മനസ്സിലൊരു വിഷുക്കണി

Posted by & filed under കവിത.

 

 

 

വിഷു വരുന്നു, വേനൽച്ചൂടിൻ പുതപ്പിട്ട്

വിഷുവരുന്നു, മദ്ധ്യവേനലവധിയിൽ

പുതുമയേറെയുൾക്കൊള്ളുവാൻ മോഹങ്ങൾ

തലയുയർത്തുന്നു, പൊൻ കണിയേറ്റിടാം.

 

പുറകെയെത്തിടുമോരോ ദിനങ്ങളും

ശുഭദമാകണമെന്ന മോഹത്തിനാൽ

കണിയൊരുക്കുന്നു, സ്വപ്നങ്ങൾ സത്യമായ്

വരിക ദുഷ്ക്കരമെന്നൊന്നറിഞ്ഞു താൻ.

 

ഇവിടെയിന്നിന്റെ യാഥാർത്ഥ്യമൊക്കെയും

ഇമ തുറക്കുകിൽ മുന്നിൽ വരാതെയീ

കപടലോകത്തെ വീക്ഷിച്ചു തൃപ്തിയാൽ

സുഖദ സ്വപ്നങ്ങൾ നെയ്തു തുടങ്ങവേ…

തിരികെയെത്തിടും ഇന്നിന്റെ കയ്പ്പുനീർ

അമൃതമെന്നു ഞാനെത്ര  ചിന്തിയ്ക്കിലും

സുഖസമൃദ്ധി മരീചികപോലെയെൻ

ഹൃദയമാം മരുഭൂവിലൊളിയ്ക്കവേ…

തിരയുവാനില്ല ബാക്കി, ജലാർത്തിയാ-

ലുഴറുമെൻ സ്വപ്നമൊക്കെ മരിയ്ക്കുമോ?.

അവ മരിയ്ക്കിലും പേക്കോലമായിയെൻ

ഹൃദയഭാരമായ് മാറിടുകില്ലയോ?

Leave a Reply

Your email address will not be published. Required fields are marked *