അഴിയാക്കുരുക്കുകൾ- 10 താര ബാലഗോപാൽ തന്ന ചിന്തകൾ

Posted by & filed under Uncategorized.

മാതൃഭൂമി വാരാന്തപ്പതിപ്പിൽ ഷൈൻ മോഹൻ  എഴുതിയ താരാ ബാലഗോപാലിനെക്കുറിച്ചുള്ള  ലേഖനം വായിച്ചു കഴിഞ്ഞപ്പോൾ ഏറെ നേരം ഒന്നും ചെയ്യാനാകാതെ തരിച്ചിരുന്നു പോയി. ആരോടൊക്കെയോ ദേഷ്യവും തോന്നിപ്പോയി. അംഗീകാരങ്ങളും പുരസ്ക്കാരങ്ങളും  സൃഷ്ടിയ്ക്കുന്ന താൽക്കാലിക പരിവേഷത്തിന് പുറത്തുള്ള വ്യക്തിജീവിതത്തിലെ ഏറ്റക്കുറച്ചിലുകൾ  നിർണ്ണയിയ്ക്കുന്ന വിധി കളിപ്പാട്ടമാക്കുന്ന ഒട്ടേറെ കലാകാരന്മാർക്കിടയിൽ ഇതാ മറ്റൊരംഗവും കൂടി.  എവിടെയാണ് പിഴച്ചത്? എന്തായിരിയ്ക്കാം കാരണം? സർവ്വകലാശാലയുടെ പിടിപ്പുകേടെന്നെഴുതിക്കണ്ടെങ്കിലും വിശ്വസിയ്ക്കാനാകുന്നില്ല.സ്വന്തം ഭാവിയുടെ സുരക്ഷിതത്വത്തെക്കുറിച്ചാലോചിയ്ക്കാൻ പോലും സമയം നൽകാത്ത വർത്തമാനത്തിരക്കും കുറ്റവാളികളിൽ‌പ്പെടുമോ?

ഗാന്ധി, നെഹ്രു, ജഗ്ജീവൻ റാം, വി.കെ. കൃഷ്ണമേനോൻ,എന്നിവരിൽ നിന്നൊക്കെ വേണ്ട തരത്തിൽ പ്രോത്സാഹനം  കിട്ടിയ ഈ അതുല്യ നൃത്തപ്രതിഭ, ഇന്ദിരാഗാന്ധിയുടെ പ്രിയപ്പെട്ട കൂട്ടുകാരിയും ഹേമമാലിനിയുടെ നൃത്താദ്ധ്യാപികയും കൂടിയായിരുന്നു.കഥകളി പ്രമേയമാക്കി ഭാരതത്തിലെ തപാൽ വകുപ്പിറക്കിയ സ്റ്റാമ്പിൽ കഥകളി നടൻ മാധവപ്പണിയ്ക്കർക്കൊപ്പം ഇവരുമുണ്ടായിരുന്നു. ഇന്ത്യയിലെ വൈസ്രോയ് ആയിരുന്ന മൌൺബാറ്റൺ പ്രഭു ഇവരുടെ നൃത്തപാടവത്തിൽ സന്തോഷിച്ചു ഇവരെ ‘ടുലിപ് പുഷ്പം” എന്ന് വിശേഷിപ്പിച്ചുവത്രെ!ഇതിനൊക്കെപ്പുറമേ താര ഒരു നല്ല എഴുത്തുകാരി, , കലാനിരൂപക, ഇംഗ്ലീഷ് അദ്ധ്യാപിക, യു. എസ്.എസ്. ആറിലെ ഇന്ത്യൻ കൾച്ചറൽ അംബാസഡർ,  , ഡൽഹി സർവകലാശാല റീഡർ, ഗായിക ഒക്കെയായിരുന്നു. അവരുടെ ഗുരുക്കന്മാരും  വളരെ കേൾവി കേട്ടവരായിരുന്നു. ചുരുക്കിപ്പറഞ്ഞാൽ സമൂഹത്തിന്റെ ഏറ്റവും മേലേക്കിടയിൽ ഏറ്റവും ഉന്നതന്മാരിൽ നിന്നും അഭിനന്ദനങ്ങളും ആശംസകളും  ഏറ്റുവാങ്ങി മാത്രം ശീലിച്ച ഈ കലാകാരി ഇന്ന് നിത്യവൃത്തിയ്ക്കുപോലും  അന്യനെ ആശ്രയിച്ചു ജീവിച്ചു വരുന്ന ഒരു ദരിദ്രയായ 82 വയസ്സുകാരിയായി അത്യധികം ശോചനീയമായ നിലയിൽ ദൽഹിയിലെ ധനികർ ജീവിച്ചു വരുന്ന കോളനികളിലൊന്നിൽ എങ്ങിനെയൊക്കെയോ കഴിച്ചു കൂട്ടുന്നു. ഹാ! കഷ്ടം! എന്നല്ലാതെന്തു പറയാൻ!

 

കലാകാരന്മാരുടെ ജീവിതം ഏറെ തിരക്കാർന്നവ തന്നെ. ഒപ്പം അനിശ്ചിതത്വം ഏറെയുള്ളതും ഏറ്റക്കുറച്ചിലുകളാൽ പ്രക്ഷുബ്ധവുമാകാം. താരാ ബാലഗോപാൽ ശരിയ്ക്കും പല നിലകളിലും തന്റെ കഴിവുകളെ പുറത്തു കൊണ്ടുവരുന്നതിൽ വിജയിച്ചു. പക്ഷേ ജീവിതത്തിലെ ഏറ്റവും വലിയ കണക്കുകൂട്ടൽ എത്താറായ സമയത്ത് അവർ തീരെ ഒറ്റപ്പെട്ടുപോയി.നൃത്തം, സംഗീതം, അദ്ധ്യാപനം, എഴുത്ത്, കൾച്ചറൽ അംബാസിഡർ തസ്തിക എന്നിവയിലൂടെയുള്ള ഒഴുക്കിൽ പ്രചോദനം നൽകാൻ ഏറെ പ്രശസ്തർ അവർക്കു ചുറ്റുമുണ്ടായിരുന്നു. ഒരുപക്ഷേ അവർ അക്കാര്യത്തിൽ ഏറെ ഭാഗ്യവതിയായിരുന്നെന്നുതന്നെവേണം പറയാൻ. അവരെ കൈപിടിച്ചുയർത്തിയതും പ്രോത്സാഹനം കൊടുത്തതും രാജ്യത്തെ ഏറ്റവും വലിയ നേതാക്കന്മാർ തന്നെയായിരുന്നു. അവരിൽ പലരുടേയും തിരശ്ശീലയ്ക്കകത്തേയ്ക്കുള്ള മറയലും ഈ അതുല്യപ്രതിഭയുടെ ഭാഗ്യദോഷങ്ങൾക്കു വഴിതെളിയിച്ചിട്ടുണ്ടാകാം.

താരാ ബാലഗോപാലിന്റെ ഈ അവസ്ഥയ്ക്കു കാരണമെന്തോ ആകട്ടെ, നമ്മെ ചിന്തിപ്പിയ്ക്കുന്നത്  അതിലെ യാഥാർത്ഥ്യത്തിന്റെ ദു:ഖവത്തായ തീക്ഷ്ണതയാണ്. നിസ്സഹായാവസ്ഥയുടെ പര്യായമായി ഇതുപോലെ ഒത്തിരിയൊത്തിരി താരാ ബാലഗോപാലന്മാർ നമുക്കിടയിൽത്തന്നെ കാണും, ജീവിതത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം മുഴുവനും ഒരുതരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ സ്വന്തം ജീവിതത്തിലുപരി കുടുംബത്തിനോ,ജോലി ചെയ്യുന്ന സ്ഥാപനത്തിനോ , രാജ്യത്തിനോ വേണ്ടി ജീവിതം ബലി അർപ്പിച്ചവരായിട്ട്. ഭാഗ്യം ചെയ്ത ചിലർ അവസാനം വരെ ശ്രദ്ധയും പരിചരണവും കിട്ടി സമാധാനമായി കടന്നുപോകുന്നെങ്കിലും നല്ലൊരു ശതമാനം സ്ത്രീകളും വാർദ്ധക്യത്തിന്റെ കയ്പ്പുനീർ മാത്രം കിട്ടുന്നവരാണ്.,ദരിദ്രരെന്നോ ധനവാനെന്നോ ഉള്ള വ്യത്യാസം കൂടാതെ.  ഉറുമ്പിനെപ്പോലെ അരിച്ചരിച്ചുണ്ടാക്കിയ ധനം പോലും വാർദ്ധക്യത്തിൽ  അവരുടെ രക്ഷയ്ക്കായെത്തുന്നില്ലെന്നും കാണാം. മനുഷ്യത്വം മരവിച്ചുകൊണ്ടേയിരിയ്ക്കുമ്പോൾ ഇനിയും വാർദ്ധക്യം കൂടുതൽ ഭീദിതമാകാനേ തരമുള്ളൂ.രാജ്യത്തെ പ്രായമായവരെ രാജ്യത്തിന്റെ സ്വത്തായി കരുതാൻ സമയം അതിക്രമിച്ചിരിയ്ക്കുന്നു.  വെറും വൃദ്ധ സദനങ്ങളുടെ എണ്ണം കൂട്ടുന്നതുകൊണ്ടോ ധനസഹായം കൊണ്ടോ മാത്രം ഇതു സാധിയ്ക്കാനാകില്ല. അതുവേണ്ടെന്നല്ല, വാർദ്ധക്യത്തെ ഭയത്തോടെയല്ലതെ തന്നെ സമീപിയ്ക്ല്കാനാകുന്ന ഒരന്തരീക്ഷം വാർത്തെടുക്കപ്പെടുക തന്നെ വേണം.

സ്വയം ജീവിയ്ക്കാൻ തന്നെ മറന്ന് മുന്നോട്ടു കുതിയ്ക്കാൻ വെമ്പുന്ന ഒരു തലമുറ നമുക്കുണ്ടായിക്കൊണ്ടിരിയ്ക്കെ ഏറെ ചിന്തിയ്ക്കാതിരിയ്ക്കാനാകുന്നില്ല. ഭൂതകാലത്തിനെ നിഷ്ക്കരുണം വലിച്ചെറിഞ്ഞ് വർത്തമാനത്തെ കെട്ടിപ്പുണരാൻ പുതു തലമുറയ്ക്ക് നിഷ്പ്രയാസം സാധിയ്ക്കുന്നു. പഴമയുടെ ഗന്ധമിയന്ന ഉപദേശങ്ങൾ ചെവിക്കൊള്ളാൻ ആരുണ്ടിവിടെ? മാറ്റങ്ങൾ അനിവാര്യമെന്നിരിയ്ക്കേ വാർദ്ധക്യം ഭീതിദമാകാതിരിയ്ക്കണമെങ്കിൽ ഗവണ്മെണ്ടും ഉണർന്നു പ്രവർത്തിച്ചേ മതിയാകൂ. നിയമങ്ങളും, ചട്ടങ്ങളും  മനുഷ്യകാരുണ്യത്തിനായും വിനിയോഗിയ്ക്കാം. വൃദ്ധജനങ്ങളോടു കാട്ടുന്ന സന്മനസ്സും ആദരവും ഒരു ജനസമൂഹത്തിന്റെ ഹൃദയത്തുടിപ്പുകളിലും ചലനങ്ങൾ സൃഷ്ടിയ്ക്കാതിരിയ്ക്കുമോ? അമ്മയെ ഉപദ്രവിച്ചും, ഉപേക്ഷിച്ചും, നാടുകടത്തിയും സ്വത്തിനായി തർക്കിച്ചും മനസ്സു വേദനിപ്പിയ്ക്കുന്ന നാടാണല്ലോ നമ്മുടേത്.

 

 

Leave a Reply

Your email address will not be published. Required fields are marked *