ണേ
നേരത്തെ തന്നെ ഉണര്‍ന്നുവെങ്കിലും നല്ല തണുപ്പിന്റെ രസത്തില്‍ ക്വില്റ്റിനടിയില് നിന്നും പുറത്തു വരാന്‍ തോന്നിയില്ല. പെട്ടെന്നാണു പുറത്തെ കാഴ്ച്ചകള്‍ ഓര്‍മ്മ വന്നതു. പലരും എഴുന്നേറ്റു കഴിഞ്ഞിരിയ്ക്കുന്നു. പല്ലു തേച്ചു വന്നപ്പോള്‍ ചൂടുള്ള ചായ റെഡി. അല്പം നടക്കാന്‍ പോയി.കുറെ നേരം ബാല്‍ക്കണിയില്‍ നിന്നും പ്രകൃതി സൌന്ദര്യമാസ്വദിച്ചു. നേരിയ തണുപ്പില്‍ ഉദിച്ചു വന്ന സൂര്യന്റെ രശ്മികള്‍ക്കു തീക്ഷ്ണത കൂടിവന്നു. കുളിച്ചു റെഡിയായി താഴെ വന്നപ്പോള്‍ ബ്രേക് ഫാസ്റ്റ് ആലു-പൊഹ. നല്ല സ്വാദു തോന്നി. കുടിയ്ക്കാന്‍ വെളുത്ത നിറത്തില്‍ സ്ക്കാഷ്. ബ്രേക് ഫാസ്റ്റ് കഴിഞ്ഞതും ഞങ്ങള്‍ ഓരോ സ്ഥലങ്ങളായി കാണുവാന്‍ പുറപ്പെട്ടു. ഇന്നു മഹാബലേശ്വര്‍. 


സതാറയിലെ രാജാവായിരുന്ന പ്രതാപ്സിംഹാണു ഈ സ്ഥലത്തിനെ വിദേശീയ ഭരണാധികാരികളുടെ സുഖവാസകേന്ദ്രവും ഹെല്‍ത് റിസോര്ട്ടുമാക്കി മാറ്റിയെടുത്തതെന്നു പറയപ്പെടുന്നു. പല വ്യൂപോയന്റ്റുകളും ഇവിടെ കാണാനായിട്ടുണ്ടു. അതിലൊന്നാണ് വിത്സണ് പോയന്റു. അവിടെ നിന്നും എക്കോ പോയബ്ന്റ്, കേറ്റ് പോയറ്റു എന്നിവയും കാണാന്‍ പോയി. എക്കോ പോയന്റ് വളരെ പ്രസിദ്ധമാണു . പലരും ശബ്ദമുണ്ടാക്കി എക്ക്കോ കേള്‍ക്കാന്‍ ചെവിയോര്‍ത്തു. സമുദ്ര നിരപ്പില്‍ നിന്നും 4231 അടി മുകളിലാണു കേറ്റ് പോയന്റ്. താഴെ നോക്കിയാല്‍ കൃഷ്ണവാലിയും നീലവെള്ളം നിറഞ്ഞ
ധോം ഡാമും. 50 അടി ഉയരത്തിലുള്ള ആനയുടെ രൂപമുള്ള ഒരു പാറ കാണാനായി. ഇവിടെ നിന്നുള്ള നയനമനോഹരമായ ഈ ദൃശ്യങ്ങളെ എന്റെ ക്യാമറയില്‍ എത്ര ഒപ്പിയെടുത്തിട്ടും എനിയ്ക്കു മതിയായില്ല. മഹാബലേശ്വറിന്റെ ഫൌണ്ടര്‍ ആയി കണക്കാക്കപ്പെടുന്ന സര് ജോണ്‍ മാല്ക്കമിന്റെ മകളായ കേറ്റിന്റെ പേരാണു ഈ സ്ഥലത്തിനു കിട്ടിയിരിയ്ക്കുന്നതു. വലിയ ദൂരദര്‍ശിനി വച്ചു ഇവിടെ നിന്നു ദൂരക്കാഴ്ച്ചകള് കാണിച്ചു കൊടുക്കുന്നവരെ കേറ്റ് പോയന്റില്‍ കണ്ടു. ഇങ്ങനെ മൊത്തം 16 -പോയന്റുകള്‍ കാണാനായുണ്ടു മഹാബലേശ്വറില്‍. ഒരാഴ്ച്ചയെങ്കിലും സമയം വേണം.



കേറ്റ് പോയന്റിലേക്കു കടക്കുമ്പോള്‍ പച്ചയ്ക്കു തിന്നാനായി നിരത്തി വച്ചിരിയ്ക്കുന്ന പഴങ്ങളും പച്ചക്കറി-കിഴങ്ങു വര്‍ഗ്ഗങ്ങളും അത്യധികം വര്‍ണ്ണ ശബളമായിത്തോന്നി. പച്ചക്കറീകളില് പച്ചമാങ്ങ, വെള്ളരിയ്ക്ക(കീര) , പലതരം ബ്രൊക്കോളി തുടങ്ങിയ ഇല വര്‍ഗ്ഗങ്ങള്‍ എന്നിവയും ഓറഞ്ചു നിറമാര്‍ന്ന, കൊച്ചു കൊച്ചു കുലകളായി പറിച്ചെടുത്തു കഴുകി വച്ച കട്ടി കുറഞ്ഞതരം ജ്യൂസി ആയ കാരറ്റും ബീറ്റ് രൂട്ടു, റാഡിഷ് എന്നിവയും,പഴവര്ഗ്ഗങ്ങളീല് ബോര്, തക്കാളി, മള്‍ബറി, സ്റ്റ്രോബറി,രാസ്പ്ബെറി എന്നിവയുമൊക്കെ അതിമനോഹരമായി നിരത്തി വച്ചിരിയ്ക്കുന്ന കാഴ്ച്ച ഇപ്പോഴും മുന്നില്‍ നിറഞ്ഞു നില്ക്കുന്നു. നല്ല വെയിലും ദാഹവുമുണ്ടായിരുന്നതിനാല് ഞങ്ങളും ഇവയില്‍ പലതും വാങ്ങി തിന്നു. സ്വാദിഷ്ടമായിത്തോന്നി. ഹരി ഒരു ചെറിയ ഇലക്കുമ്പിളില്‍ വാങ്ങിയ ഉപ്പിട്ടുണക്കിയ ബോര് പഴത്തിന്റെ മണത്തില്‍ ആകൃഷ്ടനായ ഒരു വണ്ടു നിരന്തരം പോകുന്ന സ്ഥലത്തെല്ലാം അവനെ പിന്തുടര്ന്നു കഷ്ടപ്പെടുത്താന്‍ തൂടങ്ങിയതിനാല് അതു ബാഗിനകത്തു വെയ്ക്കേണ്ടി വന്നു. തിരിച്ചു പോരുന്നതിനു മുന്‍പു എല്ലാ പോയന്റ്റുകളും ഒരിയ്ക്കല്‍ കൂടി
നോക്കാതിരിയ്ക്കാനായില്ല. കുറെ ഫോട്ടൊകളും എടുത്തു. 



ഇനിയൊരല്‍പ്പം വിശ്രമം. കാര്യം അതല്ല, കുട്ടികള്‍ പ്രതീക്ഷയോടെ കാത്തിരുന്ന സമയമായി ക്രീം വിപ്പ്ഡ് ഫ്രെഷ് സ്റ്റ്രോബറി ഐസ്ക്രീമിനു. ബാബാസ് കഫെ മുന്നില്‍ത്തന്നെ. ദേവാനന്ദ്, ഷാഹ്രൂഖ്, ആമിര്ഖാന്, ഡിമ്പിള്‍ കപാഡിയ ഇവരൊക്കെ ഇവിടെയിരുന്നു ഇതു കഴിയ്ക്കുന്ന പടം മുന്‍ വശത്തായി വച്ചിരിയ്ക്കുന്നതു കണ്ടു. വെയിലില്‍ നിന്നും അകത്തു വന്നു താച്ച്ഡ് ഷെഡ്ഡിലിരുന്നു കഴിച്ച ആ സ്ട്രോബറി ഐസ്ക്രീമിന്റെ സ്വാദ്….അതു അവിടെപ്പോയാല്‍ തന്നെയേ അറിയൂ….സ്വര്‍ഗ്ഗീയമായ വിഭവം എന്നു തോന്നി. മക്കായ് പാട്ടീസും വടാ പാവും വില്‍ക്കുന്ന ബെസ്റ്റ് വടാ പാവ് സെന്റര്‍ ഒരു പര്‍ണ്ണകുടീരം പോലെ വള്ളിപ്പടര്‍പ്പുകളാല്‍ ഉണ്ടാക്കപ്പെട്ടതാണു.





ഒരിത്തിരി വൈകിയെങ്കിലും തിരിച്ചെത്തി നല്ല ഉച്ചഭക്ഷണം കഴിച്ചു വിശ്രമിച്ചശേഷം പ്രതാപ്ഗഢ് കാണാന്‍ പോകാനായി ഞങ്ങള്‍ തീരുമാനിച്ചു. 4 മണിയോടെ ഞങ്ങള്‍ പ്രതാപ് ഗഢിലേയ്ക്കു പുറപ്പെട്ടു.
Leave a Reply