അഴിയാക്കുരുക്കുകൾ-13 കലബുർഗ്ഗി( കല്ലിന്റെ നാട്) യിലെ കൽഹൃദയമുള്ള അമ്മമാർ

Posted by & filed under Uncategorized.

തെന്നിന്ത്യയിലെ ഉൾനാടുകളിൽ നടക്കുന്ന പെൺഭ്രൂണഹത്യകളെക്കുറിച്ച് നമ്മളെല്ലാം ധാരാളം കേട്ടിട്ടുണ്ടല്ലോ.. ജനിയ്ക്കുന്ന കുഞ്ഞ് ആണാകണേയെന്ന പ്രാർത്ഥനയുതിർക്കുന്ന അമ്മച്ചുണ്ടുകൾ വിറകൊണ്ടേയിരിയ്ക്കും, അവസാനനിമിഷം വരെയും. പെൺകുഞ്ഞാണെങ്കിലോ,  തകർന്ന ഹൃദയവുമായി കുഞ്ഞിനൊപ്പം തന്നെ   മരിയ്ക്കാൻ പോലും മോഹിക്കുന്ന അമ്മമാരുടെ കണ്ണീരിറ്റുന്ന മുഖമേ നമുക്കു സങ്കൽ‌പ്പിയ്ക്കാനാകൂ. ഇതാ പെൺകുഞ്ഞിനെ പ്രസവിക്കുന്ന അമ്മമാരുടെ മറ്റൊരു മുഖം കാണാനാകുന്നു, കർണ്ണാടകയിലെ കലബുർഗ്ഗി (ഗുൽബർഗ്ഗ)  എന്ന ജില്ലയിൽ.  ജനിച്ച ഉടൻ തന്നെ പെൺകുഞ്ഞാണെങ്കിൽ അതിനെ കൊല്ലാൻ മിഡ് വൈഫിനോടുത്തരവിടുന്ന കല്ലു ഹൃദയമുള്ള അമ്മമാർ. വിശ്വസിയ്ക്കാൻ പ്രയാസം തോന്നുന്നു.  പക്ഷേ ഗുൽബർഗ്ഗ യൂണിവേർസിറ്റി നടത്തിയ ഒരു പഠനറിപ്പോർട്ടിൽ കണ്ടെത്തിയ സത്യം മാത്രമാണിതെന്നറിയുമ്പോൾ മനുഷ്യമനസ്സിന്റെ നിഗൂഡതകൾ നമ്മെ ശരിയ്ക്കും അമ്പരപ്പിയ്ക്കുന്നു.

അമ്മമനസ്സുകൾക്കങ്ങിനെ കല്ലാകാൻ കഴിയുമോ? ഇതുവരെയും നാം കരുതിയിരുന്നത് പെൺകുഞ്ഞുങ്ങളെ ഇങ്ങനെ കുരുതികൊടുക്കാൻ അമ്മമാർ ഒരിയ്ക്കലും തയ്യാറാവില്ലെന്നും സമൂഹത്തിന്റേയും കുടുംബത്തിന്റേയും സമ്മർദ്ദം ഒന്നുകൊണ്ടുമാത്രമാവും ഇതെല്ലാം സംഭവിയ്ക്കുന്നതെന്നും ആയിരുന്നു. പക്ഷേ അമ്മമനസ്സുകളേക്കൂടി കല്ലാക്കി മാറ്റുംവിധം ഇവിടത്തെ പെൺകുഞ്ഞുങ്ങൾ എന്തുകൊണ്ടത്ര നിർഭാഗ്യകളായി മാറിപ്പോകാൻ സാധ്യത ഇവിടെയുണ്ടാകുന്നു? അവർ ജീവിക്കുന്നതിലും ഭേദം മരിയ്ക്കുക തന്നെയാണെന്ന അമ്മമാരുടെ നിഗമനത്തിൽ എത്രത്തോളം സത്യം കാണും? അല്ലെങ്കിൽ സ്വന്തം കുഞ്ഞുങ്ങളെ  കൈവിടാനവർ തയ്യാറാകില്ലല്ലോ? ഇത് പുതിയതായ ഒരു പ്രതിഭാസം മാത്രമാണോ?   ഈ സ്ഥിതിവിശേഷം തിരുത്താനാകാത്തവിധം വളർന്നുവെങ്കിൽ അതിനെന്തായിരിയ്ക്കാം കാരണം?  ദാരിദ്ര്യം ഒന്നു തന്നെയാകാം എല്ലാത്തിനും മൂലകാരണമെങ്കിലും ഇവിടത്തെ ജനത അത്രയേറെ ചൂഷണങ്ങൾക്കടിപ്പെടാൻ എന്തെങ്കിലും പ്രത്യേക കാരണമുണ്ടോ എന്നും സംശയിയ്ക്കേണ്ടിയിരിയ്ക്കുന്നു.

സമീപകാലത്ത് ഈ ഭാഗത്തുനിന്നും കൂടുതലായി സ്ത്രീകളെ കടത്തിക്കൊണ്ടുപോകുന്നതും ശ്രദ്ധയിൽ‌പ്പെടാനിടയായതിനാൽ  ഇവിടത്തെ ജനങ്ങളുടെ വിദ്യാഭ്യാസം, ജീവിത നിലവാരം, ആരോഗ്യം,  പ്രത്യേകിച്ച് സ്ത്രീകളുടെ വിദ്യാഭ്യാസം, വരുമാനം തുടങ്ങി പല വിഷയങ്ങളും പഠനത്തിനു വിധേയമായി. വിദ്യാഭ്യാസത്തിന്റേയും വരുമാനത്തിന്റേയും കുറവും സ്ത്രീയുടെ ഉന്നമനത്തിന്നായുള്ള പദ്ധതികളെക്കുറിച്ചുള്ള അജ്ഞാനവും വേണ്ട വിദഗ്ദോപദേശങ്ങളുടെ കുറവും സ്വയം ശപിക്കപ്പെട്ട ജന്മങ്ങളായി കണക്കാക്കാൻ  സ്ത്രീയെ തയ്യാറാക്കിക്കാണണം. ഇനിയും ഇത്തരം ശപിക്കപ്പെട്ട ജന്മത്തിലൂടെ തന്റെ തലമുറ കടന്നുപോകാതിരിയ്ക്കാൻ മനസ്സിനെ കല്ലാക്കി മാറ്റാതിരിയ്ക്കാനാവില്ലെന്നും അവർ മനസ്സിലാക്കിക്കാണൂം. അവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. അഭ്യസ്തവിദ്യരായ , സമൂഹത്തിന്റെ മേലേക്കിടയിൽ വിരാജിയ്ക്കുന്നവർ പോലും ആൺകുഞ്ഞിനെ സ്വത്തായും പെൺകുഞ്ഞിനെ ഭാരമായും കാണുന്ന സമൂഹത്തിൽ ജീവിയ്ക്കുന്ന നമ്മൾക്കവരെ കുറ്റം പറയാൻ അല്ലെങ്കിലും എന്തുണ്ടവകാശം?

ഇനിയും പെൺകുഞ്ഞുങ്ങൾ ജന്മമെടുക്കുമ്പോഴേ പൊലിയാതിരിയ്ക്കണമെങ്കിൽ ഇവിടത്തെ ഗവൺമ്മെണ്ട് ഉണർന്നു പ്രവർത്തിച്ചേ മതിയാവൂ. സ്വാതന്ത്ര്യം   ലഭിച്ചിട്ട് ഇത്ര വർഷങ്ങൾ കഴിഞ്ഞിട്ടും ജീവിയ്ക്കാനുള്ള സ്വാതന്ത്ര്യം ഇവിടെ നിഷേധിയ്ക്കപ്പെടുന്നു എന്ന കാര്യം ശരിയ്ക്കും നാണിപ്പിയ്ക്കുന്ന ഒന്നു തന്നെ. സ്ത്രീയെ അഭ്യസ്തവിദ്യയാക്കുന്നതും സ്വന്തം കാലിൽ നിർത്താൻ പ്രാപ്തയാക്കുന്നതും അവളുടെ മനസ്സിൽ വരുത്തുന്ന മാറ്റം തന്നെയല്ലേ നമ്മുടെ നാടിന്റേയും പുരോഗതിയെ സൂചിപ്പിക്കുന്നത്?  എന്തുകൊണ്ടാണിവിടെ സ്ത്രീ അഭ്യസ്തവിദ്യയാകാതിരിയ്ക്കുന്നത്? സ്വന്തം കഴിവുകളെക്കുറിച്ചും അവകാസൺഗളെക്കുറിച്ചും എന്തുകൊണ്ടവൾ ബോധവതിയാകുന്നില്ല അഥവാ വേണ്ടപ്പെട്ടവർ അതിനായി നടപടി എടുക്കുന്നില്ല?  ചൂഷണത്തിന്റെ മറ്റൊരുമുഖമായി ജീവിയ്ക്കാൻ ഇഷ്ടപ്പെടാത്ത ഈ ജനവിഭാഗത്തെ കൈകൊടുത്തുയർത്താൻ ഇനിയും വൈകിക്കൂടാ. ഇതിനെ വെറും സ്ത്രീയുടെ പ്രശ്നമായല്ല കനക്കാക്കേണ്ടതും. ഒരു ജനവിഭാഗത്തിന്റെ മുഴുവനും പുരോഗതി നൂലിൽ തൂങ്ങിക്കിടക്കുകയാണിവിടെ. പ്രാദേശികഭരണസമിതികളും വനിതാപ്രസ്ഥാനൺഗളും കൈ കോർത്തുപിടിച്ചാൽ അകാലത്തിൽ കൊഴിയാവുന്ന ഒട്ടേറെ പിഞ്ചുപൂക്കൾ രക്ഷപ്പെടുമെന്ന കാര്യം തീർച്ച. ഒരുപക്ഷേ ഈ സർവ്വേയിൽ നിന്നും വെളിപ്പെട്ടതിലധികം രൂക്ഷമയിരിയ്ക്കാം അവയുടെ യഥാർത്ഥസ്ഥിതിയെന്നും വന്നേയ്ക്കാം. അറിവിന്റെ നറും പാൽ നുണയുന്ന കല്ലുകളുടെ നാട്ടിലെ  അമ്മമാർക്ക്  കല്ലുമനസ്സുകളെ വേഗം തന്നെ മാറ്റാനാകുമെന്നു നമുക്കു പ്രത്യാശിക്കാം.

Leave a Reply

Your email address will not be published. Required fields are marked *