അധികാര വടംവലിയും അരുതാമോഹങ്ങളൂം( അഴിയാക്കുരുക്കുകൾ-5)

Posted by & filed under Uncategorized.

കഴിവുള്ള ചില സ്ത്രീകൾ അരികുകളിലേയ്ക്കുനീക്കി നിർത്തപ്പെടുന്നതും സ്ഥാനഭ്രംശരാക്കപ്പെടുന്നതും ഈയിടെ പതിവായിരിയ്ക്കുന്നു.  അധികാരവടം വലികളും അരുതാമോഹങ്ങളും സ്ത്രീയ്ക്കു വിലങ്ങു തടിയായി മാറുന്നത് കാണുമ്പോൾ ദു:ഖം തോന്നുന്നു. ഇതിനെതിരെ ശബ്ദമുയർത്താനും ആരുമില്ലാതെ അവർ ഒറ്റപ്പെടുന്നതു കാണുമ്പോൾ പരിതപിയ്ക്കാനെ കഴിയൂ.

ഫേസ്ബുക്ക് സി.ഒ.ഒ. ആയ ഷെറിൽ സാൻഡ്ബെർഗ് എഴുതിയ Lean In-Women, work and will to lead എന്ന പുസ്തകം ഈയിടെ വായിയ്ക്കാനിടയായി. സ്ത്രീകൾ അവശ്യമായുംവായിച്ചിരിയ്ക്കേണ്ടതാണീ പുസ്തകമെന്നു തോന്നിപ്പോയി. നേതൃത്വസ്ഥാനത്തേയ്ക്കുള്ള കുതിപ്പിന്നിടയിൽ മന:പൂർവ്വമല്ലാതെ തന്നെ ഇടയ്ക്കവൾ നിന്നു പോകുന്നതിന്റെ  കാരണണങ്ങൾ കണ്ടെത്തുകയും പ്രായോഗിക ബുദ്ധി ഉപ്യോഗിച്ചു ഇത്തരം പ്രശ്നങ്ങളെ എങ്ങനെ കൈകാര്യം ചെയ്യാമെന്നുമൊക്കെയവർ സ്വാനുഭവങ്ങളും എടുത്ത ശരിയും തെറ്റുമായ തീരുമാനങ്ങളും നിരത്തി പ്രതിപാദിയ്ക്കുന്നു, ഈ പുസ്തകത്തിൽ.വികസിതമായ രാജ്യമായ അമേരിക്കയിൽ‌പ്പോലും  ഗവണ്മെണ്ടിന്റേയും പ്രമുഖ വ്യവസായ സ്ഥാപനങ്ങളുടേയും ഉന്നത സ്ഥാനത്ത് സ്ത്രീകൾ  വളരെ കുറവാണെന്നവർ ഈ പുസ്തകത്തിൽ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയെപ്പോലുള്ള വികസ്വരമായിക്കൊണ്ടിരിയ്ക്കുന്ന രാജ്യങ്ങൾക്ക് എല്ലാ രംഗത്തും സ്ത്രീകൾ മുന്നോട്ടു വരേണ്ടത് ഏറ്റവും അവശ്യമായിരിയ്ക്കേ ഇവിടെ കഴിവുൾല സ്ത്രീകൾ പോലും അത്തരം സ്ഥാനങ്ങളിൽ നിന്നും നീക്കം ചെയ്യപ്പെടുമ്പോൾ സ്ത്രീയുടെ പുരോഗതിയുടെ പാതയിലെ ഒരു തടസ്ഥം കൂടിയായേ ഇതിനെ കാണാനാകുന്നുള്ളൂ.

തലസ്ഥാനനഗരിയ്ക്ക് ഏറെ കീർത്തി നേടിക്കൊടുത്ത ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ (ഐ.എഫ്.എഫ്.കെ) ആർട്ടിസ്റ്റിക് ഡയറകറ്റർ എന്ന നിലയിൽ കഴിഞ്ഞ 10 വർഷങ്ങളോളം ബീനാ പോൾ ചെയത വിലമതിച്ച സേവനം മറക്കാനാകില്ല. ഈയിടെ അവർ രാജിവച്ചതിനു പുറകിലെ ബാലിശമായ ആരോപണങ്ങൾ കേട്ടപ്പോൾ മന:പൂർവ്വം ആരോ ആ സ്ഥാനത്തു നിന്നും അവരെ മാറ്റുന്നതിനായി കിണഞ്ഞു പരിശ്രമിച്ചതുപോലെ തോന്നി. ലോക സിനിമകളെ ഏറെ താൽ‌പ്പര്യപൂർവ്വം ക്രിട്ടിക് പോയന്റിൽ നിന്നും കാണുന്ന ഒരു വ്യക്തിയെന്ന നിലയിൽ വളരെ നല്ല വിദേശ ഡയറക്ടർമാരുടെ സിനിമകളെ ഇന്ത്യയിലേയും പ്രത്യേകിച്ച് സാധാരണക്കാരായ കേരളീയരുടെയും ശ്രദ്ധയിൽ പെടുത്തിയ ബീനാപോളിനെക്കുറിച്ച് വളരെ ആരാധന തന്നെ എനിയ്ക്കു തോന്നിയിരുന്നു. അവർ ഇക്കുറി തിരഞ്ഞെടുത്ത സിനിമകളുടെ നിലവാരം താഴ്ന്നുപോയെന്നായിരുന്നു,അവരുടെ പേരിലുള്ള  ആരോപണം. ഒരേിനിമ രണ്ടു പേർ ഇരുന്നു കണ്ടാൽതന്നെ രണ്ടു തരത്തിൽ വ്യാഖ്യാനിയ്ക്കമെന്നിരിയ്ക്കേ, അവ കാണാതെ തന്നെ വിധിയെഴുതുന്ന വിധികർത്താക്കൾ അധികാര വടംവലി നടത്തുമ്പോൾ ഇത്തരം ബലിയാടുകളും ശിക്ഷിയ്ക്കപ്പെടുന്നു. കഴിവിനെ കണ്ടേത്താനോ പ്രോത്സാഹിപ്പിയ്ക്കാനോ ആരുമില്ലാതെപോകുന്നോ?

സുനിതാ കൃഷ്ണൻ നിർഭയ പദ്ധതിയിൽ നിന്നും സ്ഥാനമൊഴിയുന്നുവെന്നറിഞ്ഞപ്പോഴും ഇതേ വിഷമം തോന്നി. ആ സ്ഥാനത്തേയ്ക്ക് അവരേക്കാൾ കഴിവുള്ളവരായി മറ്റാരെക്കിട്ടാൻ? 2011ൽ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷാർത്ഥം ഏറെ കോലാഹലത്തോടെ  തുടക്കമിട്ട പദ്ധതി ഇനിയുമെന്തേ മുന്നോട്ടു നീങ്ങുന്നില്ല? സർക്കാരിന്റെ വൈമനസ്യം പ്രജ്വല എന്ന സേവനാസംഘടനയുടെ എല്ലാമെല്ലാമായി  അശരണരുടെയും പീഡിതരുടെയും പാവപ്പെട്ടവരുടെയും സംരക്ഷണാർത്ഥം തന്റെ ജീവിതം തന്നെ അർപ്പിച്ച സുനിതയെ ഏറെ ദു:ഖിതയാക്കി. അതിൽ പ്രതിഷേധിച്ചാണവർ സ്ഥാനമൊഴിയുന്നത്.  കൂടുതൽ കൂടുതലായി ഇതേ മനോഭാവമുള്ളവരെ തേടിപ്പിടിച്ച് ഈ പദ്ധതിയെ ഒരു വൻ വിജയമാക്കുന്നതിനു പകരം പദ്ധതിയുടെ തുടക്കം കുറിയ്ക്കാനുള്ള സർക്കാരിന്റെ വിളംബം ഏറെ ഖേദകരം എന്നു തന്നെയേ പറയാനാകൂ. 

 പ്രതിഷേധിച്ചിട്ടെന്തുകാര്യം? അതു എത്തിച്ചേരേണ്ട ചെവികളിൽ എത്തിച്ചേരില്ലെങ്കിൽ .അഥവാ കേൾക്കാൻ വേണ്ടപ്പെട്ടവർ തയ്യാറല്ലെങ്കിൽ! 

Leave a Reply

Your email address will not be published. Required fields are marked *