തമിൾനാട്, കേരളം , കർണ്ണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ തെക്കൻ സംസ്ഥാനങ്ങളിൽ വിവാഹിതരെങ്കിലും ഇണയെ പിരിഞ്ഞ് ഒറ്റയ്ക്കാകപ്പെട്ടവർ ഭാരതത്തിന്റെ ഇതരഭാഗങ്ങളെയപേക്ഷിച്ച് കൂടുതലാണെന്ന സർവ്വേ റിപ്പോർട്ട് വായിച്ചപ്പോൾ അൽപ്പം കൌതുകം തോന്നാതിരുന്നില്ല.ഇങ്ങനെ ഒറ്റയ്ക്കാകപ്പെട്ടവരുടെ ഇന്ത്യയിലെ ആവരേജ് അഞ്ചു ശതമാനം മാത്രം ആയിരിയ്ക്കേ തെക്കൻ സംസ്ഥാനങ്ങളിൽ അത് ഏഴ് ആയി കൂടുവാൻ കാരണമെന്തായിരിയ്ക്കുമെന്ന ചിന്ത സ്വാഭാവികമായും ഉണ്ടായി. ശ്രദ്ധേയമായി തോന്നിയ മറ്റൊരു വസ്തുത ഇക്കാര്യത്തിലെ സ്ത്രീ-പുരുഷ അനുപാതത്തിലെ വിടവാണ്. ഉദാഹരണമായി നമ്മുടെ അയൽ സംസ്ഥാനമാായ തമിഴ്നാട്ടിൽ ഒറ്റയ്ക്കാകപ്പെട്ട പുരുഷന്മാർ വെറും മൂന്നു ശതമാനം മാത്രമായിരിയ്ക്കെ സ്ത്രീകൾ പതിനഞ്ചു ശതമാനത്തിനു മുകളിലാണ്. ദേശീയ അനുപാതമാണെങ്കിൽ 2.9 ശതമാനം പുരുഷന്മാരും 10.1 ശതമാനം സ്ത്രീകളും . കഴിഞ്ഞ 10 വർഷത്തെ കണക്കാണിത്. ഇത്രയും വിടവിനുള്ള കാരണം എന്തായിരിക്കും?
1000 പുരുഷന്മാർക്ക് 933 സ്ത്രീകൾ എന്ന 2001 ലെ സർവ്വെയിൽ കണ്ട ദേശീയ അനുപാതം 2011 ആയപ്പോഴേയ്ക്കും 943 ആയി. കേരളത്തിലാണെങ്കിലോ ഇത് ആയിരം പുരുഷന്മാർക്ക് 1058 സ്ത്രീകൾ എന്നതിൽ നിന്നും 1084 സ്ത്രീകൾ ആയി മാറി. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾ ഇവിടെ കൂടുതലാണല്ലോ. മറ്റു ചില അയൽ സംസ്ഥാനങ്ങളിലും ഇത്രയ്ക്കില്ലെങ്കിലും മാറ്റം ശ്രദ്ധേയം തന്നെ. സ്ത്രീകളുടെ എണ്ണം കൂടുതലുണ്ടാകുന്നതുകൊണ്ടു മാത്രം കൂടുതൽ സ്ത്രീകൾ ഒറ്റയ്ക്കു താമസിക്കണമെന്നില്ലല്ലോ? സമൂഹത്തിന്റെ മാറിക്കൊണ്ടിരിയ്ക്കുന്ന വ്യവസ്ഥിതികളുടെ പ്രതിഫലനമാകുമോ ഇത്? ഒരെത്തിനോട്ടത്തിനു സമയമായി.
വിവാഹശേഷം നാടുവിട്ട് അന്യരാജ്യങ്ങളിപ്പോയി സെറ്റിൽ ചെയ്ത് വീടിനേയും വീട്ടുകാരിയേയും നാടിനേയും നാട്ടുകാരേയും മറന്നു പോയ മലയാളികളുടെ കാലം കഴിഞ്ഞു. ഗൾഫ് കുടിയേറ്റവും നേർത്തിരിക്കുന്നു. പക്ഷേ സ്ത്രീകളുടെ വിദ്യാഭ്യാസത്തിൽ വന്ന വർദ്ധനവ് മറ്റു പല മേഖലകളേയും വളരെ നല്ല രീതിയിൽ തന്നെ മാറ്റിയെടുത്തിരിക്കുന്നതായി നമുക്ക് കാണാൻ കഴിയുന്നു. രാജ്യത്തിൽ ആദ്യമായി കേരളത്തിൽ സമ്പൂർണ്ണ സാക്ഷരത കൈവരിച്ചത് കേരളത്തിലെ സ്ത്രീകൾ അതിനെ വേണ്ട രീതിയിൽ തന്നെ സ്വാഗതം ചെയ്തതുകൊണ്ടുതന്നെയാണ്. അതിന്റെ പ്രതിഫലനം സമൂഹത്തിന്റെ എല്ലാവശങ്ങളിലും ദൃശ്യമാകാനും കാരണമായി. പ്രസവത്തോടനുബന്ധിച്ച മരണങ്ങൾ വളരെയേറെ കുറഞ്ഞു. സ്ത്രീകൾ ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധാലുക്കളായി സ്ത്രീകളുടെ ലൈഫ് എക്സ്പെക്ടെൻസി കൂടാനിതൊക്കെ കാരണമാകുകയും ചെയ്തു. സ്ത്രീകൾ പുരുഷന്മാരേക്കാൾ കൂടുതൽ കാലം ജീവിച്ചിരിയ്ക്കുന്നത് ഒറ്റയ്ക്കു താമസിയ്ക്കുന്ന സ്ത്രീകളുടെ എണ്ണത്തെ വർദ്ധിപ്പിയ്ക്കുന്നുവെന്നത് നേരു തന്നെ. പക്ഷേ അതു മാത്രമാകുമോ കാരണം? പഴയകാലത്തെല്ലാം വിവാഹസമയത്ത് സ്ത്രീയുടെയും പുരുഷന്റെയും വയസ്സിലുള്ള ഗണ്യമായ വ്യത്യാസം ഒരു പ്രശ്നമായിരുന്നില്ല. ഇക്കാരണം കൊണ്ടു തന്നെ വളരെ ചെറുപ്പത്തിലേ വിധവയായി ജീവിതം നയിയ്ക്കേണ്ടി വരുന്ന സ്ത്രീകളും ധാരാളം. ഇന്നാകട്ടെ പെൺകുട്ടികൾ വയസ്സിലെ അന്തരത്തെ കഴിയാവുന്നത്ര ചുരുക്കാൻ താല്പര്യം കാണിയ്ക്കുന്നു. ഇതിന്റെ മാറ്റൊലി ഏറെ ദശാബ്ദങ്ങൾക്കുശേഷം മാത്രമേ കേൾക്കാനാകൂവെങ്കിലും ഗണ്യമായ മാറ്റം കാണിയ്ക്കാതിരിയ്ക്കില്ല. അനീതിക്കും അസമത്വങ്ങൾക്കുമെതിരെ ശബ്ദമുയർത്താൻ സ്ത്രീകൾ തയ്യാറായിക്കൊണ്ടിരിയ്ക്കുന്നതും വിവാഹമോചനത്തെ ഹീനമായ പ്രവൃത്തിയായല്ലാതെ കാണാൻ സമൂഹം തയ്യാറാകുന്നതും ശരിയ്ക്കും സാമൂഹികവിപ്ലവത്തിന്റെ ഭാഗങ്ങൾ തന്നെ. പുരുഷന്റെ ആധിപത്യമില്ലാതെ ജീവിയ്ക്കാനിഷ്ടപ്പെടുന്ന സ്ത്രീകളും മുന്നോട്ടുവരുമ്പോൾ സ്ത്രീ ഒറ്റയാൾപ്പോരാട്ടത്തിനു മടിക്കുന്നില്ല. വിവാഹമോചനവും, ഭർത്താവിനെപ്പിരിഞ്ഞു ജീവിയ്ക്കലും, സ്വന്തം സ്വാതന്ത്രമായി കണക്ക്കാക്കുന്നൊരു വിഭാഗം ഇവിടെ ഉരുത്തിരിയുകയാണ്. സ്വന്തം കാലിൽ നിൽക്കാൻ സ്ത്രീ പഠിച്ചതിന്റെ മറ്റൊരു വശം.
അപൂർവ്വമായെങ്കിലും സ്വന്തം സ്വാതന്ത്ര്യത്തെ ബലികൊടുക്കില്ലെന്ന വാശിയിൽ വിവാഹമേ വേണ്ടെന്നു വച്ച് ഒറ്റയ്ക്കു ജീവിയ്ക്കാൻ കൊതിക്കുന്നവരും ഇല്ലെന്നില്ല, പ്രായേണ ഇവരുടെ എണ്ണം കുറവാണെങ്കിൽക്കൂടി. ഇവർ പുരോഗമന ചിന്തയുടെ വക്താക്കളായി തുടരാൻ ശ്രമിച്ചുകൊണ്ടെയിരിയ്ക്കും. പലപ്പോഴും മഹാനഗരികളും ആഡംബരജീവിതവും ഉയർന്ന ശമ്പളമുള്ള ജോലിയുമൊക്കെ ഇതിനു കാരണമാകുന്നു. ശിഥിലമായിക്കൊണ്ടിരിയ്ക്കുന്ന കുടുംബബന്ധങ്ങളും ഒരു പരിധിവരെ ഇതിനു വഴിതെളിയിക്കുന്നു. ഗ്രാമങ്ങളിലെ ഒറ്റപ്പെടലുകളിൽ ജീവിതപങ്കാളിയുടെ മരണമോ വിവാഹമോചനമോ ഉപേക്ഷിയ്ക്കലുകളോ ഇന്നും വില്ലന്റെ സ്ഥാനം കയ്യടക്കുന്നു. പക്ഷേ സങ്കീർണ്ണമായ പലപ്രശ്നങ്ങളേയും ഒറ്റപ്പെടുന്ന സ്ത്രീ കൂടുതൽ സംയമനത്തോടെ നേരിടുന്ന കാഴ്ച്ചയാണ് പലപ്പോഴും കാണാനാകുന്നത്. ‘താങ്ങുണ്ടെങ്കിലല്ലേ തളർച്ചയുണ്ടാകൂ”.
Leave a Reply