തീവ്രാ‍ഭിലാഷവും ലക്ഷ്യപ്രാപ്തിയും( അഴിയാക്കുരുക്കുകൾ-8)

Posted by & filed under Uncategorized.

ലക്ഷ്യം ശരിയ്ക്കറിയുക അഥവാ ആകസ്മികമായെങ്കിലും കണ്ടെത്താനിടവരിക, അവിടെയെത്താൻ പരിശ്രമിയ്ക്കുക- പലരുടേയും വിജയരഹസ്യം ഇതൊന്നു മാത്രം തന്നെ. ഇന്ന് ഉയരങ്ങൾ കീഴടക്കിയ പല വനിതകളും എങ്ങിനെ അവിടെയെത്തിച്ചേർന്നുവെന്ന്  ഒന്നു തിരിഞ്ഞു നോക്കിയാൽ  പലപ്പോഴും വിസ്മയത്തിനേ വക കാണൂ.  സ്കൂളിൽ പഠിയ്ക്കുന്ന കാലത്ത് ക് ളാസ്സിലെ ഏറ്റവും നാണം കുണുങ്ങികളും മിണ്ടാപ്പൂച്ചകളുമായിരുന്നവർ പിൽക്കാലത്തെങ്ങിനെ വളരെ ശക്തമായ തീരുമാനങ്ങളെടുക്കുവാനാകുന്ന ഉദ്യോഗസ്ഥകളായി മാറുന്നുവെന്നത് എന്നെ പലപ്പോഴും അമ്പരപ്പിച്ചിട്ടുണ്ട്. അനുഭവങ്ങളും ആവശ്യകതയും അൽ‌പ്പം നല്ല മനസ്സുകളുടെ പിന്തുണയുമാകാം അവർക്കു  ധൈര്യം നൽകുന്നത്. അതേ സമയം തന്നെ ഇവയുടെയൊക്കെ അഭാവത്തിനാലാകാം കുട്ടിക്കാലത്തെ പല മിടുക്കികളും ജീവിതത്തിൽ എങ്ങുമെത്താതെ മറയ്ക്കകത്തു തന്നെ പതുങ്ങി നിൽക്കുന്നതും എന്നും തോന്നാറുണ്ട്. ജീവിതത്തിരിവുകളുടെ അപകടങ്ങളെ മണത്തറിയാൻ  ലക്ഷ്യമെന്തുമട്ടെ, അവിടെയെത്താനായി നിതാന്തപരിശ്രമം ചെയ്യുന്നവർക്ക് കഴിയുമെന്ന കാര്യം തീർച്ച.

ചൈനയിൽ നിന്നുള്ള ഇന്റെർനെറ്റ് വ്യവസായ സംഘാടകനായ (അലിബാബ ഗ്രൂപ്) ജാക് മ യേക്കുറിച്ച് വായിച്ചപ്പോൾ അദ്ദേഹം പറയുന്നതെല്ലാം  അക്ഷരാർത്ഥത്തിൽ ശരിയെന്നു തോന്നി. 35 വയസ്സായിട്ടും നിങ്ങൾ ദരിദ്രനാണെങ്കിൽ അതിന് കാരണം നിങ്ങളുടെ ഉൽക്കർഷേച്ഛയുടെ അല്ലെങ്കിൽ ഉയരങ്ങളിലെത്താനുള്ള തീവ്രമോഹത്തിന്റെ അഭാവം ഒന്നു തന്നെയാണെന്നദ്ദേഹം ഉറപ്പിച്ചു പറയുന്നു. ലക്ഷ്യം എന്തോ ആകട്ടെ, തീവ്രമായ മോഹം ഉണ്ടെങ്കിൽ കീഴടക്കാനാവാത്തതായി ഒന്നുമില്ലെ ഈ ഭൂമിയിലെന്ന് ജൂലിയറ്റ് വു ഷിഹോംഗ് എന്ന് സ്ത്രീയുടെ ജീവിതം ചൂണ്ടിക്കാട്ടി അദ്ദേഹം സമർത്ഥിയ്ക്കുന്നു.ഒരു സാധാരണ തൂപ്പുകാരിയിൽ നിന്നും നഴ്സായും , മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ആയും, പിന്നീട് ചൈനയുടെ ഫസ്റ്റ് ജനറേഷൻ പ്രൊഫഷണൽ മാനേജരായുംപടിപടിയായി കയറി വിജയഗാഥ മുഴക്കാൻ അവർക്കായത് അതിനുവേണ്ടിയുള്ള ഉൽക്കടമായ മോഹവും അതിനായി തന്നെത്തന്നെ തയ്യാറാക്കുന്നതിനായുള്ള സെൽഫ് എഡ്യൂക്കേഷനും വിവിധ ജോലികളിൽ നിന്നും ലഭിച്ച പ്രായോഗിക അനുഭവജ്ഞാനവും മാത്രമായിരുന്നതിനൊക്കെ പ്രചോദനാത്മകമായ കാരണമോ വളരെ നിസ്സാരമായ ഒന്നു മാത്രം. പക്ഷേ തനിയ്ക്കു നിഷേധിയ്ക്കപ്പെട്ടതിനെ തിരികെ കൊണ്ടുവരാനായുള്ള വാശിയ്ക്കു അത്രമാത്രം കാരണം മതിയായിരുന്നുവെന്നുള്ളതാണ് സത്യം അതിന്റെ ഫലമോ, തന്റെ ലക്ഷ്യത്തെ പെട്ടെന്നവൾക്കു കണ്ടെത്താനായി. പരിശ്രമംുറകെ എത്താതിരുന്നില്ല.

നമുക്കും ശ്രമിയ്ക്കാവുന്നതേയുള്ളൂ ചില കടമ്പകൾ കടക്കാൻ. സത്യത്തിൽ ജീവിതത്തിന്റെ പല പലേ സ്റ്റേജുകളിൽ ഇത്തരം കടമ്പകൾ കാണാം. പക്ഷേ പലപ്പോഴും കാലതാമസം പ്രശ്നങ്ങൾ സൃഷ്ടിയ്ക്കുന്നു. നമുക്കിടയിലും ഇത്തരം പയറ്റുകാർ അപൂർവ്വമല്ല എന്ന് മനസ്സിലാക്കാനിടയായി.. വെറും പ്യൂൺ എന്ന നിലയിൽ നിന്നും സ്കൂൾ ടീച്ചറായും അവസാനം ഹേഡ് മിസ്ട്രസ് ആയും റിട്ടയർ ചെയ്ത വ്യക്തിയെക്കുറിച്ചു വായിച്ചപ്പോൾ കുറച്ചൊന്നുമല്ല ആരാധന തോന്നിയത്.വേണ്ടത്ര സർവീസ് ഇല്ലാത്തതിനാൽ  നിഷേധിയ്ക്കപ്പെട്ട ആനുകൂല്യങ്ങളെക്കുറിച്ചു വായിച്ചപ്പോൾ വിഷമം തോന്നി. ഇത്തരം മാതൃകാപരമായ നേട്ടങ്ങൾ കൂടുതൽ ജനശ്രദ്ധയാകർഷിയ്ക്കുക തന്നെ വേണം.ആരും പോരാളികളായി ജനിയ്ക്കുന്നില്ല, അവർ സന്ദർഭമെത്തുമ്പോൾ സ്വയം പോരാളികളായി മാറുകയാണ്. പക്ഷേ ആ പോരാളിത്വം അവരിൽ ഒളിഞ്ഞു കിടക്കുന്നുണ്ടെന്ന വസ്തുത പലപ്പോഴും അവർക്കു തന്നെ അറിയാനാകുന്നില്ലെന്നതാണ് ദു:ഖകരം.

നമുക്കിനിയും കൂടുതലായി വേണം ജൂലിയറ്റ് വു ഷിഹോംഗ് പോലെയും  നമ്മൾ പറഞ്ഞ  ആ ഹെഡ്മിസ്ട്രസ്സിനേയും പോലെയും ഉള്ള പടയാളികൾ. സ്വന്തം ബലഹീനതകളെ തിരിച്ചറിഞ്ഞ്, സ്വന്തം, കഴിവുകളിൽ വിശ്വസിയ്ക്കുന്നവരെ.  ജാക് മാ പറയുന്നതുപോലെ നാമിപ്പോഴും ദരിദ്രരായിത്തന്നെ തുടരുന്നത് നമ്മുടെ മോഹക്കുറവിനാലാകാമെങ്കിലും ആ ദാരിദ്ര്യം നമ്മുടെ മോഹങ്ങൾക്കൊരിയ്ക്കലും വിലങ്ങു തടിയാകണമെന്നില്ല, സ്വന്തം കഴിവിൽ വിശ്വസിയ്ക്കാൻ കഴിയുമെങ്കിൽ.അനുഭവം ഗുരുവെന്നും ഇച്ഛയുണ്ടായാൽ അതിനൊരു വഴിയും കണ്ടെത്താനാകുമെന്നും നമുക്കറിയാത്ത കാര്യമൊന്നുമല്ല്ല്ലോ. വാശിയോടെ മുന്നേറിയാലേ ലക്ഷ്യം നേടാനാകൂ. (Ambition is the path to success. Persistence is the vehicle you arrive in...Bill Bradley)

 

2 Responses to “തീവ്രാ‍ഭിലാഷവും ലക്ഷ്യപ്രാപ്തിയും( അഴിയാക്കുരുക്കുകൾ-8)”

  1. jolly alappat

    മാഡം , എഴുതിയതിനോട് യോജിക്കുന്നു,.പക്ഷെ ഈ മടിപിടിച്ചിരിക്കുന്നവെർ ഇതൊന്നും വയിക്കിലാലോ? അവർക്ക് h m യും ജൂലിയറ്റിന്റെയും കുറിച്ച് പറഞ്ഞിട്ടെന്തു കാര്യം .. എന്ന് ഞാൻ എഴുതിയാൽ ഇവാൻ ഏതു മാഷെടാ എന്ന് വിചാരിക്കും. ഈ എഴുതുണ്ടല്ലോ അതിലാണ് കാര്യം എഴുതികൊണ്ടിരിക്കുക.. ആരെങ്കിലും എപോഴെങ്കിലും lifene തിരിച്ചറിയും .. അലെന്കിലെന്തിനാ ഈ പള്ളീലെ അച്ചന്മാർ ഞായറാച്ചകൾ തോറും ഇങ്ങനെ പറഞ്ഞത് തന്നെ പറഞ്ഞു കൊണ്ടിരിക്കുന്നത്!! ഭവഭൂതിയും ഇതുപോലെ പറഞ്ഞിട്ടുണ്ട്.. എന്നെഗ്കിലും എന്റെ കവിത വായിക്കുന്ന മനുഷ്യൻ ഉണ്ടാകുമെന്ന്….. ഇനിയും വായിക്കാം….

  2. Jyothi

    nandi, Jolly Mash

Leave a Reply

Your email address will not be published. Required fields are marked *