അഴിയാക്കുരുക്കുകൾ-14 വേലിതിന്നുന്ന വിളവുകൾ

Posted by & filed under Uncategorized.

റേഷൻ കാർഡിൽ സ്ത്രീയുടെ നാമത്തിനു പ്രാധാന്യം കൊടുക്കുന്നത് സ്ത്രീയോടുള്ള സാമൂഹിക കാഴ്ച്ചപ്പാടിനെ മാറ്റുമോ? സ്ത്രീയുടെ വില സമൂഹത്തിൽ ഉയർത്തിക്കാട്ടുന്നതിനുള്ള പരിശ്രമമായി ഇതു മാറുന്നതെങ്ങനെ? അടുക്കളഭരണം പെണ്ണിനെന്നു മുദ്രകുത്തുമ്പോൾ റേഷൻ കാർഡും ഇരിക്കട്ടെ, അല്ലേ?  പുരുഷന്റെ സഹായം തേടാതെ ജീവിയ്ക്കാനവൾക്കു കഴിയണമെന്നാണുദ്ദേശമെങ്കിൽ ഒരു റേഷൻ കാർഡിലെ തലപ്പത്തെ സ്ഥാനത്തിനതിനാകുമോ? ഒരു തുടക്കമെന്ന് നിലയിലുള്ള  സംരംഭം മാത്രമാണിതെങ്കിൽ നന്നായിരുന്നേനെ!

സ്ത്രീ ഇന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിസ്സഹായയായി  വിധിയ്ക്കു കീഴടങ്ങി ജീവിക്കുന്നതു കാണാനാകുന്നു. ഈ സ്ഥിതി  മാറ്റണമെങ്കിൽ, തന്റെ മോഹങ്ങൾ കുരുതികൊടുക്കാതിരിയ്ക്കാനവൾക്കു സാധിക്കണമെങ്കിൽ, അവളിൽ സ്വാശ്രയശീലത്തിന്റെ വിത്തുകൾ കുരുന്നിലേ ഉണർത്തണം. ഈ അവബോധം സൃഷ്ടിച്ചെടുത്താലേ തന്റെ ലക്ഷ്യം കണ്ടെത്താനും അവിടെയ്ക്കെത്താനുള്ള പരിശ്രമം നടത്താനും അവൾക്കാവൂ. കഴിഞ്ഞ ദിവസം മണിപ്പൂരിലെ 77 വയസ്സായ ഒരു മന്ത്രി വെറും 24 വയസ്സായ പെൺകുട്ടിയെ വിവാഹം കഴിച്ച കഥ വായിയ്ക്കുകയുണ്ടായി. വെറും മന്ത്രി എന്നാല്ല, ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയർ മിനിസ്റ്റർ തന്നെ.  ഇതു വായിച്ചപ്പോൾ ഏതെല്ലാം വികാരത്തിനാണു  അടിമപ്പെട്ടുപോയതെന്നു പറയാൻ കഴിയുന്നില്ല. മറ്റു മന്ത്രിമുഖ്യന്മാരും മുഖ്യമന്ത്രിയുമെല്ലാം പങ്കെടുത്ത പ്രസ്തുത ചടങ്ങ് രഹസ്യമായ ഒന്നായിരുന്നില്ല. നഴ്സിംഗ് പാസ്സായ ഒരു യുവതി ഇത്തരം ഒരു തീരുമാനത്തിനു സ്വയം തയ്യാറായതാണോ അതോ അവൾ നിർബന്ധിയ്ക്കപ്പെട്ടതാണൊ എന്ന ചിന്ത മനസ്സിലൂടെ ഊളിയിട്ടുപോയി. സാധാരണ ഗതിയിൽ ആലോചിച്ചാൽ വിവാഹപ്രായമെത്തിയ ഇന്നത്തെ പെൺകുട്ടികൾ തന്റെ ജീവിതപങ്കാളിയുമായുള്ള പ്രായവ്യത്യാസം കഴിയുന്നതും കുറയാൻ ആഗ്രഹിക്കേ യാതൊരു സംശയവും കൂടാതെ ഈ വിവാഹത്തിന് ആ യുവതി തയ്യാറായിക്കാണുമോ? ജനസേവനം ജീവിതവ്രതമാക്കിയ ഒരു മന്ത്രിവര്യൻ തന്റെ ജനതയ്ക്കു നൽകുന്ന ഈ തെറ്റായ സന്ദേശത്തെ യാതൊരുവിധ മുറുമുറുപ്പും കൂടാതെ എല്ലാവരും പിന്താങ്ങിങ്ങിയതെന്തുകൊണ്ടാണു?തന്റെ പേരക്കിടാവാകാൻ പ്രായമുള്ള ഒരു യുവതിയെ വിവാഹം കഴിയ്ക്കുന്നതു ഒരു നല്ല കീഴ് വഴക്കമല്ലെന്നറിയാഞ്ഞിട്ടാവില്ല. പണത്തിന്റേയും പദവിയുടെയും മുന്നിൽ ഒരുപക്ഷെ പല വായകളും മൂടിക്കെട്ടപ്പെട്ടിരിക്കാം. ഇവിടെ പെൺകുട്ടിയെ പണം കണ്ട് കണ്ണു മഞ്ഞളിച്ചവളെന്ന കുറ്റപ്പേരു ചാർത്താനും സമൂഹം തയ്യാറായെന്നു വരാം. സത്യസ്ഥിതി എന്തെന്നാർക്കുമറിയാനും പറ്റിയില്ലെന്നിരിയ്ക്കാം. ഇത്തരം സ്ഥിതിവിശേഷങ്ങൾ സംജാതമാകുമ്പോൾ സമൂഹം ചൂണ്ടുവിരൽ നീട്ടാതിരിയ്ക്കുന്ന കാലത്തോളം സ്ത്രീ നിസ്സഹായയായിത്തന്നെ തുടരും. അവളുടെ കഷ്ടപ്പാടുകൾ ആരും കാണാതെ ചാരത്താൽ മൂടപ്പെട്ട തീയായ്ത്തന്നെ കിടക്കും.

പത്തു നാൽപ്പതു വർഷങ്ങൾക്കു മുൻപ് ഇതൊരു സാധാരണ സംഭവം മാത്രമായിരുന്നിരിയ്ക്കാം. ഓർമ്മയുണ്ട്, നല്ല സ്വത്തുള്ള ഒരു മദ്ധ്യവയസ്കനെ വിവാഹം ചെയ്യാൻ സമ്മതിച്ച ഒരു പഴയ കൂട്ടുകാരിയെക്കുറിച്ച്. കൈനിറയെ സ്വർണ്ണ വളകളണിയാനാകുമെന്ന  പ്രലോഭനത്തിലാണവൾ വീണത്. പക്ഷെ ഇന്നത്തെ യുവതികൾ അത്രമാത്രം ബുദ്ധിശൂന്യത കാണിയ്ക്കില്ലെന്ന വിചാരം , സ്വന്തം കാലിൽ നിൽക്കുന്നതിനായി അവർ കാണിക്കുന്ന വ്യഗ്രത കാണുമ്പോൾ ,നമുക്കു മനസ്സിലാക്കാനാവുന്നതു തന്നെ. പെൺകുട്ടികളെ അല്ലെങ്കിൽ സ്ത്രീകളെ അഭ്യസ്തവിദ്യയാക്കുന്നതും സ്വന്തം  അവകാശങ്ങൾക്കായി പോരാടാൻ തയ്യാറാക്കുന്നതും നമ്മുടെ പ്രധാന ലക്ഷ്യമായിരിയ്ക്കേ അതു നടപ്പിലാക്കേണ്ടവർ തന്നെ ഇങ്ങനെ പ്രവർത്തിച്ചാൽ വേലി തന്നെ വിളവു തിന്നുന്നതിനു സമമല്ലേ അത്?

 

 

 

Leave a Reply

Your email address will not be published. Required fields are marked *