അഴിയാക്കുരുക്കുകൾ-15 സ്ത്രീ കരുത്തു നേടും വഴികൾ

Posted by & filed under Uncategorized.

ഏതാണ്ട് 75 വർഷം മുൻപായി നടന്നു വന്നിരുന്ന ‘ചിത്തിര പടഹാരം’ എന്ന സംസ്കൃത വാക്യാർത്ഥ സദസ്സിനെ പുനരുജ്ജീവിപ്പിയ്ക്കാനുള്ള ഒരു ശ്രമം ഈയിടെ തൃശ്ശൂർ ജില്ലയിലെ എടക്കളത്തൂർ ഗ്രാമത്തിൽ നടന്നു. ഇത്തരം ഒരു സദസ്സ് അക്കാലത്തു നടന്നിരുന്നു എന്നതൊഴികെ ഈ സദസ്സിന്റെ ശരിയായ രൂപമോ ഭാവമോ ലക്ഷ്യമോ ഒന്നും തന്നെ ആർക്കും കൃത്യമായി അറിയില്ലെന്നതാണു സത്യം. കോഴിക്കോട് തളിയില്‍ പതിവുണ്ടായിരുന്ന രേവതി പട്ടത്താനം പോലെ പ്രസിദ്ധിയാര്‍ജ്ജിച്ചതായിരുന്നു  ഇതെന്നാണ് കരുതപ്പെടുന്നത്. പല ഗ്രന്ഥങ്ങളിലും ഇതേക്കുറിച്ചുള്ള സൂചനകൾ മാത്രം ഉണ്ടെന്നിരിയ്ക്കേ സംസ്കൃത വാക്യാർത്ഥസദസ്സെന്ന രീതിയിൽ ഇതിനെ പുനരുദ്ധീകരിയ്ക്കാനുള്ള ശ്രമമാണ് തുടങ്ങി വച്ചത്. സന്തോഷത്തിനു വകയെന്തെന്നാൽ വ്യാകരണം, ന്യായം, മീമാംസാശാസ്ത്രം മുതലായവയുടെ വിളനിലമായിരുന്ന ഈ പരിസരത്ത് പണ്ടു നടന്നിരുന്ന   പടഹാരം  പുനരുജ്ജീവിപ്പിയ്ക്കാനായെത്തിയ പണ്ഡിത സദസ്സിലെ  സ്ത്രീ സാന്നിദ്ധ്യങ്ങൾ തന്നെ. എഴുപത്തഞ്ചു വർഷം മുൻപ് ഇത്രയും ആവേശത്തോടുകൂടി സ്ത്രീകൾ ഈ സദസ്സിൽ എത്തിയിരുന്നുവോ എന്ന ശങ്ക മനസ്സിലുയരാതിരുന്നില്ല. ഇല്ലാതിരിയ്ക്കാനാണു സാദ്ധ്യതയെങ്കിലും അന്നും വിദുഷികൾക്കു കുറവുണ്ടായിരുന്നിരിയ്ക്കണമെന്നുമില്ല.  അതെന്തോ ആകട്ടെ, സംസ്കൃതഭാഷ സ്വാധീനമുള്ള ഇവരിൽ പലരും ഡോക്ടറേറ്റ് എടുത്തിട്ടുള്ളവരോ ഗവേഷണ വിദ്യാർത്ഥികളൊ ഒക്കെ ആയിരുന്നു. വളരെ താൽ‌പ്പര്യപൂർവ്വം മറ്റു പണ്ഡിതർക്കൊത്ത് ആദ്യം മുതൽ അവസാനം വരെ ഈ സദസ്സിൽ പങ്കെടുത്ത സ്ത്രീകൾ ഒരു രംഗത്തും പിന്നിലല്ലെന്ന സന്ദേശമാണോ നൽകിയതെന്നു തോന്നിപ്പോയി. എന്തായാലും ഈ ആത്മവിശ്വാസം വളരെ ശുഭോദകമായ ഒന്നു തന്നെ. അല്ലെങ്കിൽതന്നെ പണ്ഡിതർക്കിടയിൽ ആണെന്നോ പെണ്ണെന്നോ എന്നതിൽ എന്തുവ്യത്യാസമുണ്ടാവാൻ? എന്തായാലും സംസ്കൃതഭാഷയുടെ വളർച്ച നമുക്കെല്ലാം ഒരേപോലെ സന്തോഷകരമായ ഒന്നായതിനാൽ കൂടുതൽ സന്തോഷം തോന്നിയെന്നുമാത്രം. ഇനിയും കൂടുതൽ സ്ത്രീകൾ ഇത്തരം പണ്ഡിതസദസ്സുകളിൽ വന്നെത്തട്ടെ. സംസ്ക്കാരപരമായ ഒരു നവോത്ഥാനത്തിന്നായി വെമ്പൽ കൊള്ളുന്ന നമ്മുടെ തലമുറ ഇത്തരം പുതുമകളെ സഹർഷം സ്വാഗതം ചെയ്യുന്നുവെന്നതിനു സംശയമില്ല.

കുട്ടികളുടേയും സ്ത്രീകളുടേയും രക്ഷയ്ക്കും അഭ്യുദയത്തിനുമായി ദേശീയവും പ്രാദേശികവുമായ ഒട്ടനവധി സംരംഭങ്ങൾ നമുക്കുണ്ട്. ഇവയെല്ലാം യഥായോഗ്യം ഉപയോഗിയ്ക്കപ്പെടുന്നുണ്ടൊ എന്നറിയില്ല. പല ക്ഷേമപ്രവർത്തനങ്ങളും അതിനെക്കുറിച്ചുള്ള ബോധവൽക്കരണത്തിലെ കുറവിനാൽ വേണ്ടവരിലേയ്ക്കെത്തിപ്പെടുന്നുണ്ടാകില്ല. പക്ഷേ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ തുടങ്ങിയ ‘സ്നേഹിത’ എന്ന പദ്ധതിയുടെ ശരിയായ ഉപയോഗം ഒരു വിദേശ വനിതയെക്കൂടി അമ്പരപ്പിയ്ക്കുന്ന വിധത്തിലായി മാറി. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട മലയാളി യുവാവ് സ്കോട് ലാൻഡിൽ വെച്ചു വിവാഹം കഴിച്ച ബ്രിട്ടീഷ് യുവതിയെ കൌശലപൂർവ്വം കയ്യൊഴിഞ്ഞപ്പോൾ അവർ കയ്യിലുള്ള വിവരങ്ങൾ ഉപയോഗിച്ച്  ബ്രിട്ടനിലെ എംബസി വഴി പരാതിപ്പെട്ടപ്പോൾ   ഈ സ്ത്രീപക്ഷ സംഘടന അവർക്കു തുണയ്ക്കെത്തുകയും വേണ്ട സഹായഹസ്തം നീട്ടുകയും ചെയ്തു.  ‘സ്നേഹിത’ പ്രിയപ്പെട്ടവളായി മാറുന്നുവെന്നത് സന്തോഷം നൽകുന്ന കാര്യം തന്നെ.

മാതൃഭൂമി വാരാന്തപ്പതിപ്പിൽ കെ.വി.റബിയയെക്കുറിച്ചെഴുതിയതു വായിച്ചപ്പോൾ (‘പെണ്ണു പഠിച്ചാൽ പൊന്ന്’) എന്തൊക്കെയുണ്ടായിട്ടും ഇല്ലാത്ത മറ്റു  പലതിനെക്കുറിച്ചും ആവലാതിപ്പെടുന്ന സ്ത്രീകളെല്ലാം നിശ്ചയമായും  ഇതു വായിച്ചിരിയ്ക്കേണ്ടതാണെന്നു തോന്നിപ്പോയി.  നമുക്കു ചുറ്റും ഉയരുന്ന മതിലുകൾ നാം തന്നെ സൃഷ്ടിയ്ക്കുന്നവയാണെന്നും. ശാരീരികമായ പരിമിതികൾ ഒരാളുടെ മാനസികമായ ശക്തിയെ ബാധിയ്ക്കണമെന്നില്ല.  ശരീരത്തിന്റെ ഒരു കുറവിനെ മറികടക്കാനുള്ള  മറ്റൊരു അധിക  കഴിവ് ശരീരത്തിലൊളിച്ചിരിയ്ക്കുന്നുണ്ടാവുമെന്നും  ആ അധികശക്തിയെ കണ്ടെത്തി വേണ്ടവിധം പരിപോഷിപ്പിച്ചാൽ സ്വയം പര്യാപ്തമാകാൻ ആർക്കും കഴിയുമെന്നുമുള്ള  റാബിയയുടെ വിശ്വാസം എത്ര മഹത്തരം! ഈ വാക്കുകൾ  ശാരീരിക അവശതയനുഭവിയ്ക്കുന്ന എത്രയെത്ര മനസ്സുകളിൽ കുളിർ കോരിയിടും വിധം ആത്മവിശ്വാസം നിറച്ചിട്ടുണ്ടായിരിയ്ക്കാം.  സ്ത്രീയായി ജനിച്ചാൽ തന്നെ  ബന്ധനങ്ങളുടെ ചങ്ങലയിൽക്കുടുങ്ങേണ്ടി വരുമ്പോൾ വീണ്ടുമൊരു വീൽചെയർ കൂടി സൃഷ്ടിയ്ക്കുന്നിഘാതത്തെക്കൂടി മറികടക്കാൻ കഴിഞ്ഞ റാബിയയുടെ ജീവിതം ശരിയ്ക്കും സ്വാർത്ഥകം തന്നെ. ഒരു ചെറിയ അനക്കത്തിന്നായി പരസഹായം തേടേണ്ടിവരുമ്പോൾ പോലും മറ്റു ചിലരുടെ ജീവിതത്തിൽ ഇവർക്കു സൃഷ്ടിയ്ക്കാനാകുന്ന ചലനം സ്തുത്യർഹം തന്നെ. സ്ത്രീ കരുത്തു നേടും വഴികൾ ശരിയ്ക്കും വിചിത്രം തന്നെ!

 

Leave a Reply

Your email address will not be published. Required fields are marked *