മേച്ചിൽ‌പ്പുറങ്ങൾ-5

Posted by & filed under Uncategorized.

ഫ്ളാറ്റ് സമുച്ചയങ്ങളാകുമ്പോൾ വേലക്കാരികൾ വന്നും പോയുമിരിയ്ക്കും. പുതിയ ഫ്ലാറ്റിലേയ്ക്ക്  മാറുമ്പോഴാകട്ടെ,പഴയവരെ പലപ്പോഴും മനസ്സില്ലാ മനസ്സോടെത്തന്നെ വിടേണ്ടി വരികയും ചെയ്യും. ഒരു വേലക്കാരിയെ കിട്ടുമ്പോൾ അവളുടെ ജോലി ചെയ്യുന്ന വിധത്തെ മുൻപുണ്ടായിരുന്നവരുടെ രീതിയുമായി താരതമ്യം ചെയ്യാതിരിയ്ക്കാനും കഴിയുന്നില്ല.ഈയിടെ ഞാൻ വീക്ഷിയ്ക്കാനിടയായ ചില വേലക്കാരികളെ മനസ്സുകൊണ്ടൊന്നു താരതമ്യപ്പെടുത്താതിരിയ്ക്കാനായില്ല.റേറ്റിംഗ്  ചെയ്യാൻ ഒട്ടും ബുദ്ധിമുട്ടുണ്ടായില്ല താനും. അതും പ്രൊഫഷണാലിസത്തിന്റെ തിളക്കത്തോടു കൂടിത്തന്നെ!

 

മഹാനഗരിയിലെ ഹാപ്പനിംഗ് പ്രദേശമായ വെർസോവയിലേയ്ക്ക് മകൻ ഷിഫ് റ്റ് ചെയ്തപ്പോൾ വീടൊക്കെ ഒന്ന് ഓർഗനൈസ്ഡ് ആക്കിക്കൊടുക്കാനായി പോയതായിരുന്നു. സാധനങ്ങൾ വൃത്തിയായി ഒതുക്കി വച്ച മുറികളും അടുക്കളയും മനോഹരമായി തുണികൾ അടുക്കി വെച്ച അലമാരയും കണ്ട് ഞാനത്ഭുതപ്പെട്ടുപോയി. അഭിനന്ദിയ്ക്കാൻ തുടങ്ങവേ, മകൻ പറഞ്ഞു: ദീദി വന്ന് ഒക്കെ അടുക്കിത്തന്നു പോയി. മുൻപ് താമസിച്ചിരുന്ന സ്ഥലത്ത് ഭക്ഷണം പാകം ചെയ്യലടക്കം എല്ലാ ജോലികളും ചെയ്യാൻ വരാറുള്ള സ്ത്രീ. പുതിയ സ്ഥലത്തും വന്ന് എല്ലാമൊന്ന് സെറ്റിലാക്കിക്കൊടുക്കാനുള്ള സൌമനസ്യം കാണിച്ചിരിയ്ക്കുന്നു. ജോലിയിലെ പ്രൊഫഷണാലിസം എന്നല്ലാതെന്തു പറയാൻ? സ്വന്തം ജോലി എന്തു  തന്നെയായാലും അതിനോടുള്ള ആത്മാർത്ഥതയാണിവിടെ കാണാൻ കഴിഞ്ഞത്.

 

ഒരു കസിന്റെ മകളും കൂട്ടുകാരും താമസിയ്ക്കുന്ന സ്ഥലത്തു ചെന്നാപ്പോൽ അവിടത്തെ വേലക്കാരിയെ തിരിച്ചറിയാനായില്ല. ജീൻസും ടോപ്പും ധരിച്ച് അടുക്കളയിൽ മിക്സി പ്രവർത്തിപ്പിച്ചുകൊണ്ടിരുന്ന പെൺകുട്ടി അവരുടെ വേലക്കാരിയാണെന്നെങ്ങനെയറിയാൻ? അത്ഭുതം അത്രയേറെയായിരുന്നു. കൃത്യസമയത്ത് വരുന്നു, പോകുന്നു. ഒരു വേലക്കാരിയുടെ വിനീതവിധേയത്വം അപ്രത്യക്ഷമായിക്കൊണ്ടേയിരിയ്ക്കുന്നു എന്നു വേണം കരുതാൻ.

 

പലപ്പോഴും എന്തെങ്കിലും നിസ്സാരകാര്യങ്ങൾ പറഞ്ഞ് ലീവെടുക്കുന്ന മറ്റൊരു കൂട്ടർ സർവ്വ സാധാരണം തന്നെ. വളരെ തന്മയത്വമായി നുണ പറയാൻ ശീലിച്ചവരാണിവർ. നന്നായി സോപ്പിടാനും ഇവർ മിടുക്കരാവും. നിവൃത്തികേടുകൊണ്ടിവരെ പണിയ്ക്കായി വയ്ക്കുമ്പോൾ അതിൽ നിന്നും മുതലെടുക്കാനിവർക്കൊരു മടിയും കാണാറില്ല. ഇവർക്ക് സ്ഥിരമായ ജോലിയേക്കാൾ ടെമ്പററി ജോലിയാണിഷ്ടം. പെട്ടെന്നു ട്രാൻസ്ഫറായി പോകുന്നവരെ ഇവർ ഏരെ ഇഷ്ടപ്പെടുന്നു. പോകുന്ന സമയം പഴയ സാധനങ്ങളും ഫർണീച്ചറുകളുമെല്ലാം ഫ്രീയായി കിട്ടിയെന്നിരിയ്ക്കാം. ഇനിയുമൊരു കൂട്ടർ നിശ്ശ്ബ്ദസേവനക്കാർ. വരുന്നതും പോകുന്നതും അറിയില്ല. വായ തുറക്കില്ല. പക്ഷേ ചിലരെക്ക് കൊടുംകാറ്റ് എന്നൊക്കെ ഓമനപ്പേരിടേണ്ടി വന്നിട്ടുണ്ട് ഞങ്ങൾക്ക് . അത്ര വേഗത്തിലും അശ്രദ്ധമായും ജോലി ചെയ്യുന്നവരാണിക്കൂട്ടർ. പക്ഷെ വായിൽ തമ്പാക്കും ഇട്ട് വരുന്നവരെയാണ് തീരെ സഹിയ്ക്കാനാവാത്തത്. ഇവരെ പറഞ്ഞുവിടാതിരിയ്ക്കാനാവില്ല. മുംബെയിലെ എന്റെ വേലക്കാരി ,മിടുക്കിയായ പെൺകുട്ടി. നാലഞ്ചു വീടുകളിലെ പണികൾക്കു ശേഷം ഭർത്താവുമൊത്ത് ഗാർഡനിംഗ് ചെയ്തു എക്സ്ട്രാ പണമുണ്ടാക്കുന്നു. സ്വന്തം വിസിറ്റിംഗ് കാർഡുപോലും ഉണ്ടവൾക്ക്. ഉച്ച സമയങ്ങളിൽ സമീപത്തെ ഓഫീസുകളിലെ ഇൻഡോർ പ്ലാന്റ് കോണ്ട്രാക്റ്റ്സിനായി കാൻ വാസ് ചെയ്യും. 10-12 വയസ്സായ മകനും കൂട്ടിനുണ്ടാവും. കഴിഞ്ഞ ദിവസം ഒരു ചെറിയ പിക്ക്-അപ് വാൻ വാങ്ങുന്നതിനെക്കുറിച്ചായിരുന്നു അവളുടെ സംസാരം മുഴുവൻ. നല്ല നിലയിലേയ്ക്കെത്താൻ മോഃഅവും അതിനായുള്ള പരിശ്രമവും വിജയിയ്ക്കാതിരിയ്ക്കുമോ?

 

ബാങളൂരിലെ ഫ്ലാറ്റിൽ സദാ കളിച്ചും തമാശ പറഞ്ഞും വന്നാൽ പിന്നെ വൃത്തിയായി ജോലികൾ ചെയ്യുകയും ചെയ്യുന്ന ചെറുപ്പക്കാരിയായ പെൺകുട്ടി ഏറെ സന്തോഷവതിയെന്നു തോന്നിച്ചു. പക്ഷേ മുഴുക്കുടിയനായ ഭർത്താവിന്റെ ശല്യവും ചെറിയ കുട്ടിയായ മകളെക്കുറിച്ചുള്ള ഉൽക്കണ്ഠയും അവളുടെ സമാധാനത്തെ സദാ കാർന്നു തിന്നുകൊണ്ടെയിരിയ്ക്കുന്നുവെന്നറിയാൻ ഏറെ കാലമെടുത്തു.അരിയാതെ ഒരു നിമിഷം നിറഞ്ഞ കണ്ണുകൾ എന്നെയും വേദനപ്പെടുത്തി.

ഇനി കേരളത്തിലെ സ്ഥിതിയോ? പറയാതിരിയ്ക്കുകയാവും നല്ലത്. ഒന്നാമത് ആരെയും പണിയ്ക്കു ആവശ്യമുണ്ടെങ്കിൽ കിട്ടില്ല. അത്തരം വീട്ടുജോലികൾ ചെയ്യുകയെന്നതിനെ അഭിമാനക്കുറവായികാണുന്നതിനാലാണാവോ, എന്തോ? കിട്ടിയാലും ആത്മാർത്ഥത തീരെ കാണില്ല. എങ്ങനെയൊക്കെയോ വരും, ജോലി ചെയ്യും, പോകും. പ്രൊഫഷണാലിസം അടുത്തു കൂടിപ്പോയിട്ടില്ല. പക്ഷേ,കൂലി കണക്കുപറഞ്ഞു വാങ്ങാൻ ഇക്കൂട്ടർക്ക് മടി ഒട്ടില്ലതാനും. വീട്ടുവേലക്കാരികളെന്ന് സ്വപ്നം ഉപേക്ഷിയ്ക്കാൻ സമയമായെന്നു തോന്നുന്നു. അഥവാ കൂടുതൽ പ്രൊഫഷണൽ ആയി അവർ പ്രത്യക്ഷപ്പെടുന്നതും കാത്തിരിയ്ക്കാം.. ഇവിടെ എന്തും സംഭവിയ്ക്കാം.

Leave a Reply

Your email address will not be published. Required fields are marked *