ലേബലുകൾ തിരുത്തപ്പെടുമ്പോൾ (അഴിയാക്കുരുക്കുകൾ-3)

Posted by & filed under അഴിയാക്കുരുക്കുകൾ, Uncategorized.

 

സമൂഹത്തില്‍ സ്ത്രീകള്‍ ഇടപെടേണ്ട വിധം

http://www.eastcoastdaily.com/2014/08/23/woman-in-society/

സമൂഹത്തിൽ പുഴുക്കുത്തുകൾ എന്നുമുണ്ടായിരുന്നു.ഇന്നാകട്ടെ, വാർത്തകൾ ക്ഷണനേരം കൊണ്ട് കാറ്റിനേക്കാൾ വേഗത്തിൽ പ്രചരിപ്പിയ്ക്കാൻ അഭിനവ ടെക്നോളജിയ്ക്കു കഴിയുന്നതിനാൽ ഒരേ സമയം എല്ലാവരിലെയ്ക്കും നല്ലവയും ചീത്തയുമായ വാർത്തകൾ എത്തിച്ചേരുന്നുവെന്നു മാത്രം. അടുക്കളപ്പിന്നാമ്പുറങ്ങളിലെ കുശുകുശുപ്പുകളിലൂടെ പണ്ട് പുറത്തു വന്നിരുന്ന കൊച്ചു വർത്തമാനങ്ങൾ പോലും ഇന്നു  സോഷ്യൽ മീഡിയയുടെ ഡിസ്ക്കഷൻ ഫോറങ്ങളിലെത്തുന്നു. നേർക്കു നേരെ വന്നിരുന്ന  തണുപ്പൻ പ്രതികരണങ്ങൾ മുഖം മടികളുടെ മറവിൽ തീക്ഷ്ണങ്ങളായ വാദവിവാദങ്ങളിലേയ്ക്കു കടക്കുന്ന കാഴ്ച്ചയാണെവിടെയും. വെറും പോസ്റ്റുകൾക്കും കമന്റുകൾക്കുമുപരിയായി സമൂഹത്തിന്റെ നന്മയ്ക്കായവ വേണ്ട വിധത്തിൽ ഉപയോഗപ്പെടുത്തിയിരുന്നെങ്കിൽ എന്നാശിച്ചു പോകുകയാണ്. എത്രയെത്ര സാമൂഹികപ്രശ്നങ്ങളെ പരിപൂർണ്ണമായല്ലെങ്കിലും പരിധി വരെയെങ്കിലും തടയാനായിക്കൂടേ? സോഷ്യൽ മീഡിയ യുവജനങ്ങളെ മാത്രമല്ല, മുതിർന്നവരേയും ഏറെ സ്വാധീനിയ്ക്കുന്നുവെന്ന സത്യം നമുക്കറിയാത്തതല്ലല്ലോ?

മദ്യപാനാസക്തി ശിഥിലമാക്കിക്കൊണ്ടിരിയ്ക്കുന്ന ഒട്ടേറെ കുടുംബങ്ങൾക്ക്  കേരളം പടിപടിയായിവിടെ മദ്യനിരോധനം നിലവിൽ വരുത്തുമെന്ന വാർത്ത സന്തോഷകരമാകാതെ വയ്യ. ബേവറേജ് കടകളുടെ മുന്നിലായിക്കാണുന്ന നീണ്ട നിര പലപ്പോഴും അത്ഭുതപ്പെടുത്തുന്നവിധം നീളം കൂടിയവ തന്നെ. പലപ്പോഴും ഒരു കുടുംബനാഥന്റെ മദ്യാസക്തി ഒട്ടനവധി മനുഷ്യരുടെ ജീവിതങ്ങളെ പ്രതികൂലമായി ബാധിയ്ക്കാമെന്നതിനാൽ ഈ പരീക്ഷണംസ്വാഗതാർഹം തന്നെയെന്നേ പറയാനുള്ളൂ. ഒഴിവാക്കാവുന്ന കുറെ കണ്ണുനീർത്തുള്ളികൾക്കായുള്ള ശ്രമങ്ങളിൽ ഇതും പ്രാധാന്യമർഹിയ്ക്കുന്നതു തന്നെ.മദ്യവിമുക്ത കേരളം എന്നും ഒരു സ്വപ്നമായിരുന്നല്ലോ?

സ്ത്രീകൾക്കു വേണ്ടി വാദിയ്ക്കുകയല്ല, പക്ഷേ പറയാതിരിയ്ക്കുവാനാകുന്നില്ല. സമൂഹം സ്ത്രീയുടെ തലയിൽ കെട്ടിവെച്ചിരിയ്ക്കുന്ന ഭാരങ്ങളെക്കുറിച്ച്. ഭാരമാണോ എന്നും ചിലപ്പോൾ സംശയം. സ്ത്രീ അഭ്യസ്ത വിദ്യയാകുന്നതിനാൽ, അഥവാ സാമ്പത്തികമായി സ്വന്തം കാലിൽ നിൽക്കാൻ കരുത്താർജ്ജിച്ചാൽ എല്ലാം ശരിയായെന്നു കരുതുന്നത് തികച്ചും അസ്മ്ബന്ധം മാത്രം. എത്ര പദവിയിലെത്തിക്കഴിഞ്ഞാലും അതിനെല്ലാം അതീതമായി അവൾ കാണുന്ന ചില ചുമതലകളും ബന്ധങ്ങളും ബന്ധനങ്ങളുമാണവളെ യഥാർത്ഥമായും പല നേട്ടങ്ങൾക്കുമുടമയാക്കിത്തീർക്കുന്നത്. ചെയ്യാൻ കഴിയാതെ വന്ന എന്തെങ്കിലും കാര്യങ്ങളെപ്പറ്റി  ഒരൽ‌പ്പം കുറ്റബോധം മനസ്സിൽക്കൊണ്ടു നടക്കാത്ത സ്ത്രീകൾ ഉദ്യോഗസ്ഥകൾക്കിടയിൽ ഉണ്ടാകുമോ? പെപ്സിക്കോ കമ്പനിയുടെ സി.ഇ.ഓ യും ഇന്ത്യൻ വംശജയുമായ ഇന്ദ്രനൂയിയുടെ ചില വാക്കുകൾ ഈയിടെ ഏറെ വിവാദവിഷയമായി. ഈ കുറ്റബോധമാണവിടെ കാണാനായത്. പക്ഷേ കമ്പനിയുടെഏറ്റവും ഉയർന്ന പദവിയിലേയ്ക്ക് താൻ തിരഞ്ഞെടുക്കപ്പെട്ടുവെന്ന വാർത്ത ചൂടേടെ തനിയ്ക്കു പ്രിയപ്പെട്ടവരെ അറിയിയ്ക്കാനായി വീട്ടിലെത്തുന്ന ഇന്ദ്ര നൂയിയ്ക്കു സ്വന്തം അമ്മയിൽ നിന്നും കേൾക്കേണ്ടി വന്നത് നീ ഒരു സ്ത്രീയാണെന്നും ആദ്യം ഭാര്യ, അമ്മ, മകൾ എന്ന കടമ ചെയ്യണമെന്നും വലിയാ ആളാണെന്ന ഭാവമൊക്കെ ഗാരേജിൽ ഇട്ടാൽ മതിയെന്നും വീട്ടിനകത്തു കടത്തരുതെന്നുമായിരുന്നു. നേരത്തേ വീട്ടിലെത്തിയ ഭർത്താവ് ക്ഷീണിതനാകയാൽ രാവിലേയ്ക്കുള്ള പാൽ വാങ്ങാൻ പോയില്ല. പക്ഷേ രാത്രി ക്ഷീണിച്ചെത്തിയ നൂയി തന്നെ അതു ചെയ്യണമെന്ന നിർബന്ധത്തിനു കാരണം അവളുടെ മുകളിലായി അടിച്ചേൽ‌പ്പിയ്ക്കപ്പെട്ട ഈ ലേബലുകൾ തന്നെ. വിശ്വസിയ്ക്കാനാകാത്ത സത്യങ്ങളാണെങ്കിലും സാധാരണ സ്ത്രീകളെസ്സംബന്ധിച്ചിടത്തോളം ഇതിൽ പുത്തരിയില്ലെന്നേ പറയാനാകൂ. സ്വന്തം ഡ്യുട്ടികളെ അവൾക്ക് ഒഴിവാക്കാനാകുന്നില്ല, അതേ സമയം കൂടുതൽ ഡ്യൂട്ടികൾ അവളുടെ ചുമലുകളിലേയ്ക്ക് വന്നു വീഴുകയും ചെയ്യുന്നു.

ഇന്ദ്ര നൂയിയുടെ അമ്മയുടെ ചിന്താഗതികളിലേയ്ക്കൊന്നു നോക്കാം. ഒരു പക്ഷേ മോഡേൺ ചിന്താഗതികളുടേയും പഴയ വിശ്വാസങ്ങളുടെയും കെട്ടുപിണച്ചിൽ ഇവിടെ നമുക്കു കാണാനായേയ്ക്കാം. ഇന്നു നാമൊക്കെ അനുഭവിയ്ക്കുന്ന പല സാമൂഹിക പ്രശ്നങ്ങളുടെയും അടിസ്ഥാനകാരണങ്ങളും ഒരു പക്ഷേ ഇതൊക്കെത്തന്നെയായിരിയ്ക്കാം. പെൺകുട്ടി പഠിയ്ക്കണം, സ്വന്തം കാലിൽ നിൽക്കണം എന്നൊക്കെത്തന്നെയായിരുന്നിരിയ്ക്കണം അവരുടെ വിശ്വാസം. അതേ സമയം യാഥാസ്ഥിതിക തമിഴ് ബ്രാഹ്മണ സമുദായത്തിലെ ചിട്ടകൾ കൈവിടാനും അവർക്കാകുന്നില്ല. ചെറുപ്രായത്തിൽ തന്നെ അവളെ വിവാഹം കഴിച്ചയയ്ക്കണമെന്നവർ കരുതുന്നു. വിവാഹപ്രായം അതിക്രമിച്ചാലുള്ള പ്രശ്നങ്ങൾ മാത്രമാണവരുഇടെ മനസ്സിൽ. അവർ ഏറെ നല്ല ഒരമ്മ മാത്രം.  മകളുടെ നേട്ടങ്ങളെ മനസ്സിലെ നിധിയായി സൂക്ഷിയ്ക്കുന്നുണ്ടായിരിയ്ക്കാം. ഒരു പക്ഷേ  അവളുടെ പദവി അവളുടെ കുടുംബ ബന്ധത്തിൽ ഉലച്ചിൽ സൃഷ്ടിയ്ക്കാതിര്യ്ക്കാനും അവർ മുൻ കരുതലുകളെടുക്കുന്നതാകാം..പക്ഷേ ഈ സന്ദർഭത്തെ നേരിട്ട സമയം നൂയിയുടെ മനസ്സ് എത്ര മാത്രം വ്രണപ്പെട്ടിരിയ്ക്കാം. സ്ത്രീജന്മ്മത്തെത്തന്നെ അവർ ശപിച്ചു കാണുമോ?

 

മാറ്റങ്ങൾക്കടിമപ്പെട്ടുകൊണ്ടിരിയ്ക്കുന്ന നമ്മുടെ സമൂഹത്തിന് പലപ്പോഴും നിലനിൽ‌പ്പിനായി ഇത്തരം സന്ദർഭങ്ങളെ നേരിടേണ്ടതായി വരുന്നു. ആരെയും കുറ്റം പറയുന്നതിലും അർത്ഥമില്ല. പകരം  പരിഹാരമാർഗ്ഗളെ തേടുകായാണാവശ്യം. കുടുംബാംഗങ്ങൾക്കിടയിലെ ആശയവിനിമയം കൂടുതലാവേണ്ടിയിരിയ്ക്കുന്നു. ചുമതലകളിൽ സ്ത്രീ-പുരുഷ ലേബലുകൾ ഒട്ടിയ്ക്കുന്നതിനു പകരം  സന്ദർഭത്തിനും ആവശ്യങ്ങൾക്കും ലഭ്യതയ്ക്കും പ്രാധാന്യം കൊടുത്തിരുന്നെങ്കിൽ! കെട്ടുറപ്പുള്ള  കുടുംബത്തിനായി അതിലെ ഓരോ അംഗങ്ങളുടെയും സേവനം ഒരേ പോലെ വിലമതിയ്ക്കുന്നവ തന്നെ. കൊച്ചു കുട്ടിയാണെങ്കിൽ‌പ്പോലും.

തൊട്ടടുത്ത ഫ്ളാറ്റിലെ എട്ടുവയസ്സുകാരൻ മൊബൈൽ ബില്ലിന്റെ ചെക്ക് ഡ്രൊപ്ബോക്സിൽ ഇട്ടു വരുമ്പോഴും പ്രൈമറിക്കാരിയായ മകൾ  അമ്മയ്ക്കായി അത്യാവശ്യമായി തൊട്ടു തന്നെയുള്ള പച്ചക്കറിക്കടയിൽ നിന്നും തക്കാളി വാങ്ങി വരുമ്പോഴും അവരുടെ മുഖത്തു വിരിയുന്ന സന്തോഷഭാവം എനിയ്ക്കു മനസ്സിലാക്കാനാകുന്നു. അമ്മയെന്ന കുപ്പായം അണിഞ്ഞു ന്തന്നെ സ്ത്രീയ്ക്കു ചെയ്യാനാകുന്ന ഒന്നുണ്ട്, സ്വന്തം മക്കളിൽ ആത്മാഭിമാനം നിറയ്ക്കൽ. സ്വയം വിശ്വസിയ്ക്കുന്നവയേ മറ്റുള്ളവരേക്കൊണ്ടു വിശ്വസിപ്പിയ്ക്കാനും നമുക്കാവൂ എന്നും മറക്കാതിര്യ്ക്കുക. നല്ലൊരു സമൂഹത്തിനായുള്ള് വിദൂരസ്വപ്നത്തിന്റെ സാഫല്യത്തിനായി.

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *