THE DECCAN ODYSSEY-2 (ദ ഡക്കാന്‍ ഒഡീസി-2)

Posted by & filed under Yathravivaranangal.

പഞ്ച്ഗനിയില്‍ 60 മീറ്ററോളം ഉയരത്തിലാണു ടേബിള്‍ ടോപ്പു. എന്താണീ ടേബിള്‍ ടോപ്പ്? എനിയ്ക്കു സംശയമായി. മറ്റൊന്നുമല്ല, മലയ്ക്കു മുകളിലായി നീണ്ടു പരന്നു കിടക്കുന്ന സമതലം. ഒരു മേശപോലെ പരന്നതു. ഈ സ്ഥലം ഏഷ്യയിലെ ഏറ്റവും വലിയ മൌണ്ടന്‍ സമതലങ്ങളില്‍ രണ്ടാം സ്ഥാനത്താണു. ലറ്റെറൈയ്റ്റ്(Laterite) പാറകള്‍ നിറഞ്ഞതാണിതു. പോകുന്ന വഴിയ്ക്കാണു പാര്‍സി പോയന്റ്. കൃഷ്ണാ വാലിയും ധോം ഡാമിലെ നീലജലവും കണ്ടു ഞങ്ങള്‍ ടേബിള്‍ ടോപ്പിലെത്തി.

അടുത്തു വരെ കാര്‍ പോകും…പിന്നെ നടക്കാം..അനന്തമായി വിശാലമായി പരന്നു കിടക്കുന്ന സമതലം. പലരും കുതിരവണ്ടികളും, കുതിരകളും ഒട്ടകങ്ങളും മറ്റും ഉപയോഗിച്ചു ഒരറ്റം മുതല്‍ മറ്റേഅറ്റം വരെ മുഴുവന്‍ സ്ഥലവും ഒരു സവാരി നടത്തുന്നു. പാവം മൃഗങ്ങളെ ഇതിനായി ഉപയോഗിയ്ക്കുന്നതില്‍ എന്റെ മക്കള്‍ക്കു സങ്കടം. അതില്‍ സവാരി നടത്തിയാല്‍ അതോര്‍ത്തു രാത്രി ഉറങ്ങാനാവില്ലെന്നു അവര്‍ പറഞ്ഞപ്പോള്‍ ശരിയാണെന്നു എനിയ്ക്കും തോന്നി. പാവങ്ങള്‍..രാവിലെ മുതല്‍ ഇരുട്ടുന്നതുവരെ എത്ര ഭാരം ചുമക്കുന്നു, അല്ലേ?  ഞങ്ങള്‍ നടന്നു തന്നെ മുഴുവനും കാണാന്‍ തീരുമാനിച്ചു. ഇതിനു മുകളിലായി പല വ്യൂ പോയന്റുകളും ഉണ്ടു. വിത്സണ്‍ പോയന്റ്റ്, സണ്‍ റൈസ് പോയന്റ്, സണ്‍ സെറ്റ് പോയന്റ് എന്നിങ്ങനെ. പല സിനിമകളും ഈ സ്ഥലത്തു ഷൂട്ടു ചെയ്യപ്പെട്ടിട്ടുണ്ടു. ഞങ്ങള്‍ അസ്തമനത്തിനടുത്ത സമയത്തു എത്തിയതിനാന്‍ അസ്തമനത്തിന്റെ മുഴുവന്‍ ദൃശ്യവും കാണാനായി. ധാരാളം ടൂറിസ്റ്റുകള്‍ ഉള്ള സമയം. കുട്ടികള്‍ക്കു ഹരമേകാനായി കുരങ്ങന്മാരെക്കൊണ്ടു വേലകള്‍ കാട്ടുന്നവര്‍ കുരങ്ങന്മാര്‍ തിന്നുന്ന പലതരം ഭക്ഷ് യസാധനങ്ങളും വില്‍ക്കുന്നു. നമുക്കു അവരില്‍ നിന്നും വാങ്ങി അവരുടെ കുരങ്ങനു തന്നെ കൊടുക്കാം..നല്ല ബിസിനസ് ഐഡിയ. സാരംഗ് തക്കാളി വാങ്ങി കുരങ്ങന്മാര്‍ക്കു കൊടുത്തു.

ഡെവിള്‍സ് കിച്ചന്‍

കുറച്ചു മുന്നോട്ടു നടന്ന ശേഷം ഞങ്ങള്‍ ടേബിള്‍ ടോപ്പിനു താഴെ തെക്കു വശത്തായുള്ള ഡെവിള്‍സ് കിച്ചന്‍ എന്ന് ഗുഹ കാണാനായി താഴേയ്ക്കുള്ള പടവുകളിറങ്ങാന്‍ തുടങ്ങി. അവിടെയുള്ള പല ഗുഹകളില്‍ ഒന്നാണിതു. പുരാണ പ്രാധാന്യമുള്ള ഒന്നാണിതു. പാണ്ഡവര്‍ വനവാസക്കാലത്തു ഇവിടെ താമസിച്ചിരുന്നുവെന്നും ഇവിടെയാണു ഭക്ഷണം പാകം ചെയ്തിരുന്നതെന്നും ഒരു കഥയുണ്ടു.  എത്രത്തോളം സത്യമുണ്ടെന്നാര്‍ക്കറിയാം. എന്തായാലും മുകളിലേ ടേബിള്‍ ടോപ്പില്‍ വടക്കു ഭാഗത്തായി അല്‍പ്പം കല്ലുകള്‍ ചുറ്റും കൂട്ടിയിട്ടു സൂക്ഷിച്ചിട്ടുള്ള കാലടിപ്പാടുകളും പാണ്ഡവരുടെയാണെന്നു കേട്ടപ്പോള്‍ കഥയ്ക്കു ആധികാരിത കൂട്ടാന്‍ ആരോ ശ്രമം നടത്തിയതായി തോന്നി.  ഇടുങ്ങിയതും അസമതലവുമായ പടവുകള്‍ സൂക്ഷിച്ചിറങ്ങി.. തിരിഞ്ഞുംമറഞ്ഞും ഗുഹാമുഖത്തെത്തിയപ്പോള്‍ അതിന്റെ  വിശാലത കണ്ടു അത്ഭുതം തോന്നി. പ്രകൃതിയുടെ വികൃതിയോ മനുഷ്യന്റെ കൈ വിരുതോ? ആര്‍ക്കറിയാം. നിറയെ വിവിധവും വ്യത്യസ്തവുമായ ആകൃതികളില്‍ മരത്തില്‍ അസംസ്കൃത രൂപത്തില്‍ ഉണ്ടാക്കി ഉറപ്പിച്ച മേശകളും സ്റ്റൂളുകളും കണ്ടു…അപ്പോള്‍ ഇതാണു ഡെവിള്‍സ് കിച്ചന്‍..നല്ല രസം. ഗുഹയുടെ തുടക്കഭാഗത്തു പ്രത്യേകം വേര്‍തിരിയ്ക്കപ്പെട്ട സ്ഥലത്തു കിച്ചണ്‍. ചായ, ഉള്ളിപക്കവട ഒക്കെ കിട്ടും. സായംസന്ധ്യയുടെ ഭംഗിയാര്‍ന്ന സ്വര്‍ണ്ണ വെളിച്ചം ഗുഹയെ പ്രഭാപൂരിതമാക്കി. മറ്റേയറ്റത്തു ഗുഹ അവസാനിയ്ക്കുന്ന സ്ഥലം. ഉള്ളീലേയ്ക്കു തീരെ വെളിച്ചം കിട്ടില്ല. കട്ട പിടിച്ച ഇരുട്ടു. ഒരു പ്രവേശനദ്വാരത്തിലൂടെ അകത്തെ കൊച്ചു മുറിയില്‍ പോയി മറ്റേ ദ്വാരത്തിലൂടെ തിരിച്ചുവരാം. എനിയ്ക്കു ധൈര്യം വന്നില്ല. ഒന്നും കാണാനില്ല. വീണാലോ. ചിലരൊക്കെ മൊബൈല്‍ ഫോണ്‍ വിളക്കായി പിടിച്ചു പതുക്കെ പോയി വന്നു. ഫോട്ടോയുമെടുത്തു. അപ്പോള്‍ എനിയ്ക്കും ഒന്നു പോകാന്‍ മോഹം. സുജാതയും ശരിവച്ചപ്പോള്‍ ഒരു വലിയ ടോര്‍ച്ചു സംഘടിപ്പിച്ചു ഞങ്ങളും ഒന്നു പോയിവന്നപ്പോള്‍ എന്തോ കീഴടക്കിയ സന്തോഷം. ‍ ചുമരുകളും തട്ടും തൊട്ടു നോക്കിയപ്പോള്‍ ഐസ് പോലെ തണുപ്പു. ഡെവിള്‍സ് കിച്ചനില്‍ നിന്നും കാപ്പി കുടിച്ചു രണ്ടു പ്ലെയ്റ്റു പക്കോടയും പാര്‍സല്‍ വാങ്ങിയപ്പോള്‍ ബാഗില്‍ വെച്ചില്ലെങ്കില്‍ കുരങ്ങന്‍മാര്‍ കൂടെ കൂടുമെന്നു അവര്‍ ഓര്‍മ്മപ്പെടുത്തി. വീണ്ടും ശ്രദ്ധിച്ചു മുകളില്‍ കയറി ടേബിള്‍ ടോപ്പിലെത്തിയപ്പോള്‍ സാരംഗും ബാലുവും കുരങ്ങന്മാരുടെ കളിയും അസ്തമനസൂര്യന്റെ അതിമനോഹരമായ  ദൃശ്യവും കണ്ടു ഞങ്ങളെ കാത്തിരിയ്ക്കുന്നുണ്ടായിരുന്നു.  അല്പനേരം അതാസ്വദിച്ചു ഇനിയും കാണാന്‍ കിടക്കുന്ന മറ്റു ഭാഗങ്ങളിലേയ്ക്കു ഞങ്ങള്‍ നടക്കാന്‍ തുടങ്ങി.

മുന്നോട്ടു കുറച്ചു നടന്നപ്പോള്‍ പടിഞ്ഞാറു-വടക്കു ഭാഗത്തായി ‍വെള്ളം കെട്ടിക്കിടക്കുന്നതു കണ്ടു ഞങ്ങള്‍ക്കു അതിശയം തോന്നി. ഇത്ര മുകളില്‍ ഇത്രയും വലിയ ജലാശയമോ? മരീചികയാവും, നമ്മള്‍ കുറെ നടന്നതല്ലേ? ആരോ പറയുന്നുണ്ടായിരുന്നു. അടുത്തു ചെന്നു നോക്കി , കുറച്ചു അവിടെ ഇരുന്ന ശേഷം പാണ്ഡവരുടെ കാലടിപ്പാടുകള്‍ കാണാനായി ഞങ്ങള്‍ ടേബിള്‍ ടോപ്പിന്റെ കിഴക്കു ഭാഗത്തേയ്ക്കു നീങ്ങി. വൃത്താകൃതില്‍ കല്ലുകള്‍ കൊണ്ടു അതിര്‍ത്തിയിട്ടു തുറന്ന ആകാശ

ത്തിനു കീഴെ  മണ്ണില്‍  കണ്ട കാലടിപ്പാടുകള്‍  യുഗങ്ങള്‍ക്കു ശേഷവും  കേടുവരാതിരിയ്ക്കുന്നതിന്റെ പിന്നിലെ രഹസ്യം എത്ര ആലോചിച്ചിട്ടും പിടി കിട്ടിയില്ല.

അസ്തമനസൂര്യന്റെ ഭംഗി ആസ്വദിച്ചു കുറെ സമയം ചിലവാക്കിയശേഷം, ഏറെ ഇരുട്ടുന്നതു വരെഞങ്ങള്‍ അവിടമെല്ലാം നടന്നു കണ്ടു. എല്ല്വരും പോയിത്തുടങ്ങിയപ്പോള്‍ മനസ്സില്ലാമനസ്സോടെ ഞങ്ങളും വിടപറഞ്ഞു. വിസ്മയകരങ്ങളായ ദൃശ്യങ്ങളെക്കുറിച്ചു വഴിനീളെ സംസാരിച്ചു ഞങ്ങള്‍ റൂമില്‍ തിരിച്ചെത്തി. ബാല്‍ക്കണിയില്‍ നിന്നു ധൊം ഡാമും താഴ്വാരവും മലകളും രാത്രി തന്ന ദൃശ്യം ആസ്വദിച്ചു. പിന്നെ കുളീച്ചു ഫ്രെഷ് ആയി തികച്ചും മഹാരാഷ്ട്രീയന്‍ ആയ  ചുടു ഭക്ഷണം. കുശലമന്വേഷിയ്ക്കാന്‍ റിഷി എന്ന നായ ഓടിയെത്തി. ഭക്ഷാം കഴിച്ചു ചുറ്റും കുറച്ചു നടന്നു കണ്ടു. പിന്നെ റൂമിലെത്തി അടുത്ത ദിവസത്തേയ്ക്കുള്ള പരിപാടികള്‍ ഉറപ്പിച്ചു.

മുംബൈയില്‍ ഏസി ഇട്ടു ഉഷ്ണം മാറ്റുന്ന ചൂടു. മഹാരാഷ്ട്രയുടെ തന്നെ ഈ അറ്റത്തു ഫാന്‍ പോലുമിടാതെ ക്വില്‍റ്റിനടിയിലേയ്ക്കു നുഴയുമ്പോള്‍ മനസ്സില്‍ സമ്മിശ്രവികാരങ്ങളായിരുന്നു. നാളെ….മഹാബലേശ്വര്‍ പോകുന്നു…

3 Responses to “THE DECCAN ODYSSEY-2 (ദ ഡക്കാന്‍ ഒഡീസി-2)”

 1. പാവപ്പെട്ടവന്‍

  പാവം മൃഗങ്ങളെ ഇതിനായി ഉപയോഗിയ്ക്കുന്നതില്‍ എന്റെ മക്കള്‍ക്കു സങ്കടം. പിള്ള മനസ്സില്‍ കള്ളമില്ല .

  ബാല്‍ക്കണിയില്‍ നിന്നു ധൊം ഡാമും താഴ്വാരവും മലകളും രാത്രി തന്ന ദൃശ്യം ആസ്വദിച്ചു .
  വളരെ നല്ല വിവരണങ്ങള്‍. ഒരു പക്ഷെ എന്നേ പോലെയുള്ള ഒരാളെ അവിടേക്ക് യാത്ര ചെയ്യിപ്പിക്കാന്‍ കൊതിപ്പിക്കും ഈ കുറിപ്പുകള്‍.
  നന്ദയും ആശംസകളും

 2. Lakshmy

  ഈ യാത്രാവിവരണം എന്നേയും കൊതിപ്പിച്ചു. ചിത്രങ്ങൾ വലുതാക്കി കാണാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോയ്

 3. ശ്രീ

  കൊള്ളാമല്ലോ. വലിയ ചിത്രങ്ങളായിരുന്നെങ്കില്‍ കുറച്ചു കൂടി നന്നാകുമായിരുന്നു.
  🙂

Leave a Reply

Your email address will not be published. Required fields are marked *