മീനാ കി കഹാനി ( അഴിയാക്കുരുക്കുകൾ‌- 2)

Posted by & filed under അഴിയാക്കുരുക്കുകൾ, Uncategorized.

പെണ്‍കുട്ടികളെ സംരക്ഷിക്കൂ , അവരെ പഠിപ്പിക്കൂ

http://www.eastcoastdaily.com/2014/08/16/protect-girls/

പത്രമെടുത്തൊന്നു നിവർത്തിയാൽ ദിവസവും രാജ്യത്തിന്റെ വിവിധഭാഗങ്ങളിലായി സ്ത്രീകൾക്കെതിരെ നടക്കുന്ന അക്രമങ്ങളേ ഈയിടെയായി കണ്ണിൽ‌പ്പെടുന്നുള്ളൂ.സത്യത്തിൽ പലയിടങ്ങളിലും ഇത്തരം വാർത്തകൾ റിപ്പോർട്ട് ചെയ്യപ്പെടാതിരുന്നിട്ടു കൂടി ഇത്തരം അതിക്രമങ്ങളുടെ അളവ് കൂടി വരുന്നതായാണ് കാണുന്നത്.

സ്ത്രീയുടെ നേർക്കുള്ള അക്രമങ്ങൾ വർദ്ധിയ്ക്കാൻ കാരണം തേടിയാൽ അവയിൽ പലതും സന്ദർഭത്തിന്റെയും സാഹചര്യത്തിന്റേയും വ്യക്തിഗത സംസ്ക്കാര-ചിന്താഗതികളുടെയും പരിണതഫലമാണെന്നു കാണാൻ കഴിയും. ലോകത്തിന്റെ പല ഭാഗങ്ങളിലേയും വ്യത്യസ്തമായ സംസ്ക്കാരം ഇതിനെതിരെ പ്രതികരിയ്ക്കുന്നതും വ്യത്യസ്ഥമായ രീതിയിലാണല്ലോ?. പീഢനങ്ങൾ തന്നെ ശാരീരികമോ, മാനസികമോ , ഡയറ്ക്ടോ ഇൻഡൈറക്ടോ ഇവ രണ്ടും ചേർന്നവയോ ആകാം. കാലത്തിന്റെ ശീഘ്ര ഗമനത്തിന്നിടയിൽ  പുരോഗതി മാത്രം ലക്ഷ്യമാക്കി കുതിയ്ക്കുന്ന മാനവരാശിയുടെ തനതായ കെട്ടുറപ്പിനെ ഇളക്കും വിധം സമൂഹ വികാരങ്ങളുടെ നിയന്ത്രണത്തിന്ന് മാറ്റം സംഭവിയ്ക്കുമ്പോൾ നമുക്കു പരിഭ്രമിയ്ക്കാതിരിയ്ക്കാനാകുന്നില്ല.  പക്ഷെ നമ്മെ ആകുലരാക്കുന്നത് അക്രമങ്ങളുടെ വർദ്ധനവു മാത്രമല്ല,അവയുടെ ആകസ്മികത കൂടിയാണ്. ലൈംഗിക പീഡനത്തിനിരയാകുന്ന സ്ത്രീകളുടെ പ്രായപരിധികൾ അപ്രത്യക്ഷമായിക്കൊണ്ടിരിയ്ക്കുന്നതും കാണാനാകുന്നു. തൊണ്ണൂറു വയസ്സും തൊണ്ണൂറു ദിവസവും ആക്രമത്തിന്നൊരേ പോലെ ഇരയാകാമെന്ന സത്യം നമ്മെ ഭീതിതരാക്കുന്നു. മനോവൈകല്യം എന്നല്ലാതെ മറ്റെന്താണ് ഇതിനെ വിളിയ്ക്കാനാകുക?

സമീപ കാലത്ത് കൊച്ചു കുഞ്ഞുങ്ങൾക്കു നേരെയുള്ള ലൈഗികാക്രമണങ്ങൾ  വളരെയേറെ കൂടിയതായി കണ്ടു വരുന്നു.    മാറി വരുന്ന സാമൂഹികവീക്ഷണം ആകർഷകമായ പ്രലോഭനങ്ങൾ വച്ചു നീട്ടുന്ന പുതുയുഗ വിദ്യാഭ്യാസക്കച്ചവടക്കാരുടെ കെണിയിൽ കുടുങ്ങി കുരുന്നുകളുടെ സുരക്ഷയിൽ  കലർത്തുന്ന വിഷാംശം അറിയാതെ ഭുജിച്ചു നിർവൃതിയടയുമ്പോൾ നമ്മുടെ സംസ്ക്കാരങ്ങൾ കുഴിച്ചു മൂടപ്പെടുക തന്നെയാണ് ചെയ്യുന്നത്.. ഗ്രാമങ്ങളിലായാലും നഗരങ്ങളിലായാലും കുട്ടികളെ നമ്മളൊക്കെ പഠിച്ചു ജയിച്ചു പുറത്തുവന്ന ഒട്ടനേകം   പഴയ ചിട്ടകളോടു കൂടിയ  സ്കൂളുകളിലേയ്ക്കയയ്ക്കാനാരും തയ്യാറാകുന്നില്ല. കുതിരസ്സവാരിയും ക്രിക്കറ്റ് പരിശീലനവും ട്രെക്കിംഗും , കരാട്ടേയും, ഔട്ട് ഡോർ ക്ലാസ്സുകളും പോലെ മറ്റു പലതും ഇത്തരം പഴയ സ്കൂളുകളിൽ കണ്ടെന്നു വരില്ല. പകരം രണ്ടു വയസ്സു പോലും തികയുന്നതിനു മുൻപായവർ പ്ളേ സ്കൂളുകളിലേയ്യ്ക്കയയ്ക്കപ്പെടുന്നു. കഴിഞ്ഞ മാസത്തിൽ ബാംഗളൂരിലെ വളരെ പ്രശസ്തിയേറിയ ഇത്തരം ഒരു സ്കൂളിലെ ആറു വയസ്സുകാരി പീഡിപ്പിയ്ക്കപ്പെട്ട കഥ പുറത്തു വന്നപ്പോൾ ജനം ഇളകി മറിയാതിരുന്നില്ല. രക്ഷാകർത്താക്കളുടെ രോഷം എത്ര ദിവസം പ്രകടിയ്ക്കപ്പെട്ടു? എന്തായി ഫലം?പ്രിൻസിപ്പൽ ഒന്നു സ്ഥാനം മാറിയെന്നു മാത്രമോ? കുറ്റവാളികൾ പിടിയ്ക്കപ്പെട്ടോ? ഒന്നും വ്യക്തമല്ല, നമ്മുടെ പിഞ്ചുകുഞ്ഞുങ്ങൾ സ്കൂളിലായാലും മറ്റെവിടെയായാലും തീരെ  സുരക്ഷിതരല്ലെന്ന സത്യമൊഴിച്ച്. അദ്ധ്യാപകരെ /ഗുരുക്കന്മാരെ പൂജിയ്ക്കുന്ന സംസ്ക്കാരത്തിന്റെ ദയനീയമായ ഈ വീഴ്ച്ചയെ  നമുക്കു തിരുത്താനാകുമോ?

ബാംഗളൂരിൽ നടന്നു കൊണ്ടിരിയ്ക്കുന്ന ദസ്തകാർ  മേളയിലെ നാച്വറൽ ബസാർ  സന്ദർശിച്ചപ്പോൾ നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള ഒട്ടനവധി  കരകൌശല വസ്തുക്കളുടെ നൂറോളം സ്റ്റാളുകൾ കാണാനിടയായി. പല കലാകാരന്മാരേയും നേരിട്ടു കാണാനും പരിചയപ്പെടാനും കഴിഞ്ഞെങ്കിലും മനസ്സിനേറെ സന്തോഷം തന്നത് കവാട് കലാകാരനായ ദ്വാരകാപ്രസാദ്  ജൻഗിഡ് തന്നെയായിരുന്നു. ഏറെ കൌതുകകരമായിത്തോന്നിച്ച  ഇദ്ദേഹത്തിന്റെ പെയിന്റിംഗുകളുടെ പ്രത്യേകത അവയെല്ലം തന്നെ സ്വയം കഥകൾ പറയുന്നവിധം അനുബന്ധമായവയും പ്രത്യേകമായ രീതിയിൽ മരപ്പാളികളിൽ ഒന്നിനുള്ളിൽ ഒന്നായി അനേകമനേകം വാതിലുകൾ പോലെ അടയ്ക്കാനും തുറക്കാനും പറ്റുന്ന പെട്ടികൾ പോലെ ആണെന്നതുമായിരുന്നു. സന്തോഷപൂർവ്വം ഞങ്ങൾക്കായി രാമായണവും കൃഷ്ണ ചരിതവുമെല്ലാം ഓരോ പാളികളും വാതിലുകൾ  തുറന്നു വിശദീകരിച്ചു തരാനുള്ള സൌമനസ്യം ഈ കലാകരൻ  കാണിച്ചു. . പക്ഷേ അതിനുശേഷം വളരെ അഭിമാനപൂർവ്വം അദ്ദേഹം കാണിച്ചു തന്ന ‘മീനാ കി കഹാനി‘  എന്ന കഥയുടെ ചുരുളുകൾ ഇത്തരം ഒട്ടനേകം സുന്ദരവും നിറങ്ങളാൽ  മിഴിവുറ്റതുമായ കൊച്ചു കൊച്ചു കതകുകൾ പ്രത്യേകതരത്തിൽ തുറന്നുകൊണ്ടദ്ദേഹം ഞങ്ങൾക്കു മുന്നിൽ നിവർത്തിയപ്പോൾ അത്ഭുതം കൊണ്ടു ശരിയ്ക്കും മിഴികൾ തള്ളിപ്പോയി.  കൊച്ചു കുട്ടിയായ മീനയെ പെൺകുട്ടിയായതിനാൽ സ്കൂളിൽ‌ വിടാതിരുന്നപ്പോൾ സ്നേഹപൂർവ്വം വീട്ടിലെത്തിയ അദ്ധ്യാപകൻ പെൺകുട്ടികൾ വിദ്യാഭ്യാസം നേടുന്നതിലെ മെച്ചങ്ങൾ മാതാപിതാക്കളെ പറഞ്ഞു ധരിപ്പിച്ചു .അങ്ങിനെ മീനയെ സ്കൂളിൽ ചേർക്കുന്നു. നന്നായി പഠിയ്ക്കാനും അമ്മയെ സഹായിയ്ക്കാനും ഒരുപോലെ മിടുക്കുകാട്ടുന്ന മീന ഉന്നതവിജയം നേടുന്നതും, വിദേശ രാജ്യത്തെ പഠന ശേഷം നാട്ടിലെത്തുന്നതും, മറ്റു സ്ത്രീകളെ  അഭ്യസ്തവിദ്യരാക്കുന്നതും അവസാനം വിവാഹിതയാകുന്നതുമായ ശുഭപര്യവസായിയായ കഥ കണ്ടു കഴിഞ്ഞപ്പോൾ ആ  കലാകരനെ കൈ കൊടുത്ത് ഒന്നഭിനന്ദിയ്ക്കാതിരിയ്ക്കാനായില്ല.

“ലഡ്കാ ലഡ്കീ ഏക് സമാൻ“  എന്ന സന്ദേശവും ഒരു പെൺകുഞ്ഞിനെ പഠിപ്പിയ്ക്കുന്നത് ഒട്ടനവധി സ്ത്രീകളെ  ഉദ്ധരിയ്ക്കുന്നതിനു തുല്യമാണെന്നുമുള്ള സന്ദേശവും ഇദ്ദേഹത്തിന്റെ കലാരൂപത്തിന്റെ മുഖഭാഗത്തായി എഴുതിയിരിയ്ക്കുന്നതും ശ്രദ്ധയിൽ‌പ്പെട്ടു. ഇന്നത്തെ ദിനപ്പത്രത്തിൽ കണ്ട  വരികളും ഇതു തന്നെയാണല്ലോ എന്നു ഞാനോർത്തുപോയി. “ബേഠി ബച്ചാവോ, ബേഠി പഠാവോ “ എന്ന പ്ളാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പെൺകുഞ്ഞുങ്ങൾ കുറവുള്ള 100 ജില്ലകളിൽ പടിപടിയായി തുടങ്ങാനുള്ള സർക്കാരിന്റെ തീരുമാനം. പക്ഷേ അതേ പത്രത്തിന്റെ മറ്റൊരു താളിൽക്കണ്ട മുൻപറഞ്ഞ  സ്കൂൾ വാർത്തയും ഓർമ്മിയ്ക്കാതിരിയ്ക്കാനായില്ല.ഒന്നു തീർച്ച,ശ്ത്രീ ശാക്തീകരണം  ഈ കാലഘട്ടത്തിന് അത്യന്താപേക്ഷിതമായ ഒന്നായി മാറിയിരിയ്ക്കുന്നു ,സ്വയം വളരാൻ മാത്രമല്ല,  തളരാതിരിയ്ക്കാനും…

“I do not wish women to have power over men; but over themselves.” Mary Wollstonecraftന്റെ ഈ വരികൾ മനസ്സിൽ തികട്ടി വരുന്നു.

Leave a Reply

Your email address will not be published. Required fields are marked *