യൌവനവും വാർദ്ധക്യവും മാറ്റിവയ്ക്കപ്പെടുമ്പോൾ… അഴിയാക്കുരുക്കുകൾ-9

Posted by & filed under Uncategorized.

സ്ത്രീയുടെ ബയോളജിയ്ക്കൽ  ക്ലോക്കിന്റെ അലാറത്തെക്കുറിച്ച് ഈയിടെ സൂചിപ്പിച്ചതേയുള്ളൂ, ഇതാ വളരെ കൌതുകം തോന്നിച്ച മറ്റൊരു വാർത്ത.പലപ്പോഴും ഉയരങ്ങൾ കീഴടക്കാൻ കിണഞ്ഞു പരിശ്രമിയ്ക്കേണ്ടുന്ന സമയത്ത് ഗർഭഭാരവും ശിശുപരിചരണവും സ്ത്രീയെ ലക്ഷ്യപ്രാപ്തിയിൽ നിന്നും ദൂരെയകറ്റുന്നുവെന്ന വെളിപ്പെടുത്തലിനൊരു മറുപടി. പ്രശസ്തമായ ചില ഐ.ടി. കമ്പനികൾ ഒരു പരീക്ഷണത്തിനു തയ്യാറായിരിയ്ക്കുന്നു. ഇത്തരം പ്രശ്നങ്ങളെ നേരിടുന്ന സ്ത്രീകൾക്ക് ഇനി മുതൽ അവരുടെ അണ്ഡങ്ങളെ മരവിപ്പിച്ചു സൂക്ഷിച്ച് ഉചിതമായ സമയം കണ്ടെത്തി ഗർഭവതികളാവാം…വാർത്തയെന്തെന്നാൽ ഇതിനുള്ള ചിലവു മുഴുവനും കമ്പനി വഹിച്ചുകൊള്ളുമെന്നുള്ളതാണ്. ആഹാ…ലോകം എങ്ങോട്ടാ പോകുന്നത് , ആവോ? ഈ നിലയ്ക്ക് എന്തൊക്കെ കാര്യങ്ങൾ ഇങ്ങിനെ മാറ്റിവയ്ക്കാനാവും എന്നോർക്കുകയായിരുന്നു. അതല്ലെങ്കിൽത്തന്നെ ഏതു പ്രായത്തിലാകും ഇവർ അമ്മമാരാകാൻ തയ്യാറാവുന്നത് എന്നോർത്താലും രസം തോന്നും. ഇന്നത്തെ കുട്ടികളുടെ സങ്കൽ‌പ്പത്തിൽ നിന്നും തീർത്തും വ്യത്യസ്ഥയായ അമ്മമാരായിരിയ്ക്കില്ലേ അവർ? വൊളന്ററി റിട്ടയർമെന്റ് എടുത്തെന്നു തന്നെയിരിയ്ക്കട്ടെ, ഇന്നത്തെ ഊർജ്ജ്സ്വലകളായ അമ്മമാർ എന്നെന്നേയ്ക്കുമായി നമുക്കു നഷ്ടപ്പെടില്ലേ? ഒരേ ക്ലാസ്സിൽ പഠിയ്ക്കുന്ന കുട്ടികളിൽ തന്നെ ചിലരുടെ അമ്മമാരും ചിലരുടെ മുത്തശ്ശിമാരും ഒരേ പ്രായക്കാരായെന്നു വരാം. മാളുകളിലും ഷോപ്പിംഗ് സെന്ററുകളിലും ഇന്നു കാണുന്ന ചെറുപ്പക്കാരായ അച്ഛനമ്മമാരും ശിശുക്കളുംരുടെ കുട്ടികളുടെ പിന്നാലെ  ചൊറുചൊറുക്കോടെ  അവർ ഓടുന്ന കാഴ്ച്ചയും ഇനി മാറ്റി വരയ്ക്കേണ്ടി വരുമോ? അൽ‌പ്പം വൈകി വിവാഹിതയായ ഒരു സുഹൃത്ത് വൈകി ഉണ്ടായ കുഞ്ഞിനേയും കൊണ്ട് പുറത്തു പോകുമ്പോൾ എല്ലാവരും അവരെത്തന്നെ നോക്കുന്നതിലെ അസ്വസ്ഥത ഞാനുമായി പങ്കിട്ടതും ഓർമ്മ വരുന്നു. മറ്റൊരിയ്ക്കൽ മുംബെയിലെ ഞങ്ങൾ താമസിയ്ക്കുന്ന സൊസൈറ്റിയിൽആരെയോ കാണാനായെത്തിയ നിറവയറോടു കൂടിയ അൽ‌പ്പം പ്രായമായ സ്ത്രീയെ സമാന്യമര്യാദ പോലും മറന്ന് അത്ഭുതം കൂറുന്ന കണ്ണുകളോടെ സ്ത്രീ പുരുഷഭേദമെന്യേ എല്ലാവരും തുറിച്ചു നോക്കിയിരുന്നതെല്ലാം ഇനി നിത്യക്കാഴ്ച്ചകളായി മാറാമെന്നുള്ള വിചാരം എന്നിലും അസ്വസ്ഥത പരത്തുന്നു. അന്നതിനെ വല്ല അസുഖവുമായിരിയ്ക്കാമെന്ന നിഗമനത്തിൽ കാണാനേ എനിയ്ക്കായുള്ളൂവെന്നതാണു സത്യം. ശക്തി കൂടിയ മനസ്സും ശക്തി കുറഞ്ഞ ശരീരവും മാറ്റിവയ്ക്കപ്പെടുന്ന മാതൃത്വത്തെ എങ്ങനെ നേരിടുമെന്നും ഈ മാറ്റം എത്ര മാത്രം സ്വാഗതം ചെയ്യപ്പെടുമെന്നും കണ്ടു തന്നെ അറിയണം.

112യസ്സിന്റെ നിറവിൽ ലിംകാ ബുക്ക് ഓഫ് റെക്കോഡിൽ സ്ഥാനം പിടിച്ച പാറന്നൂരിലെ കുഞ്ഞന്നമെന്ന മുത്തശ്ശി താമസിയ്ക്കുന്നത് ഞങ്ങളുടെ സ്ഥലത്തിന്നടുത്തു തന്നെ. ഇതുവരെ കണ്ടിട്ടില്ലെങ്കിലും ഒന്നു ചെന്നു കണ്ടാലോ എന്നു തോന്നിപ്പോകുന്നു. ഇത്രയധികം വർഷത്തെ അനുഭവങ്ങൾ അധികം സംഭവബഹുലമായ ജീവിതമല്ലെങ്കിലും ഉള്ള ഒരാൾ നമുക്കിടയിൽ ജീവിച്ചിരിയ്ക്കുന്നുവെന്നതു തന്നെ രോമാഞ്ചമുണർത്തുന്ന വാർത്തയാണല്ലോ? അവിടെ അടുത്തു തന്നെയുള്ള, ഈയിടെ നൂറാം പിറന്നാളാഘോഷിച്ച ഒരു ബന്ധു തന്നെ എന്നെ അത്ഭുതപ്പെടുത്തിയിരുന്നു. ചിട്ടയായ ജീവിതരീതിയും, ഭക്ഷണക്രമവും ഒരുവിധത്തിലുമുള്ള ഗുളികകളും തിന്നാതിരിയ്ക്കലുമാണിവരുടെയൊക്കെ ആരോഗ്യ രഹസ്യമെന്നറിയുമ്പോൾ ഇനിയും നമുക്കാലോചിയ്ക്കാൻ കൂടി വയ്യാത്ത ഒന്നാണതെന്നും നാമറിയുന്നു. അസുഖങ്ങളൊന്നുമില്ലാതിരിയ്ക്കാൻ കൊതിയ്ക്കാനേ നമുക്കാകൂ. അത്രമാത്രം വിഷം നാം ഉള്ളിലാക്കുമ്പോൾക്കൂടി. വാർദ്ധക്യം നമുക്കെന്നും പേടിസ്വപ്നമായി മാറാനും അതൊരു കാരണം തന്നെ. ഇത്രയും തിരക്കേറിയ ജീവിതത്തിന്നിടയിൽ വാർദ്ധക്യത്തിൽ നമ്മളെ ശുശ്രൂഷിയ്ക്കാൻ ആർക്കെങ്കിലും നേരം കാണുമോ എന്നും നാം ഭയപ്പെടുന്നു.വാർദ്ധക്യത്തിന്റെ ലക്ഷണങ്ങളായ ശാരീരിക ബലഹീനതകൾ, ഓർമ്മക്കുറവ്, കേൾവിക്കുറവ്  എന്നിവയെക്കുറിച്ച് ഓർക്കാൻ തന്നെ നമുക്കു ഭയം . ഇവിടെ ബയോളജിയ്ക്കൽ ക്ലോക്ക് അലാറം മുഴക്കുന്നത് പലപ്പോഴും സമയത്തിന് മുൻപുതന്നെയെങ്കിലും വൈകിയടിയ്ക്കുന്ന അലാറത്തെക്കുറിച്ചും ചിന്തിയ്ക്കാതിരിയ്ക്കാനാകുന്നില്ല. ദീർഘായുസ്സു പ്രദാനം ചെയ്യുന്ന ജീൻ ആയ  ക്ലോതോ ( Klotho)യുടെ ഏറ്റക്കുറച്ചിലുകൾ എങ്ങിനെ നമ്മുടെ ഓർമ്മശക്തിയെ ബാധിയ്ക്കുന്നുവെന്നു തിരിച്ചറിയാൻ നമുക്കായിട്ടുണ്ടു.അൽഷിമേഴ്സ്, ഡിമെൻഷ്യ എന്നിവയെയൊക്കെ വരും കാലങ്ങളിൽ നമുക്ക് അതിജീവിയ്ക്കാനായിക്കൂടെന്നില്ല.

എന്തായാലും ഒന്നു തീർച്ച, സ്വാഭാവികമായി  വരുന്ന മാറ്റങ്ങളെ നാമറിയാതെതന്നെ ഉൾക്കൊള്ളാനാകുമെങ്കിലും  കൌതുകത്തിന്റേയും അതിമോഹത്തിന്റേയും, സ്വാർത്ഥലാഭത്തിന്റേയും ഭാവി  ആവശ്യപ്പെടുന്ന  പലമാറ്റങ്ങളേയും വർത്തമാനം എങ്ങനെ ഉൾക്കൊള്ളാൻ തയ്യാറാകുമെന്ന് കണ്ടുതന്നെഅറിയണം. ചിട്ടയാർന്ന ചട്ടങ്ങളിൽ മാറ്റപ്പെടേണ്ടവ ഏതൊക്കെയാകണമെന്ന തിരിച്ചറിയൽ മാനവരാശിയുടെ നിലനിൽ‌പ്പിനെത്തന്നെ  മുഴുവനായും ബാധിയ്ക്കാവുന്നതണല്ലോ?

Leave a Reply

Your email address will not be published. Required fields are marked *