സ്ത്രീ ജീവിതം അഴിയാക്കുരുക്കോ?(അഴിയാക്കുരുക്കുകൾ-1)

Posted by & filed under അഴിയാക്കുരുക്കുകൾ, Uncategorized.

 

(Published   in (http://www.eastcoastdaily.com/2014/08/10/sthree-jeevitham-azhiyakkurukk/)

ജീവിതശൈലിയുടെ മാറ്റം മനുഷ്യജീവിതത്തിൽ വരുത്തുന്ന പരിവർത്തനങ്ങൾ പലപ്പോഴും സ്വാഗതാർഹങ്ങളാകണമെന്നില്ല. അതിമോഹത്തിന്റെ  വിട്ടുവീഴ്ച്ചയില്ലാത്ത പരിധികൾക്കകത്തായി ഞെരുങ്ങുന്ന മനുഷ്യത്വം പലപ്പോഴും സമ്മാനിയ്ക്കുന്ന കാഴ്ച്ചകൾ നമ്മെ ചിന്തിപ്പിയ്ക്കുന്നവയാണ്. എവിടെയ്ക്കാണീ പോക്കെന്നും  അഴിയാക്കുരുക്കുകൾ എങ്ങിനെ ഒഴിവാക്കാമെന്നും ചിന്തിയ്ക്കുന്നതിനിടയിൽത്തന്നെ  കടന്നു പോകുന്ന കാലം നമ്മെ നോക്കി പരിഹാസച്ചിരി തൂകാതിരിയ്ക്കുമോ? എവിടെയൊക്കെയോ കുരുക്കുകൾ മുറുകുമ്പോൾ അതിനിടയിൽ‌പ്പെടുന്ന ഇരകളിലധികവും സ്ത്രീകളാണെന്നറിയുമ്പോൾ അറിയാതെ തന്നെ കുരുക്കുകളെ അതിജീവിയ്ക്കാൻ മോഹമുദിയ്ക്കുന്നതിലും തെറ്റില്ലല്ലോ? വ്യക്തിഗതമായ തെറ്റുകൾ സമൂഹത്തിനു തിരുത്താനാകാത്തവിധം വളരുമ്പോൾ പലപ്പോഴും അമ്പരന്നു നിൽക്കാനേ നമുക്കാകുന്നുള്ളൂ എന്നതാണു സത്യം.

ശരി-തെറ്റുകളുടെ നിർവ്വചനങ്ങൾ തന്നെ മാറ്റിക്കുറിയ്ക്കേണ്ടിരിയ്ക്കുന്നു. ഇന്നലെച്ചെയ്ത അബദ്ധങ്ങൾ ഇന്നത്തെ ശരികളാണെന്ന കവിവചനത്തിന്നൊരപവാദം പോലെ. ഇന്നലത്തെ ആ ശരികളെ ഇന്നു ഉൾക്കൊള്ളാനാരും തയ്യാറാകുന്നില്ല. സമൂഹത്തിന്റെ കാഴ്ച്ചപ്പാടും ചിന്താഗതികളും അത്രയേറെ മാറിക്കഴിഞ്ഞിരിയ്ക്കുന്നു. അബലയെന്ന്നു മുദ്രകുത്തപ്പെടാൻ സ്ത്രീത്വം വിസമ്മതിയ്ക്കുന്നു. അതേ സമയം ശക്തിയെന്ന മുദ്ര കാംക്ഷിയ്ക്കുകയും ചെയ്യുന്നു. പക്ഷെ, മാറ്റത്തിന്നായി മുറവിളി കൂട്ടുന്ന സമൂഹം തന്നെ പലപ്പോഴും നൽകുന്ന പിന്നിൽക്കുത്ത് അവളെ പലപ്പോഴും തന്റെ ലക്ഷ്യത്തിലേയ്ക്കുള്ള കുതിപ്പിന്നിടയിൽ നഷ്ടപ്പെടുന്ന ആതമവിശ്വാസക്കുറവിന്റെ രൂപത്തിൽ പിടിച്ചു നിർത്തുമ്പോൾ അറിയാതൊരു ദീർഘശ്വാസമായി അത് പുറത്തു ചാടുന്നു. കുറുക്കുവഴികൾ തേടാൻ പലപ്പോഴും പ്രേരിതയാക്കപ്പെടുമ്പോഴും അവൾ ആത്മവിശ്വാസക്കുറവിന് അടിയറവു പറയുകതന്നെയായിരിയ്ക്കണം ചെയ്യുന്നത്.  ആ ആത്മവിശ്വാക്കുറവു തന്നെയല്ലേ ഇന്നു നമുക്കു ചുറ്റും പലവിധത്തിലായും കേൾക്കാനിടയാകുന്ന സ്ത്രീ പീഢനങ്ങൾക്കൊക്കെ കാരണം? ചിന്തിയ്ക്കാനല്ല, പ്രവർത്തിയ്ക്കാൻ സമയം അതിക്രമിച്ചിരിയ്ക്കുന്നു.

പഴയകാലങ്ങളെ തിരിച്ചുപിടിയ്ക്കാനല്ല, പുതിയവയെ ഉൾക്കൊള്ളുമ്പോൾ സ്വീകരിയ്ക്കേണ്ട നടപടികളെക്കുറിച്ചാണ് ചിന്തിയ്ക്കേണ്ടിയിരിയ്ക്കുന്നത്. സ്ത്രീകൾക്കെതിരെ നടക്കുന്ന അക്രമങ്ങൾ ദിനം പ്രതി കൂടിക്കൊണ്ടു വരുന്ന ഇത്തരുണത്തിൽ അവയ്ക്കു പുറകിലെ കാരണങ്ങൾ തേടുമ്പോൾ പലപ്പോഴുംനമുക്കെന്തു കൊണ്ടിതു തടയാനാവില്ലെന്നോർത്ത് വിഷമം തോന്നാറുണ്ട്. കാലം മാറി, മനുഷ്യൻ ഇത്രയേറെ പുരോഗമിച്ചു, എന്നിട്ടും പുരോഗമിയ്ക്കാത്ത ഒന്നു ബാക്കിയുണ്ടു, സ്ത്രീയുടെ നേർക്കുള്ള പുരുഷന്റെ ചിന്താഗതി. അവൾക്ക് അംഗീകാരം നൽകാനുള്ള അവന്റെ മടി. അവളെ എന്നും കീഴ്പ്പെടുത്താനുള്ള , കാൽക്കീഴിൽ നിർത്താനുള്ള അഭിനിവേശം. സ്ത്രീയെ തനിയ്ക്കടിമയാക്കാനായി സൃഷ്ടിച്ചതാണെന്നൊരു തെറ്റായ ഒരു ബോധം ഇനിയും പുരുഷമനസ്സുകളിൽ നിന്നും മറ്റാനാകുന്നില്ലെങ്കിൽ അതിനു ഒരു പക്ഷേ സ്ത്രീയും കാരണക്കാരി തന്നെ എന്നു കാണാം. യാതൊരു പരിഭവവും കൂടാതെ കുടുംബത്തിന്റെ ചുമതലകൾക്കൊപ്പം സാമ്പത്തിക വരുമാനത്തിന്റെ പങ്കും വഹിയ്ക്കാനവൾ   തയ്യാറെടുക്കുമ്പോൾ അവളുടെ മനസ്സിൽ സുഖവും ശാന്തിയും നിറഞ്ഞ ഒരു മധുര സ്വപ്നം മാത്രം.പക്ഷേ അവളുടെ മനസ്ഥിതിയെ ഉൾക്കൊള്ളാനോ അതിനായുള്ള പിന്തുണ നൽകാനോ കൂട്ടാക്കാതെ അവളുടെ സ്വപ്നങ്ങളിൽ ഭീതിയുടെ കരിനിഴൽ പടർത്താനേ ഇന്നു സമൂഹത്തിനാകുന്നുള്ളൂ. പലപ്പോഴും ക്ഷമയുടെ നെല്ലിപ്പലകകൾ ചെയ്യാൻ പാടില്ലായ്ക്കകളുടെ ലിസ്റ്റിന്റെ നിരകളിൽത്തട്ടി പൊട്ടിപ്പൊളിയുന്ന കാഴ്ച്ചകളാണെങ്ങൂം. എവിടെയും നിഷേധിയ്ക്കപ്പെടുന നീതി,പുരുഷമേധാവിത്വത്തിന്റെ   കയ്പ്പേറിയ അനുഭവങ്ങൾ,കുറ്റപ്പെടുത്തലുകൾ, ഒറ്റപ്പെടുത്തലുകൾ, അപമാനഭീതി, അവഹേളനങ്ങൾ- സ്ത്രീ  ഇവയ്ക്കിടയിൽ പെട്ടു ഞെരുങ്ങുകയാണിന്നും.

 

വാർത്താമാധ്യമങ്ങൾ കൊണ്ടുവരുന്ന സ്ത്രീപീഡനവാർത്തകളെ മരവിപ്പോടെ മാത്രം നമുക്കിപ്പോൾ  കേൾക്കാനാകുന്നു. കാരണം ദിനം പ്രതി അവ വർദ്ധിച്ചു കൊണ്ടേയിരിയ്ക്കുന്നല്ലോ? സെമിനാറുകളും പ്രകടനങ്ങളും തമ്മിൽത്തമ്മിൽ കുറ്റപ്പെടുത്തലുകളും കുറച്ചു ദിവസത്തേയ്ക്ക് അന്തരീക്ഷത്തെ ശബ്ദമുഖരിതമാക്കുന്നു. പിന്നെയോ? എല്ലാം മറവിയ്യുടെ തിരശ്ശീലകൾക്കുള്ളിലേയ്ക്കു വലിച്ചെറിയപ്പെടുന്നു. വ്യക്തിഗതമായ വിശകലനങ്ങൾ കാരണങ്ങളായി നിരത്തുന്നതൊഴികെ ഒരു സുരക്ഷാപ്രതിവിധി ആർക്കും പറഞ്ഞു തരാനില്ല. സ്ത്രീയെ കുറ്റം പറയാനുള്ള പ്രവണത എവിടെയും മുഴച്ചു നിൽക്കുകയും ചെയ്യുന്നു.മനുഷ്യൻ മൃഗമായി മാറുന്ന വേളയിൽ അവനെ നിയന്ത്രിയ്ക്കാൻ ആർക്കാകും? മനുഷ്യ സംസ്കാരം ഉരുത്തിരിഞ്ഞു വന്നത് ഏതാനും ദിവസങ്ങളോ, മാസങ്ങളോ, വർഷങ്ങളോ കൊണ്ടല്ല.. സദാചാര ബോധം നഷ്ടപ്പെട്ടുകൊണ്ടിരിയ്ക്കുന്ന സമൂഹത്തിനു സ്വന്തം അടിത്തറയാണിളകുന്നതെന്ന ബോധം ഇനിയെന്നു വരാൻ? കടിഞ്ഞാണില്ലാത്ത ഈ പോക്കെങ്ങോട്ടായിരിയ്ക്കും. ആലോചിച്ചാൽ ഒരന്തവും കിട്ടാത്തചോദ്യത്തിനു മുന്നിൽ നാമിന്നും പകച്ചിരിയ്ക്കുകയാണ്. ഉത്തരം കിട്ടാഞ്ഞിട്ടാകുമോ അതോ അതിനായുള്ള ശ്രമങ്ങൾ ഇല്ലാഞ്ഞിട്ടോ അതോ വേണ്ട വിധത്തിൽ അല്ലാഞ്ഞിട്ടോ? സ്ത്രീകൾക്കു മേലുള്ള അക്രമങ്ങൾ എന്തു കൊണ്ടായിരിയ്ക്കണം ഏരുന്നതും തടയാനാകാതെ പോകുന്നതും?  ധനികനെന്നോ ദരിദ്രനെന്നോ സംസ്ക്കാരസമ്പന്നനെന്നോ തെമ്മാടിയെന്നോ അക്രമം കാണിയ്ക്കുന്നവരെ വിവേചിയ്ക്കാനാവില്ല. ബലാത്സംഗചിന്തകളും പ്രവർത്തികളും അതെപോലുള്ള മറ്റു സ്ത്രീപീഡനങ്ങളും രോഗലക്ഷണങ്ങളാണോ? എങ്കിലവ ശരിയ്ക്കും ചികിത്സിയ്ക്കപ്പെടേണ്ടവ തന്നെ, തീർച്ച

 

 

 

 

2 Responses to “സ്ത്രീ ജീവിതം അഴിയാക്കുരുക്കോ?(അഴിയാക്കുരുക്കുകൾ-1)”

  1. KMypeDek
  2. Jyothi

    താങ്ക്യൂ….

Leave a Reply

Your email address will not be published. Required fields are marked *