ടിൽ പോയി അവിടെ സ്ഥിരമായി താമസിയ്ക്കുകയെന്ന അതി സാഹസത്തിന് ഞങ്ങൾ മുതിർന്നത്. അന്ന് പലരും മുന്നറിയിപ്പു തന്നിരുന്നു,മുംബൈ വിട്ടും നിങ്ങൾക്കു താമസിയ്ക്കാനാവില്ലെന്നും പോയ വേഗത്തിൽത്തന്നെ തിരികെയിങ്ങെത്തുമെന്നും. ഇത്രയേറെക്കാലം മുംബെയിൽ താമസിച്ചശേഷം നാട്ടിലെത്തി സ്ഥിരതാമസം തുടങ്ങുമ്പോൾ ഏതെല്ലാം വിധത്തിൽ മഹാനഗരിയെക്കുറിച്ചുള്ള നഷ്ടബോധം ഞങ്ങളെ ബാധിയ്ക്കുമെന്നകാര്യത്തിൽ ഞങ്ങളും ഒരൽപ്പം ഉൽക്കണ്ഠാഭരിതരായിരുന്നെന്നില്ല. ഒന്നരവർഷത്തിനുശേഷം മഹാനഗരിയിലേയ്ക്കു വണ്ടി കയറിയപ്പോഴും മനസ്സിൽ ഒരൽപ്പം ആകാംക്ഷ മുന്നിട്ടു നിന്നിരുന്നു, എന്തെല്ലാം മാറ്റങ്ങളായിരിയ്ക്കാം മുംബൈ ഉൾക്കൊണ്ടിരിയ്ക്കുന്നത് ഇതിനകമെന്നതിൽ. നഗരിയെന്നും മനസ്സിൽ വിസ്മയം വിടർത്തിയിരുന്നല്ലോ?
മുൻപ് പലപ്പോഴും അനുഭവപ്പെട്ടിട്ടുള്ളതാണ് മുംബെയിൽ നിന്നും അകന്നു നിന്നാൽ തിരികെയെത്താനുള്ള തിടുക്കം. ഒരു ചെറിയ യാത്രയോ പതിവുള്ള നാട്ടിൽപ്പോക്കോ പോലും അതിനു നിദാനമായിത്തീരാറുള്ളതാണല്ലോ. അതു കൊണ്ടു തന്നെ ഇവിടം വിടുന്നതിനു എത്രയോ മുൻപേ മനസ്സു കൊണ്ട് തയ്യാറെടുത്തിരുന്നു താനും. അതു കൊണ്ട് തന്നെയാകാം നീണ്ട ഒന്നര വർഷക്കാലത്തിനു ശേഷവും പെട്ടെന്നിവിടെ തിരികെയെത്താൻ മനസ്സ് തിടുക്കം കൂട്ടാതിരുന്നതെന്നാണ് കരുതിയിരുന്നത്. മുംബൈനഗരിയിലെത്തിയപ്പോൾ പല മാറ്റങ്ങൾ കാണാനായെങ്കിലും അവയൊന്നും തന്നെ അത്രയേറെ അത്ഭുതപ്പെടുത്തിയില്ല. പലതും ഉദ്ദേശിച്ചവിധം തന്നെയെന്ന വിചാരമാണുണ്ടായത്. സത്യത്തിൽ നഗരി വിട്ടെങ്കിലും മനസ്സുകൊണ്ട് ഇവിടത്തെ ഓരോ കാര്യങ്ങളേയും പിന്തുടർന്നിരുന്നിരുന്നുവല്ലോയെന്ന അറിവ് അപ്പോഴാണെന്നിൽ ഓർമ്മയുണർത്തിയത്-മനസ്സു കൊണ്ടിന്നും മുംബൈറ്റി തന്നെയാണെന്ന തിരിച്ചറിവ് എന്നെ അത്ഭുതപ്പെടുത്തി. പ്രവാസികളുടെ മനം ഇത്രയേറെക്കവർന്ന മറ്റൊരു നഗരം ഇന്ത്യയിൽ വേറെ കാണില്ലെന്നും തോന്നി.
അന്ധേരിയിൽത്തന്നെ വീണ്ടും ഒരു അടുക്കള തയ്യാറാക്കിയപ്പോൾ മനസ്സിൽ വല്ലാത്ത സന്തോഷം. അടുത്ത കൂട്ടുകാരേയും ബന്ധുക്കളേയും വിളിച്ചു സംസാരിച്ചപ്പോൾ അത് കുറച്ച് കൂടുകയും ചെയ്തു. ഒന്നെനിയ്ക്കു മനസ്സിലായി, ഒരിയ്ക്കൽ ഈ നഗരത്തിന്റെ മാസ്മരികത അനുഭവിച്ചവർക്ക് വീണ്ടും ഇവിടെ വരുമ്പോൾ അതിന്റെ ഹൃദ്യത പതിന്മടങ്ങായി അനുഭവിയ്ക്കാനാകുമെന്ന സത്യം.അല്ലെങ്കിൽ നഗരിയിലേയ്ക്കു കടക്കുന്ന നേരം കാണാനിടയാകുന്ന ചപ്പു ചവറുകളുടെ കൂനകളോ, യാതൊരു വിധ പ്ലാനുകളും കൂടാതെ നഗരമുഖത്ത് കോറലുകൾ സൃഷ്ടിയ്ക്കുന്നവിധം പണിതുയർത്തുന്ന ഫ്ലൈ ഓവറുകളോ, തലപെരുപ്പിയ്ക്കും വിധം ഉയർന്നുകൊണ്ടിരിയ്ക്കുന്ന ശബ്ദമാലിന്യങ്ങളോ, അനന്തമായി നീണ്ടു കിടക്കുന്ന റോഡ് ബ്ലോക്കുകളോ ഒന്നും തന്നെ നിങ്ങളുടെ മനസ്സിൽ യാതൊരുവിധത്തിലും നഗരത്തിനോടുള്ള സ്നേഹത്തിന് കുറവുവരുത്താൻ ഉതകുന്നവയായി മാറാതിരുന്നതെന്തേ? ലോക മാന്യ തിലക് ടെർമിനസിലെ വൃത്തികേടുകൾ നിറഞ്ഞ പ്ലാറ്റ്ഫോം എനിയ്ക്കെങ്ങിനെ പ്രിയപ്പെട്ടതായി മാറി? ട്രാഫിക് ബ്ളോക്കിൽ വെർസോവയിലെത്താനെടുത്ത സമയമത്രയും ഒരു ആവലാതിയും ഞാൻ പറഞ്ഞില്ലല്ലോ? ലിങ്ക് റോഡ് വഴി മീരാറോഡ് വരെ പോയപ്പോളും തിരിച്ചു പോരുമ്പോഴും വഴിയോരക്കഴ്ച്ചകളും ഉയർന്നു സജീവമായിക്കൊണ്ടിരിയ്ക്കുന്ന പുതിയ കെട്ടിട സമുച്ചയങ്ങളും എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ടുതന്നെയിരുന്നില്ലേ?. മകരസംക്രമത്തിന്റെ സന്ദേശവുമായി അന്തക്ഷത്തിൽ ഉയർന്നു പറക്കുന്ന പട്ടങ്ങളും വീടുകളുടെ മുകളിൽ കയ്യറി നിന്ന് പരസ്പ്പരം പട്ടങ്ങളുമായി മത്സരിയ്ക്കുന്ന കുട്ടികളും പെട്ടിക്കടകളിലെല്ലാം പുതിയതായി തൂങ്ങുന്ന പട്ടങ്ങളും എള്ളുണ്ടയുടെ പാക്കറ്റുകളും കണ്ടുകൊണ്ട് കല്യാൺ വരെയും തിരിച്ചും ചെയ്ത യാത്രയിലും ഒന്നേ എനിയ്ക്കു കാണാനായുള്ളൂ, മുംബൈറ്റിയുടെ സ്ഥായിയായ ഉത്സാഹം. ഇന്നിനെ കൈനീട്ടി സ്വീകരിയ്ക്കാനും നാളെയുടെ പ്രതീക്ഷകളുടെ സുഖദ സ്വപ്നങ്ങൾ നെയ്യാനുള്ള മോഹവും മാത്രം.. മുംബൈ മഹാനഗരിയ്ക്കു മാറാനാകില്ല. , ഇന്നും എന്നും നഗാരം ത്രസിച്ചു കൊണ്ടേയിരിയ്ക്കും, രാജ്യത്തിന്റെ മറ്റേതു കോണിലും നടക്കുന്ന സംഭവവികാസങ്ങളെ യാഥാർത്ഥ്യത്തിന്റെ വെളിച്ചത്തിൽ മാത്രം വിലയിരുത്തി , ഇന്നിന്റെ കയ്പു നീരിനു നാളെയുടെ മധുരം വാഗ്ദാനം ചെയ്തുകൊണ്ട്….മുംബൈ! നീ ഏവർക്കും പ്രിയങ്കരി തന്നെ.
(published in kairali kai ezhuththumaasika from Mumbai)
![]() |
KAIRALI MASIKA_January_14_Edition.pdf |
Leave a Reply