വൃന്ദാവനത്തിലെ വിധവകൾ കരയുന്നോ? ( അഴിയാക്കുരുക്കുകൾ-7)

Posted by & filed under Uncategorized.

പൊതു പ്രസ്താവനകളിറക്കുന്നത് തീർച്ചയായും അൽ‌പ്പം ചിന്തിച്ചു തന്നെ വേണം. വൃന്ദാവനത്തിലെ വിധവകളെക്കുറിച്ച് മുൻ ചലച്ചിത്രതാരവും എം.പി.യുമായ ഹേമമാലിനി പറഞ്ഞ വാക്കുകൾ അൽ‌പ്പം കോളിളക്കമുണ്ടാക്കി. എൻ.ഡി.ടി.വിയിലെ ബർഖാ ദത്തിന്റെ ഷോയും  ഏറെ ശ്രദ്ധ പിടിച്ചു പറ്റി. മധുരയുടെ തെരുവുകളിൽ ആവശ്യമില്ലാഞ്ഞും ഭിക്ഷയാചിയ്ക്കപ്പെടുന്ന വിധവകളെക്കുറിച്ചും മറ്റു സംസ്ഥാനങ്ങളിൽ നിന്നും ഇവിടെ വന്നെത്തി ഇവിടം തിരക്കാർന്നതാക്കുന്നവരെക്കുറിച്ചും ഹേമമാലിനി ആവലാതിപ്പെട്ടിരുന്നു.വാസ്തവത്തിൽ അവരെന്തായിരുന്നു പറയാൻ ഉദ്ദേശിച്ചത്?

മധുരയിൽ നിന്നുമുള്ള എം.പി. എന്നനിലയിൽ അവിടത്തെ കഷ്ടതയനുഭവിയ്ക്കുന്ന സ്ത്രീകൾക്കായെന്തെങ്കിലും ചെയ്യണമെന്ന മോഹമാണോ ഇതതരമൊരു ഇത്തരമൊരു വാഗ്വാദത്തിലേയ്ക്കവരെ എത്തിച്ചത്? ഏതു സംരഭത്തിനും ജാതിയുടെയോ രാഷ്ട്രീയത്തിന്റെ നിറമില്ലാതെ നമുക്കു കാണാനാകില്ലല്ലോ? അവരുടെ ഉദ്ദേശ ശുദ്ധി മനസ്സിലാക്കാൻ കഴിയാതെ പോയതോ അതോ അവരെ കീറിമുറിയ്ക്കാൻ കിട്ടിയ അവസരം ശരിയായൊന്നു ഉപയോഗിയ്ക്കാൻ ശ്രമിച്ചതോ എന്നു മനസ്സിലാക്കാനാകുന്നില്ല. അവസരം കിട്ടിയാൽ തന്നെ ചെയ്യാൻ അവരാഗ്രഹിയ്ക്കുന്ന പലകാര്യങ്ങളും പ്രാവർത്തികമായി കൊണ്ടുവരാനവർക്കു കഴിയുമോ എന്നും അറിയുന്നില്ല. എന്തായാലും വൃന്ദാവനത്തിലെ വിധവകളിലേയ്ക്ക് അൽ‌പ്പനേരത്തേയ്ക്കെങ്കിലും ജനശ്രദ്ധ തിരിച്ചു വിടാൻ അവർക്കായി എന്നതിൽ സംശയമില്ല.

പശ്ചിമബംഗാളിൽ നിന്നും ബീഹാറിൽ നിന്നുമെല്ലാമുള്ള വിധവകൾ മധുരയിലെ വൃന്ദാവനത്തിൽ വന്നു നിറയുന്നുവെന്നും സാമ്പത്തികമായി ബുദ്ധിമുട്ടില്ലാത്തവരും തെരുവിലിറങ്ങി ഭിക്ഷയാചിച്ച് മറ്റുള്ളവരെ ശല്യപ്പെടുത്തുന്നുവെന്നുമാണവരുടെ ആരോപണം. അന്യ  സംസ്ഥാനത്തു നിന്നുള്ളവരെ അവർ എവിടെയായാലും അവിടത്തെ ഗവണ്മെണ്ട് തന്നെ സംരക്ഷിയ്ക്കേണ്ടതല്ലേ എന്നുമവർ ചോദിയ്ക്കുന്നു. എന്താണ് യഥാർത്ഥപ്രശ്നം? വൃന്ദാവനത്തിലെ വിധവകൾ ഭിക്ഷ യാചിയ്ക്കുന്നതോ ? അന്യസംസ്ഥാനങ്ങളായ പശ്ചിമ ബംഗാളിൽ നിന്നും ബീഹാറിൽ നിന്നുമൊക്കെ ഇവിടെ വരുന്നത് നമുക്കെങ്ങനെ തടയാനാകും? സ്വന്തം രാജ്യത്തെവിടെ വേണമെങ്കിലും താമസിച്ചു കൂടേ?നല്ല ബാങ്കു ബാലൻസുള്ളതിനാൽ അവർക്കിവിടെ താമസിയ്ക്കാൻ പാടില്ലെന്നില്ലല്ലോ? ചോദ്യങ്ങളേറെ, ഉത്തരങ്ങളും..

ധനിക കുടുംബങ്ങളിൽ നിന്നുപോലും ചിലർ ഇവിടെയെത്തി ഈ ജീവിതത്തെ സ്വീകരിയ്ക്കുന്നുവെങ്കിൽ അതിനു പുറകിലും കാരണം കണ്ടെത്താനാകില്ലേ? ഒന്നുകിൽ കൃഷ്ണ ഭക്തിയുടെ ആധിക്യമാകാം. അഥവാ സ്വന്തംകുടുംബത്തിൽ നിന്നും വേണ്ടത്ര സ്നേഹവും ആദരവും കിട്ടാഞ്ഞിട്ടായിരിയ്ക്കാം. ആർക്കും ആരെയും നിർബന്ധിയ്ക്കാനാവില്ല. ദരിദ്രകുടുംബങ്ങളിൽ നിന്നെത്തുന്നവരിൽ പലരും മറ്റു നിവൃത്തികളില്ലാഞ്ഞിട്ടു തന്നെയാകാം. ഭിക്ഷ യാചിയ്ക്കൽ  നിർത്താൻ പറ്റാത്ത ജീവിതശൈലിയായിത്തീർന്നിട്ടുണ്ടാവാം. പക്ഷേ ഭാരതത്തിലെ കെട്ടുറപ്പുള്ള കുടുംബ ബന്ധങ്ങളിൽ ഇന്നും അഭിമാനം കൊള്ളുന്നവർക്ക് ഇതുൾക്കൊള്ളാനാവില്ലെന്നതു സത്യം.

ഹേമമാലിനിയെ പിന്താങ്ങുകയല്ല, പക്ഷേ സംശയം ഇനിയും അവശേഷിയ്ക്കുന്നു. ശ്രദ്ധിച്ചു നോക്കിയാൽ കണ്ണീർ കാണാനാകുന്ന മുഖങ്ങൾ ഏറെ കണ്ടു. ഈ വിധവകൾ സ്വമേധയാ എടുത്ത തീരുമാനങ്ങളാണെങ്കിൽ അവരെ സദാ സന്തോഷത്തോടെ കാണാനായേനെ! 40000ൽ അധികം വിധവകൾ വൃന്ദാവനത്തെരുവുകളിൽ  അല്ലെങ്കിൽ പരിസരങ്ങളിലായി ഉണ്ടെങ്കിൽ  തീർച്ചയായും വളരെ ഗൌരവമായിത്തന്നെ കൈകാര്യം ചെയ്യേണ്ടുന്ന വിഷയമാണിത്. ഉറ്റവരേയും ഉടയവരേയും വിട്ട് ഭഗവൽ പാദങ്ങളിൽ എന്നേയ്ക്കുമായി ചരണം പ്രാപിയ്ക്കാൻ അവർ സ്വയം തയ്യാറായതാണൊ അതോ ആ മാനസികാവസ്ഥയിലേയ്ക്കവർ തള്ളപ്പെട്ടതോ എന്ന സത്യം മറ നീക്കി പുറത്തു കൊണ്ടുവരണം. ഇന്നു പശ്ചിമ ബംഗാളും ബീഹാറും ഒഡിഷയും മാത്രമേ ഇങ്ങനെ ചെയ്യുന്നുള്ളുവെങ്കിലും ഇനിയും പകരാവുന്ന ഒരു പടർച്ചവ്യാധി തന്നെയല്ലേ ഇത്? ഇതിനു ഉന്മൂലനാശം വരുത്തേണ്ടത് ആവശ്യം തന്നെയല്ലേ? വയസ്സായ അമ്മയെ ഉപേക്ഷിയ്ക്കാൻ മറ്റൊരു കുറുക്കുവഴി കൂടിയായി മാറുന്ന സംസ്കാരം നമുക്കുവേണ്ട. ഈ വീക്ഷണകോണിൽ നിന്നും നോക്കുമ്പോൾ എനിയ്ക്കു ഹേമമാലിനിയെ പിന്തുണയ്ക്കാൻ തോന്നുന്നു. യാതൊരു വിധ നിയമ തടസ്സങ്ങളും കൂടാതെ ദിനം പ്രതി വർദ്ധിച്ചു വരുന്ന ഇത്തരം വൃന്ദാവന വിധവാപ്രവാഹത്തിന്നൊരു തടയണ കെട്ടാൻ ഓരോ സംസ്ഥാനവും ബാധ്യസ്ഥരാണ്. ശരിയായ ഭക്തർ പൊയ്ക്കോട്ടെ, മറ്റുള്ളവരെ തിരിച്ചറിയാനും വേണ്ട സ്വാന്തനം നൽകാനും ഓരോ സംസ്ഥാന ഗവർമെണ്ടിനും കഴിഞ്ഞിരുന്നെങ്കിൽ എന്നാശിച്ചു പോകയാണ്.

വിധവാ സംഘടനകൾക്കും പലതും ചെയ്യാനാകുമെന്നു കൂടി പറയട്ടെ. കേരളവിധവാ അസ്സോസ്സിയേഷൻസ് ഈയിടെ വിധവാ ഡെവലപ്മെന്റ് കോ ഓപ്പറേറ്റീവ് ബാങ്ക് തുടങ്ങാൻ തീരുമാനിച്ചിരിയ്ക്കയാണ്. ഗവണ്മെന്റന്റേയും മറ്റു സാമൂഹ്യസേവകരുടേയും അവഗണനയും സഹതാപവുമൊക്കെ മടുത്ത് പകരം കർമ്മരംഗത്ത്  തെളിയിയ്ക്കാനവർ ശക്തിയായി മാറുന്നതു കണ്ട് ശരിയ്ക്കും അഭിമാനം തോന്നുന്നു. ഹേമമാലിനിയ്ക്കു ഇതു ശ്രദ്ധിയ്ക്കാനായിട്ടുണ്ടോ, ആവോ? വിധവകളെ ഭിക്ഷയ്ക്കയയ്ക്കരുതെന്നു പറഞ്ഞല്ലോ. അവരെ സ്വന്തം കാലിൽ നിൽക്കാൻ എന്തുകൊണ്ട് കെൽ‌പ്പുള്ളവരാക്കി മാറ്റാൻ ശ്രമിയ്ക്കുന്നില്ല? പരസ്പ്പരം പഴി ചാരുന്നതിനു പകരം ഒരുമിച്ച് പ്രവർത്തിയ്ക്കേണ്ട സമയമാണിത്. വൃന്ദാവനത്തിലൂടെ ഇനിയും പാലും തൈരും ഒഴുക്കാനാകും, വേണ്ടവിധത്തിലതിനു തുനിയാനാകുമെങ്കിൽ, തീർച്ച!

Leave a Reply

Your email address will not be published. Required fields are marked *