മാറുന്ന ജീവതാളങ്ങളിലെ സ്ത്രീജന്മങ്ങൾ

Posted by & filed under Uncategorized.

ഭാരതീയ നാരീ സങ്കൽ‌പ്പവും കേരളീയ നാരീ സങ്കൽ‌പ്പവും പൊളിച്ചെഴുത്തിനു വിധേയമായിക്കഴിഞ്ഞിരിയ്ക്കുന്നു., ഒരുപക്ഷേ വിശ്വസിയ്ക്കാനാകാത്തവിധം. എന്നിട്ടും  സ്ത്രീ എല്ലാവിധത്തിലും സ്വതന്ത്രയല്ലെന്നതും സ്ത്രീ പീഢനങ്ങൾ നിത്യമെന്നോണം  വർദ്ധിച്ചു വരുന്നുവെന്നതും വളരെ ചിന്തോദ്ദീപകമായ കാര്യം തന്നെ. സൃഷ്ടിയ്ക്കപ്പെടുന്ന പല നിയമങ്ങളും രക്ഷയ്ക്കായെത്തുന്നില്ല. ആഗോളവൽക്കരണത്തിന്റെ ഇളകിയാട്ടങ്ങൾക്കനുസരിച്ചു നിൽക്കാൻ ശ്രമിയ്ക്കുന്തോറും കാലുകളിടറി വീഴുകയാണിന്നത്തെ സ്ത്രീകൾ. എഴുന്നേൽക്കാനും മുന്നോട്ടു സഞ്ചരിയ്ക്കാനും വളർച്ചയുടെ പടവുകൾ കയറി ഉയരങ്ങളിലെത്താനും കിണഞ്ഞു പരിശ്രമിയ്ക്കുന്ന അവളുടെ മോഹങ്ങളിലേയ്ക്കൊരെത്തി നോട്ടം മാത്രമാണിത്.

മുപ്പത് വർഷത്തിലധികം കേരളത്തിനു വെളിയിൽ പ്രവാസജീവിതം നയിച്ച ഒരു സ്ത്രീയെന്ന നിലയിലുള്ള എന്റെ വീക്ഷണങ്ങളും കാഴ്ച്ചപ്പാടുകളും അഞ്ചാംഭാവമെന്ന ലേഖനപരമ്പരയിലൂടെ പല ഓൺലൈൻ മാഗസിനുകളിലും മുൻപു പ്രസിദ്ധീകൃതമായിട്ടുണ്ട്, ശ്രദ്ധേയവും. ഒരു നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ജ് ബ്രോക്കറുടെ മുംബൈ റെപ്രസന്റേറ്റീവും ബ്രാഞ്ച് മാനേജരുമായി പ്രവർത്തിയ്ക്കാനിടവന്നതിനാൽ കമ്പ്യൂട്ടറുകളുമായി വളരെ നേരത്തേ തന്നെ ഇടപഴകാനും ഇ-മൈൽ, സോഷ്യൽ നെറ്റ് വർക്കിംഗ്, ബ്ളോഗിംഗ്, ഇ-ബാങ്കിംഗ്, ഷെയർട്രെഡിംഗ്  തുടങ്ങിയവയെ വേണ്ടവിധത്തിൽ ഉപയോഗിയ്ക്കാനും എനിയ്ക്കായി. അക്ഷരശ്ളോകക്കമ്പത്തിനാൽ കമ്പ്യൂട്ടറിൽ മലയാളം എഴുതാൻ പഠിച്ചപ്പോൾ കോളേജ് പഠനാനന്തരം പണ്ടെന്നോ നിർത്തി വച്ച എഴുതാനുള്ള മോഹം തലപൊക്കുകയും, ചുറ്റും കാണുന്നവയെ രേഖപ്പെടുത്തുകയും അവയെ പിന്നീട് എന്റെ  ബ്ളോഗ് ആയ www.jyothirmayam.com ൽ പറിച്ചു നടുകയും ചെയ്തു. ബ്ലോഗ് ശ്രദ്ധേയമായി മാറിയപ്പോൾ ഓൺലൈൻ മാഗസിനുകളിൽ എഴുതാനായി. അഞ്ചാംഭാവം അവിചാരിതമായാണ് എഴുതാൻ തുടങ്ങിയത്.  ഒരു ഇ-മെയിൽ സന്ദേശമാണെനിയ്ക്ക് സ്ത്രീയെപ്പറ്റിയുള്ള ഈ പരമ്പര തുടങ്ങാനായി പ്രചോദനം തന്നത്.   

കരയുന്ന  അമ്മയെ സമീപിച്ച് എന്തിനാണ് കരയുന്നതെന്നു ചോദിയ്ക്കുന്ന മകനോട് അമ്മ പറയുന്ന മറുപടി, “സ്ത്രീ ആയതുകൊണ്ട് “ എന്നായിരുന്നു. സ്ത്രീയായതു കൊണ്ട് എന്തിനു കരയുന്നു എന്ന ചോദ്യത്തിന് “അതു നിനക്കു മനസ്സിലാക്കാനാവില്ല, ഇന്നല്ല ഒരിയ്ക്കലും“ എന്നാണ് അവനെ സ്നേഹപൂർവ്വം മാറോടണച്ചു കൊണ്ടു തന്നെ ആ  അമ്മ മറുപടി നൽകുന്നത്. അമ്മയുടെ മറുപടിയിൽ സംതൃപ്തനല്ലാത്ത മകൻ പത്രം വായിച്ചു കൊണ്ടിരിയ്ക്കുന്ന അച്ചനെ സമീപിച്ച് അമ്മ/ സ്ത്രീ കരയുന്നതെന്തിനാണെന്ന ചോദ്യം ഉന്നയിയ്ക്കുന്നു. സ്ത്രീകൾക്ക് കരയാനായി പ്രത്യേകിച്ചൊരു കാരണവും വേണ്ടെന്നായിരുന്നു അച്ഛന്റെ മറുപടി. ഇതിൽ തൃപ്തനാകാതെ ശരിയായ മറുപടിയ്ക്കായി എല്ലാം അറിയാവുന്നവനായ ദൈവത്തെ സമീപിച്ച ആ മകനോട് ദൈവം ഇങ്ങനെ മറുപടി പറയുന്നു:‘“സ്ത്രീയെ പ്രത്യേകത നിറഞ്ഞവളായിക്കാണാൻ ഞാൻ തീരുമാനിച്ചു. ലോകഭാരം താങ്ങാൻ ശക്തിയുള്ളതും  സ്വാന്തനം നൽകാൻ വേണ്ട മാർദ്ദവവുമുള്ള ചുമലുകൾ അവൾക്കു  ഞാൻ നൽകി. പുത്ര ഭാരവും പുത്രരാലുള്ള തിരസ്ക്കാരവും സഹിയ്ക്കാനുള്ള അന്തർശ്ശക്തി ഞാനവൾക്കേകി. മറ്റുള്ളവരൊക്കെ വയ്യെന്നു പറഞ്ഞു ഉപേക്ഷിച്ചാലും മുന്നേറാനും സ്വന്തം വയ്യായ്ക പോലും  മറന്നു രോഗികളെ ശുശ്രൂഷിയ്ക്കാനുമുള്ള ഉറപ്പാർന്ന മനസ്സും  അവൾക്കേകി. മക്കൾ തെറ്റു ചെയ്താലും  അതെല്ലാം  മറന്നു അവരെ ലാളിയ്ക്കാനും ഒന്നായിക്കാണാനും മതി മറന്നു സ്നേഹിയ്ക്കാനും  അവൾക്കാകണമെന്നു ഞാൻ നിനച്ചു.ഭർത്താവിനെ അനുസരിച്ച്, അവനു താങ്ങാകുന്ന   ഭാര്യയാവാൻ അവന്റെ വാരിയെല്ലിനാൽ അവളെ സൃഷ്ടിച്ചു. ഭർത്താവിന്റെ തെറ്റുകുറ്റങ്ങൾ പൊറുക്കാനും നന്മയുടെ പ്രതീകമായി അവന്റെ ശക്തിയായി കൂടെ നിൽക്കാനും പഠിപ്പിച്ചു. ഇതിനൊക്കെശ്ശേഷം ഞാനവൾക്കു  മാത്രമായി  നൽകിയ സമ്മാനമാണ് എവിടെയും യഥേഷ്ടം അവൾക്കു കാര്യസിദ്ധിയ്ക്കായി ഉപയോഗിയ്ക്കാനാകുന്ന ഈ കണ്ണുനീർ. ഒന്നു ശ്രദ്ധിച്ചു നോക്കി നോക്കൂ, ഒരു സ്ത്രീയുടെ ഭംഗി നിലകൊള്ളുന്നത് അവളുടെ വസ്ത്രധാരണത്തിലോ , തലമുടിയിലോ, സുന്ദരമായ ആകാരസൌഷ്ടവത്തിലോ അല്ല. അവളുടെ സൌന്ദര്യം കുടികൊള്ളുന്നതു അവളുടെ കണ്ണുകളിലാണ്, സ്നേഹം വാസമുറപ്പിച്ച അവളൂടെ ഹൃദയക്ഷേത്രത്തിലേയ്ക്കുള്ള പടിവാതിൽ. “

ഇന്നാണെങ്കിലോ ഈ കണ്ണീരിനെ സ്ത്രീയുടെ ബലഹീനതയായിട്ടാണ് കാണുന്നത്. ഇവിടെ കണ്ണീർ അവളുടെ ആയുധമല്ല, മറിച്ച് അവൾക്കു നേരെ തൊടുത്തു വിടുന്ന ആയുധമായാണ് ചിത്രീകരിയ്ക്കപ്പെടുന്നത്. പക്ഷേ ഇതേ സമൂഹത്തിന് സ്ത്രീയെ ശക്തിയായും കാണാനാകുന്നു. എന്തൊരു വിരോധാഭാസം, അല്ലെ? അബലയായ  സ്ത്രീ പ്രകൃതിയാണ്, ശക്തിയാണ്, സർവ്വം സഹയാണ് . അർദ്ധനാരീശ്വര സങ്കൽപ്പം പുരുഷ-പ്രകൃതിയുടെ സംഗമമാണല്ലോ. ദുർഗ്ഗയുടെ ശക്തിയിൽ സന്തുഷ്ട്നായ ദേവൻ അവൾക്കു കൊടുത്ത അംഗീകാരം. ഇവിടെയവൾക്കു സമാനതയല്ലേ കിട്ടുന്നതു?. ഇന്ന് അതിനുവേണ്ടിത്തന്നെയല്ലേ നമ്മളും മോഹിയ്ക്കുന്നതും മുറവിളി കൂട്ടുന്നതും? പുരുഷനൊപ്പമെന്ന്  അഹങ്കരിയ്ക്കാനല്ല, മറിച്ച് പുരുഷനേക്കാൾ കഴിവും ബലവും കുറഞ്ഞവളെന്ന മുദ്ര മാറ്റി തന്മൂലമുണ്ടാകുന്ന പലതരം പ്രശ്നങ്ങളിൽ നിന്നും  രക്ഷപ്പെടാൻ മാത്രം.

വൈകാരികത മനസ്സിനെ കൂടുതലായി കീഴടക്കുമ്പോൾ ബുദ്ധിയുടെ പ്രവർത്തനക്ഷമത മന്ദീഭവിയ്ക്കുന്നുവെന്നും അവിടെയാണു സ്ത്രീ ബലഹീനതയാകുന്നുവെന്നതും മറ്റൊരു കണ്ടുപിടുത്തം. അതേസമയം ഓരോ പുരുഷന്റെയും വിജയത്തിനു പിന്നിൽ ഒരു സ്ത്രീയുണ്ടാകുമെന്നതും സമൂഹത്തിനു പറയാനുണ്ട്. സ്ത്രീയുടെ സംഭാവനയെ കുറച്ചൊന്നു  താഴ്ത്തിക്കാട്ടാനുള്ള അഭിനിവേശം മാത്രമോ ഇത്? വൈകാരികത ബലഹീനതയാണെന്ന്, കണ്ണീർ വൈകാരികതയുടെ ലക്ഷണമാണെന്ന്  കരുതുന്നവരാണിവർ. സ്വാർത്ഥലാഭത്തിന്നായി കണ്ണീരൊഴുക്കുന്നവർ കാര്യസിദ്ധി നേടിയെന്നുവരാം, പക്ഷേ നേട്ടത്തിന്റെ പാതയിൽ അവയെന്നും വിഘ്നമാകാനേ തരമുള്ളൂ. ‘അവളുടെ കണ്ണുനീരിൽ അലിഞ്ഞുപോയെ“ന്നും മറ്റുമുള്ള പദപ്രയോഗങ്ങൾ  , ഇഷമില്ലാത്തതു ചെയ്യേണ്ടി വരുന്നതിലെ അസന്തുഷ്ടിയെ പ്രകടിയ്ക്കുമ്പോൾ ‘ മുതലക്കണ്ണീർ” തുടങ്ങിയ പദപ്രയോഗങ്ങൾ പ്രവൃത്തിയിലെ സ്വാർത്ഥമോഹത്തെ ചൂണ്ടിക്കാട്ടുന്നു. ‘പെൺ ബുദ്ധി, പിൻ ബുദ്ധി”യെന്നും മുദ്ര കുത്തപ്പെടുന്നു. ഒക്കെ ദൈവം തന്ന പ്രത്യേകസമ്മാനത്തിന്റെ പേരിലോ? ശരിയാണ്, സൃഷ്ടിയുടെ സമയത്തു ദൈവം നിനച്ചപോലെ തന്നെ ഇന്നും അവൾ പ്രത്യേകസൃഷ്ടിയായിത്തന്നെ നിലകൊള്ളുന്നു. 

സാക്ഷരത സ്ത്രീയെ ഉയരങ്ങളിലെത്തിച്ചിട്ടില്ലെന്നു പറയാനാകില്ല. എന്നിട്ടും ലോകരാഷ്ട്രങ്ങളിൽ സ്ത്രീകൾ ഭരിയ്ക്കുന്നതായ രാഷ്ട്രങ്ങൾ എന്തു കൊണ്ടു കുറയുന്നു? സ്ത്രീകൾ രാഷ്ട്രത്തിലെ ഉന്നതമായ മറ്റു സ്ഥാനങ്ങളിലും എന്തുകൊണ്ടെത്തിച്ചേരുന്നില്ല?ഈയിടെ ഫേസ്ബുക്കിന്റെ സി.ഒ.ഒ. ആയ ഷെറിൽ സാൻഡ്ബെർഗ് എഴുതിയ പുസ്തകമായ  Lean In -Women, Work, and the Will to Lead-  By Sheryl Sandberg വായിയ്ക്കാനിടയായി സ്ത്രീകൾ അവശ്യം വായിച്ചിരിയ്ക്കേണ്ടുന്നതായ ഒരു പുസ്തകമാണിതെന്ന് തോന്നിപ്പോയി.ഫേസ്ബുക്കിന്റെ സി.ഓ.ഓ ആയ ഷെറിൽ സാൻഡ്ബെർഗ്, ഫോർച്യൂൺ മാഗസിന്റെ 50 Most Powerful Women in Business ലും ടൈംമാഗസിന്റെ Time’s 100 Most Influential People in the World ലും ഇവരെത്തിയിരിയ്ക്കുന്നു. 2010ൽ അവർ നൽകിയ  ഒരു TED (Technology, Entertainment, Design)ടോക്കിൽ അവർ പറഞ്ഞത് സ്ത്രീകൾ തങ്ങളുടെ തൊഴിൽ മേഖയിൽ എവിടെയോ വച്ച് പലപ്പോഴും മന:പൂർവ്വമല്ലാതെ തന്നെ ഉൾവലിയുന്നുവെന്നാണ്. ഈ വെളിപ്പെടുത്തൽ വലിയൊരു സംഭവമായി മാറുകയും രണ്ടു ദശലക്ഷത്തിലധികം പേർ കാണുകയുമുണ്ടായി. കഴിഞ്ഞ 30 വർഷത്തോളമായി കോളേജ് ബിരുദം സമ്പാദിയ്ക്കുന്നവരിൽ പകുതിയും സ്ത്രീകളായിട്ടു കൂടി  അമേരിക്കയിലെ ഗവണ്മെണ്ടിലും വ്യവസായസ്ഥാപനങ്ങളിലും തലപ്പത്തിരിയ്ക്കുന്നവരിൽ പ്രമുഖർ പുരുഷന്മാർ തന്നെ.ലോകത്തിലെവിടെയായാലും ശരി, നമ്മുടെ ജീവസംബന്ധിയായ തീരുമാനങ്ങളിൽ സ്ത്രീയുടെ ശബ്ദം ഇനിയും വേണ്ടവിധത്തിൽ തുല്യമായി കേൾക്കപ്പെടുന്നില്ലെന്നല്ലേ ഇതിനർത്ഥം? ലീൻ ഇൻ എന്ന തന്റെ കൃതിയിലൂടെ അവർ നേതൃത്വം കയ്യടക്കുന്നതിനായുള്ള കുതിപ്പിനിടയിൽ  സ്ത്രീകൾ മുന്നോട്ടുപോകാതെ നിന്നുപോയതിന്റെ മൂല കാരണങ്ങൾ   തേടുകയും വിവരിയ്ക്കുകയും സാമാന്യബുദ്ധിയുടെ പ്രയോഗത്താൽ സ്ത്രീയെ ശക്തമാക്കാനുതകുന്ന പ്രതിവിധികൾ ചൂണ്ടിക്കാട്ടി സ്വന്തം കഴിവിനെ പരമാവധി ഉപയോഗിയ്ക്കാനവരെ നിർബന്ധിയ്ക്കുകയും ചെയ്യുന്നു .സ്ത്രീകളോടുള്ള അവരുടെ പ്രോത്സാഹനാർത്ഥമുള്ള സന്ദേശം,“ sit at the table, seek challenges, take risks, and pursue your goals with gusto.“  എന്നതാണ്. ശരിയാണ്,  അതു തന്നെയാണ് നമുക്കാവശ്യം. സ്വന്തം തൊഴിലെന്തുമാകട്ടെ,, അത് വേണ്ടവിധം ചെയ്യാൻ, വെല്ലുവിളികളെ നേരിടാൻ, വന്നേയ്ക്കാവുന്ന അപകടത്തിന്റെ ഉത്തരവാദിത്വമേറ്റെടുക്കുവാൻ, സ്വന്തലക്ഷ്യത്തെ വീറോടെ കീഴടക്കാൻ പ്രവർത്തനരംഗത്ത് സ്ത്രീകൾ തയ്യാറാകണമെന്നവർ ഉത്ബോധിപ്പിച്ചു.   സ്വാനുഭവങ്ങൾക്കും  ശരിയായ വസ്തുതകൾക്കുമൊപ്പം  ഉദ്യോഗസ്ഥകളായ സ്ത്രീകളുടെ ജീവിതത്തെക്കുറിച്ചും തിരഞ്ഞെടുക്കലുകളെകുറിച്ചുമുള്ള അബദ്ധധാരണകളുടെ ആവരണങ്ങളുടെ  തൊലിപൊളിച്ചുള്ള ശ്രദ്ധേയമായ ഗവേഷണഫലങ്ങളും,സ്വയമെടുത്ത തീരുമാനങ്ങളും , പറ്റിയ തെറ്റുകളും, സ്വന്തം നിലനിൽ‌പ്പിനായുള്ള നിത്യജീവിതത്തിലെ അഡ്ജസ്റ്റ്മെന്റുകളും, ജോലി,കുടുംബം ഒക്കെയും ഇവിടെ വിഷയമാകുന്നു. സത്യം പറഞ്ഞാൽ അബലയിൽ നിന്നും സ്ത്രീയ്ക്ക് ശക്തിയായെങ്ങനെ മാറാമെന്നിവിടെ ചൂണ്ടിക്കാണിയ്ക്കപ്പെടുന്നു.

ഗർഭിണിയായിരിയ്ക്കേ ഒരു കോൺഫറൻസിനായി സ്വയം കാറോടിച്ച് ഹോട്ടലിലെത്തിയ ഷെറിൽ സാൻഡ്ബെർഗിന് ഹോട്ടലിനു തൊട്ടുമുന്നിലായിത്തന്നെ കാർ പാർക്കുചെയ്യാൻ സ്ഥലം കിട്ടിയില്ല. സമയമായതിനാൽ അവർ കുറച്ചലെയായി പാർക്ക് ചെയ്ത് ഓടിക്കിതച്ച് കോൺഫറൻസിനെത്തുന്നു. ഗർഭിണികളായ സ്ത്രീകൾക്ക് ഹോട്ടലിനു തൊട്ടുമുന്നിലായിത്തന്നെ റിസർവ്ഡ് ആയി പാർക്കിംഗ് സൌകര്യം വേണമെന്ന അവരുടെ ആവശ്യത്തെ  അത്തരമൊരു സംവിധാനം വേണ്ടതാണെന്നറിഞ്ഞ കമ്പനിയുടെ മേലധികാരികൾ അംഗീകരിയ്ക്കുകയും നടപ്പിൽ വരുത്തുകയും ചെയ്തു. അതുപോലെ മറ്റൊരവസരത്തിൽ കോൺഫറൻസ് നടക്കുന്ന ഹോട്ടലിൽ സ്ത്രീകൾക്കായുള്ള ടോയ്ലറ്റ് സൌകര്യമില്ലാത്തതും വേണ്ടപ്പെട്ടവരുടെ ശ്രദ്ധയിൽ‌പ്പെടുത്താനവർക്കു കഴിഞ്ഞു. ഉയർന്ന സ്ഥാനത്തുള്ളവരുടെ ഇടപെടൽ എപ്പോഴും പ്രശ്നപരിഹാരങ്ങൾക്ക് അടിയന്തരശ്രദ്ധ നേടിക്കൊടുക്കുന്നു. ഇന്നു നമ്മുടെ കൊച്ചു കേരളത്തിലെ സ്ത്രീകളും യാത്രാവേളയിൽ ടോയ്ലറ്റുകളുടെ അഭാവം മൂലം ഏറെ വലയുന്നു. ആരുണ്ടിവിടെ കേൾക്കാനായി?

ഒരു പ്രവാസിയെന്ന നിലയിൽ  കഴിഞ്ഞ മുപ്പതിലധികം വർഷമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരുമായി ഇടപഴകാനിടയായിട്ടുണ്ട്. സ്ത്രീകളെപ്രതിയുള്ള എന്റെ നിരീക്ഷണങ്ങളാണു അഞ്ചാം ഭാവമെന്ന പരമ്പരയിൽ പ്രധാനമായുമുള്ള പ്രതിപാദ്യവിഷയം. മുംബൈ നഗരം അന്നും ഇന്നും സ്ത്രീകൾക്കേറ്റവും സുരക്ഷിതത്വം നൽകുന്ന ഇടം തന്നെ. രാത്രി പന്ത്രണ്ടു മണിയ്ക്കും സ്ത്രീകൾക്കു ഒറ്റയ്ക്കു സഞ്ചരിയ്ക്കാനാകുന്ന മറ്റേതു സ്ഥലമുണ്ടിവിടെ? രാത്രി മുഴുവനും തുറന്നിരിയ്ക്കുന്ന ഭക്ഷണശാലകളും വെളിച്ചം നിറഞ്ഞു നിൽക്കുന്ന നഗരവീഥികളും എങ്ങോട്ടെന്നില്ലാതെ രാവുപകലും ഒഴുകുന്ന ജനങ്ങളും നഗരിയെ സുരക്ഷിതമാക്കുന്നു. സ്ത്രീപീഢനങ്ങൾ ഇല്ലെന്നില്ല. എവിടെയാണവ ഇല്ലാത്തത്? പത്രത്താളുകളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നവയ്ക്കു പുറമേയുള്ളവ തന്നെ ഏറെയുണ്ടാവാം. ആഗോളവൽക്കരണവും സ്ത്രീ സാക്ഷരതയും ജോലിസ്ഥലത്തുപോലുമുള്ള സ്ത്രീയുടെ പിരിമുറുക്കങ്ങളെ കൂട്ടാനേ ഉപകരിയ്ക്കുന്നുള്ളൂ. അഭ്യസ്തവിദ്യയ്യയതുകൊണ്ടോ, സ്വന്തം കാലിൽ നിൽക്കാനുള്ള സാമ്പത്തിക ശേഷി കൈവരിച്ചതുകൊണ്ടോ സ്ത്രീ സ്വതന്ത്രയാകുന്നില്ല. സ്ത്രീകൾക്കു വേണ്ടി വാദിയ്ക്കുകയല്ല, പക്ഷേ പറയാതിരിയ്ക്കുവാനാകുന്നില്ല. സമൂഹം സ്ത്രീയുടെ തലയിൽ കെട്ടിവെച്ചിരിയ്ക്കുന്ന ഭാരങ്ങളെക്കുറിച്ച്. ഭാരമാണോ എന്നും ചിലപ്പോൾ സംശയം. സ്ത്രീ അഭ്യസ്ത വിദ്യയാകുന്നതിനാൽ, അഥവാ സാമ്പത്തികമായി സ്വന്തം കാലിൽ നിൽക്കാൻ കരുത്താർജ്ജിച്ചാൽ എല്ലാം ശരിയായെന്നു കരുതുന്നത് തികച്ചും അസംബന്ധം മാത്രം. എത്ര പദവിയിലെത്തിക്കഴിഞ്ഞാലും അതിനെല്ലാം അതീതമായി അവൾ കാണുന്ന ചില ചുമതലകളും ബന്ധങ്ങളും ബന്ധനങ്ങളുമാണവളെ യഥാർത്ഥമായും പല നേട്ടങ്ങൾക്കുമുടമയാക്കിത്തീർക്കുന്നത്. ചെയ്യാൻ കഴിയാതെ വന്ന എന്തെങ്കിലും കാര്യങ്ങളെപ്പറ്റി  ഒരൽ‌പ്പം കുറ്റബോധം മനസ്സിൽക്കൊണ്ടു നടക്കാത്ത സ്ത്രീകൾ ഉദ്യോഗസ്ഥകൾക്കിടയിൽ ഉണ്ടാകുമോ? പെപ്സിക്കോ കമ്പനിയുടെ സി.ഇ.ഓ യും ഇന്ത്യൻ വംശജയുമായ ഇന്ദ്രനൂയിയുടെ ചില വാക്കുകൾ ഈയിടെ ഏറെ വിവാദവിഷയമായി. ഈ കുറ്റബോധമാണവിടെ കാണാനായത്.  കമ്പനിയുടെഏറ്റവും ഉയർന്ന പദവിയിലേയ്ക്ക് താൻ തിരഞ്ഞെടുക്കപ്പെട്ടുവെന്ന വാർത്ത ചൂടേടെ തനിയ്ക്കു പ്രിയപ്പെട്ടവരെ അറിയിയ്ക്കാനായി വീട്ടിലെത്തുന്ന ഇന്ദ്ര നൂയിയോട് പിറ്റേന്നാൾ രാവിലേയ്ക്കായി പാൽ വാങ്ങി വരാനായി അമ്മ പറയുന്നു. നേരത്തെ വീട്ടിലെത്തിയ ഭർത്താവിനോട് എന്തുകൊണ്ട് പാൽ വാങ്ങാനായി പറഞ്ഞില്ല എന്ന ചോദ്യത്തിന് അവർക്ക് സ്വന്തം അമ്മയിൽ നിന്നും കേൾക്കേണ്ടി വന്നത് നീ ഒരു സ്ത്രീയാണെന്നും ആദ്യം ഭാര്യ, അമ്മ, മകൾ എന്ന കടമ ചെയ്യണമെന്നും വലിയ ആളാണെന്ന ഭാവമൊക്കെ ഗാരേജിൽ ഇട്ടാൽ മതിയെന്നും വീട്ടിനകത്തു കടത്തരുതെന്നുമായിരുന്നു. നേരത്തേ വീട്ടിലെത്തിയ ഭർത്താവ് ക്ഷീണിതനാകയാൽ രാവിലേയ്ക്കുള്ള പാൽ വാങ്ങാൻ പോയില്ല. പക്ഷേ രാത്രി ക്ഷീണിച്ചെത്തിയ നൂയി തന്നെ അതു ചെയ്യണമെന്ന നിർബന്ധത്തിനു കാരണം അവളുടെ മുകളിലായി അടിച്ചേൽ‌പ്പിയ്ക്കപ്പെട്ട ഈ ലേബലുകൾ തന്നെ. വിശ്വസിയ്ക്കാനാകാത്ത സത്യങ്ങളാണെങ്കിലും സാധാരണ സ്ത്രീകളെസ്സംബന്ധിച്ചിടത്തോളം ഇതിൽ പുത്തരിയില്ലെന്നേ പറയാനാകൂ. സ്വന്തം ഡ്യുട്ടികളെ അവൾക്ക് ഒഴിവാക്കാനാകുന്നില്ല, അതേ സമയം കൂടുതൽ ഡ്യൂട്ടികൾ അവളുടെ ചുമലുകളിലേയ്ക്ക് വന്നു വീഴുകയും ചെയ്യുന്നു.

 

ഇന്ദ്ര നൂയിയുടെ അമ്മയുടെ ചിന്താഗതികളിലേയ്ക്കൊന്നു നോക്കാം. ഒരു പക്ഷേ മോഡേൺ ചിന്താഗതികളുടേയും പഴയ വിശ്വാസങ്ങളുടെയും കെട്ടുപിണച്ചിൽ ഇവിടെ നമുക്കു കാണാനായേയ്ക്കാം. ഇന്നു നാമൊക്കെ അനുഭവിയ്ക്കുന്ന പല സാമൂഹിക പ്രശ്നങ്ങളുടെയും അടിസ്ഥാനകാരണങ്ങളും ഒരു പക്ഷേ ഇതൊക്കെത്തന്നെയായിരിയ്ക്കാം. പെൺകുട്ടി പഠിയ്ക്കണം, സ്വന്തം കാലിൽ നിൽക്കണം എന്നൊക്കെത്തന്നെയായിരുന്നിരിയ്ക്കണം ഏതൊരു അമ്മയേപ്പോലെയും അവരുടേയും വിചാരം . അതേ സമയം തെന്നിന്ത്യൻ യാഥാസ്ഥിതിക തമിഴ് ബ്രാഹ്മണ സമുദായത്തിലെ ചിട്ടകൾ കൈവിടാനും അവർക്കാകുന്നില്ല. ചെറുപ്രായത്തിൽ തന്നെ അവളെ വിവാഹം കഴിച്ചയയ്ക്കണമെന്നവർ കരുതുന്നു. വിവാഹപ്രായം അതിക്രമിച്ചാലുള്ള പ്രശ്നങ്ങൾ മാത്രമാണവരുടെ മനസ്സിൽ. അവർ ഏറെ നല്ല ഒരമ്മ മാത്രം.  മകളുടെ നേട്ടങ്ങളെ മനസ്സിലെ നിധിയായി സൂക്ഷിയ്ക്കുന്നുണ്ടായിരിയ്ക്കാം. ഒരു പക്ഷേ  അവളുടെ പദവി അവളുടെ കുടുംബ ബന്ധത്തിൽ ഉലച്ചിൽ സൃഷ്ടിയ്ക്കാതിര്യ്ക്കാനും അവർ മുൻ കരുതലുകളെടുക്കുന്നതാകാം. പക്ഷേ ഈ സന്ദർഭത്തെ നേരിട്ട സമയം നൂയിയുടെ മനസ്സ് എത്ര മാത്രം വ്രണപ്പെട്ടിരിയ്ക്കാം. സ്ത്രീത്തെത്തന്നെ അവർ ശപിച്ചു കാണുമോ? അല്ലെങ്കിൽത്തന്നെ  ആരുണ്ടിവിടെ സ്ത്രീകളായി ജനിച്ച് ഒരിയ്ക്കലെങ്കിലും  സ്ത്രീ ജന്മത്തെ ശപിയ്ക്കാത്തവരായിട്ട്? ചിലപ്പോൾ വളരെ നിസ്സാര കാര്യങ്ങളായാൽ‌പ്പോലും. യാത്ര ഞാനേറെ ഇഷ്ടപ്പെടുന്നു.യാത്രാവിവരണങ്ങൾ എഴുതാറുണ്ട്. എന്റെ ഉത്തരേന്ത്യൻ യാത്രാക്കുറിപ്പുകൾ എന്ന പുസ്തകം വായിച്ച  ഒരു എഴുത്തുകാരൻ ,തനിയെ യാത്രകൾ പതിവുണ്ടോ എന്നു ചോദിച്ചു. ടൂറിസ്റ്റായി തനിയെ പ്രത്യേകമൊരു  ലക്ഷ്യമൊന്നുമില്ലാതുള്ളൊരു യാത്രയുടെ സുഖത്തെക്കുറിച്ച് അയാൾ വാചാലനായപ്പോൾ ഒരിത്തിരി  സങ്കടം  തോന്നാതിരുന്നില്ല,സ്ത്രീയായി ജനിച്ചതിൽ.

പലപ്പോഴും സ്ത്രീയ്ക്കു ശാപമായിത്തീരുന്നത് അവളുടെ ബയോളജിയ്ക്കൽ ക്ളോക്കിന്റെ അലാറം തന്നെ. വലിയ സ്വപ്നങ്ങളുമായി ഉയരങ്ങൾ തേടാനുള്ള വ്യഗ്രതയിൽ തന്റെ തൊഴിൽ തിരഞ്ഞെടുത്ത് മുകളിലേയ്ക്കുള്ള പടവുകളിൽ അവൾ കാൽ വെയ്ക്കുന്ന അതേ സമയത്തു തന്നെയായിരിയ്ക്കാം വിവാഹിതയാകാനുള്ള സമ്മർദ്ദത്തിന്റെ ആദ്യ അലാറം മുഴങ്ങുന്നത് . പ്രായം വൈകിയാൽ പ്രശ്നമാകുമെന്ന ഭീഷണി ഉദാഹരണസഹിതം മുന്നിൽ നിരത്തപ്പെടുന്നു. അടുത്ത അലാറം കുഞ്ഞുങ്ങൾ ഇനിയും വൈകിക്കൂടാ എന്നായിരിയ്ക്കും. അവരുടെ പരിചരണം, വിദ്യാഭ്യാസത്തോടനുബന്ദിച്ച ചുമതലകൾ, പ്രായം കൂടി വരുന്ന അച്ഛനമ്മമാർ തുടങ്ങി അവളുടെ സ്വപ്നങ്ങളിലെ പടവുകളുടെ ഓരോ കയറ്റവും അവളിലെ തോളിലെ ഭാരത്തെ പതിന്മടൺഗ് വർദ്ധിപ്പിയ്ക്കുകയും അകാരണമായ ഭയം അവളെ കീഴറ്റക്കുകയും ചെയ്യുന്നു. എവിടെയോ വെച്ച് അടിയറ പറയാനവൾ നിർബന്ധിതയാക്കപ്പെടുകയും ചെയ്യുന്നു.

പരുഷന്മാരുടെ കുത്തകയായ പല മേഖലകളും സ്ത്രീകൾ കീഴടക്കിക്കഴിഞ്ഞിരിയ്ക്കുന്നു. അബലയല്ലെന്നുള്ളതിന്റെ തെളിവായി അവ  അവളുടെ ഹൃദയത്തിൽ ആനന്ദത്തിർകളുയർത്തുന്നു. സ്കൂളിൽ പഠിയ്ക്കുന്ന സമയത്ത് സൈക്കിൾ ചവുട്ടിപ്പോകുമ്പോൾ പെണ്ണ് സൈക്കിളിൽ പോകുന്നെന്നും പറഞ്ഞ് അത്ഭുതപൂർവ്വം പലരും നോക്കി നിൽക്കുമ്പോൾപ്പോലും അത് മനസ്സിൽ സന്തോഷമുണ്ടാക്കിയിരുന്നു. പിൽക്കാലത്ത് സ്റ്റോക്ക് എക്സ്ചേഞ്ചിൽ ഒരു ഷെയർ ബ്രോക്കറുടെ പ്രതിനിധിയായി പണിയെടുക്കുമ്പോഴും “ഈ മേഖല പുരുഷന്റേതാണ്, സ്ത്രീയുടെ ജോലിയല്ല , എങ്ങിനെ ചെയ്യാനാകുന്നു“ എന്നെല്ലാം കേൾക്കുമ്പോഴും അഭിമാനമേ തോന്നിയിട്ടുള്ളൂ. പിരിമുറുക്കങ്ങളെ അതിജീവിയ്ക്കാനും അതിനാൽ ശക്തി കിട്ടി.

അല്ലെങ്കിലും  സ്ത്രീകൾക്കെന്നും പ്രശ്നങ്ങൾക്കെവിടെ കുറവ്? ഉത്തരേന്ത്യയിലാണെങ്കിൽ ദിനവും സ്ത്രീധനക്കുരുതികൾ ഇപ്പോഴും യഥേഷ്ടം നടക്കുന്നു. ഖാപ് പഞ്ചായത്തുകളുടെ മറ പിടിച്ച് കലർപ്പില്ലാത്ത രക്തത്തെ കാരണമാക്കി ഭൂസ്വത്ത് കൈവിട്ടു പോകാതിരിയ്ക്കാനുള്ള ഒത്തുകളികളിൽ ഓണർകില്ലിംഗുകൾ നടത്തുന്നത്, അവരെ ജനിപ്പിച്ച് കയ്യോ കാലോ വളരുന്നതെന്നു നോക്കി നിർവൃതിയടഞ്ഞിരുന്നിരുന്ന അവരുടെ തന്നെ അച്ഛനമ്മാമാരാണെന്നതോർക്കുമ്പോൾ സ്ത്രീയുടെ വിധിയിൽ പരിതപിയ്ക്കാനേ കഴിയൂ. ആരുമില്ലല്ലോ ചോദ്യം ചെയ്യാൻ? ഇവിടെയും വേണ്ടിടങ്ങളിൽ ശബ്ദമുയർത്താൻ മാത്രമല്ല, നടപടിയെടുക്കാനും കഴിയുന്ന തലങ്ങളിൽ സ്ത്രീകൾ ഉണ്ടായിരിയ്ക്കേണ്ടതിന്റെ ആവശ്യം നമുക്കു മനസ്സിലാക്കാനാകുന്നു. നഷ്ടപ്പെടുന്ന ബാല്യങ്ങളെക്കുറിച്ചോർക്കാൻ മാത്രമല്ല, ബാലവേല തീർത്തും ഇല്ലായ്മ ചെയ്യാനുള്ള ഭാരവും സ്ത്രീകൾക്കു വഹിയ്ക്കാവുന്നതാണ്.പേടിസ്വപ്നമായി മാറുന്ന വാർദ്ധക്യം നമ്മെയൊക്കെ മാടി വിളിയ്ക്കുമ്പോഴും, സ്ത്രീഭ്രൂണഹത്യ  കുറച്ചു കൊണ്ടേയിരിയ്ക്കുന്ന പുരുഷ-സ്ത്രീ അനുപാതങ്ങൾ വ്യക്തമായ തെളിവുകളായി നമുക്കു മുന്നിലെത്തുമ്പോഴും, കനലെരിയുന്നത് സ്ത്രീയുടെ കരളിൽ മാത്രമായി മാറുന്നുവോ?

എവിടെ തുടക്കം?.തൊട്ടിലിൽ നിന്നുതന്നെയോ? കുഞ്ഞിനെ പെണ്ണാണെങ്കിൽ   ഉപേക്ഷിയ്ക്കുന്നു,നശിപ്പിയ്ക്കുന്നു.സ്ത്രീഭൃണഹത്യയുടെ ടെദയനീയമായ കഥകൾ. ആൺകുഞ്ഞും പെൺകുഞുഞു തമ്മിലുള്ള വകഭേദം. ആൺകുട്ടിയ്ക്കു കളിയ്ക്കാൻ പോകാം, നല്ല ഭക്ഷണം നൽകണം. പെൺകുട്ടിയ്ക്കു വീട്ടിലെ പണികൾ ചെയ്യ്തേ തീരൂ, . എവിടെയും പീഡനങ്ങളെ ഭയക്കണം. അവളെ വളർത്തുന്നതു തന്നെ അരുതുകളുടെ ലിസ്റ്റുകളിലൂടെയാണല്ലോ. പിന്നെങ്ങനെ അവൾക്കു ആത്മധൈര്യം കിട്ടാൻ? കുട്ടികളെ Smart like daddy and pretty like mummy എന്നല്ലേ ഇന്നും ഉപദേശിയ്ക്കുന്നത്?. അൽ‌പ്പം സ്മാർട്ട്നെസ്സ് അവൾ കാട്ടിയാൽ ടോം ബോയ് മുദ്രയും കുത്തുന്നു. ജോലിസ്ഥലങ്ങളിൽ ധൈര്യമായി തീരുമാനമെടുക്കാൻ കഴിയുന്ന സ്ത്രീകൾ ‘ബോസ്സി” ആയും അതേ തീരുമാനം പുരുഷനാണെടുത്തതെങ്കിൽ “എഫീഷ്യന്റ് “ആയും കണക്കാക്കപ്പെടുന്നില്ലേ?

സമീപ കാലത്ത് കൊച്ചു കുഞ്ഞുങ്ങൾക്കു നേരെയുള്ള ലൈഗികാക്രമണങ്ങൾ  വളരെയേറെ കൂടിയതായി കണ്ടു വരുന്നു.    മാറി വരുന്ന സാമൂഹികവീക്ഷണം ആകർഷകമായ പ്രലോഭനങ്ങൾ വച്ചു നീട്ടുന്ന പുതുയുഗ വിദ്യാഭ്യാസക്കച്ചവടക്കാരുടെ കെണിയിൽ കുടുങ്ങി കുരുന്നുകളുടെ സുരക്ഷയിൽ  കലർത്തുന്ന വിഷാംശം അറിയാതെ ഭുജിച്ചു നിർവൃതിയടയുമ്പോൾ നമ്മുടെ സംസ്ക്കാരങ്ങൾ കുഴിച്ചു മൂടപ്പെടുക തന്നെയാണ് ചെയ്യുന്നത്.. ഗ്രാമങ്ങളിലായാലും നഗരങ്ങളിലായാലും കുട്ടികളെ നമ്മളൊക്കെ പഠിച്ചു ജയിച്ചു പുറത്തുവന്ന ഒട്ടനേകം   പഴയ ചിട്ടകളോടു കൂടിയ  സ്കൂളുകളിലേയ്ക്കയയ്ക്കാനാരും തയ്യാറാകുന്നില്ല. കുതിരസ്സവാരിയും ക്രിക്കറ്റ് പരിശീലനവും ട്രെക്കിംഗും , കരാട്ടേയും, ഔട്ട് ഡോർ ക്ളാസ്സുകളും പോലെ മറ്റു പലതും ഇത്തരം പഴയ സ്കൂളുകളിൽ കണ്ടെന്നു വരില്ല. പകരം രണ്ടു വയസ്സു പോലും തികയുന്നതിനു മുൻപായവർ പ്ളേ സ്കൂളുകളിലേയ്യ്ക്കയയ്ക്കപ്പെടുന്നു. കഴിഞ്ഞ മാസത്തിൽ ബാംഗളൂരിലെ വളരെ പ്രശസ്തിയേറിയ ഇത്തരം ഒരു സ്കൂളിലെ ആറു വയസ്സുകാരി പീഡിപ്പിയ്ക്കപ്പെട്ട കഥ പുറത്തു വന്നപ്പോൾ ജനം ഇളകി മറിയാതിരുന്നില്ല. രക്ഷാകർത്താക്കളുടെ രോഷം എത്ര ദിവസം പ്രകടിയ്ക്കപ്പെട്ടു? എന്തായി ഫലം?പ്രിൻസിപ്പൽ ഒന്നു സ്ഥാനം മാറിയെന്നു മാത്രമോ? കുറ്റവാളികൾ പിടിയ്ക്കപ്പെട്ടോ? ഒന്നും വ്യക്തമല്ല, നമ്മുടെ പിഞ്ചുകുഞ്ഞുങ്ങൾ സ്കൂളിലായാലും മറ്റെവിടെയായാലും തീരെ  സുരക്ഷിതരല്ലെന്ന സത്യമൊഴിച്ച്. അദ്ധ്യാപകരെ /ഗുരുക്കന്മാരെ പൂജിയ്ക്കുന്ന സംസ്ക്കാരത്തിന്റെ ദയനീയമായ ഈ വീഴ്ച്ചയെ  നമുക്കു തിരുത്താനാകുമോ?

ബാംഗളൂരിൽ ഈയിടെ നടന്ന ദസ്തകാർ  മേളയിലെ നാച്വറൽ ബസാർ  സന്ദർശിച്ചപ്പോൾ നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള ഒട്ടനവധി  കരകൌശല വസ്തുക്കളുടെ നൂറോളം സ്റ്റാളുകൾ കാണാനിടയായി. പല കലാകാരന്മാരേയും നേരിട്ടു കാണാനും പരിചയപ്പെടാനും കഴിഞ്ഞെങ്കിലും മനസ്സിനേറെ സന്തോഷം തന്നത് കവാട് കലാകാരനായ ദ്വാരകാപ്രസാദ്  ജൻഗിഡ് തന്നെയായിരുന്നു. ഏറെ കൌതുകകരമായിത്തോന്നിച്ച  ഇദ്ദേഹത്തിന്റെ പെയിന്റിംഗുകളുടെ പ്രത്യേകത അവയെല്ലം തന്നെ സ്വയം കഥകൾ പറയുന്നവിധം അനുബന്ധമായവയും പ്രത്യേകമായ രീതിയിൽ മരപ്പാളികളിൽ ഒന്നിനുള്ളിൽ ഒന്നായി അനേകമനേകം വാതിലുകൾ പോലെ അടയ്ക്കാനും തുറക്കാനും പറ്റുന്ന പെട്ടികൾ പോലെ ആണെന്നതുമായിരുന്നു. സന്തോഷപൂർവ്വം ഞങ്ങൾക്കായി രാമായണവും കൃഷ്ണ ചരിതവുമെല്ലാം ഓരോ പാളികളും വാതിലുകൾ  തുറന്നു വിശദീകരിച്ചു തരാനുള്ള സൌമനസ്യം ഈ കലാകരൻ  കാണിച്ചു. . പക്ഷേ അതിനുശേഷം വളരെ അഭിമാനപൂർവ്വം അദ്ദേഹം കാണിച്ചു തന്ന ‘മീനാ കി കഹാനി‘  എന്ന കഥയുടെ ചുരുളുകൾ ഇത്തരം ഒട്ടനേകം സുന്ദരവും നിറങ്ങളാൽ  മിഴിവുറ്റതുമായ കൊച്ചു കൊച്ചു കതകുകൾ പ്രത്യേകതരത്തിൽ തുറന്നുകൊണ്ടദ്ദേഹം ഞങ്ങൾക്കു മുന്നിൽ നിവർത്തിയപ്പോൾ അത്ഭുതം കൊണ്ടു ശരിയ്ക്കും മിഴികൾ തള്ളിപ്പോയി.  കൊച്ചു കുട്ടിയായ മീനയെ പെൺകുട്ടിയായതിനാൽ സ്കൂളിൽ‌ വിടാതിരുന്നപ്പോൾ സ്നേഹപൂർവ്വം വീട്ടിലെത്തിയ അദ്ധ്യാപകൻ പെൺകുട്ടികൾ വിദ്യാഭ്യാസം നേടുന്നതിലെ മെച്ചങ്ങൾ മാതാപിതാക്കളെ പറഞ്ഞു ധരിപ്പിച്ചു .അങ്ങിനെ മീനയെ സ്കൂളിൽ ചേർക്കുന്നു. നന്നായി പഠിയ്ക്കാനും അമ്മയെ സഹായിയ്ക്കാനും ഒരുപോലെ മിടുക്കുകാട്ടുന്ന മീന ഉന്നതവിജയം നേടുന്നതും, വിദേശ രാജ്യത്തെ പഠന ശേഷം നാട്ടിലെത്തുന്നതും, മറ്റു സ്ത്രീകളെ  അഭ്യസ്തവിദ്യരാക്കുന്നതും അദ്ധ്വാനിച്ച് പണമുണ്ടാക്കി  സ്വന്തം കാലിൽ നിൽക്കാൻ കെൽ‌പ്പുള്ളവരാക്കുന്നതും  അവസാനം വിവാഹിതയാകുന്നതുമായ ശുഭപര്യവസായിയായ കഥ കണ്ടു കഴിഞ്ഞപ്പോൾ ആ  കലാകരനെ കൈ കൊടുത്ത് ഒന്നഭിനന്ദിയ്ക്കാതിരിയ്ക്കാനായില്ല.

“ലഡ്കാ ലഡ്കീ ഏക് സമാൻ“  എന്ന സന്ദേശവും ഒരു പെൺകുഞ്ഞിനെ പഠിപ്പിയ്ക്കുന്നത് ഒട്ടനവധി സ്ത്രീകളെ  ഉദ്ധരിയ്ക്കുന്നതിനു തുല്യമാണെന്നുമുള്ള സന്ദേശവും ഇദ്ദേഹത്തിന്റെ കലാരൂപത്തിന്റെ മുഖഭാഗത്തായി എഴുതിയിരിയ്ക്കുന്നതും ശ്രദ്ധയിൽ‌പ്പെട്ടു. അന്നത്തെ ദിനപ്പത്രത്തിൽ കണ്ട  വരികളും ഇതു തന്നെയാണല്ലോ എന്നു ഞാനോർത്തുപോയി. “ബേഠി ബച്ചാവോ, ബേഠി പഠാവോ “ എന്ന പ്ളാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പെൺകുഞ്ഞുങ്ങൾ കുറവുള്ള 100 ജില്ലകളിൽ പടിപടിയായി തുടങ്ങാനുള്ള സർക്കാരിന്റെ തീരുമാനം. പക്ഷേ അതേ പത്രത്തിന്റെ മറ്റൊരു താളിൽക്കണ്ട മുൻപറഞ്ഞ  സ്കൂൾ വാർത്തയും ഓർമ്മിയ്ക്കാതിരിയ്ക്കാനായില്ല.ഒന്നു തീർച്ച,സ്ത്രീ ശാക്തീകരണം  ഈ കാലഘട്ടത്തിന് അത്യന്താപേക്ഷിതമായ ഒന്നായി മാറിയിരിയ്ക്കുന്നു ,സ്വയം വളരാൻ മാത്രമല്ല,  തളരാതിരിയ്ക്കാനും…

സ്ത്രീകൾക്ക് ഉയരാൻ, ഉന്നതങ്ങളിലെത്താൻ മോഹം വേണം. നമ്മുടെ പ്രശ്നപരിഹാരാർത്ഥം  കൂടുതൽ അധികാരമെടുക്കാൻ ഉന്നതസ്ഥാനങ്ങളിൽ സ്ത്രീകളുണ്ടാകുക തന്നെ വേണം. കൂടുതൽ സ്ത്രീകൾ അവിടെയെത്താതിരിയ്ക്കാൻ യഥാസമയം  മാർഗ്ഗദർശികളുടെയോ ഉപദേഷ്ടാക്കളുടെയോ അഭാവവും ഒരു കാരണമാകുന്നില്ലേ എന്നു തോന്നിയിട്ടുണ്ട്. “അന്ന് , വേണ്ട സമയത്ത്, ഇതെനിയ്ക്കാരെങ്കിലും പറഞ്ഞു തന്നിരുന്നെങ്കിൽ “എന്ന വിലാപം  പലപ്പോഴും കേൾക്കാനിടയായിട്ടുണ്ട്. പുരുഷനെസ്സംബന്ധിച്ചിടത്തോളം, തൊഴിൽ മേഖലയിലായാലും സാഹിത്യത്തിലായലും പെട്ടെന്നൊരു ഗോഡ് ഫാദറെ കണ്ടെത്താനും പ്രോത്സാഹനവും സഹായവും കിട്ടാനും സാധ്യത കൂടുന്നു.സാധ്യതകളെക്കുറിച്ചുള്ള അവബോധത്തിന്റെ കുറവും പരിചയ സമ്പന്നരായ ഉപദേഷ്ടാക്കളുടെ അഭാവവും സ്ത്രീയെ ബലഹീനയാക്കുന്നുവെന്നതിൽ തർക്കമില്ല.ഇവിടെ അവളെ ഉയർത്തിക്കൊണ്ടുവരുന്നതിനുള്ള ചുമതല പുരുഷൻ തന്നെ ഏറ്റെടുക്കേണ്ടി വരും. “I do not wish women to have power over men; but over themselves.” Mary Wollstonecraftന്റെ ഈ വരികൾ മനസ്സിൽ തികട്ടി വരുന്നു.

 

എയർ- ടെൽ കമ്പനിയുടെ പുതിയ പരസ്യമായ ബോസ്സ്-കം-വൈഫ് ഏറെ വിവാദം സൃഷിച്ചു.  ഇനിയും മനസ്സിലാക്കാനായില്ല, ഇതിൽ സ്ത്രീയെ സൂപ്പർ അച്ചീവർ ആയിക്കാണുകയാണോ അതോ ഓഫീസിൽ എത്ര വലിയ ബോസ്സ് ആണെങ്കിലും വീട്ടിലെത്തിയാൽ എല്ലാ ഭാരവും അവൾക്കു തന്നെയെന്നോ? വീണ്ടു ഇന്ദ്രനൂയിയെ ഓർമ്മിയ്ക്കാതിരിയ്ക്കാനാകുന്നില്ല.

ഇത് വായിയ്ക്കുന്ന ഉദ്യോഗസ്ഥകളായ സ്ത്രീജനങ്ങളോടൊന്ന്ചോദിയ്ക്കട്ടെ, ?നിങ്ങളുടെ കമ്പനിയിലെ ഏറ്റവും വലിയ ഓഫീസർ ഒരു സ്ത്രീയണെന്നിരിയ്ക്കട്ടെ! നിങ്ങളും അതുപോലെയാകാൻ മോഹിയ്ക്കുന്നുണ്ടോ?ഇല്ലെന്നാവും  അധികം പേരുടേയും ഉത്തരം. അത്രയൊക്കെ, ത്യജിയ്ക്കാൻ,  മെനക്കെടാൻ ആർക്കാവും?കയ്യിലുള്ളത് നഷ്ടപ്പെടുമോയെന്ന  ഭീതി പലപ്പോഴും  മോഹങ്ങളെ കുഴിച്ചു മൂടുന്നു .കയ്യിലുള്ളതിനെ വിട്ട് പറക്കുന്ന പക്ഷിയെ പിടിയ്ക്കാനായുന്നതിലെ റിസ്ക്കാണിവിടെ വിഘ്നമായി വരുന്നത്.

പേടി…അതാണവളുടെ ആജന്മശത്രു എന്നു നിസ്സംശയം പറയാം. പുരുഷനെസ്സംബന്ധിച്ചിടത്തോളം ആത്മവിശ്വാസം കൂടുതലാണ്. കഴിവുള്ള സ്ത്രീയാണെങ്കിലും , പല തവണ അത് തെളിയിച്ചവളാണെങ്കിലും സ്ത്രീ എന്നും സന്ദേഹത്തിന്നടിമപ്പെടുന്നു. തനിയ്ക്കിത് ചെയ്യാനാകുമോയെന്ന ചിന്ത അവളെ സദാ വേട്ടയാടുന്നു. ഇതുകൊണ്ടു തന്നെയായിരിയ്ക്കണം ഇന്നും ലോകം ഭരിയ്ക്കുന്നവർ പുരുഷന്മാർ തന്നെയായി മാറുന്നത്.ആത്മ സംഘർഷം ഒന്നിനും സഹായകമാകില്ല. പേടിച്ചിരുന്നാൽ  ഒന്നും നടക്കില്ലെന്നും ധൈര്യം ഒന്നുകൊണ്ടുമാത്രം എത്ര വലിയ ആപദ്ഘട്ടങ്ങളേയും തരണം ചെയ്യാമെന്നും ഈ ഒരു കഥയിലൂടെ മനസ്സിലാക്കാം.. ഒരു ദ്വീപിൽ തിരഞ്ഞെടുക്കപ്പെടുന്ന രാജാവിനു 5 വർഷം മാത്രമേ ഭരിയ്ക്കാനാകൂ . അതിനു ശേഷം അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കി അടുത്തു തന്നെയുള്ള ദുഷ്ടമൃഗങ്ങൾ നിറഞ്ഞ ദ്വീപിൽ വിടുകയും അദ്ദേഹം അവർക്കു ഭക്ഷണമായിത്തീരുകയും ചെയ്യും. പിന്നീട് പുതിയൊരു രാജാവിനെ അടുത്ത അഞ്ചു കൊല്ലത്തേയ്ക്കായി തിരഞ്ഞെടുക്കുകയും അദ്ദേഹത്തിനും ഇതേ വിധി തന്നെ നേരിടേണ്ടിവരുകയും ചെയ്യുന്നു. ഇക്കാരണത്താൽ തിരഞ്ഞെടുക്കപ്പെട്ട നിമിഷം മുതൽ അവിടത്തെ രാജാക്ക്നമാർ നിരുത്സാഹിതരും ദു:ഖിതരുമാകയും ജനഹിതം നോക്കി നന്നായി ഭരണം നടത്താൻ കെൽ‌പ്പില്ലാത്തവരാകയും ചെയ്യുന്നു. അങ്ങിനെയിരിയ്ക്കേ ബുദ്ധിമാനായ ഒരു യുവാവ് രാജാവായി തിരഞ്ഞെടുക്കപ്പെട്ടു. ആദ്യ ദിവസം മുതൽ സന്തോഷവാനായി കാണപ്പെട്ട  രാജാവ് ജനങ്ങൾക്കേറെ പ്രിയപ്പെട്ടവനായി ജനഹിതം നോക്കി രാജ്യഭരണം നടത്തി രാജ്യത്തിനെ അഭിവൃദ്ധിയിലേയ്ക്കു നയിച്ചു. മറ്റു രാജാക്കന്മാരെപ്പോലെ ദു:ഖിതനാകാതെ നാലുവർഷത്തിനുശേഷവും രാജാവിനെ സന്തോഷവാനായി കാണപ്പെട്ടപ്പോൾ  കാരണമാരാഞ്ഞവരോട് അദ്ദേഹം പറഞ്ഞു: “ ഞാനെന്തിനായി ദു:ഖിയ്ക്കണം? അധികാരമേറ്റെടുത്ത ഉടൻ തന്നെ ഞാൻ ആദ്യമായി ചെയ്തത് ആ ദ്വീപിലെ ദുഷ്ടമൃഗങ്ങളെ ഇല്ലായ്മ ചെയ്യലാണ്. പിന്നീട് അവിടം വെട്ടിത്തെളിയിച്ച് ജനവാസയോഗ്യമാക്കി. കിണറുകളും കുളങ്ങളും കൃഷിയിടങ്ങളുമൊക്കെ നിർമ്മിച്ചു. അഞ്ചു വർഷത്തിനുശേഷം എന്നെ അങ്ങോട്ടയച്ചാൽ ഞാൻ അവിടെപ്പോയി സുഖമായി കഴിയും.” ബുദ്ധിശക്തി ഒന്നുകൊണ്ടുമാത്രം നമുക്ക് പ്രശ്നങ്ങളെ തരണം ചെയ്യാനാകുമെന്നാണിതിലെ പാഠം.  ഈ കഥയിലെപ്പോലെ മനസ്സിലെ പേടിയാകുന്ന ദുഷ്ടമൃഗങ്ങളെ നമുക്ക് ഇല്ലായ്മ ചെയ്തേ തീരൂ.ലപ്പോഴും സ്വന്തം മൂല്യങ്ങളറിയാതെ നാം നമ്മെത്തന്നെ വിലകുറച്ചു കാണുന്നു.അതു മാറ്റി ആത്മവിശ്വാസം വളർത്തിയേ തീരൂ.

നിർഭയ കേസ് , ബദൂൺ റേപ്പ് കേസ്,നിരവധി ഓണർ കില്ലിംഗ് വാർത്തകൾ-  ഒക്കെ മറക്കാൻ നമ്മൾ അനുവദിച്ചു. പ്രായപൂർത്തിയെത്താൻ ഏതാനും ദിവസങ്ങൾ കുറവെന്ന കാരണത്താൽ പ്രധാന കുറ്റവാളി രക്ഷ്പ്പെട്ടപ്പോൾ ആ ദിവസങ്ങൾ ആ കുറ്റം ചെയ്യാനവനെ കഴിവില്ലാത്തവനാക്കിയില്ലെന്ന സത്യം നമ്മൾ മറന്നു, ശബ്ദമുയർത്താൻ മടിച്ചു. കൂട്ടമായ ശബ്ദം ഫലം തരാ‍ാതിരിയ്ക്കില്ല. കേരള വിധവാസംഘത്തിന്റെ വിധവാ ഡെവലപ്മെന്റ് കോ ഓപ്പറെറ്റീവ് ബാങ്ക് എന്ന സംരംഭത്തെക്കുറിച്ചറിഞ്ഞപ്പോൾ അഭിമാനം തോന്നി.പോളിഗമിയ്ക്കെതിരെ നിയമം അടുത്തു തന്നെ പ്രതീക്ഷിയ്ക്കാം. പിന്നെ ബഹുഭാര്യാത്വവും, ഒരു ഭാഗത്തു നിന്നു തീരുമാനമെടുക്കുന്ന മൊഴിചൊല്ലലും ഇല്ലാതാകുമെന്നുമാത്രമല്ല, വിവാഹ രജിസ്ട്രേഷൻ നിർബന്ധമാകുകയും ചെയ്യും. റേപ്പ് ചെയ്യപ്പെടുന്ന സ്ത്രീ ഇന്നും സമൂഹത്തിന്റെ ദൃഷ്ടിയിൽ കളങ്കമെന്ന സ്ഥിതി മാറണം. കുറ്റം ചെയ്യുന്നവരെയല്ലേ സമൂഹം മാറ്റി നിർത്തേണ്ടത്?  റീടെയിൽ ഷോപ്പുകളിൽ സ്ത്രീകൾക്കിപ്പോൾ ധൈര്യപൂർവ്വം ഇരിയ്ക്കാറായല്ലോ?  ഷീ-ടോയ്ലറ്റുകളുടെ ആവശ്യകത അധികാരികളുടെ ശ്രദ്ധയിൽ‌പ്പെട്ടു തുടങ്ങിയിരിയ്ക്കുന്നു. നമ്മുടെ നാട്ടിലെ ക്രിമിനൽക്കുറ്റങ്ങളിൽ നാൽ‌പ്പത്തൊന്നു ശതമാനത്തോളവും ഉണ്ടാകുന്നത് മദ്യപാനത്താലാണെന്നു കണക്കുകൾ പറയുമ്പോൾ പൂർണ്ണ മദ്യനിരോധനം നമ്മുടെ മുറവിളികൾക്കൊരു മറുപടി തന്നെയല്ലേ? രാജ്യത്തിന്നകത്തും പുറത്തും കൂടുതൽ സ്ത്രീകൾ പുരുഷന്റെ കുത്തകമേഖലകളായ ഓട്ടോ മൊബൈൽ മേഖലയിൽക്കൂടി സ്വാഗതം ചെയ്യപ്പെട്ടു തുടങ്ങുമ്പോൾ General Motors ന്റെ C.E.O.ആയ Mary Barra പറയുന്നതുപോലെ കൂടുതൽ സ്ത്രീകൾ Mathematics, Science എന്നീ മേഖലകളിലേയ്ക്ക് വരുക തന്നെ വേണം . നാഷണൽ കമ്മീഷൻ ഫോർ വിമൺ  വഴി പല നല്ല കാര്യങ്ങളും നമുക്കു ചെയ്യാനാകണം.  സ്വന്തം തൊഴിലിനെ തിരഞ്ഞെടുക്കുക, ധൈര്യപൂർവ്വം മുന്നേറി സ്വന്തം ലക്ഷ്യത്തിലെത്തുക. ഒറ്റയ്ക്കു സഞ്ചരിയ്ക്കാൻ, അറിയപ്പെടാത്ത വഴികൾ തേടാൻ, സ്ത്രീകൾ സഞ്ചരിച്ചിട്ടില്ലാത്ത വഴിയിൽ സഞ്ചരിയ്ക്കാൻ സ്ത്രീയായി പിറന്നെന്ന കാരണത്താൽ മടിയ്ക്കാതിരിയ്ക്കുക.

ആൽബെർട്ട് ഐൻസ്റ്റൈൻ പറഞ്ഞിട്ടുണ്ട്: The Woman who follows a crowd will usually go no further than the crowd. The woman who walks alone is likely to find herself in places no one has ever been before”. Albert Einstein.

 

 

 

2 Responses to “മാറുന്ന ജീവതാളങ്ങളിലെ സ്ത്രീജന്മങ്ങൾ”

  1. ബാലു മേലേതിൽ

    നന്നായി ജ്യോതീ.

  2. Jyothi

    thank you, sir….. jyothi….

Leave a Reply

Your email address will not be published. Required fields are marked *